Join Whatsapp Group. Join now!
Aster MIMS 10/10/2023

ഉദുമ ടൗണിനോടുള്ള കെ എസ് ടി പി അവഗണന; നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്

നിര്‍മാണം നടന്നുവരുന്ന കാസര്‍കോട് കാഞ്ഞങ്ങാട് കെ എസ് ടി പി പാതയില്‍ മിക്ക ടൗണുകളിലും ഡിവൈഡറുകളും സിഗ്‌നല്‍ ലൈറ്റുകളും സ്ഥാപിച്ചപ്പോള്‍ പ്രധാന ടൗണുകളിലൊന്നായ Udma, Protest, Kasaragod, Kerala, Bus, Accident, Natives protest against KSTP ignorance
ഉദുമ: (www.kasargodvartha.com 31/05/2017) നിര്‍മാണം നടന്നുവരുന്ന കാസര്‍കോട് കാഞ്ഞങ്ങാട് കെ എസ് ടി പി പാതയില്‍ മിക്ക ടൗണുകളിലും ഡിവൈഡറുകളും സിഗ്‌നല്‍ ലൈറ്റുകളും സ്ഥാപിച്ചപ്പോള്‍ പ്രധാന ടൗണുകളിലൊന്നായ ഉദുമയെ പാടെ അവഗണിച്ചതായി ആക്ഷേപം. ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വില്ലേജ് ഓഫീസ്, ഗവ. ആശുപത്രി, കൃഷിഭവന്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് പോകേണ്ടവര്‍ ബസിറങ്ങി റോഡു മുറിച്ചുകടക്കാന്‍ വളരെ പ്രയാസപ്പെടുന്നു.

രണ്ടുഭാഗങ്ങളില്‍ നിന്നും അമിതവേഗതയില്‍ വാഹനങ്ങള്‍ കടന്നുവരുമ്പോള്‍ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ റോഡ് മുറിച്ചുകടക്കാന്‍ കഴിയാതെ കാത്തുനില്‍ക്കേണ്ടി വരികയാണ്. യാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാനുള്ള സീബ്ര ലൈന്‍ പോലും ടൗണിലില്ല. ഉദുമയിലെ ഒരു ഭാഗത്ത് മാത്രമാണ് കെട്ടിടങ്ങളുള്ളത്. മറുഭാഗത്ത് റെയില്‍പാതയാണ്. അതുകൊണ്ട് ഉദുമയെ ടൗണ്‍ഷിപ്പായി കാണാന്‍ കഴിയില്ലെന്നാണ് കെ എസ് ടി പി അധികൃതരുടെ മുടന്തന്‍ ന്യായം.


രണ്ടു വര്‍ഷത്തിനിടെ പത്തോളം പേര്‍ ഇവിടെ അപകടത്തില്‍ മരണപ്പെട്ടിട്ടുണ്ട്. പരിക്കേറ്റ നിരവധി പേര്‍ ഇപ്പോഴും ചികിത്സയിലാണ്. നാള്‍ക്കുനാള്‍ ഇവിടെ അപകടത്തില്‍ നടക്കുന്നു. റോഡപകടങ്ങളില്‍ അനേകം മനുഷ്യ ജീവനുകള്‍ നഷ്ടപ്പെട്ട കെ എസ് ടി പി റോഡില്‍ കളനാട് ഓവര്‍ ബ്രിഡ്ജ് മുതല്‍ പാലക്കുന്ന് വരെ ഡിവൈഡറും ഉദുമ ടൗണില്‍ സിഗ്‌നല്‍ ലൈറ്റുകളും റിഫഌറും സീബ്രാ ലൈനുകളും സ്ഥാപിക്കണമെന്ന് ഉദുമക്കാര്‍ കൂട്ടായ്മ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യൂണിറ്റ് സംയുക്ത യോഗം അധികൃതരോട് ആവശ്യപ്പെട്ടു. ആവശ്യങ്ങളില്‍ അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ ജനകീയ പ്രക്ഷോഭം നടത്തും. കെ എസ് ടി പി അധികൃതരുടെ കണ്ണുതുറപ്പിക്കുന്ന രീതിയിലുള്ള സമരമുറകളായിരിക്കും നടത്തുക.

രണ്ടുവര്‍ഷത്തിനിടെ അപകടങ്ങള്‍ തുടര്‍കഥയായിട്ടും കണ്ണുതുറക്കാത്ത കെ എസ് ടി പി അധികൃതരുടെ ധിക്കാരമായ നടപടി തിരുത്തുംവരെ ഉദുമയിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി സമരരംഗത്തുണ്ടാകും. പ്രക്ഷോഭത്തിന് മുന്നോടിയായി ഉദുമ എം എല്‍ എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, മുന്‍ എം എല്‍ എ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍, ക്ലബ്ബ് പ്രതിനിധികള്‍ എന്നിവരെ പങ്കെടുപ്പിച്ച് സര്‍വകക്ഷി യോഗം ചേരും.

ഉദുമ മാര്‍ക്കറ്റ് വ്യാപാരഭവനില്‍ ചേര്‍ന്ന യോഗത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് എ വി ഹരിഹര സുധന്‍ അധ്യക്ഷത വഹിച്ചു. ഉദുമക്കാര്‍ കൂട്ടായ്മ ചെയര്‍മാന്‍ അബ്ദുല്ലക്കുഞ്ഞി ഉദുമ സ്വാഗതം പറഞ്ഞു. സെക്രട്ടറി ഫറൂഖ് കാസ്മി, അംഗങ്ങളായ കെ കെ ഷാഫി പടിഞ്ഞാര്‍, കെ എ ഷുക്കൂര്‍, അഡ്വ. കെ ബാലകൃഷ്ണന്‍, കെ വിശാലാക്ഷന്‍, മുസ്തഫ കാപ്പില്‍, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ യൂസഫ് റൊമാന്‍സ്, പി കെ ജയന്‍, കെ ഗണേഷന്‍ പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Udma, Protest, Kasaragod, Kerala, Bus, Accident, Natives protest against KSTP ignorance.