city-gold-ad-for-blogger
Aster MIMS 10/10/2023

ഇങ്ങനെ പോയാല്‍ കാസര്‍കോട് മരുഭൂമിയാകും: ജില്ലാ കലക്ടര്‍

കാസര്‍കോട്: (www.kasargodvartha.com 19.07.2019) ഭൂഗര്‍ഭജലം അപകടകരമാം വിധത്തില്‍ താഴ്ന്നു കൊണ്ടിരിക്കുന്ന കാസര്‍കോട് ജില്ലയില്‍ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനായി ജലശക്തി അഭിയാന്‍ പദ്ധതി പ്രകാരം ജില്ലാതല ശില്‍പശാല സംഘടിപ്പിച്ചു. ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു ജലശക്തി അഭിയാന്‍ പദ്ധതി വിശദീകരിച്ചു. ജില്ലയില്‍ രൂക്ഷമായ ഭൂജലദൗര്‍ലഭ്യം പരിഹരിക്കാന്‍ അടിയന്തര ഇടപെടലുകള്‍ നടത്തിയില്ലെങ്കില്‍ ഈ മേഖല സമീപ ഭാവിയില്‍ തന്നെ മരുഭൂമിയായി പരിണമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹിക ഭദ്രതയുടെ അടിസ്ഥാനം ജലസുരക്ഷയായി മാറിയിട്ടുണ്ടെന്നും അതിലൂടെ ഭക്ഷ്യസുരക്ഷയും തുടര്‍ന്നു സാമ്പത്തിക സുരക്ഷയും സാമൂഹിക സുരക്ഷയും കൈവരിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

ഇങ്ങനെ പോയാല്‍ കാസര്‍കോട് മരുഭൂമിയാകും: ജില്ലാ കലക്ടര്‍


ജലശക്തി അഭിയാന്‍ പദ്ധതിയുടെ ലക്ഷ്യപൂര്‍ത്തീകരണത്തിനായി ജില്ലയില്‍ നേരത്തേ തന്നെ നടപ്പാക്കി വരുന്ന പദ്ധതികള്‍ ജില്ലാ കളക്ടര്‍ വിശദീകരിച്ചു. പദ്ധതി നിര്‍ദേശിക്കുന്ന വനവല്‍ക്കരണവും ജലസംരക്ഷണ പ്രവര്‍ത്തനങ്ങളും ബാംബൂ ക്യാപിറ്റല്‍ പദ്ധതിയിലൂടെയും ജലമാണ് ജീവന്‍ പദ്ധതിയിലൂടെയും നിര്‍വഹിച്ചു വരുന്നു. പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടത്തില്‍ മഞ്ചേശ്വരം ബ്ലോക്കിലെ അഞ്ചു നദികളില്‍ ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ റെഗുലേറ്റര്‍ കം ചെക്ക് ഡാമുകള്‍ നിര്‍മ്മിക്കും. ജില്ലയിലെ 12 നദികളിലും റഗുലേറ്റര്‍ കം ചെക്ക്ഡാം അനിവാര്യമാണ്.  ജല നയത്തിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത്-ബ്ലോക്ക്-ജില്ലാ പഞ്ചായത്ത് തലങ്ങളില്‍ രൂപീകരിക്കുന്ന പദ്ധതികള്‍ കേന്ദ്രത്തിന് സമര്‍പ്പിക്കുമെന്നും കേന്ദ്ര-സംസ്ഥാനങ്ങളുടെ വിവിധ ഫണ്ടുകളില്‍ നിന്നും ത്രിതല പഞ്ചായത്ത് വിഹിതത്തില്‍ നിന്നും പദ്ധതികള്‍ക്കാവശ്യമായ ഫണ്ടുകള്‍ കണ്ടെത്തേണ്ടതാണെന്നും കളക്ടര്‍ വ്യക്തമാക്കി.

ഡി പി സി ഹാളില്‍ നടത്തിയ ശില്‍പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. മറ്റു ജില്ലകളേക്കാള്‍ താരതമ്യേന കൂടുതല്‍ നദികളുള്ള നമ്മുടെ ജില്ലയില്‍ ഭൂജലക്ഷാമം രൂക്ഷമാകാനുള്ള സാഹചര്യത്തെ ഗൗരവപൂര്‍വ്വം മനസിലാക്കേണ്ടതുണ്ടെന്നും വിഷയത്തില്‍ അടിയന്തരമായ ഇടപെടലുകള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജല വിനിയോഗത്തില്‍ നമ്മള്‍ ഓരോരുത്തരും കാണിക്കുന്ന അശ്രദ്ധ വിനയായി മാറുകയാണ്. ജലസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഇനിയും അമാന്തം കാണിച്ചാല്‍ അടുത്ത തലമുറയേക്കാളുപരി നിലവിലെ തലമുറയോട് ഉത്തരം പറയേണ്ടി വരും. ജലസംരക്ഷണത്തിനായി വിവിധ പദ്ധതികള്‍ തയ്യാറാക്കിയിരുന്നെങ്കിലും ഫണ്ടിന്റെ അപര്യാപ്തത മൂലം ഫലപ്രദമായി ആസൂത്രണം ചെയ്യാന്‍ സാധിച്ചിരുന്നില്ല. ജലശക്തി അഭിയാനിലൂടെ കാര്യക്ഷമമായ ജലനയം ആസൂത്രണം ചെയ്ത് പദ്ധതികള്‍ നടപ്പിലാക്കേണ്ടതുണ്ടെന്നും അതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആത്മാര്‍ത്ഥമായ സഹകരണം  ആവശ്യമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ഇങ്ങനെ പോയാല്‍ കാസര്‍കോട് മരുഭൂമിയാകും: ജില്ലാ കലക്ടര്‍

ജില്ലാ മണ്ണ് സംരക്ഷണ ഓഫീസറും ജലശക്തി അഭിയാന്‍ ജില്ലാ നോഡല്‍ ഓഫീസറുമായ വി.എം അശോക് കുമാര്‍ ജലനയ രൂപരേഖ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ സി.എച്ച് മുഹമ്മദ്കുഞ്ഞി ചായിന്റടി (കാസര്‍കോട്), എ.കെ.എം അഷ്‌റഫ് (മഞ്ചേശ്വരം), എം.ഗൗരി (കാഞ്ഞങ്ങാട്), ഓമന രാമചന്ദ്രന്‍ (കാറഡുക്ക), ജലശക്തി അഭിയാന്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് വി.ആര്‍ റാണി, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ കെ.പ്രദീപന്‍, എഡിസി ജനറല്‍ ബെവിന്‍ ജോണ്‍ വര്‍ഗീസ്, സിപിസിആര്‍ഐ കൃഷി വിജ്ഞാന്‍ കേന്ദ്ര പ്രോഗ്രാം കോഡിനേറ്റര്‍ ഡോ.ടി.കെ മനോജ് കുമാര്‍, അസിസ്റ്റന്റ് പ്ലാനിങ് ഓഫീസ് നെനോജ് മേപ്പടിയില്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
തുടര്‍ന്ന് കാസര്‍കോട് ബ്ലോക്കിലെ മധൂര്‍, കുമ്പള, മൊഗ്രാല്‍ പുത്തൂര്‍, ചെമ്മനാട്, ബദിയടുക്ക, ചെങ്കള എന്നീ പഞ്ചായത്തുകളുടെ ഗ്രൂപ്പ് തിരിഞ്ഞു കൊണ്ടുള്ള സെഷനില്‍ ജലസംരക്ഷണ പ്രൊജക്ടുകള്‍ ചര്‍ച്ച ചെയ്തു ക്രോഡീകരിച്ചു. കാസര്‍കോട്, മഞ്ചേശ്വരം, കാഞ്ഞങ്ങാട്, കാറഡുക്ക എന്നീ ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, കൃഷി ഓഫീസര്‍മാര്‍ , ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍, ഗ്രാമ-ബ്ലോക്ക്-ജില്ലാതല ജലസംരക്ഷണ സമിതി അംഗങ്ങള്‍ എന്നിവര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.

