Join Whatsapp Group. Join now!
Aster MIMS 10/10/2023

കോഴിക്കോട് സൈബര്‍ പാര്‍ക്കിലെ ആദ്യ കെട്ടിടം 'സഹ്യ' തിങ്കളാഴ്ച്ച നാടിന് സമര്‍പ്പിക്കും

മലബാര്‍ മേഖലയിലെ ആദ്യത്തെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പാര്‍ക്കായ കോഴിക്കോട് ഗവ. സൈബര്‍ പാര്‍ക്കിന്റെ പ്രഥമ ഐ ടി കെട്ടിടമായ 'സഹ്യ' മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച്ച വൈകീട്ട് 3 മ Kerala, News, Kozhikode, Building, Inauguration, Pinarayi-Vijayan, Minister, Top-Headlines.
കോഴിക്കോട്: (www.kasargodvartha.com 28.05.2017) മലബാര്‍ മേഖലയിലെ ആദ്യത്തെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പാര്‍ക്കായ കോഴിക്കോട് ഗവ. സൈബര്‍ പാര്‍ക്കിന്റെ പ്രഥമ ഐ ടി കെട്ടിടമായ 'സഹ്യ' മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച്ച വൈകീട്ട് 3 മണിക്ക് സൈബര്‍ പാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ ഉദ്ഘാടനം ചെയ്യും. 2,88,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ 5 നിലകളിലായി പണിതുയര്‍ത്തിയിട്ടുള്ള 'സഹ്യ' മലബാര്‍ മേഖലയില്‍ സര്‍ക്കാരിന്റെ കീഴില്‍ സ്ഥാപിക്കപ്പെടുന്ന ആദ്യത്തെ ഐ ടി കെട്ടിട സമുച്ചയമാണ്. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുടെ യു എല്‍ സൈബര്‍ പാര്‍ക്ക് 24 കമ്പനികളുമായി ഇതേ കാമ്പസില്‍ തന്നെ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.


2500 ഐ ടി പ്രെഫഷണലുകള്‍ക്ക് തൊഴില്‍ ചെയ്യാനുള്ള സൗകര്യമാണ് പുതിയ ഐ ടി കെട്ടിടത്തില്‍ ഒരുങ്ങിയിട്ടുള്ളത്. ബേസ്‌മെന്റ് ഏരിയ പാര്‍ക്കിംഗിനായി ഒരുക്കിയിട്ടുണ്ട്. ഒന്നാം നിലയില്‍ 25 മുതല്‍ 75 വരെ സിറ്റിംഗ് സൗകര്യമുള്ള 6 യൂണിറ്റുകള്‍ പ്രവര്‍ത്തന യോഗ്യമാക്കിയിട്ടുണ്ട്. പുതിയ കെട്ടിടത്തില്‍ ഓണ്‍ഫൈറ്റ്, വിനാം ഐ ടി, മിനി മെയില്‍സ്റ്റര്‍ തുടങ്ങിയ മൂന്നു കമ്പനികള്‍ സ്ഥലം ഏറ്റെടുത്ത് പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. രണ്ടാം നില സ്മാര്‍ട്ട് ബിസിനസ്സ് സെന്റര്‍ ആയി ക്രമീകരിച്ചിട്ടുണ്ട്. 12 മുതല്‍ 42 വരെ സീറ്റുകളുള്ള 19 യൂണിറ്റുകളാണ് രണ്ടാം നിലയിലുള്ളത്. മറ്റു മൂന്നു നിലകളും കമ്പനികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കി അവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് പരിഷ്‌കരിക്കാനായി നല്‍കും.

