Join Whatsapp Group. Join now!
Aster MIMS 10/10/2023

മകളെ മാപ്പ്... നിന്റെ മരണത്തിന് ഞാനും കാരണക്കാരനാണ്

എന്റെ പനി പിടിച്ച മൂന്നു പെണ്‍കുട്ടികളുമായി മാലിക്ദീനാര്‍ ആശുപത്രിയില്‍ ഡോക്ടറെ കാണുവാന്‍ എന്റെ ഊഴവും കാത്തുനില്‍ക്കുമ്പോഴാണ് കാസര്‍കോട് വാര്‍ത്തയില്‍ പുതിയ ന്യൂസ് Kasaragod, Fever, Hospital, Malik Deenar, Waste, Club.
ബുര്‍ഹാന്‍ തളങ്കര

(www.kasargodvartha.com 03.07.2017) എന്റെ പനി പിടിച്ച മൂന്നു പെണ്‍കുട്ടികളുമായി മാലിക്ദീനാര്‍ ആശുപത്രിയില്‍ ഡോക്ടറെ കാണുവാന്‍ എന്റെ ഊഴവും കാത്തുനില്‍ക്കുമ്പോഴാണ് കാസര്‍കോട് വാര്‍ത്തയില്‍ പുതിയ ന്യൂസ് അപ്ഡേറ്റ് വന്നത്. പീസ് പബ്ലിക് സ്‌കൂളിലെ അഞ്ചാംതരത്തില്‍ പഠിക്കുന്ന പെണ്‍കുട്ടി ഛര്‍ദി കാരണം മരണപ്പെട്ടു എന്നാണ് വാര്‍ത്തയില്‍ ഉണ്ടായിരുന്നത്. അപ്പോള്‍ തന്നെ വല്ലാത്ത ഭയം എന്നെ പിടികൂടി. കാരണം മൂത്ത കുട്ടിക് ഛര്‍ദി വളരെ കൂടുതലാണ്. മനസിലെ വെപ്രാളം പുറത്തു കാണിക്കാതെ ചുറ്റുപാടും കണ്ണോടിച്ചു. ഒരുപാട് ഉമ്മമാര്‍ കുട്ടികളെ കാണിക്കാന്‍ അവിടെ കാത്തു നില്‍പുണ്ട്. എല്ലാ കുട്ടികളുടെയും മുഖത്ത് അസുഖത്തിന്റെ ദയനീയത പ്രത്യക്ഷത്തില്‍ തന്നെ കാണാം. ഒരുപാട് ആലോചനകള്‍ മനസിലൂടെ കടന്നു പോയികൊണ്ടിരുന്നു.

അതേ, ഇന്നലെ ഒരു പെണ്‍കുട്ടി കൂടി മരണപ്പെട്ടു. അതൊരു സാധാരണ മരണം അല്ല. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ആ കുട്ടിക്കും ഉണ്ടായിരിക്കില്ലേ ഒരുപാട് മോഹങ്ങള്‍. അവരുടെ മാതാപിതാക്കള്‍ക്കും ഉണ്ടായിരുന്നിരിക്കും ആഗ്രഹങ്ങള്‍. ഇവരുടെ പ്രതീക്ഷ ഇല്ലാതാക്കിയത് ആരാണ്? നമ്മളെല്ലാവരുമാണ് ആ മരണത്തിന് ഉത്തരവാദികള്‍. ഏറെ സംസ്‌ക്കാര സമ്പന്നതയും മൊഞ്ചും ആഘോഷിക്കുന്ന കാസര്‍കോട്ടെ ജനങ്ങളുടെ പൊതുബോധത്തിന് നേരെയുള്ള ചോദ്യചിഹ്നങ്ങളാണ് ഉയര്‍ന്നുവരുന്ന ഓരോ പനി മരണങ്ങള്‍. കാസര്‍കോടിന്റെ ജീര്‍ണ സംസ്‌ക്കാരത്തിന്റെ കുപ്പത്തൊട്ടികളായ നഗരവും ഗ്രാമങ്ങളും ഒരുഭാഗത്തുള്ളപ്പോള്‍, ജനങ്ങള്‍ മൊഞ്ചും ഫായിസ ക്രീമും ഉണ്ടെങ്കില്‍ എല്ലാം തികഞ്ഞെന്നാണ് ധരിച്ചു വെച്ചിരിക്കുന്നത്.