ജലശക്തി അഭിയാന്‍ ജലവിനിമയ നയരൂപരേഖ തയ്യാറായി

ജില്ലയില്‍ ജലശക്തി അഭിയാന്‍ പദ്ധതി നടപ്പിലാക്കുന്നതിനോടനുബന്ധിച്ചുള്ള ജലവിനിമയ രൂപരേഖ അവതരിപ്പിച്ചു. ഡിപിസി ഹാളില്‍ സംഘടിപ്പിച്ച ജലശക്തി അഭിയാന്‍ ജില്ലാതല ശില്പശാലയില്‍ നോഡല്‍ ഓഫീസറും ജില്ലാ മണ്ണ് സംരക്ഷണ ഓഫീസറുമായ വി.എം അശോക് കുമാറാണ് നയ രൂപരേഖ അവതരിപ്പിച്ചത്. ജലസംരക്ഷണവും മഴവെള്ള സംഭരണവും, പരമ്പരാഗത ജലസ്രോതസുകളുടെ നവീകരണം, വനവത്കരണം, നീര്‍ത്തട വികസനം, ബോധവല്‍ക്കരണ പരിപാടികള്‍ എന്നീ അഞ്ചു മേഖലകളിലൂന്നിയാണ് ജല വിനിമയ നയരൂപരേഖ തയ്യാറാക്കിയത്.

അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍

നയരൂപരേഖ പ്രകാരം ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള അടിസ്ഥാന വികസന പദ്ധതികള്‍ക്ക് പ്രഥമ പരിഗണന നല്‍കും. ഇതിന്റെ ഭാഗമായി ജില്ലയിലെ പ്രധാന നദികളിലെല്ലാം കിഫ്ബിയുടെ സഹായത്തോടെ റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മിക്കും. ജലത്തിന്റെ ഗുണനിലവാരം അളക്കുന്നതിനായി പരിശോധനാ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ജില്ലയുടെ വിവിധ മേഖലകളില്‍ വ്യത്യസ്ഥമായ അളവില്‍ മഴ ലഭിക്കുന്നതിനാല്‍ ജില്ലയെ അഞ്ചു കാര്‍ഷിക-പരിസ്ഥിതി മേഖലകളായി തിരിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ ആരംഭിക്കും. ഭൂഗര്‍ഭജല ലഭ്യത മനസിലാക്കുന്നതിനായി സ്ഥിരം സംവിധാനമേര്‍പ്പെടുത്തും.

