Join Whatsapp Group. Join now!
Aster MIMS 10/10/2023

ഫാം ഫ്രഷ് കോഴിയിറച്ചിയുമായി റോയല്‍ സ്വാദ് പൗള്‍ട്രി പ്രൊസ്സസിങ്ങ് യൂണിറ്റ്; ഉദ്ഘാടനം ഡിസംബര്‍ 21ന്

കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ കൂടോള്‍ എന്ന സ്ഥലത്ത് സാദിയ പൗള്‍ട്രി ഫാം ആന്റ് പ്രൊസ്സസ്സിങ്ങ് കമ്പനിയുടെ ആദ്യ Kasaragod, Kerala, Royal Swad Fresh Halal Chicken, Saadiya Poultry Farm & Processing Unit
കാസര്‍കോട്: (www.kasargodvartha.com 19/12/2016) കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ കൂടോള്‍ എന്ന സ്ഥലത്ത് സാദിയ പൗള്‍ട്രി ഫാം ആന്റ് പ്രൊസ്സസ്സിങ്ങ് കമ്പനിയുടെ ആദ്യ സംരംഭമായ പൗള്‍ട്രി പ്രൊസ്സസിങ്ങ് യൂണിറ്റിന്റെ ഉദ്ഘാടനം ഡിസംബര്‍ 21ന് രാവിലെ 11.30ന് മുന്‍ മന്ത്രി ഇ പി ജയരാജന്‍ എം എല്‍ എ നിര്‍വ്വഹിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രതിദിനം 4,000 കോഴികളെ ശാസ്ത്രീയമായി സംസ്‌കരിച്ച് വിപണിയിലെത്തിക്കുന്ന യൂണിറ്റാണ് ആരംഭിക്കുന്നത്.

ഓട്ടോമാറ്റിക്ക് സംസ്‌കരണ സംവിധാനത്തോടൊപ്പം മാലിന്യ സംസ്‌കരണത്തിനുള്ള ആധുനിക സാങ്കേതിക വിദ്യയായ റെന്ററിങ്ങ് പ്ലാന്റ്, മലിനജല സംസ്‌കരണ പ്ലാന്റ് എന്നിവ കൂടിയുണ്ടാകും. എഫ് എസ് എസ് എയുടെ ലൈസന്‍സുള്ള കാസര്‍കോട് ജില്ലയിലെ ആദ്യത്തെ യൂണിറ്റാണ് ഇത്. വിദേശമലയാളികള്‍ ഉള്‍പെടെയുള്ള ഒരു കൂട്ടം സംരംഭകര്‍ ആണ് ഇതിനു മുന്നിട്ടിറങ്ങിയത്. സംസ്ഥാനത്ത് 25,000ലധികം കോഴിക്കടകളുണ്ട്. ഇത്തരം കോഴിക്കടകളില്‍ വളരെ അശാസ്ത്രീയമായാണ് കോഴികളെ കൊന്നു ഇറച്ചിയാക്കുന്നത്.

കോഴിക്കടകളിലെ മാലിന്യങ്ങള്‍ പുഴകളിലും തോടുകളിലും വഴിയോരങ്ങളിലുമാണ് ഉപേക്ഷിക്കുന്നത്. കേരളത്തില്‍ പ്രതിദിനം 1,500 മെട്രിക് ടണ്‍ കോഴി വേസ്റ്റ് ഇത്തരത്തില്‍ നിക്ഷേപിക്കുന്നതായാണ് കണക്ക്. കാസര്‍കോട് ജില്ലയില്‍ മാത്രം പ്രതിദിനം 76 മെട്രിക് ടണ്‍ കോഴി വേസ്റ്റ്  ഉണ്ടാകുന്നുണ്ട്. വഴിയില്‍ തള്ളുന്ന കോഴി വേസ്റ്റ് തിന്നാണ് തെരുവു നായ്ക്കള്‍ പെറ്റു പെരുകുന്നത്. ശുചിത്വമില്ലാത്ത കോഴിക്കടയിലെ ഇറച്ചി പലപ്പോഴും ഭക്ഷ്യവിഷബാധയ്ക്കും കാരണമാകുന്നു. ഈ സാഹചര്യത്തിലാണ് ആധുനിക സംവിധാനത്തോട് കൂടിയ സംസ്‌കരണ പ്ലാന്റ് ആരംഭിക്കുവാന്‍ തീരുമാനിച്ചതെന്ന് മാനേജ്‌മെന്റ് വിശദീകരിച്ചു.

