city-gold-ad-for-blogger

സംസ്ഥാനത്തെ 44 നദികളില്‍ മാലിന്യം കുറവുള്ളത് 5 നദികളില്‍; ഇതില്‍ 3 എണ്ണം കാസര്‍കോട്ടെ നദികള്‍

കാസര്‍കോട്: (www.kasargodvartha.com 07.06.2017) സംസ്ഥാനത്തെ 44 നദികളില്‍ മാലിന്യം കുറവുള്ളത് അഞ്ച് നദികളില്‍ മാത്രമാണെന്ന് ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ (സി ഡബ്ല്യു ആര്‍ ഡി എം) റിപ്പോര്‍ട്ട്. ഇതില്‍ മൂന്നെണ്ണം കാസര്‍കോട്ടെ നദികളാണ്. മൊഗ്രാല്‍, ചിത്താരി, ഷിറിയ എന്നിവയാണ് അവ. പാലക്കാട് ഒഴുകുന്ന ഭവാനി, പത്തനംതിട്ടയിലൂടെ ഒഴുകുന്ന പാമ്പാര്‍ എന്നിവയാണ് മറ്റുള്ളവ. അതേസമയം മാലിന്യം കൂടുതലുള്ള നദികള്‍ പെരിയാര്‍, പമ്പ, കല്ലായി, കരമന എന്നിവയാണ്.

2009 മുതലാണ് നദികളെക്കുറിച്ചുള്ള പഠനം സി ഡബ്ല്യു ആര്‍ ഡി എം തുടങ്ങിയത്. തുടര്‍ന്ന് ഓരോ വര്‍ഷവും 39 നദികളെപ്പറ്റി റിപ്പോര്‍ട്ട് തയ്യാറാക്കി. മാലിന്യം കുറഞ്ഞ അഞ്ച് നദികളുടെ പഠന റിപ്പോര്‍ട്ട് പരിസ്ഥിതി ദിനത്തിലാണ് പുറത്തിറക്കിയത്. നേരത്തെ നടത്തിയ പഠനമനുസരിച്ച് 39 നദികളിലും ഇകോളി അടക്കമുള്ള ബാക്ടീരിയകള്‍, കാര്‍ബണിക രാസവസ്തുക്കള്‍, കീടനാശിനികള്‍ എന്നിവയുടെ അളവ് അനുവദനീയമായ അളവിലും കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു.

500 എംപിഎന്‍ ആണ് ഇകോളി ബാക്ടീരിയയുടെ പരമാവധി അനുവദനീയ അളവ്. ഈ നദികളിലെല്ലാം ഇകോളി ബാക്ടീരിയയുടെ അളവ് 2500 മുതല്‍ 3000 എംപിഎന്‍ (മോസ്റ്റ് പ്രോബബിള്‍ നമ്പര്‍) ആണ്. വെള്ളത്തിന്റെ ഗുണനിലവാരം നിര്‍ണയിക്കുന്നതില്‍ പ്രധാനമായ ഓക്‌സിജന്റെ അളവ് നാല് മില്ലിഗ്രാം/ലിറ്റര്‍ ആണ്. എന്നാല്‍ 39 പുഴകളുടെ ഭൂരിഭാഗ മേഖലയിലും ഓക്‌സിജന്‍ ഈ അളവില്‍ കുറവാണ്.

മൊഗ്രാല്‍, പാമ്പാര്‍, ചിത്താരി, ഭവാനി, ഷിറിയ എന്നീ നദികളില്‍ ഇകോളി ബാക്ടീരിയയുടെ അളവ് 500 എംപിഎന്നില്‍ കുറവാണ്. ഓക്‌സിജന്റെ അളവും താരതമ്യേന കൂടുതലാണ്. കീടനാശിനികള്‍, കാര്‍ബണിക വസ്തുക്കള്‍, ഘനലോഹങ്ങള്‍ തുടങ്ങിയവയൊക്കെ ഈ നദികളുടെ ഭൂരിഭാഗമേഖലയിലും കുറവാണ്.

ഷിറിയയില്‍ മൂന്നുവര്‍ഷം മുമ്പ് നടത്തിയ പഠനത്തില്‍ എന്‍ഡോസള്‍ഫാന്റെ അംശം കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത്തവണ നടത്തിയ പരിശോധനയില്‍ എന്‍ഡോസള്‍ഫാന്റെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മാലിന്യം കുറഞ്ഞ അഞ്ച് നദികളും ജനസാന്ദ്രത കുറഞ്ഞ മേഖലയിലൂടെയാണ് ഒഴുകുന്നവയാണ്. ജനങ്ങളുടെ ഇടപെടല്‍ കുറവായതിനാലാവാം ഇവിടെ മാലിന്യം കുറയുന്നതെന്ന് സി ഡബ്ല്യു ആര്‍ ഡി എമ്മിലെ സീനിയര്‍ പ്രിന്‍സിപ്പാള്‍ സയന്റിസ്റ്റ് ഡോ. പി എസ് ഹരികുമാര്‍ പറഞ്ഞു.
സംസ്ഥാനത്തെ 44 നദികളില്‍ മാലിന്യം കുറവുള്ളത് 5 നദികളില്‍; ഇതില്‍ 3 എണ്ണം കാസര്‍കോട്ടെ നദികള്‍

Keywords: Top-Headlines, Kasaragod, Kerala, River, waste, 3 Kasargodan rivers with less waste

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia