Join Whatsapp Group. Join now!
Aster MIMS 10/10/2023

ഇന്ത്യയിലെ ഒരു സര്‍വ്വകലാശാലയിലും ക്യാമ്പസില്‍ കയറാന്‍ വിലക്കില്ല: അധ്യാപക സംഘടനാ അഖിലേന്ത്യാ നേതാവായ നന്ദിതയെ കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ കയറ്റാതിരുന്നത് വി സിയുടെ രാഷ്ട്രീയ താല്‍പര്യം മൂലം; അധ്യാപകര്‍ക്കിടയില്‍ അമര്‍ഷം പുകയുന്നു

പെരിയ: (www.kasargodvartha.com 23/06/2017) ഇന്ത്യയിലെ ഒരു സര്‍വ്വകലാശാലയിലും ക്യാമ്പസില്‍ കയറാന്‍ വിലക്കില്ലാതിരുന്നിട്ടും കേന്ദ്രസര്‍വ്വകലാശാല അധ്യാപകരുടെ അഖിലേന്ത്യാ കോണ്‍ഫെഡറേഷന്‍ അധ്യക്ഷ നന്ദിത നാരായണ്‍നെ കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ കയറ്റാതിരുന്നത് വി സിയുടെ രാഷ്ട്രീയ താല്‍പര്യം മൂലമെന്ന് ആക്ഷേപം. സംഭവത്തെത്തുടര്‍ന്ന് പെരിയ കേന്ദ്ര സര്‍കലാശാലയില്‍ അധ്യാപകര്‍ക്കിടയില്‍ അമര്‍ഷം പുകയുന്നു.

വ്യാഴാഴ്ച വൈകിട്ടാണ് കേന്ദ്ര സര്‍വകലാശാല അധ്യാപക സംഘടന(സിയുകെടിഎ)യുടെ നേതൃത്വത്തില്‍ സംഘടിച്ച പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ നന്ദിത നാരായണ്‍ എത്തിയത്. മൂല്യാധിഷ്ഠിത വിദ്യാഭ്യാസവും അധ്യാപകരുടെ അവകാശങ്ങളും സംബന്ധിച്ചുള്ള പരിപാടിയുടെ ഭാഗമായാണ് പൊതുയോഗം സംഘടിപ്പിച്ചത്. ക്യാമ്പസിനകത്ത് പ്രവേശിക്കുന്നതിന് വി സി കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയതിനാല്‍ പരിപാടി ക്യാമ്പസിനകത്ത് നടത്താന്‍ സാധിക്കാതിരുന്നതോടെ അധ്യാപകര്‍ പരിപാടി ദേശീയപാദയോരത്തേക്ക് മാറ്റുകയായിരുന്നു.

Kasaragod, Teachers, Central University, Periya, BJP, All India teachers trust leader Nanditha stopped to enter Kerala Central University.

സര്‍വ്വകലാശാലയില്‍ മുപ്പതോളം അധ്യാപകരാണ് പരിപാടിയില്‍ സംബന്ധിച്ചത്. വി സിയുടെ പ്രത്യേക രാഷ്ട്രീയ അജണ്ടയാണ് നന്ദിത നാരായണ്‍നെ ക്യാമ്പസിനകത്തേക്ക് കയറ്റാതിരുന്നതെന്ന് അധ്യാപകര്‍ കുറ്റപ്പെടുത്തുന്നു. ഇന്ത്യയിലെ എല്ലാ കേന്ദ്രസര്‍വ്വകലാശാലകളിലുമുള്ള നാല്‍പ്പത്തിയേഴോളം അധ്യാപക സംഘടനകളുടെ കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റീസ് ടീച്ചേഴ്‌സ് അസോസിയേഷന്റെ (എഫ്ഇഡിസിയുടിഎ) അധ്യക്ഷയാണ് നന്ദിത നാരായണ്‍. പരിപാടിയില്‍ മുഖ്യപ്രഭാഷകയായിരുന്നു അവര്‍.

