കാസര്‍കോട്: (www.kasargodvartha.com 13/12/2016) ബാങ്കില്‍നിന്നാണെന്നുപറഞ്ഞ് വിളിച്ച് തട്ടിപ്പുനടത്തുന്ന സംഘം വീണ്ടും സജീവമായി. ക്രെഡിറ്റ് കാര്‍ഡ് നമ്പറും പിന്‍നമ്പറും ചോദിച്ചാണ് 10,000 രൂപയുടെ പര്‍ച്ചേഴ്‌സ് നടത്തി തട്ടിപ്പുനടത്തിയത്. അണങ്കൂര്‍ ടി വി സ്റ്റേഷന്‍ റോഡിലെ യുവാവിനാണ് പണം നഷ്ടപ്പെട്ടത്. അലഹബാദ് ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡില്‍നിന്നുമാണ് പണം തട്ടിപ്പുനടത്തിയത്.
യുവാവിന്റെ ഫോണിലേക്ക് ബന്ധപ്പെട്ട തട്ടിപ്പുസംഘം ആദ്യം മലയാളത്തിലാണ് സംസാരിച്ചത്. പിന്നീട് ഇംഗ്ലീഷിലായിരുന്നു സംസാരം. നോട്ടുനിരോധനത്തിന് ശേഷം അക്കൗണ്ടും ക്രെഡിറ്റ് കാര്‍ഡും റദ്ദാകാന്‍ സാധ്യതയുണ്ടെന്നും താങ്കളുടെ അക്കൗണ്ടിലുള്ള പണം നഷ്ടപ്പെടുമെന്നും അതിനാല്‍ അക്കൗണ്ട് റീസെറ്റ്‌ചെയ്യാന്‍ ക്രെഡിറ്റ് കാര്‍ഡിലെ പിന്‍ നമ്പറും പാസ്‌വേര്‍ഡും ആവശ്യപ്പെടുകയായിരുന്നു.
പലതവണ വിളിക്കുകയും ഒടുവില്‍ ഹെഡ് ഓഫീസില്‍നിന്നും മാനേജര്‍ ആണെന്നുപരിചയപ്പെടുത്തി ഒരാള്‍ വിളിക്കുകയും ചെയ്തതിനെതുടര്‍ന്നാണ് യുവാവ് രഹസ്യ നമ്പറുകള്‍ പറഞ്ഞുകൊടുത്തത്. നമ്പര്‍ നല്‍കി 10 മിനുട്ടിനുള്ളില്‍ അക്കൗണ്ടില്‍നിന്നും 10,000 രൂപ പര്‍ച്ചേസിംഗ് നടത്തി പിന്‍വലിച്ചതായി മെസേജ് എത്തി. 500 രൂപ മാത്രമാണ് അക്കൗണ്ടില്‍ ബാക്കിയുണ്ടായിരുന്നത്. പണംനഷ്ടപ്പെട്ടതോടെ യുവാവ് കാസര്‍കോട് ടൗണ്‍ പോലീസിനെ സമീപിക്കുകയായിരുന്നു.
Keywords: Cheating, Kasaragod, Kerala, Bank, Credit card, Cash, Bank, Purchase, Attention to bank account holders