ശുചിത്വവും ഗുണ മേന്മയും ഉറപ്പാക്കി, വെറ്ററിനറി ഡോക്ടരുടെ മേല്‍ നോട്ടത്തില്‍ പരിശേധന നടത്തിയാണ് ഇവിടെ കോഴി ഇറച്ചി ഉണ്ടാക്കുന്നത്. മാംസ പരിശോധനയ്ക്കുള്ള ലാബറട്ടറിയും ഇവിടെ ഏര്‍പെടുത്തിയിട്ടുണ്ട്. റോയല്‍ സ്വാദ് എന്ന ബ്രാന്റിലാണ് ഇവിടുത്തെ ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത്. ഫാം ഫ്രഷ് ചിക്കന്‍, കട്ട് അപ്‌സ്, ഫ്രോസണ്‍ ചിക്കന്‍, ചില്‍ഡ് ചിക്കന്‍, സ്പ്രിങ്ങ് ചിക്കന്‍ എന്നിവ ഉടനടി വിപണിയിലെത്തിക്കും. ആവശ്യമായ കോഴികളെ ഇവിടെത്തന്നെ വളര്‍ത്തിയെടുക്കുന്നതില്‍ അയല്‍കൂട്ടങ്ങള്‍, കുടുംബശ്രീ എന്നിവയുമായി സഹകരിച്ചുള്ള പദ്ധതികള്‍ തയ്യാറാക്കും. ആന്റി ബയോട്ടിങ്ങ് ഉപയോഗിക്കാതെ വളര്‍ത്തിയെടുക്കുന്നതിന് കമ്പനി തന്നെ സാങ്കേതിക സഹായം നല്‍കും. ആന്റി ബയോട്ടിക്കില്ലാത്ത ഹോര്‍മോണില്ലാത്ത ശുചിയായ, ഫാം ഫ്രഷ് കോഴിയിറച്ചിയാണ് കമ്പനി വിപണിയില്‍ ലക്ഷ്യമിടുന്നത്. നിലവില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന കേഴിക്കട നടത്തുന്നവരെ ഫ്രാഞ്ചേസിയാക്കുവാനും അതുവഴി റോയല്‍ സ്വാദ് ചിക്കന്‍ വിപണനം നടത്താനും സൗകര്യമൊരുക്കും.

ഈ സ്ഥാപനം പ്രവര്‍ത്തന സജ്ജമാകുന്നതോടെ 25 പേര്‍ക്ക് നേരിട്ടും നൂറിലധികം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും.
കര്‍ഷകര്‍ക്കുള്ള പരിശീലനം, മീറ്റ് പ്രൊസ്സസിങ്ങില്‍ ഡിപ്ലോമ കോഴ്‌സുകള്‍ എന്നിവ കൂടി താമസിയാതെ ആരംഭിക്കും.
റോയല്‍ സ്വാദ് ബ്രാന്റില്‍ തന്നെ എല്ലാ ജില്ലകളിലും പ്രൊസ്സസിങ്ങ് പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നു. തിരിച്ചുവരുന്ന വിദേശ മലയാളികളുടെ പങ്കാളിത്തം ഉറപ്പിക്കാന്‍ കമ്പനി ശ്രമം നടത്തും. കോഴി വളര്‍ത്തല്‍, തീറ്റ ഉല്‍പാദനം, ഹാച്ചറി എന്നീ മേഖലകളില്‍ ഇവര്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ കഴിയും.

വാര്‍ത്താ സമ്മേളനത്തില്‍ ഡോ പി വി മോഹനന്‍ (കണ്‍സള്‍ടെന്റ്), പി കെ അബ്ദുല്‍ സലാം ഹാജി (മാനേജിംഗ് ഡയറക്ടര്‍), എം സുബൈര്‍ (ഡയറക്ടര്‍), എം മൂസാഹാജി എന്നിവര്‍ സംബന്ധിച്ചു.

Keywords: Kasaragod, Kerala, Royal Swad Fresh Halal Chicken, Saadiya Poultry Farm & Processing Unit