സംഘടനാപ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സ്വാതന്ത്ര്യവുമുള്ള കേരളത്തിലെ സര്‍വ്വകലാശാലയില്‍ നിന്നും ഇത്തരത്തിലുള്ള കൈപ്പേറിയ അനുഭവമുണ്ടായതില്‍ നന്ദിതാ നാരായണ്‍ പ്രസംഗത്തില്‍ അത്ഭുതം പ്രകടിപ്പിച്ചു. ഇന്ത്യയിലെ മറ്റൊരു സര്‍വ്വകലാശാലയിലും തനിക്ക് വിലക്കുണ്ടായിരുന്നില്ലെന്ന് അവര്‍ വ്യക്തമാക്കി.

വ്യത്യസ്തമായ ആശയങ്ങളിലാണ് സര്‍വകലാശാലകളുടെ നിലനില്‍പ്പെന്ന് അവര്‍ പറഞ്ഞു. ഇത്തരം വിയോജിപ്പുകള്‍ സര്‍വകലാശാലകളുടെ വളര്‍ച്ചയ്ക്ക് സഹായകമാകും. ഇന്ത്യയിലെ പല സര്‍വകലാശാലകളിലും പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ തന്നെ പുറത്തു നിര്‍ത്തിയത് കേരള കേന്ദ്ര സര്‍വകലാശാലയില്‍ മാത്രമാണെന്നും അവര്‍ കുറ്റപ്പെടുത്തി.

കേന്ദ്ര സര്‍വകലാശാലകളിലെ എല്ലാ രാഷ്ട്രീയ കക്ഷികളിലുംപെട്ട അധ്യാപകരുള്ള സംഘടനയ്ക്കു ക്യാമ്പസിനകത്തു പരിപാടി നടത്താനുള്ള അനുമതി നിഷേധിച്ചതിനു പിന്നിലെ കാരണമെന്തെന്നു വ്യക്തമല്ലെന്നും അവര്‍ പറഞ്ഞു. അസോസിയേറ്റ് പ്രൊഫ. ജോസഫ് കോയിപ്പള്ളി അധ്യക്ഷത വഹിച്ചു. ജിനി ആന്റണി, ഗില്‍ബര്‍ട്ട് സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

പരിപാടി സംഘടിപ്പിച്ചത് അധ്യാപകരുടെ അവകാശങ്ങള്‍ നേരിടുന്ന പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണെന്നു ഭാരവാഹികള്‍ വ്യക്തമാക്കി. അധ്യാപക സംഘടനകളെ സര്‍വകലാശാല എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗീകരിച്ചിട്ടില്ലെന്നും, കൂടാതെ പരിപാടിയില്‍ പങ്കെടുക്കാന്‍ വരുന്നത് ദേശീയ സംഘടനയുടെ പ്രതിനിധിയാണെന്നും അതിനാല്‍ ക്യാംമ്പസിനകത്ത് യോഗം നടത്താന്‍ അനുമതി നല്‍കാന്‍ സാധിക്കില്ലെന്നാണ് സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കിയത്.

അടുത്തകാലത്തായി പെരിയ കേന്ദ്രസര്‍വ്വകലാശാലയില്‍ ബിജെപി അനുകൂല സംഘടനകളുടേതല്ലാതെ മറ്റൊരു സംഘടനകള്‍ക്കും പ്രവര്‍ത്തന അനുമതി ലഭിക്കുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടോടെയാണ് വി സിയുടെതീരുമാനങ്ങളെന്നും ഇത് സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനത്തെ പോലും ബാധിക്കുമെന്നാണ് അധ്യാപകരടക്കമുള്ളവര്‍ പറയുന്നത്.

ഡെല്‍ഹിലെ സെന്റ് സ്റ്റീഫന്‍ കോളജിലെ അധ്യാപികയാണ് നന്ദിത നാരായണ്‍. ഇടത് സഹയാത്രിക കൂടിയായതിനാലാണ് അവര്‍ക്ക് കേന്ദ്രസര്‍വ്വകലാശാല ക്യാമ്പസിനകത്തേക്ക് പ്രവേശനം നിഷേധിച്ചതാണെന്നാണ് കരുതുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Teachers, Central University, Periya, BJP, All India teachers trust leader Nanditha stopped to enter Kerala Central University.