Join Whatsapp Group. Join now!
Aster MIMS 10/10/2023

പ്രമുഖ മനശാസ്ത്രജ്ഞന്‍ ആദിയുടെ പേരിലുള്ള മെഗാ ഷോ വിവാദം മുറുകി; നഗരസഭയെ വെട്ടിച്ചത് 17 ലക്ഷം രൂപ

Kerala, kasaragod, news, Fraud, Programme, Kanhangad, Kanhangad-Municipality, Show, Mentalist Aadhi, Magic, Mega Show, Akash auditorium, Ticket sale, Cheating, Organizers, കാഞ്ഞങ്ങാട് ജേസിസിന്റെ പേരില്‍ റെഡ് ഫ്‌ളവേഴ്‌സും ബ്രാന്‍ഡ് ഇവന്റ്‌സും സംഘടിപ്പിച്ച മെന്റലിസ്റ്റ് ആദി മെഗാ ഷോയെ
കാഞ്ഞങ്ങാട്: (www.kasargodvartha.com 12.04.2017) കാഞ്ഞങ്ങാട് ജേസിസിന്റെ പേരില്‍ റെഡ് ഫ്‌ളവേഴ്‌സും ബ്രാന്‍ഡ് ഇവന്റ്‌സും സംഘടിപ്പിച്ച മെന്റലിസ്റ്റ് ആദി മെഗാ ഷോയെ ചൊല്ലിയുള്ള വിവാദം മുറുകി. പതിനേഴര ലക്ഷത്തോളം രൂപയുടെ വെട്ടിപ്പാണ് ഇവര്‍ നടത്തിയതെന്നാണ് ഏറ്റവും ഒടുവിലത്തെ കണക്ക്. ഇങ്ങനെ കബളിപ്പിക്കപ്പെട്ടതിന്റെ അമ്പരപ്പിലാണ് കാഞ്ഞങ്ങാട് നഗരസഭ.

ചാരിറ്റി പ്രവര്‍ത്തനം എന്ന പേരിലാണ് ചിലര്‍ ജേസിസിനെ മറയാക്കി കാഞ്ഞങ്ങാട് ആകാശ് കണ്‍വെന്‍ഷന്‍ സെന്ററില്‍ മെഗാഷോ സംഘടിപ്പിച്ചത്. അമ്പത് ലക്ഷം രൂപയുടെ ടിക്കറ്റ് വില്‍പന നടത്തിയെന്ന് സംഘാടകര്‍ തന്നെ പറയുന്നുണ്ടെങ്കിലും ഇതില്‍ എത്രയോ കൂടുതല്‍ തുകയാണ് സംഘാടകര്‍ പിരിച്ചെടുത്തത്. പൊതുമരാമത്ത് കോണ്‍ട്രാക്ടര്‍മാര്‍, വന്‍കിട റിസോര്‍ട്ടുകാര്‍, അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍, മര മില്ലുടമകള്‍ എന്നിങ്ങനെയുള്ള നിരവധി പേരില്‍ നിന്നും കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നായി പണം പിരിക്കുകയായിരുന്നു.ചാരിറ്റി പ്രവര്‍ത്തനം എന്ന പേരില്‍ പരിപാടികള്‍ സംഘടിപ്പിച്ചാല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും നികുതി ഒഴിവാക്കപ്പെടും. പിരിച്ചെടുക്കുന്ന പണത്തിന്റെ മുപ്പത്തിയഞ്ച് ശതമാനമാണ് മറ്റു പരിപാടികള്‍ക്ക് വിനോദ നികുതിയായി നല്‍കേണ്ടത്. എന്നാല്‍ നഗരസഭയുടെയോ നികുതി ഇളവിനുള്ള നഗരവികസന വകുപ്പിന്റെ ഉത്തരവോ ഇല്ലാതെയാണ് കാഞ്ഞങ്ങാട്ട് മെഗാഷോ നടന്നത്. അമ്പത് ലക്ഷം രൂപ പിരിച്ചെടുത്തതായി സംഘാടകര്‍ തന്നെ പറയുമ്പോഴാണ് പതിനേഴര ലക്ഷത്തോളം രൂപ നഗരസഭയ്ക്ക് നികുതിയായി അടക്കേണ്ടത്.

