Join Whatsapp Group. Join now!
Aster MIMS 10/10/2023

ബന്ധുനിയമന കേസ്: ജയരാജന്‍ കുറ്റവിമുക്തന്‍, വിജിലന്‍സിന് വിമര്‍ശനം

മുന്‍ മന്ത്രി ഇ പി ജയരാജനെതിരായ ബന്ധുനിയമനക്കേസും വിജിലന്‍സ് മുന്‍ ഡയറക്ടര്‍ എന്‍ ശങ്കര്‍റെഡ്ഡിക്കെതിരായ ബാര്‍ കോഴ അട്ടിമറിക്കേസും അവസാനിപ്പിക്കുന്നുവെന്ന് Kochi, Kerala, Top-Headlines, Minister, Investigation, News, Vigilance closes nepotism case against EP Jayarajan.
കൊച്ചി: (www.kasargodvartha.com 30.05.2017) മുന്‍ മന്ത്രി ഇ പി ജയരാജനെതിരായ ബന്ധുനിയമനക്കേസും വിജിലന്‍സ് മുന്‍ ഡയറക്ടര്‍ എന്‍ ശങ്കര്‍റെഡ്ഡിക്കെതിരായ ബാര്‍ കോഴ അട്ടിമറിക്കേസും അവസാനിപ്പിക്കുന്നുവെന്ന് വിജിലന്‍സ്. ഹൈക്കോടതിയിലാണ് നിലപാട് അറിയിച്ചത്. ബന്ധുനിയമനക്കേസ് നിലനില്‍ക്കില്ലെന്ന് തിങ്കളാഴ്ച വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നു. ശങ്കര്‍റെഡ്ഡിക്കെതിരായ പരാതിയില്‍ കഴമ്പില്ലെന്ന് വ്യക്തമാക്കിയാണ് കേസ് അവസാനിപ്പിക്കുന്നത്.


അഴിമതി നിരോധന നിയമവുമായി ബന്ധപ്പെട്ട് ജയരാജനെതിരേ കേസ് നിലനില്‍ക്കില്ല. കേസില്‍ ഉള്‍പെട്ടിരിക്കുന്ന പ്രതി സാമ്പത്തികമായി നേട്ടം ഉണ്ടാക്കിയിട്ടില്ല. അതിനാല്‍ അന്വേഷണത്തിന് പ്രസക്തി ഇല്ലെന്നും കേസ് അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്നും വിജിലന്‍സ് കോടതിയോട് ആവശ്യപ്പെട്ടു. കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസില്‍ എംഡിയായി ഭാര്യാ സഹോദരിയായ പി കെ ശ്രീമതിയുടെ മകന്‍ പി കെ സുധീറിനെ നിയമിച്ചതില്‍ അഴിമിതിയാരോപിക്കുന്ന കേസില്‍ പ്രതിചേര്‍ത്തതിനെതിരെ ഇ പി ജയരാജന്‍ സമര്‍പ്പിച്ച ഹര്‍ജിയാണു കോടതി പരിഗണിച്ചത്.

എന്നാല്‍, കേസില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ട് വിജിലന്‍സിനെതിരെ ഹൈക്കോടതി വിമര്‍ശനമുന്നയിച്ചു. മന്ത്രിസഭയുടെ അധികാരങ്ങള്‍ പോലും കവര്‍ന്നെടുക്കുന്ന രീതിയില്‍ വിജിലന്‍സിന് എങ്ങനെ പെരുമാറാന്‍ കഴിയുന്നു, മന്ത്രിസഭയ്ക്കു മുകളിലുള്ള സൂപ്പര്‍ പവറായി വിജിലന്‍സ് പ്രവര്‍ത്തിക്കുകയാണ്, ജനവികാരത്തിനടിമപ്പെട്ട് എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്യരുതെന്നന്നും നിര്‍ദേശിച്ച കോടതി വിജിലന്‍സിന് പ്രവര്‍ത്തിക്കാന്‍ ഒരു മാനദണ്ഡമുണ്ടാക്കണമെന്നും ആവശ്യപ്പെട്ടു. വിജിലന്‍സ് പോലീസിന്റെ ഭാഗമാണെന്നും വ്യക്തമാക്കിയ കോടതി ജൂണ്‍ മാസത്തില്‍ ആദ്യ ആഴ്ചയില്‍ തന്നെ ഈ കേസ് വീണ്ടും പരിഗണിക്കാനും തീരുമാനിച്ചു.

മാധ്യമങ്ങള്‍ക്കുള്ള വാര്‍ത്തകള്‍ക്കു വേണ്ടി മാത്രം വിജിലന്‍സ് പ്രവര്‍ത്തിക്കുന്ന രീതിയാണ് പലപ്പോഴും കാണുന്നത്. പല കേസുകളിലും ആ സമീപനമാണ് കാണുന്നത്. ഇങ്ങനെയല്ല വിജിലന്‍സ് പ്രവര്‍ത്തിക്കേണ്ടത്. അഴിമതി നിരോധനത്തിന്റെ ചട്ടകൂടിയില്‍ നിന്നുകൊണ്ടാണ് വിജിലന്‍സ് പ്രവര്‍ത്തിക്കേണ്ടത്. ആ നിലയ്ക്ക് മാത്രമേ വിജിലന്‍സിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാവൂ എന്നും കോടതി നിരീക്ഷിച്ചു.

സ്വജനപക്ഷപാതം അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജയരാജനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍, ബന്ധുനിയമന കേസില്‍ അഴിമതി നിരോധന നിയമം നിലനില്‍ക്കില്ലെന്നു കരുതുന്നതായി വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. പ്രതികളാരും സാമ്പത്തിക നേട്ടുമുണ്ടാക്കിയിട്ടില്ല. വിവാദ നിയമനം ലഭിച്ചിട്ടും സ്ഥാനമേല്‍ക്കാത്തതുകൊണ്ട് രണ്ടാംപ്രതി പി കെ സുധീറും നേട്ടമുണ്ടാക്കിയില്ലെന്ന് വിജിലന്‍സ് ഡി വൈ എസ് പി വി ശ്യാംകുമാര്‍ കോടതിയില്‍ വ്യക്തമാക്കി.

ബന്ധുനിയമനവുമായി ബന്ധപ്പെട്ടുള്ള ഇ പി ജയരാജനെതിരായ കേസ് ഏപ്രില്‍ 10ന് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നില്ലെങ്കില്‍ കേസ് അന്വേഷണം അവസാനിപ്പിക്കാമെന്നും ഇത് വിജിലന്‍സിന്റെ അന്വേഷണ സംഘത്തിന് വിടുന്നുവെന്നും കോടതി വ്യക്തമാക്കിയിരുന്നു. ജയരാജന്റെ ഭാര്യാ സഹോദരിയും സി പി എം കേന്ദ്രകമ്മിറ്റി അംഗവുമായ പി കെ ശ്രീമതി എം പിയുടെ മകന്‍ പി കെ സുധീര്‍ നമ്പ്യാരെ ചട്ടം ലംഘിച്ചു കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍െ്രെപസസ് ലിമിറ്റഡിന്റെ (കെ എസ് ഐ ഇ എല്‍) മാനേജിങ് ഡയറക്ടറായി നിയമിച്ചു എന്നതാണ് ജയരാജനെതിരായ കേസ്. കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തേക്കു ശുപാര്‍ശ ചെയ്യപ്പെട്ടിരുന്ന രണ്ടു പേരുടെ പട്ടിക വെട്ടിക്കളഞ്ഞു ജയരാജന്‍ സ്വന്തം നിലയ്ക്കാണു സുധീറിനെ നിയമിക്കാന്‍ നിര്‍ദേശം നല്‍കിയതെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇതിനു പുറമേ, ജയരാജന്റെ ബന്ധുവും കേരള ക്ലേയ്‌സ് ആന്‍ഡ് സെറാമിക്‌സ് ജനറല്‍ മാനേജരുമായി ദീപ്തി നിഷാദിനെ നിയമിച്ചതും വിവാദമായിരുന്നു. ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറില്‍ ജയരാജന്‍ മന്ത്രിസ്ഥാനം രാജിവച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi, Kerala, Top-Headlines, Minister, Investigation, News, Vigilance closes nepotism case against EP Jayarajan.