Join Whatsapp Group. Join now!
Aster MIMS 10/10/2023

കന്നുകാലി കശാപ്പ് നിരോധനം: വ്യാപക പ്രതിഷേധം; ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യം

രാജ്യത്ത് കന്നുകാലി കശാപ്പ് നിരോധിച്ചതില്‍ വ്യാപക പ്രതിഷേധം. എന്ത് ഭക്ഷണം കഴിക്കണമെന്നത് പോലും ഫാസിസം തീരുമാനിക്കുന്ന അവ Kasaragod, News, Kerala, Protest, Narendra Modi, Central Government, Buffalo Ban.
കാസര്‍കോട്: (www.kvartha.com 27.05.2017) രാജ്യത്ത് കന്നുകാലി കശാപ്പ് നിരോധിച്ചതില്‍ വ്യാപക പ്രതിഷേധം. എന്ത് ഭക്ഷണം കഴിക്കണമെന്നത് പോലും ഫാസിസം തീരുമാനിക്കുന്ന അവസ്ഥയിലേക്ക് രാജ്യം എത്തിച്ചേര്‍ന്നുവെന്നതിന് തെളിവാണ് കന്നുകാലി കശാപ്പ് നിരോധനമെന്ന് പലരും അഭിപ്രായപ്പെട്ടു. വെള്ളിയാഴ്ചയാണ് രാജ്യത്ത് കന്നുകാലി കശാപ്പ് നിരോധിക്കുന്നുവെന്ന സുപ്രധാന തീരുമാനം വന്നത്. കേന്ദ്രസര്‍ക്കാരിന്റെ നയത്തിനെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും മറ്റു സംഘടനകളും രംഗത്ത് വന്നു. ഇന്ന് കന്നുകാലി കശാപ്പാണ് നിരോധിച്ചതെങ്കില്‍ നാളെ മത്സ്യം പോലും കഴിക്കാന്‍ മോഡി സര്‍ക്കാരിന്റെ അനുമതി വേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.


പൗരന്റെ ഭക്ഷണാവകാശത്തിന് മേല്‍ കൈകടത്തുന്ന ഉത്തരവ് പിന്‍വലിക്കണം: പിഡിപി

ഫാസിസ്റ്റ് ഭീകരത അടുക്കളയില്‍ പ്രവേശിക്കുന്ന അതി ഭീകരമായ കടന്നുകയറ്റം മതേതര ഭാരതത്തിന്ന് അപമാനമാണെന്നും കന്നുകാലി കശാപ്പ് നിരോധിച്ചു കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ ഉത്തരവ് പിന്‍വലിക്കണമെന്നും പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് എം ബഷീര്‍ മഞ്ചേശ്വരം ആവശ്യപ്പെട്ടു. കന്നുകാലി കശാപ്പ് നിരോധനത്തിനെതിരെ പിഡിപി കാസര്‍കോട് ജില്ലാ കമ്മിറ്റി മഞ്ചേശ്വരത് സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശുദ്ധ റമദാനിന്റെ പ്രാരംഭ ദിവസം തന്നെ വിവാദ ഉത്തരവ് ഇറക്കിയ പരിസ്ഥിതി മന്ത്രാലയം ആര്‍ എസ് എസ് അജണ്ടകള്‍ നടപ്പിലാക്കി  വര്‍ഗീയ ദ്രുവീകരണത്തിന്ന് ശ്രമിക്കുകയാണെന്നും ഈ വിഷയത്തില്‍ മതേതര ശക്തികള്‍ ഒറ്റക്കെട്ടായി ഫാസിസ്റ്റു ഭീകരതക്കെതിരെ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

