Join Whatsapp Group. Join now!
Aster MIMS 10/10/2023

പെണ്‍കുഞ്ഞ് ജനിച്ചാല്‍ ഭയപ്പെടുന്ന കാലം ഇനിയും മാറില്ലേ?

സ്ത്രീ സംരക്ഷണ നിയമങ്ങള്‍ ഒരുപാടുണ്ടിവിടെ. സംരക്ഷിക്കപ്പെടാന്‍ ബാധ്യതയുള്ള ജീവനക്കാരും നിരവധിയാണ്. നിയമപാലകരും, അവകാശ Article, Kookanam-Rahman, Women, Girl, Molestation, Kerala, Attack, Assault, Gents.
കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 13.12.2016) സ്ത്രീ സംരക്ഷണ നിയമങ്ങള്‍ ഒരുപാടുണ്ടിവിടെ. സംരക്ഷിക്കപ്പെടാന്‍ ബാധ്യതയുള്ള ജീവനക്കാരും നിരവധിയാണ്. നിയമപാലകരും, അവകാശ സംരക്ഷകരും, കുറ്റക്കാരെ കണ്ടുപിടിക്കുന്നവരും, ശിക്ഷയ്ക്കു വിധേയമാക്കുന്നവരും എല്ലാമുണ്ടായിട്ടും പെണ്‍കുട്ടികളും സ്ത്രീകളും അനുഭവിക്കുന്ന അരക്ഷിതാവസ്ഥയ്ക്ക് അറുതിവരുത്താന്‍ സാധിക്കുന്നില്ല. പെണ്‍കുട്ടിള്‍ക്ക് പിറവി കൊടുത്ത രക്ഷിതാക്കള്‍ അങ്കലാപ്പിലാണിന്ന്. പെണ്‍കുഞ്ഞായി പിറന്നുപോയതില്‍ പരിതപിക്കുകയും ഭയപ്പാടോടെ ജീവിതം തള്ളിനീക്കുകയുമാണവര്‍. പണവും പത്രാസും ഉള്ള, ഉന്നതശ്രേണിയില്‍ ജനിച്ച പെണ്‍കുഞ്ഞുങ്ങള്‍ക്ക് ഏറെ ഭയപ്പാടില്ലാതെ മുന്നോട്ടുപോകാന്‍ സാധ്യമാവുന്നുണ്ട്. നിര്‍ദ്ധനരും നിരാലംബരും അരികുജീവിതം നയിക്കുന്നവരും ഭീതിയിലും, ദയനീയാവസ്ഥയിലും എന്തു ചെയ്യണം എന്നറിയാതെ വിഷമ വൃത്തത്തില്‍ പെട്ടുഴലുകയാണ്.

പെണ്‍കുഞ്ഞുങ്ങളോട് ചിലര്‍ കാണിക്കുന്ന ക്രൂരത വെട്ടിത്തുറന്നുപറയാന്‍ അവര്‍ ഭയപ്പെടുന്നു. അനുഭവിച്ച പീഡനങ്ങള്‍ പുറത്തുപറഞ്ഞാല്‍, അധികാരികളോട് പരാതിപെട്ടാല്‍ പീഡകര്‍ തങ്ങളെ ജീവിക്കാന്‍ അനുവദിക്കില്ലെന്നവര്‍ വിശ്വസിക്കുന്നു. അത്തരം ഭീഷണി മുഴക്കി കീഴ്‌പ്പെടുത്തിയാണ് പെണ്‍കുട്ടികളെ പീഡനത്തിന് വിധേയമാക്കപ്പെടുന്നത്. പാവപ്പെട്ട രക്ഷിതാക്കളും ഭയവിഹ്വലരായി കഴിയുകയാണ്. എല്ലാം കൊണ്ടും മുന്നിട്ടുനില്‍ക്കുന്ന കേരളനാട്ടിലാണ് ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നതെന്നോര്‍ക്കുമ്പോള്‍ അപമാനഭാരത്താല്‍ തലകുനിക്കേണ്ടിവരുന്നു. വിദ്യാഭ്യാസത്തിലും, രാഷ്ട്രീയബോധത്തിലും, സാംസ്‌കാരിക മേഖലയിലും ഔന്നത്യം പുലര്‍ത്തുന്ന നാട്ടില്‍ പെണ്‍കുഞ്ഞുങ്ങളോട് ചില കുബുദ്ധികള്‍ കാണിക്കുന്ന ക്രൂരതയ്ക്ക് അറുതിവരുത്താന്‍ പറ്റാത്തതെന്തേയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.



