Join Whatsapp Group. Join now!
Aster MIMS 10/10/2023

മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ച സംഭവം: പോലീസിനെ അക്രമിച്ചതിനും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും യുവമോര്‍ച്ച സംസ്ഥാന കമ്മിറ്റി അംഗം ഉള്‍പെടെ 9 പേര്‍ അറസ്റ്റില്‍

കാസര്‍കോട് ജനറല്‍ ആശുപത്രി കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ Kasaragod, Kerala, Pinarayi Vijayan, Yuvamorcha, Case, Arrest,
കാസര്‍കോട്: (www.kasargodvartha.com 20/01/2017) കാസര്‍കോട് ജനറല്‍ ആശുപത്രി കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ചതിനെതുടര്‍ന്ന് തടയാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത കേസില്‍ യുവമോര്‍ച്ച സംസ്ഥാന കമ്മിറ്റി അംഗം ഉള്‍പെടെ ഒമ്പത് പേരെ പോലീസ് അറസ്റ്റുചെയ്തു.

യുവമോര്‍ച്ച സംസ്ഥാന കമ്മിറ്റി അംഗം മംഗല്‍പാടി മജലിലെ വിജയകുമാര്‍ റൈ (36), കീഴൂരിലെ അനില്‍കുമാര്‍ (27), ചാക്കട്ടത്തടിയിലെ ആര്‍ രോഹിത് (22), കൊടല മൊഗറുവിലെ കെ വി മഹേഷ് (26) ഈച്ചിലങ്കോട്ടെ ചന്ദ്രകാന്ത ഷെട്ടി (33), മംഗല്‍പാടി ചേരൂരിലെ സന്ദീപ് കുമാര്‍ ഷെട്ടി (29), മേല്‍പറമ്പിലെ നിദിന്‍കുമാര്‍ (25), പരവനടുക്കം കൈന്താറിലെ കെ രാജേഷ് (24), പള്ളിപ്പുറത്തെ രഞ്ജിത്ത് കുമാര്‍ (26) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റുചെയ്തത്.

എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി നബാഡ് സഹായത്തോടെ നിര്‍മ്മിക്കുന്ന ജനറല്‍ ആശുപത്രി കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നതിനിടെ ഒരുസംഘം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയായിരുന്നു. പോലീസ് തടയാന്‍ ശ്രമിച്ചതോടെ സംഘര്‍ഷമുണ്ടാവുകയും അക്രമത്തില്‍ എസ് ഐ ഉള്‍പെടെയുള്ള പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം.

തലശ്ശേരിയില്‍ ബി ജെ പി പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ പരിപാടികള്‍ ബഹിഷ്‌കരിക്കാന്‍ ബി ജെ പി നേതൃത്വം തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിച്ചത്.

Keywords: Kasaragod, Kerala, Pinarayi Vijayan, Yuvamorcha, Case, Arrest, 9 arrested for attacking Police