Join Whatsapp Group. Join now!
Aster MIMS 10/10/2023

മലിനജലവും മാലിന്യ സംഭരണി പ്രശ്‌നവും; നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്

വിദ്യാനഗര്‍ ഉദയഗിരി ഹൗസിംഗ് ബോര്‍ഡ് മലിനജലം, മാലിന്യ സംഭരണി പ്രശ്‌നത്തില്‍ അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് മാഹിന്‍ നഗര്‍ റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ Vidya Nagar, Natives, Protest, Waste dump, Issue, Complaint, Kasaragod
വിദ്യാനഗര്‍: (www.kasargodvartha.com 09.06.2017) വിദ്യാനഗര്‍ ഉദയഗിരി ഹൗസിംഗ് ബോര്‍ഡ് മലിനജലം, മാലിന്യ സംഭരണി പ്രശ്‌നത്തില്‍ അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് മാഹിന്‍ നഗര്‍ റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ ജനകീയ സമരത്തിലേക്ക്. ഉത്തരവാദപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ആറ് മാസത്തിലധികമായി പ്രശ്‌ന പരിഹാരം കണ്ടെത്താത്ത സാഹചര്യത്തിലാണ് നാട്ടുകാര്‍ പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്.

ഉദയഗിരി ഹൗസിംഗ് ബോര്‍ഡ് അപാര്‍ട്‌മെന്റില്‍ നിന്നുള്ള മലിന ജലം മധൂര്‍ പഞ്ചായത്തില്‍ പെട്ട ഉദയഗിരി മാഹിന്‍ നഗര്‍ ക്രോസ് റോഡില്‍ ഒഴുക്കി വിടുന്നതിനാല്‍ ഇതുവഴിയുള്ള ജനസഞ്ചാരം തടസപ്പെടുകയും പരിസരത്തെ താമസക്കാര്‍ ഏറെ വിഷമിക്കുകയും ചെയ്യുന്നതായി നല്‍കിയ പരാതികളാണ് പരിഗണിക്കാതിരുന്നത്. ഒട്ടേറെ വിദ്യാര്‍ത്ഥികളും സര്‍ക്കാര്‍ ജീവനക്കാരും ഉപയോഗിക്കുന്ന പഞ്ചായത്ത് റോഡില്‍ ഫ്‌ളാറ്റുകളില്‍ നിന്നുള്ള മലിന ജലം കെട്ടികിടന്നത് മൂലം ദുര്‍ഗന്ധം വമിക്കുകയും വഴിയാത്ര തടസപ്പെടുകയും സമീപ പ്രദേശത്തുള്ള വീട്ടുകാരുടെ സാധാരണ ജീവിതം ദുസ്സഹമായി തീരുകയും ചെയ്യുന്നു. ഹൗസിംഗ് ബോര്‍ഡിന്റെ അശാസ്ത്രീയ ഡ്രൈനേജ് സംവിധാനമാണ് പ്രശ്‌നത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.


ഇതേ ഫ്‌ളാറ്റുകളില്‍ താമസിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരുടെ ദൈനംദിന മാലിന്യങ്ങള്‍ ഒഴിവാക്കാന്‍ റോഡരികില്‍ സ്ഥാപിച്ച തുറന്ന മാലിന്യ സംഭരണി മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു പരാതിയും നല്‍കിയിരുന്നു. റോഡരികില്‍ സ്ഥാപിച്ച തുറന്ന സംഭരണി കൊതുകു വളര്‍ത്തുകേന്ദ്രമായും കാട്ടു പന്നികളുടെയും തെരുവ് നായ്ക്കളുടെയും വിഹാര കേന്ദ്രവുമായും മാറിയിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇതു സംബന്ധിച്ച് നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ വിദ്യാനഗര്‍ പോലീസ്, മധൂര്‍ പഞ്ചായത്ത്, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളില്‍ നിന്നും സ്ഥലം സന്ദര്‍ശിക്കുകയും പ്രശ്‌ന പരിഹാരം നിര്‍ദേശിച്ച് അന്വേഷണ റിപോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

പരാതികളൊന്നും തന്നെ പരിഗണിക്കപ്പെടാതിരിക്കുന്ന സാഹചര്യത്തിലാണ് സമര പരിപാടികളുമായി മുന്നോട്ട് പോകാന്‍ റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ തീരുമാനമെടുത്തത്. യോഗത്തില്‍ പ്രസിഡന്റ് സെബാസ്റ്റ്യന്‍ മാസ്റ്റര്‍, സെക്രട്ടറി മുഹമ്മദലി, കെ പി മുഹമ്മദ് കുഞ്ഞി, ഖലീല്‍ പി എ എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Vidya Nagar, Natives, Protest, Waste dump, Issue, Complaint, Kasaragod.