ഇക്കഴിഞ്ഞാഴ്ച നേരിട്ടറിഞ്ഞ, ഇടപെടേണ്ടിവന്ന മൂന്നു സംഭവങ്ങള്‍ മനസ്സിനെ അങ്ങേയറ്റം വേദനിപ്പിച്ചു. ഈ സംഭവങ്ങള്‍ വായനക്കാരറിയണം. പ്രതികരിക്കണം. വ്യക്തികളുടെ പേരോ സംഭവം നടന്ന സ്ഥലപ്പേരോ സൂചിപ്പിക്കുന്നില്ല. സംഭവം മാത്രം അതേപടി പകര്‍ത്തുകയാണ്. അച്ഛന്‍ ബംഗളൂരുകാരനാണ്. അമ്മ കുടക് കാരിയും. അച്ഛന്‍ അധ്വാനിയാണ്. ഒരു ദരിദ്രകുടുംബത്തിലെ സ്ത്രീയാവണം തന്റെ ഭാര്യയെന്ന് ഉറച്ച് വിശ്വസിച്ചുകൊണ്ടാണ് കുടക് കാരിയായ പാവപ്പെട്ട സ്ത്രീയെ വിവാഹം ചെയ്തത്. കേരളത്തില്‍ വാടക ക്വാര്‍ട്ടേസിലാണ് താമസം. ഭാര്യാഭര്‍ത്താക്കന്മാര്‍ ബേക്കറി ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതില്‍ പ്രാവീണ്യമുള്ളവരാണ്. അതാണവരുടെ ജീവിത മാര്‍ഗ്ഗം. മൂന്നുകുട്ടികള്‍ അവര്‍ക്കുണ്ട്. മൂത്തവള്‍ ഏഴാം ക്ലാസില്‍ പഠിക്കുന്നു. മറ്റു രണ്ടുകുട്ടികള്‍ നാലിലും ഒന്നിലും പഠിക്കുന്നു.

രണ്ടാഴ്ചയോളം അവര്‍ കുടുംബസമേതം അച്ഛന്റെ നാടായ ബഗളൂരുവിലും അമ്മയുടെ നാടായ കുടകിലും പോയിരുന്നു. തിരിച്ചു വന്ന രാത്രി ക്ഷീണത്തോടെ നല്ല ഉറക്കത്തിലായിരുന്നു. കുടകില്‍ നിന്ന് അമ്മയുടെ അനുജത്തിയും അവരുടെ കൂടെ വന്നിരുന്നു. ഏഴാം ക്ലാസുകാരിയും നാലാംക്ലാസുകാരി അനിയത്തിയും മുറിയിലെ കട്ടിലിലും, അമ്മ തൊട്ടുതാഴെയും അതിനടുത്ത് ഇളയകുട്ടിയും, തൊട്ടപ്പുറം കുടകില്‍ നിന്ന് വന്ന അമ്മയുടെ അനിയത്തിയും ഉറങ്ങാന്‍ കിടന്നു. അടുത്ത മുറിയില്‍ അച്ഛനും കിടന്നുറങ്ങുകയായിരുന്നു.

രാത്രി രണ്ട് മണിയോടടുത്തുകാണും. അമ്മയുടെ അനിയത്തി ഞെട്ടിയുണര്‍ന്നു. അവരുടെ അടുത്ത് ഒരു പുരുഷന്‍ ഇരിക്കുന്നു. അവരുടെ പേന്റ്‌സിന്റെ ചരട് വലിച്ചഴിക്കുമ്പോഴാണ് അവര്‍ അറിഞ്ഞതും ബഹളം വെച്ചതും. അവര്‍ എഴുന്നേറ്റിരുന്നപ്പോള്‍ കണ്ടത് കട്ടിലിനുമുകളില്‍ വേറൊരു പുരുഷനും കിടക്കുന്നതാണ്. ബഹളം വെച്ചപ്പോള്‍ രണ്ടുപുരുഷന്മാരും എഴുന്നേറ്റോടി. പെണ്‍കുട്ടി പൂര്‍ണ്ണ നഗ്നയായിട്ടാണ് എഴുന്നേറ്റ് വന്നത്. അവന്‍ ആ പെണ്‍കുട്ടിയെ ദ്രോഹിച്ചു. വാടക ക്വാര്‍ട്ടേഴ്‌സുകളില്‍ നിന്നൊക്കെ ആളുകള്‍ ഓടിക്കൂടി. വീട്ടില്‍ നിന്ന് ഇറങ്ങിയോടിയ രണ്ടു യുവാക്കളെയും പിടികൂടി കൈകാര്യം ചെയ്തു. രണ്ടുയുവാക്കളും കഞ്ചാവിനും മയക്കുമരുന്നിനും അടിമകളാണ്. എല്ലാത്തരം പോക്കിരിത്തരങ്ങളും കൈവശമുള്ളവരാണിവര്‍.

