Join Whatsapp Group. Join now!
Aster MIMS 10/10/2023

കരാര്‍ ലംഘനം നടത്തിയ സ്‌പോണ്‍സര്‍ക്കെതിരായ നിയമയുദ്ധം വിജയിച്ച് കാസര്‍കോട്ടെ സന്തോഷ്, സന്തോഷത്തോടെ നാട്ടിലേയ്ക്ക് മടങ്ങി

കരാര്‍ലംഘനം നടത്തിയ സ്‌പോണ്‍സര്‍ക്കെതിരെ ലേബര്‍ കോടതിയില്‍ കേസ് കൊടുത്ത്, നവയുഗത്തിന്റെ സഹായത്തോടെ നിയമയുദ്ധം നടത്തി വിജയിച്ച മലയാളി ഡ്രൈവര്‍ Dammam, Gulf, Court, Kasaragod, Badiyadukka, Santhosh
ദമ്മാം: (www.kasargodvartha.com 27.04.2017) കരാര്‍ലംഘനം നടത്തിയ സ്‌പോണ്‍സര്‍ക്കെതിരെ ലേബര്‍ കോടതിയില്‍ കേസ് കൊടുത്ത്, നവയുഗത്തിന്റെ സഹായത്തോടെ നിയമയുദ്ധം നടത്തി വിജയിച്ച മലയാളി ഡ്രൈവര്‍ നാട്ടിലേയ്ക്ക് മടങ്ങി. കാസര്‍കോട് ബദിയടുക്ക സ്വദേശിയായ സന്തോഷ് നെക്രാജെ 2014 നവംബര്‍ മാസത്തിലാണ്, ദമ്മാം സഫയിലുള്ള ഒരു സൗദി പൗരന്റെ വീട്ടില്‍ ഹൗസ് ഡ്രൈവര്‍ ജോലിക്ക് എത്തിയത്. നാട്ടിലെ ഏജന്റിന് എണ്‍പതിനായിരം രൂപ നല്‍കിയാണ് വിസ കിട്ടിയത്. പറഞ്ഞ ശമ്പളം കിട്ടിയില്ല എന്ന് മാത്രമല്ല, വിസയ്ക്ക് തനിക്ക് ചിലവായ കാശ് എന്ന പേരില്‍ മാസം 200 റിയാലും കുറച്ചാണ് സ്‌പോണ്‍സര്‍ ശമ്പളം നല്‍കിയത്.

പ്രതീക്ഷകള്‍ക്ക് വിപരീതമായി വളരെ ദുരിതമയമായ ജോലി സാഹചര്യങ്ങളാണ് സന്തോഷിന് നേരിടേണ്ടി വന്നത്. ഡ്രൈവിങ് ജോലികള്‍ക്ക് പുറമേ, ആ വീട്ടിലെ പുറംപണികളും, സ്‌പോണ്‍സറുടെ ഓഫീസിലെ പ്യൂണ്‍ പണികളും സന്തോഷിന് ചെയ്യേണ്ടി വന്നു. ദിവസവും ദമ്മാം, ജുബൈല്‍, ഖത്തീഫ് എന്നിങ്ങനെ പരസ്പരം നല്ല ദൂരമുള്ള സ്ഥലങ്ങളില്‍ അങ്ങോട്ടും ഇങ്ങോട്ടും ഡ്രൈവ് ചെയ്യേണ്ടി വന്നതിനാല്‍, പാതിരാത്രിയായാലും ജോലി തീരാതെ, മതിയായ വിശ്രമമോ, സമയത്തു ഭക്ഷണമോ കഴിക്കാനാകാതെ, സന്തോഷിന്റെ ആരോഗ്യം ക്ഷയിക്കാന്‍ തുടങ്ങി. ശമ്പളം വല്ലപ്പോഴുമേ കിട്ടിയിരുന്നുള്ളൂ. അതിനു പുറമേ, സ്‌പോണ്‍സറുടെയും വീട്ടുകാരുടെയും ശകാരവും, ശമ്പളം കൃത്യമായി കിട്ടാത്തതും, മാനസിക പീഡനങ്ങളും അയാളുടെ അവസ്ഥ പരിതാപകരമാക്കി.

ആ സമയത്താണ് സഫ ഭാഗത്തെ ചില നവയുഗം പ്രവര്‍ത്തകരെ സന്തോഷ് പരിചയപ്പെടുന്നതും, നവയുഗം സഫ യൂണിറ്റില്‍ അംഗമാകുന്നതും. ആ യൂണിറ്റ് വഴി നവയുഗം ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ഷാജി മതിലകത്തെ പരിചയപ്പെട്ട സന്തോഷ്, തന്റെ അവസ്ഥ വിവരിച്ചു പറഞ്ഞു, നിയമസഹായം അഭ്യര്‍ത്ഥിച്ചു. തനിക്ക് നാലുമാസത്തെ ശമ്പളം കിട്ടാനുണ്ടെന്നും, രണ്ടു വര്‍ഷം പൂര്‍ത്തിയായിട്ടും സ്‌പോണ്‍സര്‍ വെക്കേഷനോ, എക്‌സിറ്റോ പോകാന്‍ അനുവദിക്കുന്നില്ല എന്നുമൊക്കെയുള്ള സന്തോഷിന്റെ പരാതികള്‍ കേട്ടിട്ട്, ഷാജി മതിലകം സന്തോഷിന്റെ സ്‌പോണ്‍സറെ നേരിട്ട് ഫോണില്‍ വിളിച്ചു സംസാരിച്ചു പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചു. എന്നാല്‍ യാതൊരു അനുഭാവപൂര്‍വമായ സമീപനവും സ്‌പോണ്‍സറുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല. തുടര്‍ന്ന് ഷാജി മതിലകത്തിന്റെ സഹായത്തോടെ സന്തോഷ് സ്‌പോണ്‍സര്‍ക്കെതിരെ ലേബര്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.

രണ്ടാമത്തെ സിറ്റിങ്ങില്‍ സ്‌പോണ്‍സര്‍ കോടതിയില്‍ ഹാജരായി. കോടതിയില്‍ തെളിവുകള്‍ നിരത്തി ഷാജി മതിലകം നടത്തിയ വാദഗതികള്‍ക്ക് മുന്നില്‍ സ്‌പോണ്‍സര്‍ക്ക് പിടിച്ചു നില്‍ക്കാനായില്ല. സത്യം ബോധ്യമായ കോടതി, സന്തോഷിന് ഫൈനല്‍ എക്‌സിറ്റും, കുടിശ്ശിക ശമ്പളവും നല്‍കാന്‍ സ്‌പോണ്‍സറോട് ഉത്തരവിട്ടു. വിമാനടിക്കറ്റ് സ്വയം എടുത്ത സന്തോഷ്, നിയമനടപടികള്‍ പൂര്‍ത്തിയാക്കി, നവയുഗത്തിന് നന്ദി പറഞ്ഞ് നാട്ടിലേയ്ക്ക് മടങ്ങി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: Dammam, Gulf, Court, Kasaragod, Badiyadukka, Santhosh.