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ ഒരു മാസം മുമ്പ് തന്നെ നഗരസഭയില്‍ അപേക്ഷയോടൊപ്പം ഏതൊക്കെ ചാരിറ്റി പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത് എന്ന് വ്യക്തമാക്കുകയും വേണം. പിന്നീട് കൗണ്‍സില്‍ യോഗത്തില്‍ അജണ്ടയായി വെച്ച് ഇതിന് അംഗീകാരം നല്‍കി സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. എന്നാല്‍ ഈ നടപടി ക്രമങ്ങള്‍ ഒന്നും തന്നെ കാഞ്ഞങ്ങാട്ടെ മെഗാഷോയില്‍ ഉണ്ടായിട്ടില്ല.

നഗരസഭയില്‍ നികുതി ഇളവിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും രണ്ടു ദിവസത്തിനകം ഇത് ലഭ്യമാകുമെന്നുമാണ് സംഘാടകര്‍ പറയുന്നത്. എന്നാല്‍ പരിപാടി നടന്നതിനു ശേഷം ഒരു കാരണവശാലും നികുതി ഇളവ് നല്‍കാന്‍ നിയമം അനുശാസിക്കുന്നില്ല. മാത്രവുമല്ല മുന്‍കൂര്‍ അനുമതി ലഭിച്ചിട്ടുണ്ടെങ്കില്‍ തന്നെ വിതരണം ചെയ്യുന്ന പാസിനും ടിക്കറ്റിനും നഗരസഭയുടെ സീലും പതിക്കണം. പരിപാടി വിവാദമാകുമെന്ന് തിരിച്ചറിഞ്ഞ നഗരസഭാ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

ഇന്ത്യയില്‍ തന്നെ ശ്രദ്ധേയരായ മെന്റലിസ്റ്റ് ആദിയും വയലിനിസ്റ്റ് ബാലഭാസ്‌കറും, മാന്ത്രികന്‍ രാജമൂര്‍ത്തിയും ആകാശ് ഓഡിറ്റോറിയത്തില്‍ അവതരിപ്പിച്ച വിസ്മയപരിപാടി മറയാക്കിയാണ് സംഘാടകര്‍ തട്ടിപ്പുനടത്തിയത്. ഇക്കാര്യങ്ങള്‍ ബുധനാഴ്ച നടക്കുന്ന നഗരസഭായോഗം ചര്‍ച്ച ചെയ്യും.

Related News: ഇവന്റ് മാനേജ്‌മെന്റിന്റെ മെഗാഷോയുടെ മറവില്‍ സംഘാടകര്‍ നികുതിയിനത്തില്‍ വെട്ടിച്ചത് 6 ലക്ഷം രൂപ; നഗരസഭാ ചെയര്‍മാന്‍ അടക്കമുള്ളവര്‍ പരിപാടിയില്‍ നിന്ന് വിട്ടുനിന്നു

ഒടുവില്‍ തീക്കട്ടയിലും ഉറുമ്പരിച്ചു! മനസിന്റെ നിഗൂഡ തലങ്ങളില്‍ സഞ്ചരിക്കുന്ന ആദിയെ വെട്ടിലാക്കി മെഗാഷോ സംഘാടകര്‍; എല്ലാം കണ്ടുപിടിക്കുന്ന മെന്റലിസ്റ്റിന് തട്ടിപ്പ് കണ്ടുപിടിക്കാനായില്ല

Keywords: Kerala, kasaragod, news, Fraud, Programme, Kanhangad, Kanhangad-Municipality, Show, Mentalist Aadhi, Magic, Mega Show, Akash auditorium, Ticket sale, Cheating, Organizers, Trap, Mega show in controversy.