Join Whatsapp Group. Join now!
Aster MIMS 10/10/2023

കാടിന്റെ മനസറിഞ്ഞ് പ്രകൃതി പഠനശില്‍പശാല

നീര്‍ത്തുള്ളികള്‍ ശേഖരിച്ച് കണികകളായി ഭൂമിയിലേക്ക് പകര്‍ന്ന് ജലസംരക്ഷണ ദൗത്യത്തിന് തന്നാലാവുന്ന സേവനം നല്‍കുന്ന ഗുഹ Kerala, kasaragod, Press Club, parappa, forest, Environmental workshop conducted in forest
കാസര്‍കോട്:  (www.kasargodvartha.com 02.01.2017) നീര്‍ത്തുള്ളികള്‍ ശേഖരിച്ച് കണികകളായി ഭൂമിയിലേക്ക് പകര്‍ന്ന് ജലസംരക്ഷണ ദൗത്യത്തിന് തന്നാലാവുന്ന സേവനം നല്‍കുന്ന ഗുഹ ചിലന്തികള്‍, പാറകളെ മണ്ണാക്കിമാറ്റാന്‍ നൂറ്റാണ്ടുകളായി യത്‌നം തുടരുന്ന ലൈക്കകള്‍... ദേലമ്പാടി പരപ്പ റിസര്‍വ്വ് വനത്തില്‍ വനംവകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം മാധ്യമപ്രവര്‍ത്തകര്‍ക്കായി ഒരുക്കിയ ശില്പശാല വിസ്മയമുണര്‍ത്തുന്ന പ്രകൃതിയുടെ അപാരവും അനന്തവുമായ സവിശേഷതകളിലൂടെയുള്ള യാത്രയായി.

വിലമതിക്കാനാവാത്ത വിജ്ഞാന പുസ്തകങ്ങളായ വന്‍മരങ്ങള്‍, വൈവിധ്യ സമ്പന്നമായ സസ്യജാലങ്ങള്‍, ഔഷധ വാഹിനിയായ കാട്ടരുവി എന്നിവയെ കണ്ടും തൊട്ടും അറിയാന്‍ അവസരമൊരുക്കിയ ദ്വിദിന ശില്‍പശാല പ്രകൃതിയെക്കുറിച്ചുള്ള അന്വേഷണങ്ങളും കാഴ്ചപ്പാടുകളും പുതുക്കേണ്ടതുണ്ടെന്ന പാഠമാണ് നല്‍കിയത്. മനുഷ്യന്റെ അത്യാസക്തി ഈ വിസ്മയ ലോകത്തിന്റെ വിസ്തൃതി ചുരുക്കിക്കൊണ്ടിരിക്കയാണെന്ന ഓര്‍മ്മപ്പെടുത്തലിനും ഇതൊരു സന്ദര്‍ഭമായി.

Kerala, kasaragod, Press Club, parappa, forest, Environmental workshop conducted in forest

വര്‍ഷാന്ത്യ സായാഹ്നത്തില്‍ ആരംഭിച്ച് പുതുവത്സര ദിനത്തില്‍ സമാപിച്ച ക്യാമ്പ് ദേലമ്പാടി പഞ്ചായത്ത് പ്രസിഡണ്ട് പി മുസ്തഫ ഹാജി ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. പിആര്‍ഡി അസിസ്റ്റന്റ് എഡിറ്റര്‍ എസ് മധുസൂദനന്‍, പ്രസ്‌ക്ലബ്ബ് സെക്രട്ടറി രവീന്ദ്രന്‍ രാവണീശ്വരം എന്നിവര്‍ സംസാരിച്ചു.

കോഴിക്കോട് സോഷ്യല്‍ ഫോറസട്രി എക്സ്റ്റന്‍ഷന്‍ വിഭാഗം ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ പി പ്രഭാകരന്‍ സ്ലൈഡുകളുടെ സഹായത്തോടെ നടത്തിയ ക്ലാസ് പശ്ചിമഘട്ട വനമേഖലയും, കാടിന്റെ മാനേജര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കാട്ടാനകള്‍ ഉള്‍പ്പെടെയുള്ള വന്യജീവികളും മനുഷ്യരില്‍ നിന്ന് നേരിടുന്ന വെല്ലുവിളികളെ ബോധ്യപ്പെടുത്തി. കൃഷിയെ ലാഭത്തിനുള്ള വ്യവസായമാക്കി മാറ്റിയ നാട്ടുവാസികളാണ് മൃഗങ്ങളുടെ ആക്രമണത്തിന് കാരണക്കാരെന്ന് അദ്ദേഹം പറഞ്ഞു. പാരിസ്ഥിതിക മേഖലയിലെ മാധ്യമ ഇടപെടല്‍ ശക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

പ്രകൃതി പ്രതിഭാസങ്ങളുടെ ധാരകളെ നമ്മള്‍ ഉള്‍ക്കൊള്ളേണ്ടതിന്റെ ആവശ്യകതയിലൂന്നി പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ സീക്ക് ഡയറക്ടര്‍ ടി പി പത്മനാഭന്‍ നടത്തിയ പ്രഭാഷണം കാട്ടറിവിന്റെ പുതിയ അധ്യായങ്ങളായി. വായു, വെള്ളം, മണ്ണ്, മഴ എന്നിവയെ ബന്ധപ്പെടുത്തിയാകണം നമ്മുടെ വികസന ചിന്തകളെന്നും പ്രകൃതി പ്രതിഭാസങ്ങളെ മനുഷ്യ നിര്‍മ്മിതമായ സാങ്കേതിക വിദ്യകളിലൂടെ മറികടക്കാന്‍ ശ്രമിക്കുന്നതാണ് ഈ നൂറ്റാണ്ടിന്റെ ഏറ്റവും വലിയ വെല്ലുവിളിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രഭാതത്തിലെ വനയാത്രയും പുതിയ അനുഭവങ്ങളും അറിവും പകരുന്നതായി.

കാസര്‍കോട് പ്രസ്‌ക്ലബ്ബ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സാമൂഹിക വനവത്കരണ വിഭാഗം ഫോറസ്റ്റ് ഓഫീസര്‍ എന്‍ വി സത്യന്‍, പിആര്‍ഡി അസിസ്റ്റന്റ് എഡിറ്റര്‍ എസ് മധുസൂദനന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ഒ സുരേന്ദ്രന്‍, രാധാകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Keywords: Kerala, kasaragod, Press Club, parappa, forest, Environmental workshop conducted in forest