ഐ ടി മേഖലയുടെ വികസനത്തിനുവേണ്ട എല്ലാ അടിസ്ഥാന ഭൗതിക സൗകര്യങ്ങളുമുള്ള കോഴിക്കോട് നഗരത്തെ, തിരുവനന്തപുരം ടെക്‌നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോപാര്‍ക്ക് തുടങ്ങിയവ പോലെ കേരളത്തിന്റെ അടുത്ത ഐ ടി കേന്ദ്രമായി മാറ്റുകയാണ് ലക്ഷ്യമെന്ന് സംസ്ഥാനത്തെ ഐ ടി പാര്‍ക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഋഷികേശ് നായര്‍ പറഞ്ഞു. ആദ്യത്തെ ലക്ഷ്യം പുതിയ കെട്ടിടം മുഴുവന്‍ ഉപയോഗയോഗ്യമാക്കി കമ്പനികള്‍ക്ക് കൈമാറുക എന്നതാണ്. ആദ്യ ബില്‍ഡിംഗിന്റെ പകുതിയോളം പ്രവര്‍ത്തനമായി കഴിഞ്ഞാല്‍ അടുത്ത കെട്ടിടം പണിയാരംഭിക്കും.

രണ്ടാംഘട്ടത്തിന്റെ വികസനത്തില്‍ 6000 ചതുരശ്ര അടി സ്ഥലം തുടക്ക കമ്പനികള്‍ക്കായി മാറ്റി വയ്ക്കാനാണ് പദ്ധതിയിട്ടുള്ളത്. വിനോദ ഉപാധികള്‍, വൈ ഫൈ സംവിധാനം തുടങ്ങിയവ കാമ്പസില്‍ ലഭ്യമാകും. റെയിന്‍വാട്ടര്‍ ഹാര്‍വസ്റ്റിംഗ്, സോളാര്‍ റൂഫ് പാനലുകള്‍, കൃത്യമായ മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനം, 100 ശതമാനം പവര്‍ ബാക്ക് അപ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി പരമാവധി ഐ ടി കമ്പനികളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം.

അസോചാം, ഇന്‍ഡിക്കസ് അനാലിറ്റിക്‌സ് തുടങ്ങിയ സ്ഥാപനങ്ങള്‍ കോഴിക്കോടിനെ വരുമാനം, നിക്ഷേപ സൗഹൃദം, താമസ യോഗ്യം തുടങ്ങിയ കാര്യങ്ങളില്‍ ഇന്ത്യയില്‍ ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്ന നഗരങ്ങളില്‍ ഒന്നായി കണക്കാക്കിയുണ്ട്. മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐ ഐ എം, എന്‍ ഐ ടി , ഐ എ എസ് ആര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി തുടങ്ങിയവ ഐ ടി മേഖലയുടെ വളര്‍ച്ചയ്ക്ക് നിര്‍ണ്ണായക സാന്നിധ്യമാണ്. ഗള്‍ഫ്, അമേരിക്ക, യുറോപ്യന്‍ രാജ്യങ്ങളില്‍ വ്യവസായ ബന്ധങ്ങള്‍ ഉള്ള ചെറുകിട കമ്പനികള്‍ ഇപ്പോള്‍ തന്നെ കോഴിക്കോട് പ്രവര്‍ത്തിച്ചു വരുന്നുണ്ട്. 40 കമ്പനികളുടെ കൂട്ടായ്മയായ കാലിക്കറ്റ് ഫോറം ഫോര്‍ ഐ ടി മലബാര്‍ മേഖലയില്‍ ഇപ്പോള്‍ തന്നെ സജീവമാണ്.

മറ്റ് വ്യവസായ വാണിജ്യ കേന്ദ്രങ്ങളായ ബാംഗ്ലൂര്‍, ചെന്നൈ, കൊച്ചി, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളുമായുള്ള റോഡ്, റെയില്‍, എയര്‍ കണക്ടിവിറ്റി കോഴിക്കോടിന് ഐ ടി മേഖലയില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ അനുകൂലമായ സാഹചര്യമൊരുക്കും. ഗള്‍ഫ് നാടുകളിലേക്കും അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കും ദിവസേന അമ്പതിലധികം വിമാന സര്‍വ്വീസുകള്‍ കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്നുമുണ്ട്. കൂടാതെ കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ നിര്‍മ്മാണം കൂടി പൂര്‍ത്തിയാകുമ്പോഴേയ്ക്കും മലബാര്‍ മികച്ച ഐ ടി കേന്ദ്രങ്ങളിലൊന്നായി മാറുന്നമെന്നാണ് വിലയിരുത്തപ്പെടുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kozhikode, Building, Inauguration, Pinarayi-Vijayan, Minister, Top-Headlines.