Join Whatsapp Group. Join now!
Aster MIMS 10/10/2023

'തിരുമുറ്റത്ത്' ജി എം വി എച്ച് എസ് എസ് തളങ്കര പൂര്‍വ വിദ്യാര്‍ത്ഥികള്‍ ദുബൈയില്‍ ഒത്തുകൂടി

ജി എം വി എച്ച് എസ് എസ് തളങ്കര 1991 - 92 ബാച്ച് വിദ്യാര്‍ത്ഥികള്‍ ദുബൈയില്‍ സംഘടിപ്പിച്ച 'സൗഹൃദത്തേരില്‍ വീണ്ടും' കുടുംബ സംഗമത്തിന് ഉജ്വലമായ സമാപനം. രണ്ടുദിവസങ്ങളിലായി Dubai, Gulf, Meet, Programme, Inauguration, Old student, Thalangara, Thirumuttath
ദുബൈ: (www.kasargodvartha.com 08/05/2017) ജി എം വി എച്ച് എസ് എസ് തളങ്കര 1991 - 92 ബാച്ച് വിദ്യാര്‍ത്ഥികള്‍ ദുബൈയില്‍ സംഘടിപ്പിച്ച 'സൗഹൃദത്തേരില്‍ വീണ്ടും' കുടുംബ സംഗമത്തിന് ഉജ്വലമായ സമാപനം. രണ്ടുദിവസങ്ങളിലായി ദുബൈയില്‍ രണ്ടിടങ്ങളിലായി നടന്ന പരിപാടിയില്‍ യു എ ഇ താമസക്കാരായ പൂര്‍വ വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ നാട്ടില്‍നിന്നും, ഇതര ജി സി സി രാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളും പങ്കെടുത്തു. 

2016 ജനുവരിയില്‍ 'തിരുമുറ്റത്ത്' എന്ന തലക്കെട്ടില്‍ നടന്ന സാഹിത്യ - സാംസ്‌ക്കാരിക പരിപാടിയുടെ തുടര്‍ച്ചയെന്നോണമാണ് ദുബൈയില്‍ പൂര്‍വ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടിയത്. ദേര പേള്‍ ക്രീക്ക് ഹോട്ടലില്‍ നടന്ന ആദ്യദിന പരിപാടി, പ്രശസ്ത കാലിഗ്രഫി ആര്‍ട്ടിസ്റ്റും കാസര്‍കോട് സ്വദേശിയുമായ ഖലീലുല്ല ചെമ്മനാട് സംഘടനയുടെ പേര് കാലിഗ്രാഫിയില്‍ വരച്ച് ഉദ്ഘാടനം ചെയ്തു. സാഹിത്യ - സാംസ്‌ക്കാരിക ചരിത്രത്തില്‍ സവിശേഷ സ്ഥാനം കാസര്‍കോട് ജില്ലയ്ക്കുണ്ടെന്ന് അദ്ദേഹം ഉദ്ഘാടന പ്രഭാഷണത്തില്‍ പറഞ്ഞു. കലയിലും കവിതയിലും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലും സമ്പന്നമായൊരു പാരമ്പര്യം സ്വന്തമായുണ്ടായിട്ടും കാസര്‍കോട് കേരളീയ സാംസ്‌ക്കാരിക ഭൂപടത്തില്‍ പുറത്താവുന്നത് പരിതാപകരമാണ്. തിരുമുറ്റത്ത് പരിപാടികള്‍ കാസര്‍കോട്ടെ സാംസ്‌ക്കാരിക രംഗത്തിന് സമ്മാനിച്ച പുത്തനുണര്‍വ് നിലനിര്‍ത്താന്‍ 1991 92 ബാച്ച് വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.