പിഡിപി ജില്ലാ പ്രസിഡന്റ് റഷീദ് മുട്ടുന്തല, ജില്ലാ ആക്ടിങ് സെക്രട്ടറി അബ്ദുല്ല ബദിയടുക്ക, ജില്ലാ ജോയിന്‍ സെക്രട്ടറി അബ്ദുര്‍ റസാഖ് കുമ്പള, ഐ എസ് എഫ് സംസ്ഥാന കോ ഓഡിനേഷന്‍ സമിതി അംഗം നൗഫല്‍ ഉളിയത്തടുക്ക, പിഡിപി സംസ്ഥാന സമിതി അംഗം അബ്ബാസ്,  മഅ്ദനി സഹായ സമിതി ജില്ലാ അസിസ്റ്റന്റ് കണ്‍വീനര്‍ അബ്ദുര്‍ റഹ് മാന്‍ തെരുവത്ത്, പി സി എഫ് പ്രതിനിധി അബ്ദുല്ല കൊടിയമ്മ, പിഡിപി മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി ജാസിര്‍ പോസോട്ട്, പിഡിപി  മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് മുനീര്‍ പോസോട്ട്, മംഗല്‍പാടി പഞ്ചായത്ത് ഭരണ സമിതി അംഗം അബ്ദുര്‍ റഹ് മാന്‍ ബേക്കൂര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം മുഹമ്മദ് ഗുഡ്ഡ, പിഡിപി മണ്ഡലം കൗണ്‍സിലര്‍ ലത്തീഫ് കുന്ന്, പിഡിപി മഞ്ചേശ്വരം പഞ്ചായത്ത് സെക്രട്ടറി ഖാദര്‍ കുന്നില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കന്നുകാലി നിരോധനം മൗലികവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റം: ഇര്‍ഷാദ് ഹുദവി ബെദിര

കാസര്‍കോട്: രാജ്യത്ത് കന്നുകാലികളെ കശാപ്പു ചെയ്യുന്നത് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അങ്ങേയറ്റം പ്രതിഷേധാര്‍ഹവും പൗരന്റെ മൗലികാവകാശങ്ങള്‍ക്ക് നേരെയുള്ള കടന്ന് കയറ്റുവുമാണെന്ന് എസ് കെ എസ് എസ് എഫ് കാസര്‍കോട് മേഖല ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര അഭിപ്രായപ്പെട്ടു.

ജനങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കേണ്ട സര്‍ക്കാര്‍ എന്ത് ഭക്ഷിക്കണമെന്ന പൗരന്റെ സ്വാതന്ത്ര്യം പോലും ഹനിക്കുകയാണ്. പരിശുദ്ധ റംസാന്‍ ആരംഭിക്കുമ്പോള്‍ തന്നെ ഇത്തരത്തിലൊരു തീരുമാനമെടുത്തത് വിദ്വേഷ രാഷ്ട്രീയത്തിലൂടെ മുതലെടുപ്പിനുള്ള ശ്രമമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. രാജ്യത്തെ ജനങ്ങളെ മൃഗങ്ങളുടെ പേര് പറഞ്ഞ് ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതന്നും അദ്ധേഹം കൂട്ടിചേര്‍ത്തു.

ഫാസിസം പിടിമുറുക്കുമ്പോള്‍ നിസ്സംഗത മനോഭാവത്തോടെ നോക്കി കാണുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും: ജില്ലാ ജനകീയ നീതി വേദി

കാസര്‍കോട്: മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ദേശീയ രാഷ്ട്രീയ രംഗത്ത് വന്‍ തരംഗം സൃഷ്ടിച്ച് കൊണ്ട് ദേശീയ ഭരണത്തിലേക്ക് ഉയര്‍ന്നു വന്ന ബിജെപി എന്ന സംഘ്പരിവാര്‍ പ്രസ്ഥാനം ദേശീയ തലത്തില്‍ വര്‍ഗ്ഗീയ അജണ്ട നടപ്പിലാക്കി അരക്ഷിതാവസ്ഥ സൃഷ്ടിച്ച് രാഷ്ടീയ ഫലം കൊയ്യാനുള്ള അവസാനത്തെ തന്ത്രത്തിന്റെ ഭാഗമാണ് ഒരു ഓര്‍ഡിനന്‍സിലൂടെ കന്നുകാലി കശാപ്പ് നിരോധിച്ചതെന്ന് ജനകീയ നീതിവേദി പ്രസ്താവനയില്‍ പറഞ്ഞു.

ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ ഒരു പൗരന്‍ എന്ത് കഴിക്കണമെന്നും, എങ്ങിനെയുള്ള വസ്ത്രം ധരിക്കണമെന്നും, ആരെ വിവാഹം കഴിക്കണമെന്നും വരെ തീരുമാനിക്കുന്ന ഒരവസ്ഥ, മത ന്യൂനപക്ഷങ്ങള്‍ ഏറെ ഭീതിയോടെയാണ് നോക്കി കാണുന്നതെന്നും ഇതിനെതിരെ ജനാധിപത്യ മതേതര വിശ്വാസികള്‍ അതിശക്തമായ പ്രതിരോധം തീര്‍ക്കണമെന്നും ജില്ലാ ജനകീയ നീതി വേദി പ്രസിഡന്റ് സൈഫുദ്ദീന്‍ കെ മാക്കോടും സെക്രട്ടറി അബ്ദുര്‍ റഹ് മാന്‍ തെരുവത്തും പറഞ്ഞു.

മുസ്ലിം സമുദായത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട പരിശുദ്ധ റമദാന്‍ മാസം തന്നെ ഇത്തരമൊരു നിയമനിര്‍മ്മാണം നടത്താന്‍ സര്‍ക്കാര്‍ തിരഞ്ഞെടുത്തത് ദുഷ്ടലാക്കോടെയാണെന്നത് കാണാതിരുന്നു കൂടായെന്നും അവര്‍ പറഞ്ഞു.

മൃഗ ബലി നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ധിക്കാരപരം: എസ് വൈ എസ്

ഉപ്പള: അസാധാരണ ഗസറ്റിലൂടെ മൃഗബലി നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം ധിക്കാരമാണെന്നും ഇത് ഭരണഘടനാ മൂല്യങ്ങളെ ബലി കഴിച്ചിരിക്കുകയാണെന്നും എസ് വൈ എസ് ഉപ്പള സോണ്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ പോലും മറന്ന് പൗരസ്വാതന്ത്ര്യത്തിനു മേല്‍ മാരകമായ കയ്യേറ്റമാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്.

ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം പൂര്‍ണമായി വിലക്കപ്പെട്ടിരിക്കുന്നു. മതാരാധനകളുടെ ഭാഗമായി പോലും മൃഗബലി പാടില്ലെന്ന നിയമം രാജ്യത്തെ മതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണ്. രാജ്യത്തെ ഘട്ടം ഘട്ടമായി ഫാഷിസ്റ്റ് വല്‍കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. സംഘ് പരിവാറിന്റെ സര്‍വാധിപത്യ മോഹങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നത് ഭരണഘടനയാണ്. ഒറ്റയടിക്ക് ഭരണഘടനയെ അസാധുവാക്കുന്നതിനു പകരം അന്യായ വഴികളിലൂടെ ഭരണഘടനാ ദത്തമായ അവകാശങ്ങളെ ഓരോന്നായി റദ്ദ് ചെയ്യുകയാണ് ഇന്ത്യന്‍ ഫാസിസം എന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.

പ്രസിഡന്റ് സിദ്ദീഖ് സഖാഫി അധ്യക്ഷത വഹിച്ചു. ഷാഫി സഅദി ഷിറിയ, മുഹമ്മദലി അഹ്‌സനി, യൂസഫ് സഖാഫി, മുസ്തഫ മുസ്‌ലിയാര്‍, അബ്ദുര്‍ റഹ് മാന്‍ മില്‍മ തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, Kerala, Protest, Narendra Modi, Central Government, Buffalo Ban.