സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ മുറിപ്പാടുകള്‍ ഇനിയും ബാക്കി

A.C.Kannan Nair, Smaraka Park, Kanhangad, Article, Aboobacker Nileshwaram
വിദേശ മേധാവിത്വത്തിനെതിരെ ദേശവ്യാപകമായി നടന്ന സ്വാതന്ത്ര്യ സമരത്തില്‍ സ്വജീവിതംകൊണ്ട് അധ്യായം എഴുതിച്ചേര്‍ത്തവര്‍ കാസര്‍കോട് ജില്ലയിലും നിരവധി. പക്ഷേ പലരും ചരിത്രത്തില്‍ നിന്നും പുറത്താക്കപ്പെടുകയോ, വിസ്മരിക്കപ്പെടുകയോ ചെയ്യപ്പെട്ടു. മലബാറിലെ മറ്റേത് പ്രദേശത്തെക്കാളും മിഴിവാര്‍ന്നതാണ് ജില്ലയിലെ സ്വാതന്ത്ര്യസമര ചരിത്രം.

സമര സേനാനികളില്‍ പ്രമുഖരായിരുന്നു എ.സി. കണ്ണന്‍ നായര്‍, വിദ്വാന്‍ പി. കേളു നായര്‍, ഗാന്ധി കൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍. വൈദേശിക ആധിപത്യത്തില്‍ നിന്നും തന്റെ നാടിന്റെ മോചനം ലക്ഷ്യം വെച്ചായിരുന്നു ഇവരുടെ സമരങ്ങള്‍.

മദ്രാസില്‍ 1927 ല്‍ നടന്ന എ.ഐ.സി.സി. സമ്മേളനത്തില്‍ ഹൊസ്ദുര്‍ഗിന്റെ പ്രതിനിധിയായി പങ്കെടുത്ത് സംഘടനയുടെ സാരഥിയായിമാറിയ ഒരാളാണ് എ.സി. കണ്ണന്‍നായര്‍. ഒരു ജനതയെയും ജനപഥത്തെയും വ്യത്യസ്ഥമായ തട്ടുകളിലാക്കി ഭരിക്കുകയായിരുന്നു കൊളോണിയന്‍ തന്ത്രം. ഇതിനെ ചെറുത്ത് തോല്‍പിക്കാനായിരുന്നു എ.സി. കണ്ണന്‍ നായരും, വിദ്വാന്‍ പി.കേളു നായരും, ഗാന്ധി കൃഷ്ണന്‍ നായരും ആദ്യമായി ചെയ്തത്.

ജാതിയുടെയും, മതത്തിന്റെയും അയിത്തത്തിന്റെയും തൊട്ടുകൂടായ്മയുടെയും പേരില്‍ മനുഷ്യരെ ഭിന്നിപ്പിക്കാനുള്ള തന്ത്രത്തെ ശക്തമായി എതിര്‍ക്കാന്‍ ഇവര്‍ മുന്നോട്ടു വന്നു. ജനസമൂഹത്തെ പരസ്പരം ശത്രുക്കളാക്കിമാറ്റി ഭരണം സുഗമമാക്കാനായിരുന്നു ബ്രിട്ടീഷ് തന്ത്രമെന്ന് ഇവര്‍ ജനങ്ങളെ ബോധ്യപ്പെടുത്തി. ഇതിനായി സാംസ്‌കാരികമായും നിരവധി അടവുകള്‍ പ്രയോഗിച്ചു. ജന്മിത്വത്തിന്റെ നെടുംതൂണായ ഏച്ചിക്കാനം തറവാട്ടില്‍ ശക്തമായ എതിര്‍പ്പുണ്ടായിട്ടുപോലും അവര്‍ താണ ജാതിക്കാരെ വീട്ടിനകത്ത് കയറ്റി സദ്യവിളമ്പി ഒന്നിച്ചുണ്ടു.