കാര്യനിര്‍വ്വഹണ പ്രവര്‍ത്തനങ്ങള്‍

നദീജലം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി രൂപരേഖ തയ്യാറാക്കുകയും ജലസ്രോതസുകളുടെ മാപ്പിങ്ങ് നടത്തുകയും ചെയ്യും. കാസര്‍കോട് വികസന പാക്കേജില്‍ ജലക്ഷാമം രൂക്ഷമായ ബ്ലോക്കുകളിലെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും മഴവെള്ള സംഭരണത്തിനും പ്രഥമ പരിഗണന നല്‍കും. കൃഷിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രാമ പഞ്ചായത്ത്-ബ്ലോക്ക് തലങ്ങളില്‍ ചെറുകിട നീര്‍ത്തട വികസനപദ്ധതികള്‍ നടപ്പിലാക്കും. ഇതിനായി തൊഴിലുറപ്പ് പദ്ധതിയെ പ്രയോജനപ്പെടുത്തും. സംയോജിത കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കും. കുടുംബശ്രീ, ഹരിതകേരള മിഷന്‍, നെഹ്റു യുവജന കേന്ദ്ര, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരുടെ സഹായത്തോടെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. അടുത്ത മൂന്നു വര്‍ഷത്തിനകം ജില്ലയുടെ വനമേഖല മൂന്ന് ശതമാനത്തില്‍ നിന്നും 10 ശതമാനമായി വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. അമിതമായ ജലമുപയോഗം നടത്തുന്ന മരങ്ങളെ മാറ്റി കുറഞ്ഞ തോതില്‍ വെള്ളം ആവശ്യമായ മരങ്ങള്‍ നട്ടുപിടിപ്പിക്കും. ലാറ്ററൈറ്റ് മേഖലകളിലെ മണ്ണ് സമ്പുഷ്ടമാക്കുന്നതിനായി സര്‍ക്കാര്‍-സ്വകാര്യ ഭൂമികളില്‍ മുളകൃഷി വ്യാപിപ്പിക്കും. ജലസ്രോതസുകളുടെ വിവരങ്ങള്‍ ശേഖരിക്കും. ഇനിയുള്ള ചെക്കുഡാമുകളുടെ നിര്‍മ്മാണം വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കും. നദീതടങ്ങളിലും കടല്‍തീരങ്ങളിലും പ്രകൃതിപരമായ പ്രതിരോധം തീര്‍ക്കും. ജലക്ഷാമം രൂക്ഷമായ കാസര്‍കോട്, കാഞ്ഞങ്ങാട്, മഞ്ചേശ്വരം എന്നീ ബ്ലോക്കുകളില്‍ ഭൂഗര്‍ഭജലം റീചാര്‍ജ് ചെയ്യുന്നതിനായി മൂന്നുവര്‍ഷത്തിനകം ആയിരത്തോളം ചെറു കുളങ്ങള്‍ നിര്‍മ്മിക്കും. ഉപേക്ഷിക്കപ്പെട്ട ക്വാറികളും കിണറുകളും വെള്ളം റീചാര്‍ജ് ചെയ്യുന്നതിനായി ഉപയോഗിക്കും. ജലസ്രോതസ്സുകളായ പള്ളങ്ങള്‍ സംരക്ഷിക്കുകയും വികസിപ്പിക്കുകയും ചെയ്യും. നൂറു ശതമാനം പാടങ്ങളിലും നെല്‍കൃഷി ഉറപ്പാക്കും. കാര്‍ഷിക ജലസേചനത്തിന് സ്പ്രിംഗ്ലര്‍ പ്രയോഗം നിര്‍ത്തലാക്കി തുള്ളി ജലസേചന സംവിധാനം വ്യാപകമാക്കും. മാതൃകാ പരമായ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവാര്‍ഡ് നല്‍കും.

നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍

കാര്‍ഷികാവശ്യങ്ങള്‍ക്കും മറ്റും നദികളില്‍ നിന്നും ചാലുകളില്‍ നിന്നും നേരിട്ട് ജലസേചനം നടത്തുന്നത് നിയന്ത്രിക്കും. ജലക്ഷാമം രൂക്ഷമായ ബ്ലോക്കുകളില്‍ കുഴല്‍ കിണറുകള്‍ നിര്‍മിക്കുന്നതിന് ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തും. മറ്റു ബ്ലോക്കുകളിലും നിയന്ത്രണങ്ങള്‍ക്കായി നടപടി സ്വീകരിക്കും. മഴവെള്ള സംഭരണത്തിനും റീചാര്‍ജിനും സംവിധാനമുള്ള കെട്ടിടങ്ങള്‍ക്ക് മാത്രം ബില്‍ഡിങ് പെര്‍മിറ്റ് അനുവദിക്കുകയുള്ളൂ. തുള്ളി ജലസേചന സംവിധാനമുള്ളവര്‍ക്ക് മാത്രം സൗജന്യ കാര്‍ഷിക വൈദ്യുതി അനുവദിക്കും. ഖനന പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കും. മാലിന്യ സംസ്‌കരണത്തിന് ഹരിത ചട്ടം ഏര്‍പ്പെടുത്തും. അമിത ജല ഉപഭോഗം നടത്തുന്ന വ്യവസായങ്ങള്‍ക്ക് ജില്ലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും.

ഇങ്ങനെ പോയാല്‍ കാസര്‍കോട് മരുഭൂമിയാകും: ജില്ലാ കലക്ടര്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, water, District Collector about groundwater-decreasing 
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL