city-gold-ad-for-blogger

പള്ളിപ്രം ബാലന്‍: പൊലിഞ്ഞത് ചുവന്ന നക്ഷത്രം

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍

(www.kasargodvartha.com 01.05.2017) പള്ളിപ്പുറം യാത്രയായപ്പോള്‍ കാസര്‍കോടിനും അദ്ദേഹം നല്‍കിയ സംഭാവനകള്‍ വിസ്മരിക്കാന്‍ കഴിയില്ല. തൊട്ടുകൂടാതെയും തീണ്ടിക്കൂടാതെയുമിരുന്ന ജാതിയില്‍ ജനിച്ച് അവരെ സമൂഹത്തിനോടൊപ്പം നടത്താന്‍ പൊരുതിയ കമ്മ്യൂണിസ്റ്റാണ് അദ്ദേഹം. മരണം വരെ സി.പി.ഐ വിടാതെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ കാരണമായത് ഞാനൊരു തികഞ്ഞ കമ്മ്യൂണിസ്റ്റായി മരിക്കാനാഗ്രഹിക്കുന്നതിനാലാണെന്ന പക്ഷക്കാരനായിരുന്നു പള്ളിപ്രം.

കമ്മ്യൂണിസമാണ് എന്റെ ജാതിയെന്ന പക്ഷക്കാരനായിരുന്നു. ബാലസംഘത്തിന്റെ പ്രവര്‍ത്തനം മുതല്‍ മേലാളന്മാരോട് ഒച്ച വെച്ചു. മരണം വരെ ജാതി വിവേചനത്തിനെതിരായി പോരാടി. ഒരു കാലത്ത് ദലിതര്‍ കൂട്ടമായി താമസിച്ചിരുന്ന നാടായിരുന്നു കണ്ണൂര്‍. പട്ടണത്തിലെ തോട്ടിപ്പണി, അടിമ ജോലി. ബ്രീട്ടീഷ് സാമ്രാജ്യം കണ്ണൂരിലേക്ക് പറിച്ചു നട്ട ഗ്രാമത്തിലായിരുന്നു ജനനം. അതിനിടയിലൂടെ വളര്‍ന്ന് ബ്രീട്ടീഷ് ഇന്ത്യ വിടാന്‍ ചെറുപ്പം ഉഴിഞ്ഞിട്ട രാഷ്ട്രീയ ജീവിതം. കമ്മ്യൂണിസത്തിനു മാത്രമേ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെയുള്ള പോരാട്ടത്തിന് കഴിയുകയുള്ളൂവെന്ന് അദ്ദേഹം പ്രസംഗിച്ചു.

പള്ളിപ്രം ബാലന്‍: പൊലിഞ്ഞത് ചുവന്ന നക്ഷത്രം

1939ല്‍ ജനിച്ച പള്ളിപ്രം ബാലസംഘത്തിലൂടെ വളര്‍ന്നു. 1953ഓടെ പരിപൂര്‍ണനായ ഇടതുപക്ഷക്കാരനായി. 1987ല്‍ പുത്തന്‍ രാഷ്ട്രീയ അടവു നയം സ്വായത്തമാക്കി. 2006ല്‍ കാഞ്ഞങ്ങാടു മണ്ഡലത്തില്‍ നിന്നും ജയിച്ചു കയറി. മരണം വരെ സി.പി.ഐയുടെ സഹയാത്രികന്‍.

തന്റെ സ്വപ്ന പദ്ധതികളില്‍ ഒന്നിന്റെ സാക്ഷാത്കാരം കാണാന്‍ പ്രായക്കൂടുതലിന്റെ പ്രയാസങ്ങള്‍ മറന്ന് നീലേശ്വരത്തെത്തിയപ്പോഴാണ് അവസാനമായി കണ്ടത്. മുന്‍ ഹൊസ്ദുര്‍ഗ് മണ്ഡല വികസനത്തിന്റെ ഭാഗമായി സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് സൗകര്യത്തോടെ പുത്തരിയടുക്കത്ത് പണിത എക്‌സൈസ് റേഞ്ച് ഓഫിസിന്റെ ഉദ്ഘാടനമായിരുന്നു വേദി. ഓര്‍ച്ച പാലം പളളിപ്രത്തിന്റെ സ്മാരക ശിലയായി മാറേണ്ടതുണ്ട്. അതിനായൊഴുക്കിയ വിയര്‍പ്പ് അത്രത്തോളം വരും.

നീലേശ്വരം സബ് രജിസ്ട്രാര്‍ ഓഫിസ്, കോട്ടപ്പുറം- അച്ചാംതുരുത്തി പാലം, മൃഗസംരക്ഷണ-കൃത്രിമ ബീജസങ്കലന കേന്ദ്രം, വലിയപറമ്പ് ടൂറിസം റോഡ് എന്നിവയിലൊക്കെ അദ്ദേഹത്തിന്റെ വിയര്‍പ്പിലെ ഉപ്പ് കലര്‍ന്നിരിക്കുന്നു. നമ്പ്യാര്‍ക്കാല്‍ അണക്കെട്ട് റോഡ് പാലം, കണ്ണൂര്‍ സര്‍വകലാശാലയുടെ നീലേശ്വരം ക്യാംപസ്, തേര്‍വയലെ ജലസംഭരണി, നീലേശ്വരത്തിന്റെ രാജപാതയായ രാജാറോഡിന്റെ വികസനത്തിനു വേണ്ടിയുള്ള തുടക്കക്കാരന്‍ എന്നീ നിലയിലൊക്കെ പള്ളിപ്രം ഗ്രാമത്തിലും നഗരത്തിലും നിറഞ്ഞു നിന്നു. കണ്ണൂര്‍കാരനായ അദ്ദേഹം കാഞ്ഞങ്ങാട് കാരാട്ടുവയലില്‍ താമസിച്ച് തികഞ്ഞ ഗ്രാമീണനായി ജനങ്ങളോടൊപ്പം നടന്നു. അന്ത്യ നാളുകളില്‍ കണ്ണൂര്‍ വാരം തക്കാളിപ്പീടികയിലായിരുന്നു. സി.പി.ഐയുടെ സംസ്ഥാന കൗണ്‍സില്‍ അംഗം കൂടിയാണ്.

ജനകീയ എം എല്‍ എ എന്ന ഖ്യാതി. പൊയ്മുഖങ്ങളില്ലാത്ത സാധാരണക്കാരന്‍. രാഷ്ട്രീയനിറം നോക്കാത്ത രാഷ്ട്രീയക്കാരന്‍. ഇതൊക്കെയാണ് പള്ളിപ്രം. 1987ല്‍ 56 വോട്ടിന് യുഡിഎഫ് അട്ടിമറി വിജയം നേടിയെങ്കിലും പിന്നീട് ഇടതു നെടുങ്കോട്ടയായി മാറുകയായിരുന്നു കാഞ്ഞങ്ങാട് മണ്ഡലം.

ഒളിവിലും തെളിവിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നയിച്ച കെ മാധവന്‍ 1957ല്‍ തോറ്റിടത്തു നിന്നുമുള്ള ഉയര്‍ത്തെഴുന്നേല്‍പ്പിനിടയില്‍ 1960ലും തോല്‍വി. 1965ലും 1967ലും സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി എന്‍ കെ ബാലകൃഷ്ണനു ജയം. പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തികേന്ദ്രമായി മാറുകയായിരുന്നു ഹൊസ്ദുര്‍ഗ്. അടിയന്തിരാവസ്ഥ കഴിഞ്ഞു. 1977മുതല്‍ ഹൊസ്ദുര്‍ഗ് സംവരണ മണ്ഡലമായി. തുടര്‍ന്ന് 1977ലും 80ലും നടന്ന തെരഞ്ഞെടുപ്പില്‍ സിപിഐയുടെ കെ ടി കുമാരന്‍, 1991ലും 96ലും എം നാരായണന്‍, 2001ല്‍ എം കുമാരന്‍, 2006ലെ തെരഞ്ഞെടുപ്പില്‍ പള്ളിപ്രം ബാലന്‍ ഇങ്ങനെയായിരുന്നു വിജയ ചരിത്രം. രാഷ്ട്രീയ സത്യസന്ധതയുടെ ഉരക്കല്ലായിരുന്ന അദ്ദേഹം കണ്ണൂര്‍ വിട്ട് കാഞ്ഞങ്ങാട്ടെ സ്ഥിര താമസക്കാരനായി.

കണ്ണൂര്‍-കാസര്‍കോട് ജില്ലയിലെ സി.പി.എം- സി.പി.ഐ തര്‍ക്കം പരിഹരിക്കാനുള്ള നിയോഗം പലപ്പോഴും പള്ളിപ്രത്തിനായിരുന്നു. ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് സി.പി..എം നടത്തിയ ഹര്‍ത്താലില്‍ സി.പി.ഐ വിട്ടുനിന്നു. മുന്നണി ബന്ധം ഉലഞ്ഞു. അന്നു ജയിലില്‍ ചെന്നു പി.ജയരാജനേയും, എം.വി രാജേഷിനേയും കാണാന്‍ മുന്നില്‍ നടന്നത് പള്ളിപ്രമാണ്. ഇടതുപക്ഷം പ്രാദേശികമായി അപകടപ്പെടുമ്പോഴൊക്കെ പള്ളിപ്രം ഓടിയെത്തും.

കാഞ്ഞങ്ങാട് കെ എസ് ആര്‍ ടി സി ബസ്സ്‌റ്റേഷന് എം എല്‍ എ ഫണ്ടില്‍ നിന്നും 62.5 ലക്ഷം രൂപ അനുവദിച്ചു കൊണ്ട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്ക്കു തുടക്കമിട്ടത് അദ്ദേഹമാണ്. ബസ് ഡിപ്പോ വന്നെങ്കിലും ഇനിയുമദ്ദേഹത്തിന്റെ ആഗ്രഹം പൂവിടാത്ത സ്വപ്നമായി ജനങ്ങളില്‍ നിലനില്‍ക്കുകയാണ്.

മടിക്കൈ ചാളക്കടവ് പാലത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ നിന്നും കാലഹരണപ്പെട്ട എംഎല്‍എ എന്ന കാരണത്താല്‍ പള്ളിപ്രത്തെ തഴഞ്ഞു. പാലം ഉദ്ഘാടനം മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞായിരുന്നു. തൊട്ടു മുമ്പുള്ള എല്‍ഡിഎഫ് ഭരണത്തെ മലബാര്‍ പാക്കേജില്‍ ഉള്‍പ്പെടുത്താന്‍ യഞ്ജിച്ചതും, തുടക്കമിട്ടതും പള്ളിപ്രമായിരുന്നു. അവഗണന ഉദ്ഘാടനത്തിന്റെ നിറം കെടുത്തിയിരുന്നു.

ബാലസംഘത്തിലൂടെ കടന്നു വന്ന് എ.ഐ.വൈ.എഫ് താലൂക്ക് സെക്രട്ടറിയില്‍ തുടങ്ങി ദീര്‍ഘകാലം സി.പി.ഐ സംസ്ഥാന എക്്സിക്യൂട്ടിവ് അംഗമായി പ്രവര്‍ത്തിച്ചു. വലിയന്നൂര്‍ ബ്രാഞ്ച് സെക്രട്ടറി, കണ്ണൂര്‍, തളിപ്പറമ്പ് താലൂക്ക് സെക്രട്ടറി, കണ്ണൂര്‍ ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗം, സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ നിന്നും, ബി.കെ.എം.യു സംസ്ഥാന പ്രസിഡണ്ട്, ട്രഷറര്‍, ഐപ്‌സോ, കേരള ആദിവാസി യൂനിയന്‍ സംസ്ഥാന സെക്രട്ടറി തുടങ്ങി സമസ്ഥ മേഘലകളിലും അദ്ദേഹത്തിന്റെ നിറസാന്നിദ്ധ്യമുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Prathibha-Rajan, CPI, Hosdurg, Fund, Pallipram Balan, Tourism road, Pallippuram Balan no more.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia