Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട് ജില്ലയെ ഹര്‍ത്താല്‍ വിമുക്തമാക്കണം; ജില്ലാകലക്ടര്‍ക്ക് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെ തുറന്ന കത്ത്

കാസര്‍കോട് ജില്ലയെ ഹര്‍ത്താല്‍ വിമുക്തമാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാകലക്ടര്‍ക്ക് സ്വകാര്യബസുടമകളുടെ തുറന്നകത്ത്. പ്രൈവ Kasaragod, District, Kerala, News, Harthal, District Collector, Bus operators, Letter, Bus Operators Federation against Harthal.
കാസര്‍കോട്: (www.kasargodvartha.com 18.04.2017) കാസര്‍കോട് ജില്ലയെ ഹര്‍ത്താല്‍ വിമുക്തമാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാകലക്ടര്‍ക്ക് സ്വകാര്യബസുടമകളുടെ തുറന്ന കത്ത്. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷനാണ് ഇത്തരമൊരാവശ്യമുന്നയിച്ച് കത്ത് തയ്യാറാക്കിയത്. കത്തിന്റെ പൂര്‍ണരൂപം ഇപ്രകാരമാണ്

ബഹുമാനപ്പെട്ട ജില്ലാകലക്ടര്‍ക്ക്, ഈ അടുത്ത കാലത്തായി കാസര്‍കോട് ജില്ലയില്‍ ഇടക്കിടെ ഹര്‍ത്താലുകള്‍ ഉണ്ടാകുന്നത് പതിവായിരിക്കുകയാണ്. അടിക്കടിയുണ്ടാകുന്ന ഹര്‍ത്താല്‍ മൂലം കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഹര്‍ത്താല്‍ മൂലം സാധാരണ ജനങ്ങളുടെയും കച്ചവടക്കാരുടെയും ബസുടമകളുടെയും മറ്റു തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെയും ജീവിതം ദുരിതപൂര്‍ണ്ണമായിക്കൊണ്ടിരിക്കുകയാണ്. സാധാരണ ജനങ്ങള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്ക് അടുത്തുള്ള ടൗണില്‍ പോകാനോ ആശുപത്രിയില്‍ പോകാനോ സാധിക്കുന്നില്ല.

ജനങ്ങള്‍ നഗരത്തില്‍ എത്താത്തത് കാരണം വ്യാപാരികള്‍ക്ക് കച്ചവടം ഇല്ലാത്ത അവസ്ഥയാണുള്ളത്. തൊട്ടടുത്ത ദിവസങ്ങളില്‍ സംഘര്‍ഷമുണ്ടാകുമോയെന്ന് ഭയന്ന് യാത്രക്കാര്‍ ബസുകളില്‍ കയറാന്‍ മടിക്കുന്നു. ഇതുകാരണം ബസ് സര്‍വ്വീസ് വളരെ നഷ്ടത്തിലാണ്. കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ കൊണ്ടുപോയി ചന്തയില്‍ വില്‍ക്കാന്‍ സാധിക്കുന്നില്ല. ഇങ്ങനെ എല്ലാ മേഖലകളിലും പ്രതിസന്ധിയും സാമ്പത്തികമാന്ദ്യവുമാണ് ഹര്‍ത്താല്‍ മൂലം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ചുരുക്കത്തില്‍ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഹര്‍ത്താല്‍ പ്രഖ്യാപിക്കാമെന്ന അവസ്ഥ സംജാതമായിരിക്കയാണ്.

Kasaragod, District, Kerala, News, Harthal, District Collector, Bus operators, Letter, Bus Operators Federation against Harthal.


ജീവനും സ്വത്തിനും അപായമുണ്ടായേക്കാമെന്ന ഭീതിയില്‍ ജനങ്ങള്‍ ഹര്‍ത്താല്‍ ദിവസങ്ങളില്‍ പുറത്തിറങ്ങാതിരിക്കുകയും ചെയ്യുന്നു. ഇത് ഒരു വിജയമായി ഹര്‍ത്താല്‍ അനുകൂലികള്‍ കൊട്ടിഘോഷിക്കുകയും ചെയ്യുന്നു. ഈ ഒരു സ്ഥിതി വിശേഷമാണ് തൊട്ടതിനും, പിടിച്ചതിനും ഹര്‍ത്താല്‍ പ്രഖ്യാപിക്കുവാന്‍ പ്രേരണയാകുന്നത്.

പ്രതിഷേധങ്ങളാണ് ഹര്‍ത്താലുകളുടെ രൂപത്തില്‍ പുറത്ത് വരുന്നത്. പ്രതിഷേധങ്ങള്‍ വികാരപ്രകടനങ്ങളാണ്. പ്രതിഷേധിക്കുക എന്നത് പൗരന്റെ മൗലികാവകാശമാണ്. എന്നാല്‍ സാധാരണ ജനങ്ങളെയും രോഗികളെയും കച്ചവടമേഖലയേയും നാടിന്റെ ഹൃദയസ്പന്ദനമായ മോട്ടോര്‍ വാഹനസര്‍വ്വീസുകളെയും തടഞ്ഞുകൊണ്ടോ, പൊതുമുതല്‍ നശിപ്പിച്ചുകൊണ്ടോ ആവരുത് പ്രതിഷേധങ്ങള്‍. ജനദ്രോഹ സമരമുറയായ ഹര്‍ത്താല്‍ ഉപേക്ഷിച്ച് ജനദ്രോഹപരമല്ലാത്ത സമരമുറകള്‍ കണ്ടെത്തി ജനാധിപത്യരീതിയില്‍ പ്രതിഷേധിക്കുകയാണ് വേണ്ടത്.

പ്രതിഷേധക്കാര്‍ തങ്ങളുടെ പ്രതിഷേധം കേന്ദ്രസംസ്ഥാന സ്ഥാപനങ്ങളുടെ മുമ്പില്‍ നടത്തി സര്‍ക്കാരുകളെ അറിയിക്കുക. അക്രമവും കൊലപാതകവും നടത്തുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. കുറ്റവാളികള്‍ ആരായാലും രക്ഷപ്പെടാന്‍ അനുവദിക്കരുത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായാല്‍ തന്നെ അക്രമവും ഹര്‍ത്താലുകളും ഒരുപരിധിവരെ കുറയുമെന്നാണ് കരുതുന്നത്.

എവിടെയെങ്കിലും ഒരു അടിപിടിയോ വാക്കുതര്‍ക്കമോ ഉണ്ടായാല്‍ അടുത്ത ദിവസം ഹര്‍ത്താല്‍ ഉണ്ടാകുമോ എന്ന് ജനം ഭയക്കുന്നു. ഇതു മൂലം ജില്ലയുടെ സാമ്പത്തിക ഭദ്രത തന്നെ തകിടം മറഞ്ഞിരിക്കയാണ്. അതുകൊണ്ട് തന്നെ ജില്ലയെ ഹര്‍ത്താല്‍ വിമുക്തജില്ലയാക്കേണ്ടതു എല്ലാ വിഭാഗം ജനങ്ങളുടെയും ആവശ്യമാണ്.

ഇതിനായി ജനങ്ങളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും സമുദായസാമൂഹിക സംഘടനകളുടെയും കൂട്ടായ സഹകരണം അത്യാവശ്യമാണ്. ഇവരുടെയെല്ലാം സഹകരണം തേടുന്നതിന് ജില്ലാഭരണകൂടം ശ്രമിക്കണമെന്നും ആയതിന് എല്ലാ വിഭാഗം ജനങ്ങളെയും സഹകരിപ്പിച്ച് കാസര്‍കോട് ജില്ലയെ ഹര്‍ത്താല്‍ വിമുക്ത ജില്ലയാക്കി മാറ്റണമെന്നും ഫെഡറേഷന്‍ കത്തില്‍ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, District, Kerala, News, Harthal, District Collector, Bus operators, Letter, Bus Operators Federation against Harthal.