കാഞ്ഞങ്ങാട്: (www.kasargodvartha.om 10/04/2017) കൂടുപൊളിച്ച് ഇരച്ചുകയറിയ തെരുവ് നായ്ക്കള്‍ അഞ്ചുകോഴികളെ കടിച്ചുകൊന്നു. പുല്ലൂര്‍പെരിയ പഞ്ചായത്തിലെ ഏച്ചിത്തടത്തിനടുത്ത വീട്ടിലെ കോഴികളാണ് നായ്ക്കളുടെ ആക്രമണത്തില്‍ ചത്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
കുടുംബാംഗങ്ങള്‍ വീടുപൂട്ടി കാഞ്ഞങ്ങാടിനടുത്ത ഒരു ക്ഷേത്രത്തില്‍ ഉല്‍സവത്തിനുപോയതായിരുന്നു. ഞായറാഴ്ച തിരിച്ചെത്തിയപ്പോള്‍ കണ്ടത് വീടിന് സമീപത്തെ കോഴിക്കൂട് തകര്‍ന്നുകിടക്കുന്നതാണ്. അഞ്ച് കോഴികളുടെയും തൂവലുകളും മറ്റ് അവശിഷ്ടങ്ങളും മാത്രമാണ് കൂട്ടിനകത്തുണ്ടായിരുന്നത്.
ഈ വീടിന് സമീപത്തേക്ക് രാത്രി ഏതാനും നായ്ക്കള്‍ പോകുന്നത് വൈദ്യുതി വെളിച്ചത്തില്‍ അയല്‍വാസികളായ ചിലരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതൊരു സ്ഥിരം കാഴ്ചയായതിനാല്‍ നായ്ക്കളുടെ നീക്കത്തെ സംശയദൃഷ്ടിയോടെ ആരും വീക്ഷിച്ചിരുന്നില്ല. കുറച്ചുകഴിഞ്ഞപ്പോള്‍ കോഴികളുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടതോടെ അയല്‍പക്കത്തെ വളര്‍ത്തുനായ ശക്തമായി കുരക്കുകയും കോഴികളെയും കൊണ്ട് നായ്ക്കള്‍ ഓടിമറയുകയുമായിരുന്നു.
നായ്ക്കള്‍ ഓടുന്ന ശബ്ദം കേട്ട് പരിസരവാസികള്‍ എത്തിയെങ്കിലും അപ്പോഴേക്കും ഇവ കടന്നുകളഞ്ഞിരുന്നു. ചാലിങ്കാല്‍, കമ്മാടത്തുപാറ ഭാഗങ്ങളില്‍ അലഞ്ഞുതിരിയുകയും കടിപിടികൂടുകയും വഴിയാത്രക്കാര്‍ക്കുനേരെ പരാക്രമം നടത്തുകയും ചെയ്യുന്ന അസാമാന്യവലിപ്പമുള്ള ഹിംസ്രസ്വഭാവമുള്ള നായ്ക്കളാണ് കോഴികളെ കടിച്ചുകൊന്നതെന്ന് സംശയിക്കുന്നു.
കോഴികളെ കൊന്നതിനുശേഷവും ഏതാനും നായ്ക്കള്‍ ഇതേ വീടിന്റെ പരിസരത്ത് ചുറ്റിക്കറങ്ങുകയും ആളുകളെ കാണുമ്പോള്‍ ഓടിമാറുകയും വീണ്ടും തിരിച്ചുവരികയും ചെയ്യുന്നുണ്ട്. ആരോഗ്യമുള്ള കോഴികളുടെ പച്ച ഇറച്ചി രുചിച്ചറിഞ്ഞ നായ്ക്കള്‍ വീണ്ടും കോഴിപിടുത്തത്തിന് ഇറങ്ങുമോയെന്ന ആശങ്കയിലാണ് സമീപവാസികള്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, Panchayath, Temple, House, Neighbours, Stray Dog, Hen, Family, Dogs kills 5 hens.