കാസര്‍കോടിന്റെ മാലിന്യ നിര്‍മാര്‍ജനത്തിന്റെ പേരു കേള്‍ക്കുമ്പോള്‍ ആളുകള്‍ മൂക്കു പൊത്തുന്ന ദുരവസ്ഥയാണ് കാണാന്‍ സാധിക്കുന്നത്. ജീവിതശൈലിയിലും സാമൂഹിക ശുചിത്വ മനോഭാവത്തിലും കാര്യമായ മാറ്റമില്ലാതെ നമ്മള്‍ ഒരിക്കലും വിജയിക്കില്ല. ദേഹശുദ്ധി പോലെ പ്രധാനമാണ് പരിസരശുദ്ധിയും. തന്റെ മുറ്റത്ത് നിന്ന് അടുത്ത പുരയിടത്തിലേക്ക് അല്ലെങ്കില്‍ റോഡിലേക്ക് മാലിന്യങ്ങള്‍ നീട്ടിയെറിഞ്ഞാല്‍ ശുചിത്വം പൂര്‍ത്തിയായി എന്ന സ്വാര്‍ത്ഥ ചിന്ത വെടിയണം. ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കാതെ അവ സംസ്‌കരിക്കുന്നതിലാണ് മനുഷ്യന്റെ സംസ്‌കാരം പ്രകടമാകേണ്ടത്. അയലത്തെ മതിഭ്രമം പിടിച്ച അഴകിന്റെ പിന്നാലെ നടുക്കുന്നതല്ല സംസ്‌കാരം. ശുചിത്വബോധം നാം വീട്ടില്‍ നിന്ന് തുടങ്ങേണ്ടിയിരിക്കുന്നു.

ഒരു വീട്ടില്‍ ഉണ്ടാകുന്ന മാലിന്യം അവിടെ തന്നെ നിര്‍മാര്‍ജനം ചെയ്യാനുള്ള സൗകര്യങ്ങള്‍ ഉണ്ടകണം. ചെറുകുടുംബങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ചെറിയ വലിപ്പത്തിലുള്ള ബയോ ഗ്യാസ് പ്ലാന്റുകള്‍ അങ്ങാടിയില്‍ ലഭ്യമാണ്. മുറ്റത്ത് നോക്കിയാല്‍ രണ്ടു വാഹനങ്ങള്‍ അല്ലെങ്കില്‍ നാല്‍പത് ഇഞ്ച് ടി വി, ഫ്രിഡ്ജ്, വില കൂടിയ മൊബൈല്‍ ഫോണ്‍ എല്ലാം വാങ്ങിക്കാന്‍ പറ്റുന്ന നമ്മള്‍ക്ക് ഇതൊന്നും അപ്രായോഗികമല്ല. പക്ഷെ നമ്മള്‍ ചെയ്യില്ല.

മുന്‍സിപ്പല്‍- പഞ്ചായത്ത് അധികൃതര്‍ കോടിക്കണക്കിന് രൂപ വകയിരുത്തി പുതിയ മാലിന്യ സംസ്‌കരണ പദ്ധതികള്‍ പ്രഖ്യാപിക്കുന്നത് ചടങ്ങായി മാറുന്ന കഴ്ചയാണ് നമ്മള്‍ കണ്ടു വരുന്നത്. കാസര്‍കോട് നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാലിന്യ വിഷയത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ജനങ്ങള്‍ സഹകരിക്കുന്നില്ലെന്നുള്ള പതിവ് പല്ലവി പറഞ്ഞു ഒഴിഞ്ഞു മാറി. പിന്നെ എന്തിനാണ് നിങ്ങള്‍ക്ക് അധികാരം നല്‍കിയത്, സഹകരിക്കാത്തവരെ കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷന്‍ നല്‍കിയ നടപടികള്‍ നമ്മള്‍ക്കും മാതൃക ആക്കാവുന്നതാണ്.

നാലായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് മോഹന്‍ജോദാരയും ഹാരപ്പയുടേയും കാലഘട്ടത്തില്‍ ഉണ്ടായിരുന്ന മനുഷ്യരുടെ സംസ്‌ക്കാരമെങ്കിലും നമ്മള്‍ കാട്ടണം, പുരാവസ്തു ഗവേഷകര്‍ മഹത്തായ സംസ്‌ക്കാരങ്ങളായി ഇവയെ വിലയിരുത്താനുള്ള മുഖ്യ കാരണം, ആസൂത്രണ വൈദഗ്ധ്യം വിളിച്ചോതുന്ന അവരുടെ മാലിന്യ സംസ്‌കരണ സംവിധാനമാണ്. കടിച്ചു തുപ്പിയ കോഴിക്കാല്‍, കുട്ടികളുടെ മലം നിറഞ്ഞ സ്നഗ്ഗി, അഴുകിയ എല്ലാ മാലിന്യങ്ങളും, ദിവസങ്ങള്‍ പഴക്കം ഉള്ള പട്ടിയുടെ ജഡം, ഉപോയോഗം കഴിഞ്ഞ പ്ലാസ്റ്റിക് കവറുകള്‍ എല്ലാം കാസര്‍കോടിന്റെ തെരുവീഥികളെ അലങ്കാരമാക്കി കൊണ്ടിരിക്കുകയാണ്. ആരെയും അസൂയപ്പെടുത്തുന്ന ആയുസ്സും ആരോഗ്യവും കൈവരിച്ച നാട്ടിലാണ് ഈ അവസ്ഥ എന്നോര്‍ക്കണം.

നമ്മുടെ ഒരു തലമുറ മുമ്പ് വരെ എണ്‍പതും തൊണ്ണൂറും വയസുണ്ടായിരുന്ന ആളുകളാണ് മഹാ ഭൂരിപക്ഷവും. ഇന്ന് അമ്പത് കടന്നാല്‍ ആയി, എച്ച് വണ്‍ എന്‍ വണ്‍ പോലെ അപരിചിതമായ പകര്‍ച്ചവ്യാധികള്‍ വരെ നമ്മള്‍ ക്ഷണിച്ചു വരുത്തി. ഒരിക്കല്‍ നമ്മള്‍ നിര്‍മാര്‍ജനം ചെയ്ത കോളറയും ജ്വരവും തിരിച്ചെത്തി. പുട്ടിന് തേങ്ങ പോലെ ഇതിന്റെ കൂടെ വയറിളക്കരോഗങ്ങളും ഛര്‍ദ്ദിയും സാര്‍വ്വത്രികം. നമ്മള്‍ മാറി ചിന്തിക്കാന്‍ തുടങ്ങിയില്ലെങ്കില്‍ ഇന്നലെ മരിച്ചു പോയ നമ്മുടെ പുന്നാര മോളുടെ അവസ്ഥ നമ്മുടെ വീട്ടിലും വരും. പോയവരെ തിരിച്ചു കൊണ്ട് വരാന്‍ സാധിക്കില്ലെങ്കിലും ഉള്ളവരെയെങ്കിലും രക്ഷിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.

ജനങ്ങളെ ബോധവല്‍ക്കരിക്കാനും അതുപോലെതന്നെ അനുകൂലമായ ഒരന്തരീക്ഷം സൃഷ്ടിക്കുന്നതിനും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നാട്ടിലെ ഓരോ ക്ലബ്ബുകളും മുന്നോട്ടു വരണം. ക്ലബ്ബുകളുടെ അംഗത്വം പുതുക്കുവാന്‍ വര്‍ഷത്തില്‍ മൂന്ന് സ്ഥലങ്ങളിലെങ്കിലും വൃത്തിയാക്കിയ തെളിവുകള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‍കണം. അതൊരു നിയമമായി കൊണ്ടുവരണം. പ്രീമിയര്‍ ലീഗും കാരംസ്ബോര്‍ഡ് കളികളും മാത്രമല്ല ഒരു ക്ലബ്ബിന്റെ ഉത്തരവാദിത്വം, പൊതുജന സേവനം കൂടിയാണ്. അതിന് ഇ വൈ സി സി എരിയാല്‍, ജാസ് ക്ലബ്ബ് എന്നിവയെ മാതൃകയാക്കാം. പറയത്തക്ക വ്യവസായ ശാലകളോ അതുപോലുള്ള കാര്യങ്ങള്‍ ഒന്നുമില്ലാതെ നമ്മള്‍ക്ക് മാലിന്യനിര്‍മ്മാര്‍ജനം ഇപ്പോള്‍ സാധിച്ചില്ലെങ്കില്‍ നമ്മള്‍ക്ക് ഒരിക്കലും രക്ഷപ്പെടുവാന്‍ സാധിക്കില്ല. ഓര്‍ക്കുക, ഓര്‍ത്താല്‍ നല്ലത്. അവസാനമായി.. മകളെ നിന്നെ മരണത്തിലേക്കു തള്ളി വിട്ടത്തിന് മാപ്പ്...

Kasaragod, Fever, Hospital, Malik Deenar, Waste, Club, Article about Waste of Kasaragod

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Fever, Hospital, Malik Deenar, Waste, Club, Article about Waste of Kasaragod