Join Whatsapp Group. Join now!
Aster MIMS 10/10/2023

മൂന്നാറില്‍ നടക്കുന്നത് തെമ്മാടിത്തമെന്ന് കെ കെ ജയചന്ദ്രന്‍, വിശ്വാസത്തെ ഹനിക്കുന്ന നടപടിയെന്ന് എസ് രാജേന്ദ്രന്‍

മൂന്നാറിലെ സര്‍ക്കാര്‍ ഭൂമി കയ്യേറ്റം ഒഴിപ്പിക്കുന്ന റവന്യൂ വകുപ്പിന്റെ നടപടിക്കെതിരേ സി പി എം ഇടുക്കി ജില്ലാ നേതൃത്വം രംഗത്ത്. സൂര്യനെല്ലി പാപ്പാത്തിചോലയില്‍ ഭൂമി കയ്യേറി സ്ഥാപിച്ച Kerala, Top-Headlines, News, CPM, Munnar Operation, Leaders
മൂന്നാര്‍: (www.kasargodvartha.com 20.04.2017) മൂന്നാറിലെ സര്‍ക്കാര്‍ ഭൂമി കയ്യേറ്റം ഒഴിപ്പിക്കുന്ന റവന്യൂ വകുപ്പിന്റെ നടപടിക്കെതിരേ സി പി എം ഇടുക്കി ജില്ലാ നേതൃത്വം രംഗത്ത്. സൂര്യനെല്ലി പാപ്പാത്തിചോലയില്‍ ഭൂമി കയ്യേറി സ്ഥാപിച്ച കുരിശ് നീക്കം ചെയ്ത സംഭവത്തെ രൂക്ഷമായാണ് സി പി എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ വിമര്‍ശിച്ചത്. ദുഖവെള്ളിയാഴ്ച വിശ്വാസികള്‍ പോയി പ്രാര്‍ത്ഥിക്കുന്ന പാപ്പാത്തിചോലയില്‍ യാതൊരു വിധ കയ്യേറ്റവും ഉണ്ടായിരുന്നില്ല എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. കുരിശ് പൊളിക്കുന്ന ദൃശ്യം മാധ്യമങ്ങളിലൂടെ കാണിച്ച് സര്‍ക്കാരിന് എതിരെ പൊതുവികാരം സൃഷ്ടിക്കാനുള്ള നീക്കമാണ് നടത്തിയത്. പാപ്പാത്തിച്ചോല മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട സാഹചര്യവും ഉണ്ടായിരുന്നില്ല. വില കുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

100 പോലീസുകാരെ വിളിച്ചുകൊണ്ടുപോയി ഒഴിപ്പിക്കുന്നത് ശരിയല്ല. സബ്കലക്ടറും മാധ്യമങ്ങളും ഭരണം കൈയേറാമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസത്തെ ഹനിച്ചു കൊണ്ടുള്ള ഇത്തരം നടപടികള്‍ സര്‍ക്കാരിന് ചീത്ത പേരുണ്ടാക്കുമെന്ന് എസ് രാജേന്ദ്രന്‍ എം എല്‍ എയും കുറ്റപ്പെടുത്തി. കയ്യടിക്കും ക്യാമറയ്ക്കും വേണ്ടിയുള്ള ഇത്തരം കാട്ടികൂട്ടലുകള്‍ അംഗീകരിക്കില്ല. പോലീസും സബ്കലക്ടറും ജനങ്ങളെ പേടിപ്പിക്കാന്‍ ശ്രമിക്കുകയാണ്. കൈയേറ്റമുണ്ടെങ്കില്‍ അത് ഒഴിപ്പിക്കണം. അല്ലാതെ പകരം കുരിശ് പൊളിക്കാന്‍ തയ്യാറാകുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് മറ്റുള്ളവര്‍ പ്രവേശിക്കുന്നത് വിലക്കിയാല്‍ മതി. നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെതിരെയും കടുത്ത വിമര്‍ശനമാണ് എസ് രാജേന്ദ്രനില്‍ നിന്നുമുണ്ടായത്. കയ്യേറ്റം ഒഴിപ്പിക്കുന്നത് സി പി എം നിലപാടാണ്. അതേസമയം അതെല്ലാം നീതിബോധത്തിന്റെ അടിസ്ഥാനത്തിലാകണം. മൂന്നാറില്‍ യുദ്ധമൊന്നും ഇല്ലല്ലോ 144 പ്രഖ്യാപിക്കാനെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.

കൈയേറിയ സ്ഥലം തിരിച്ചെടുക്കുന്നതില്‍ വലിയ അത്ഭുതമൊന്നും സൃഷ്ടിക്കേണ്ടതില്ല. അതില്‍ ഒരു പുകമറയും സ്വീകരിക്കേണ്ടതില്ല. സിനിമ പോലുള്ള സാഹചര്യമൊരുക്കി ഈ പൊളിക്കല്‍ എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഇത്തരത്തിലുളള സമീപനം സ്വീകരിച്ചതിനോട് യോജിപ്പില്ല. സ്ഥലം ഏറ്റെടുത്ത് പ്രാര്‍ത്ഥനയ്ക്ക് പോകുന്നത് നിരോധിച്ചാല്‍ മതിയായിരുന്നു, പകരം കുരിശ് പൊളിച്ചത് ലോകമെങ്ങുമുള്ള ക്രിസ്ത്യന്‍ മതവിശ്വാസികള്‍ക്ക് വേദനയുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ ഭാഗമായുള്ളവര്‍ ഇതിന് പോകാന്‍ പാടില്ല. വിശ്വാസമാണ് മുന്നിലുള്ളത്. അതിനെ ഇല്ലാതാക്കാന്‍ പാടില്ല. കുരിശ് തകര്‍ത്താലും വിശ്വാസത്തെ തകര്‍ക്കാനാവില്ല. ഉദ്യോഗസ്ഥര്‍ക്ക് തിന്നിട്ട് ദഹിക്കുന്നില്ലെങ്കില്‍ നന്നായി അധ്വാനിക്കുകയാണ് വേണ്ടത്. അല്ലാതെ മറ്റുള്ളവരെ ദ്രോഹിക്കുകയല്ല ചെയ്യേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു.

സര്‍ക്കാരിന്റെ ഇപ്പോഴത്തെ ഒഴിപ്പിക്കല്‍ നടപടികളുടെ ഉദ്ദേശ ശുദ്ധിയില്‍ സംശയം ഉണ്ടെന്ന് ഇടുക്കി ഡി സി സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാര്‍ കുറ്റപ്പെടുത്തി. സി പി എം നേതാക്കള്‍ നടത്തിയ കയ്യേറ്റം പൊളിക്കാതെ ഒരു കുരിശ് പൊളിച്ചത് ഉചിതമല്ല. കുരിശ് നാട്ടിയത് കയ്യേറ്റമാണ് എങ്കില്‍ നിയമ പ്രകാരം ഒഴിപ്പിക്കുക ആണ് വേണ്ടിയിരുന്നതെന്നും ഡി സി സി കുറ്റപ്പെടുത്തി. അതേസമയം സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് കെ പി സി സി അധ്യക്ഷന്‍ എംഎം ഹസന്‍ പറഞ്ഞു. കയ്യേറ്റം ഒഴിപ്പിക്കാന്‍ കോണ്‍ഗ്രസ് എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. കയ്യേറ്റം ഒഴിപ്പിക്കാനുള്ള സര്‍ക്കാരിന്റെ എല്ലാ നീക്കങ്ങള്‍ക്കും സിറോ മലാബാര്‍ സഭയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: Kerala, Top-Headlines, News, CPM, Munnar Operation, Leaders.