കാലിഗ്രഫി എന്ന കലാരൂപത്തിന്റെ ആഗോളവര്‍ത്തമാനങ്ങള്‍ സദസുമായി പങ്കുവെച്ച അദ്ദേഹം, പ്രതിനിധികള്‍ക്കോരോരുത്തര്‍ക്കും കാലിഗ്രഫി ചിത്രങ്ങള്‍ വരച്ചു നല്‍കിയാണ് മടങ്ങിയത്. തുടര്‍ന്നു സംസാരിച്ച മാധവന്‍ പാടി പഴയ മുസ്ലിം സ്‌കൂളിന്റെ പെരുമയും തന്റെ പഠനകാല അനുഭവങ്ങളും അനുസ്മരിച്ചു. യോഗ്യതകളേറെയുണ്ടായിട്ടും സാമൂഹികവും രാഷ്ട്രീയവുമായ മേഖലകളില്‍ കാസര്‍കോട് എന്ന ദേശം മുഖ്യധാരയ്ക്ക് പുറത്താകുന്ന പ്രതിഭാസത്തെക്കുറിച്ച് അദ്ദേഹവും പരിതപിച്ചു. മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുല്ലയും, കര്‍ണാടക മന്ത്രി യു ടി ഖാദറും, പൂര്‍വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റും സാമൂഹിക പ്രവര്‍ത്തകനുമായ യഹ് യ തളങ്കരയും ആശംസകളുമായി വേദിയിലെത്തിയത് പ്രതിനിധികള്‍ക്ക് ആഹ്ലാദകരമായ അനുഭവമായി. തളങ്കര മുസ്ലിം സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥികളുടെ വിവിധ മേഖലകളിലെ സക്രിയമായ ഇടപെടലുകള്‍ ശ്ലാഘനീയമാണെന്ന് ചെര്‍ക്കളം അബ്ദുല്ല അഭിപ്രായപ്പെട്ടു. കാസര്‍കോട്ടെ മനുഷ്യരും അവരുടെ സാംസ്‌ക്കാരിക സാമൂഹിക ഇടപെടലുകളും വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സൗഹൃദവും ഏവര്‍ക്കും മാതൃകയാണെന്ന് യു ടി ഖാദര്‍ പറഞ്ഞു.


തിരുമുറ്റത്ത് പരിപാടികളുടെ ആവേശകരമായ അനുഭവങ്ങള്‍ സ്മരിച്ചു കൊണ്ട് സംസാരം ആരംഭിച്ച യഹ് യ തളങ്കര, തിരുമുറ്റത്തിനു മുമ്പും ശേഷവും എന്നിങ്ങനെ തളങ്കരയുടെ ചരിത്രം രേഖപ്പെടുത്താമെന്ന് അഭിപ്രായപ്പെട്ടു. 'തിരുമുറ്റത്ത്' ഒരു പരിപാടി മാത്രമായിരുന്നില്ല. ഒരുപാട് നല്ല പരിപാടികളുടെ നാന്ദിയായിരുന്നു. സാമൂഹിക സാംസ്‌ക്കാരിക പ്രധാനമായ ഒരുപാട് സംരംഭങ്ങള്‍ക്കാണ് തിരുമുറ്റത്ത് തിരികൊളുത്തിയത്- അദ്ദേഹം പറഞ്ഞു. ഇത്രയും വിപുലമായ പൂര്‍വ വിദ്യാര്‍ത്ഥി സംഗമം ആര്‍ക്കെങ്കിലും നടത്താനാവുമോ എന്നത് സംശയമാണെന്നും തിരുമുറ്റത്തിന്റ സംഘാടകര്‍ തീരുമാനമെടുത്താല്‍ ഇനിയും അദ്ഭുതങ്ങള്‍ ആവര്‍ത്തിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ബിശ്‌റുദ്ദീന്‍ ശര്‍ഖി സ്വാഗതം പറഞ്ഞു. ഗഫൂര്‍ ഊദ് അധ്യക്ഷത വഹിച്ചു. കുട്ടികളുടെ കലാ പരിപാടികളും സംഗമത്തിന് കൊഴുപ്പേകി.

രണ്ടാം ദിവസം മുശ്രിഫ് പാര്‍ക്കില്‍ നടന്ന സംഗമത്തില്‍, നാടന്‍ കളികള്‍, കുട്ടികള്‍ക്കും വലിയവര്‍ക്കുമുള്ള മത്സരങ്ങള്‍, അന്താക്ഷരി എന്നിവ സംഘടിപ്പിച്ചു. ദുബൈയില്‍ താമസക്കാരായ മറ്റുബാച്ചുകളിലെ പൂര്‍വ വിദ്യാര്‍ത്ഥികളും നാട്ടുകാരും 'തിരുമുറ്റത്ത്' ടീമിന്റെ സന്തോഷത്തില്‍ പങ്കുചേരാന്‍ പാര്‍ക്കിലെത്തിയിരുന്നു. പരിപാടികള്‍ക്ക്, ശുഹൈബ് കെ, സുലൈമാന്‍ ബഹ്‌റൈന്‍, ഖലീല്‍ ഹസന്‍, മന്‍സൂര്‍ കുവൈത്ത്, സര്‍ഫറാസ്, ഹകീം, ഹനീഫ്, ഹസന്‍ പതിക്കുന്ന്, ഹംസ എച്ച് എം എന്നിവര്‍ നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Dubai, Gulf, Meet, Programme, Inauguration, Old student, Thalangara, Thirumuttath.