Join Whatsapp Group. Join now!
Aster MIMS 10/10/2023

മതന്യൂനപക്ഷങ്ങള്‍ മാത്രമല്ല എല്ലാ മതവിഭാഗങ്ങളില്‍പ്പെട്ടവരും മാംസം കഴിക്കുന്നുണ്ട്, റമദാന്‍ വ്രതം ആരംഭിക്കുന്നതിന്റെ തലേന്ന് നിയന്ത്രണം കൊണ്ടുവന്നത് ചില സമുദായങ്ങളോടുളള ആക്രമണമായേ കാണാന്‍ കഴിയൂ; കന്നുകാലി നിയന്ത്രണങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

കന്നുകാലികളെ വില്‍ക്കുന്നതിനും കശാപ്പുചെയ്യുന്നതിനും ഏര്‍പെടുത്തിയ നിയന്ത്രണങ്ങള്‍ രാജ്യത്തെ ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതവും ജീവിതമാര്‍ഗവും തകരാറിലാക്കുന്നതാണെന്നും Pinarayi-Vijayan, News, Top-Headlines, Kerala, Narendra Modi, Cattle slaughtering ban: CM Wrote letter to PM.
തിരുവനന്തപുരം: (www.kasargodvartha.com 27/05/2017) കന്നുകാലികളെ വില്‍ക്കുന്നതിനും കശാപ്പുചെയ്യുന്നതിനും ഏര്‍പെടുത്തിയ നിയന്ത്രണങ്ങള്‍ രാജ്യത്തെ ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതവും ജീവിതമാര്‍ഗവും തകരാറിലാക്കുന്നതാണെന്നും അതിനാല്‍ തീരുമാനം റദ്ദാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു. കേന്ദ്രം ഇറക്കിയ വിജ്ഞാപന പ്രകാരം, കന്നുകാലികളെ കാര്‍ഷികാവശ്യത്തിന് ഉപയോഗിക്കാനാണെന്ന് രേഖാമൂലം തെളിവ് നല്‍കിയാലേ ചന്തയില്‍ കാലികളെ വില്‍ക്കാനും വാങ്ങാനും കഴിയൂ. ഇത് കാര്‍ഷികാവശ്യത്തിനും വീട്ടാവശ്യത്തിനും കന്നുകാലികളെ ഉപയോഗിക്കുന്ന ജനങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ്.


കര്‍ഷകരില്‍ തീരെ ചെറിയ ശതമാനത്തിന് മാത്രമേ ഇത്തരം രേഖകള്‍ ഹാജരാക്കാന്‍ പറ്റുകയുള്ളൂ. ജില്ലാതലത്തില്‍ മൃഗവിപണന കമ്മിറ്റികളും മേല്‍നോട്ട കമ്മിറ്റികളും രൂപീകരിക്കാന്‍ പുതിയ വിജ്ഞാപനം വ്യവസ്ഥ ചെയ്യുന്നുണ്ട്. കാലിവ്യാപാരികള്‍ക്കും കാലികളെ കൊണ്ടുപോകുന്നവര്‍ക്കുമെതിരെ ആക്രമണം നടത്തികൊണ്ടിരുന്ന ഗോരക്ഷാ സമിതികള്‍ ഈ കമ്മിറ്റികളുടെ അധികാരം കൈയാളുമെന്ന ഉത്കണ്ഠ ജനങ്ങള്‍ക്കുണ്ട്. രാജ്യത്തെ ദളിതര്‍ ഉള്‍പെടെയുളള ദശലക്ഷക്കണക്കിന് പാവങ്ങള്‍ക്ക് മാംസത്തില്‍നിന്നാണ് മുഖ്യമായും പ്രോട്ടീന്‍ ലഭിക്കുന്നത്. റമദാന്‍ വ്രതം ആരംഭിക്കുന്നതിന്റെ തലേന്ന് ഇത്തരം ഒരു നിയന്ത്രണം കൊണ്ടുവന്നത് ചില സമുദായങ്ങളോടുള്ള ആക്രമണമായേ കാണാന്‍ കഴിയൂ. മതന്യൂനപക്ഷങ്ങള്‍ മാത്രമല്ല എല്ലാ മതവിഭാഗങ്ങളില്‍പ്പെട്ടവരും മാംസം കഴിക്കുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. പുതിയ തീരുമാനം ഇന്ത്യയിലെ തുകല്‍ വ്യവസായത്തിന് അസംസ്‌കൃത സാധനം കിട്ടാതാക്കും. ഇന്ത്യയിലെ തുകല്‍ വ്യവസായത്തില്‍ 25 ലക്ഷം പേര്‍ തൊഴിലെടുക്കുന്നുണ്ട്. അവരില്‍ ഭൂരിഭാഗവും ദളിതരാണ്. അതുകൊണ്ടുതന്നെ ഈ തീരുമാനം രാജ്യത്തെ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ ജീവിതത്തെയും ജീവിതോപാധിയേയും ഗുരുതരമായി ബാധിക്കും.

മാംസ കയറ്റുമതിയില്‍ ആഗോള വിപണിയില്‍ ഇന്ത്യക്ക് പ്രമുഖമായ സ്ഥാനമുണ്ട്. നിരോധനം മാംസ കയറ്റുമതിയെയും അതുവഴി ഇന്ത്യക്ക് ലഭിക്കുന്ന വിദേശ നാണ്യത്തെയും ബാധിക്കും. കേരളാ മീറ്റ് പ്രൊഡക്റ്റ്‌സ് ഓഫ് ഇന്ത്യാ ഉള്‍പെടെ ഈ രംഗത്തുള്ള പൊതുമേഖലാ മാംസ സംസ്‌കരണ വ്യവസായങ്ങളെയും ഇത് തകര്‍ക്കും. കേരളത്തില്‍ വലിയ വിഭാഗം ജനങ്ങള്‍ മാംസാഹാരം കഴിക്കുന്നവരാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും സ്ഥിതി ഇതുതന്നെയാണ്. അസം, ബിഹാര്‍, ഛത്തീസ്ഗഡ്, ഗോവ, ജമ്മു - കശ്മീര്‍, ജാര്‍ഘണ്ഡ്, മഹാരാഷ്ട്ര, ഒഡീഷ, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും മാംസാഹാരം കഴിക്കുന്നവരാണ് കൂടുതല്‍. അതിനാല്‍ സംസ്ഥാനങ്ങളോട് ആലോചിച്ചുമാത്രമേ ഇത്തരത്തിലുളള തീരുമാനം എടുക്കാന്‍ പാടുള്ളൂ.

സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുക്കാതെയുള്ള ഇത്തരം ദൂരവ്യാപകഫലമുണ്ടാക്കുന്ന നടപടികള്‍ ജനാധിപത്യത്തിന് വലിയ ദോഷമുണ്ടാക്കും. ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാനങ്ങളുടെ അധികാരത്തിമേലുളള കടന്നാക്രമണമാണിത്. രാജ്യത്തിന്റെ ബഹുസ്വരതയ്ക്ക് എതിരായ വെല്ലുവിളിയാണിത്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായ മതനിരപേക്ഷതയ്ക്കും ഫെഡറലിസത്തിനും എതിരായ നടപടി കൂടിയാണിത്. അതുകൊണ്ടുതന്നെ ഈ നടപടി റദ്ദാക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Pinarayi-Vijayan, News, Top-Headlines, Kerala, Narendra Modi, Cattle slaughtering ban: CM Wrote letter to PM.