പെണ്‍കുട്ടിയുടെ അച്ഛനോട് നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കാന്‍ നിര്‍ബ്ബന്ധിച്ചു കൊണ്ടേയിരുന്നു. പക്ഷേ അവര്‍ ഭയക്കുകയാണ്. എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് പ്രതികള്‍. അവര്‍ നാട്ടുകാരല്ലല്ലോ? വാടകയ്ക്ക് താമസിക്കുന്നവരാണ്. ഇത് മൂലം കുട്ടികളുടെ പഠനം മുടങ്ങി. അവര്‍ എല്ലാം കെട്ടിപ്പെറുക്കി സ്ഥലം വിടുകയാണ്. പെണ്‍കുട്ടി ജനിച്ചുപോയതിലുള്ള പ്രയാസം. എതിര്‍ത്തുനില്‍ക്കാന്‍ പ്രയാസപ്പെടുന്നവരും, അന്നന്നത്തെ അഷ്ടിക്ക് വക കണ്ടെത്തുന്നവരും പെണ്‍കുഞ്ഞുങ്ങള്‍ പിറന്നുപോയാല്‍ ഇങ്ങിനെയൊക്കെ അനുഭവിക്കേണ്ടിവരുന്നു...

********

ഒരു പ്രമുഖ വിദ്യാലയത്തില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ അനുഭവവും വേദനാജനകമാണ്. എന്നും സ്‌കൂളിലേക്ക് വരികയും നന്നായി പഠിക്കുകയും ചെയ്യും. അച്ഛന്‍ അമ്മയെ ഉപേക്ഷിച്ച് പോയതാണ്. അമ്മയ്ക്ക് അല്പം മാനസിക വിഭ്രാന്തിയുണ്ട്. സ്‌കൂളിലേക്ക് പോകുമ്പോഴും തിരിച്ചുവരുമ്പോഴും ഒരു ചെറുപ്പക്കാരന്‍ എന്നും പിറകേ കൂടും. എനിക്ക് നിന്നെ ഇഷ്ടമാണ്. ഞാന്‍ നിന്നെ വിവാഹം കഴിക്കും. നിനക്കെന്നെ ഇഷ്ടമല്ലേ ഇങ്ങിനെ പെണ്‍കുട്ടിയോട് എന്നും സംസാരിക്കും. അവള്‍ അതൊന്നും കേള്‍ക്കാതെ ഒഴിഞ്ഞു മാറി നടക്കും. വീട്ടില്‍ ഇക്കാര്യം അമ്മയോടും ബന്ധപ്പെട്ടവരോടും പറഞ്ഞു. പക്ഷേ അവര്‍ക്കൊന്നും ചെയ്യാന്‍ പറ്റുന്നില്ല. പെണ്‍കുട്ടി ഭയപ്പാടോടെയാണ് എന്നും സ്‌കൂളിലെത്തുന്നതും തിരിച്ചു പോകുന്നതും.

ഒരാഴ്ച മുമ്പേ സ്‌കൂള്‍ വിട്ടുപോവുമ്പോള്‍ അവന്‍ കുട്ടിയെ ദ്രോഹിക്കാന്‍ ശ്രമിച്ചു. കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന കൂട്ടുകാര്‍ ബഹളം വെച്ചു. ആളുകള്‍ ഓടിക്കൂടി. അവനെ പരസ്യമായി മര്‍ദ്ദിച്ചു മാപ്പു പറയിച്ചു. ഇത്രയൊക്കെ കാര്യം നടന്നിട്ടും സ്‌കൂളധികൃതര്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് പരാതി നല്‍കിയില്ല. പഠിക്കുന്ന സ്ഥാപനം പോലും കുട്ടിയെ സഹായിക്കാന്‍ മുന്നോട്ടുവരുന്നില്ല. സ്ഥാപനത്തിന് നാണക്കേട് വരുമെന്ന ഭയമാണ് സ്ഥാപന മേധാവികള്‍ക്ക്. പാവപ്പെട്ട കുട്ടികളുടെ പ്രയാസങ്ങള്‍ അറിഞ്ഞ് ഇടപെടാനുള്ള വൈമനസ്യം കാണിക്കുന്ന സ്ഥാപനം, മാനസിക സുഖമില്ലാത്ത അമ്മ, അച്ഛന്‍ ഉപേക്ഷിച്ച സ്ഥിതി ഈ നിലയില്‍ ജീവിച്ചു വരുന്ന പെണ്‍കുട്ടിയെ ദ്രോഹിക്കാന്‍ തയ്യാറായി നില്‍ക്കുന്ന ചെറുപ്പക്കാരന്‍ ഇതൊക്കെയാണ് ആ പെണ്‍കുട്ടി അനുഭവിക്കുന്ന വൈഷമ്യം.

ഈ പെണ്‍കുട്ടിയുടേയും പഠനം മുടങ്ങുകയാണ്. കുട്ടിയെ അകലെയുള്ളൊരു അനാഥാലയത്തില്‍ ചേര്‍ക്കാനുള്ള ശ്രമത്തിലാണ് കുട്ടിയുടെ അകന്ന ബന്ധുക്കള്‍. ഇത്തരം പീഡനങ്ങള്‍ മൂലം പഠനവും ജീവിതവും വഴിമുട്ടി നില്‍ക്കുന്ന എത്രയോ പാവപ്പെട്ട പെണ്‍കുട്ടികള്‍ നമുക്കു ചുറ്റുമുണ്ട്. എല്ലാ സംവിധാനങ്ങളുണ്ടായിട്ടും നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍ക്ക് സ്വതന്ത്രമായി ഭയമില്ലാതെ ജീവിക്കാന്‍ പറ്റുന്നില്ല എന്ന അവസ്ഥ ഓര്‍ത്തു നോക്കൂ.

********

മുഴുകുടിയനായ അച്ഛന്‍.. ഉള്ള ഭക്ഷണം അയാള്‍ക്ക് വിളമ്പിവെച്ച് വയറുമുറുക്കികെട്ടി കിടന്നുറങ്ങുന്ന അമ്മ. അവരുടെ അടുത്തായി ആറേഴു വയസ്സുള്ള മകള്‍ കിടന്നുറങ്ങുന്നു. അര്‍ദ്ധരാത്രിയോടെ മൂക്കറ്റം കുടിച്ചു കടന്നു വരുന്ന അച്ഛന്‍. വന്നപോടെ അമ്മയുമായി മൃഗീയമായ രീതിയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന അവസ്ഥ. അത് കണ്ടുണരുന്ന പെണ്‍കുഞ്ഞ്. അമ്മയെ ദ്രോഹിക്കുന്നത് കാണുമ്പോള്‍ ഭയന്നു വിറച്ച് കരയുമായിരുന്നു അവളും. അവള്‍ ഇന്ന് യുവതിയായി. അവള്‍ വിവാഹം വേണ്ടെന്നു പറയുന്നു. ആണുങ്ങളെ പേടിയാവുന്നു. അച്ഛന്‍ അമ്മയെ ചെയ്തത് ഞാന്‍ കണ്ടതല്ലേ? അത് വിചാരിക്കുമ്പോള്‍ എനിക്ക് ഭയമാവുന്നു. വേണ്ടാ... എനിക്ക് വിവാഹം വേണ്ടാ... പുരുഷന്മാരെ എനിക്കു വെറുപ്പാണ്. സ്ഥലകാല ബോധമില്ലാതെ പെരുമാറുന്ന മദ്യപാനിയായ അച്ഛന്റെ കാമപ്പേക്കൂത്ത് കണ്ട് ഭയന്നു പോയൊരു പെണ്‍കുട്ടി... അവളുടെ ജീവിതവും വഴിമുട്ടുകയാണ്...

********

പെണ്‍കുഞ്ഞുങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രയാസങ്ങളില്‍ ചിലതുമാത്രമാണിത്. സുരക്ഷയാണ് ഇവര്‍ക്കു വേണ്ടത്. വീട്ടിലും വിദ്യാലയത്തിലും സമൂഹത്തിലും അതുലഭ്യമാവണം. വേട്ടക്കാരെയും, മദ്യത്തിനടിമകളായി പേക്കൂത്ത് കാട്ടുന്നവരേയും കര്‍ശന ശിക്ഷയ്ക്ക് വിധേയമാക്കണം. ജാമ്യം ലഭിക്കാത്ത വകുപ്പു പ്രകാരം തടങ്കലിലടക്കണം. ഇത്തരക്കാരെ സമൂഹം വര്‍ജ്ജിക്കണം. സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ പെണ്‍കുഞ്ഞുങ്ങള്‍ക്കെതിരെ നടക്കുന്ന നീചപ്രവൃത്തികള്‍ക്കെതിരെ പ്രതിരോധിക്കാന്‍ തയ്യാറാവണം.

Keywords: Article, Kookanam-Rahman, Women, Girl, Molestation, Kerala, Attack, Assault, Gents.People-still-afraid-on-birth-of-female-baby.