1928 മുതല്‍ 1963 വരെ ജീവിതത്തെ സമരമാക്കിയ പോരാളിയായിരുന്നു എ.സി.കണ്ണന്‍ നായര്‍. വിദ്വാന്‍ പി കേളുനായര്‍ 35ാം വയസില്‍ ജീവിതത്തോട് വിടപറഞ്ഞെങ്കിലും അദ്ദേഹം സ്വാതന്ത്ര്യസമരത്തിന് വേണ്ടി നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. സ്വന്തമായി നാടകങ്ങള്‍ രചിച്ചും, സംസ്‌കൃതപാഠശാലകള്‍ നടത്തിയും നാടകങ്ങള്‍ അവതരിപ്പിച്ചുമാണ് അദ്ദേഹം സമരത്തിന് ശക്തികൂട്ടിയത്. അവസാനം താന്‍ തന്നെ സ്ഥാപിച്ച ദേശപോഷിണി വായനശാലയില്‍ ദേശീയ പതാക പുതച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു ഈ സമരസേനാനി. ഗാന്ധിജിയെ പോലെ നഗ്‌നപാദനായിട്ടായിരുന്നു ഗാന്ധി കൃഷ്ണന്‍ നായര്‍ ജനങ്ങള്‍ക്കിടയിലെത്തി സ്വാതന്ത്ര്യത്തിന്റെ വിശാലതയെ കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തിയത്. സ്വാതന്ത്ര്യ സമര സേനാനി കെ. മാധവന്‍ ഗുരുവായൂര്‍ സത്യാഗ്രഹ സമരത്തില്‍ പങ്കെടുത്തവരില്‍ ജീവിച്ചിരിക്കുന്ന ഏക സ്വാതന്ത്ര്യസമര സേനാനിയാണ്.

സ്വാതന്ത്ര്യ സമരത്തിന്റെ നിരവധി അടയാളങ്ങളും ജില്ലയുടെ പലഭാഗങ്ങളിലും ചിതറിക്കിടപ്പുണ്ട്. നീലേശ്വരത്തെ അരയാല്‍ത്തറയും, ഹൊസ്ദുര്‍ഗിലെ മാന്തോപ്പ് മൈതാനിയും സ്വാതന്ത്ര്യസമരത്തിന് സാക്ഷ്യംവഹിച്ച ഇടങ്ങളാണ്. കെ. കേളപ്പന്റെ നേതൃത്വത്തില്‍ ഉപ്പുകുറുക്കല്‍ സത്യാഗ്രഹത്തിന് സേനാനികള്‍ പയ്യന്നൂരിലേക്ക് യാത്രപുറപ്പെട്ടത് മാന്തോപ്പ് മൈതാനിയില്‍ നിന്നായിരുന്നു. ചരിത്രത്തിലെ പലയിടങ്ങളും കാലം മായിച്ച് കളഞ്ഞെങ്കിലും വാര്‍ധക്യത്തിലെത്തിയ പലരുടെ മനസിലും ചരിത്രത്തിന്റെ കുളമ്പടികള്‍ ഇപ്പോഴും ബാക്കിനില്‍പ്പുണ്ട്. പോര്‍ച്ചുഗീസുകാരും, ഡച്ചുകാരും, ബ്രിട്ടീഷുകാരും പിന്നീട് ടിപ്പുസുല്‍ത്താനും ആധിപത്യം സ്ഥാപിക്കാനെത്തിയ നീലേശ്വരത്തിന്റെ പലഭാഗങ്ങളിലുമുണ്ട് സ്വാതന്ത്ര്യ സമര ചരിത്രത്തിലെ നിരവധി മുറിപ്പാടുകള്‍.

കേരളത്തിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പ്രാദേശിക ചരിത്രങ്ങള്‍ വേണ്ടത്ര രീതിയില്‍ പകര്‍ത്തപ്പെടാത്തത് വരും തലമുറയോട് ഭരണവര്‍ഗം കാണിക്കുന്ന ഏറ്റവും വലിയ അനീതിയാണ്. യുദ്ധങ്ങള്‍ കൊണ്ട് ചോരപ്പുഴകളായ നിരവധിയിടങ്ങള്‍ ജില്ലയിലെ പല കോണുകളിലും ഇപ്പോഴും മുറിപ്പാടുകളുണങ്ങാതെ കിടപ്പുണ്ട്. സ്വാതന്ത്ര്യസമര സേനാനികളോട് ഭരണകൂടം കാണിച്ച ഏക അനുകമ്പയാണ് കാഞ്ഞങ്ങാട്ടെ സ്വാതന്ത്ര്യസമര സ്തൂപവും, എ.സി. കണ്ണന്‍ നായര്‍ സ്മാരക മണ്ഡപവും. കഴിഞ്ഞു അവരോടുള്ള ആദരവ്. 2009 ആഗസ്റ്റ് 10ന് കേരളപ്പിറവി സുവര്‍ണജൂബിലിയുടെ ഭാഗമായിട്ടാണ് ഈ സ്മാരകം ഇവിടെ സ്ഥാപിക്കപ്പെട്ടത്.

 -അബൂബക്കര്‍ നീലേശ്വരം


Keywords: A.C.Kannan Nair, Smaraka Park, Kanhangad, Article, Aboobacker Nileshwaram, Independence day memories

Post a Comment

Previous Post Next Post