കാസര്‍കോട്: (www.kasargodvartha.com 12.04.2017) സി പി എമ്മിന്റെ
ഉരുക്കുകോട്ടയായി അറിയപ്പെടുന്ന കുറ്റിക്കോല്‍ പഞ്ചായത്തില്‍ സി പി ഐയുടെ പടയോട്ടം. രണ്ട് കമ്മിറ്റികള്‍ മാത്രമായി ഇവിടെ ഒതുങ്ങിയിരുന്ന സി പി ഐക്ക് ഇപ്പോഴുള്ളത് പതിനഞ്ച് കമ്മിറ്റികളാണ്. സി പി എം ഏരിയാസെക്രട്ടറിയും കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന പി ഗോപാലന്‍മാസ്റ്ററുടെ നേതൃത്വത്തില്‍ നൂറിലേറെ പേര്‍ മാസങ്ങള്‍ക്കുമുമ്പാണ് സി പി ഐയില്‍ ചേര്‍ന്നത്.സി പി എം ഏരിയാസെക്രട്ടറി സി ബാലന്‍ ഉള്‍പ്പെടെയുള്ള ഔദ്യോഗികപക്ഷത്തിനെതിരെ പി ഗോപാലന്‍മാസ്റ്ററുടെ നേതൃത്വത്തിലുള്ള വിഭാഗം രംഗത്തുവന്നതോടെയാണ് പാര്‍ട്ടിയില്‍ വിഭാഗീയപ്രശ്നങ്ങള്‍ മൂര്‍ഛിച്ചിരുന്നത്. സി ബാലനെ ഏരിയാസെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റാതിരിക്കുകയും വിമതപ്രവര്‍ത്തനം ആരോപിച്ച് കുറ്റിക്കോലിലെ ചില നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തതോടെയാണ് ഗോപാലന്‍മാസ്റ്ററുടെ നേതൃത്വത്തിലുള്ള വിഭാഗം സി പി ഐയില്‍ ചേര്‍ന്നത്.
രണ്ട് ബ്രാഞ്ച് കമ്മിറ്റികള്‍ മാത്രമുണ്ടായിരുന്ന സി പി ഐ ഈ അവസരം മുതലെടുത്ത് കുറ്റിക്കോല്‍ പഞ്ചായത്തില്‍ സ്വാധീനമുറപ്പിച്ചുതുടങ്ങുകയായിരുന്നു. ഇപ്പോള്‍ പാര്‍ട്ടി അനുഭാവി ഗ്രൂപ്പുകളടക്കം പതിനഞ്ച് കമ്മിറ്റികളാണുള്ളത്. ഗോപാലന്‍മാസ്റ്ററും അനുയായികളും സി പി ഐയിലേക്ക് പോകാതിരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും സി പി എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വരെ ഇടപെട്ടിരുന്നു. എന്നാല്‍ വിമതരുടെ ആവശ്യങ്ങളൊന്നും അംഗീകരിക്കാന്‍ പിണറായിയും കോടിയേരിയും തയ്യാറായിരുന്നില്ല. ഗോപാലന്‍മാസ്റ്ററുടെ നേതൃത്വത്തിലുള്ള വിഭാഗം സി പി ഐയില്‍ ചേര്‍ന്നപ്പോള്‍ അതിനെ നിസാരവല്‍ക്കരിക്കുന്ന പ്രതികരണമാണ് കോടിയേരിയുടെ ഭാഗത്തുനിന്നുണ്ടായത്.
കുറ്റിക്കോല്‍ പഞ്ചായത്തില്‍ സി പി എമ്മിന് ഇതുകൊണ്ട് ഒരു പോറല്‍ പോലും സംഭവിക്കില്ലെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. എന്നാല്‍ സി പി ഐ കുറ്റിക്കോലില്‍ വളര്‍ന്നുപന്തലിക്കുന്ന കാഴ്ച കണ്ട് ഇപ്പോള്‍ അമ്പരക്കുകയാണ് സി പി എം നേതൃത്വം. സി പി എമ്മില്‍ വിഭാഗീയപ്രശ്നങ്ങള്‍ കൊടുമ്പിരിക്കൊണ്ടപ്പോള്‍ ഗോപാലന്‍മാസ്റ്റര്‍ക്കൊപ്പം നിലയുറപ്പിച്ചിരുന്ന നേതാക്കളിലും പ്രവര്‍ത്തകരിലും ഒരു വിഭാഗം മാത്രമാണ് ഗോപാലന്‍മാസ്റ്റര്‍ക്കൊപ്പം സി പി ഐയിലേക്ക് പോയത്.
ഗോപാലന്‍ മാസ്റ്ററുടെ പഴയ അനുയായികള്‍ സി പി എമ്മില്‍ ഉണ്ടെങ്കിലും സി പി ഐ കരുത്താര്‍ജിച്ചാല്‍ ഇവരും സി പി ഐയിലേക്ക് പോകുമെന്ന ആശങ്ക സി പി എം നേതൃത്വത്തിനുണ്ട്. സി പി ഐയുടെ വളര്‍ച്ചക്ക് തടയിടാന്‍ കുറ്റിക്കോലില്‍ സി പി എം സ്വീകരിക്കുന്ന അടവുനയങ്ങള്‍ ഫലിക്കുന്നുമില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kuttikol, CPI, CPM, Committee, Pinarayi-Vijayan, Kodiyeri Balakrishnan, CPI committees increase to 15.