city-gold-ad-for-blogger
Aster MIMS 10/10/2023

രക്ഷിതാക്കളേ, ഇത് നിസ്സാരമായി തള്ളരുത്.. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മക്കളെക്കൂട്ടാന്‍ നിങ്ങള്‍ സ്‌കൂളില്‍ എത്തിയേ തീരൂ

അസ്ലം മാവിലെ

(www.kasargodvartha.com 24.03.2019) നോക്കണേ, ഓരോ പൊല്ലാപ്പ്!

ഇയ്യിടെ വരെ ആരെക്കുറിച്ചായിരുന്നു രക്ഷിതാക്കള്‍ക്ക് ആശങ്ക മുഴുവന്‍?
പെണ്‍മക്കളെ കുറിച്ച്.

സ്‌കൂളില്‍, കോളജില്‍, ട്യൂഷന്‍ സെന്ററില്‍... എവിടെപ്പോയാലും അവര്‍ തിരിച്ചു വരുന്നത് വരെ അച്ഛനമ്മമാര്‍ക്ക് ആധിയാണ്, അങ്കലാപ്പാണ്. വഴിക്കണ്ണിട്ടാണ് അവരുടെ കാത്തിരിപ്പ്.

ഇപ്പഴോ? ആര്‍ക്ക് ആരില്‍ ആശങ്ക? മൊത്തം തലകീഴായ് മറിഞ്ഞു, അല്ലേ? പെണ്‍കുട്ടികള്‍ ആണ്‍ കുട്ടിയായാണ് വീട്ടിലെത്തുന്നത്, പരാതിയില്ല, പരിഭവമില്ല,  അവരുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ക്ക് തലവേദന തീരെയില്ല.

ആണ്‍കുട്ടികള്‍? അതാണ് പ്രശ്‌നം. അവരില്‍ ചിലര്‍ പ്രശ്‌നക്കാരാകുന്നു. ചിലര്‍ അറിഞ്ഞ്, ചിലരോ? അറിയാതെയും.

ഈ സന്ദര്‍ഭം അറിയാമല്ലോ. കൊല്ലപ്പരീക്ഷ മറ്റന്നാള്‍ തീരുകയാണ്. ഹയര്‍സെക്കന്‍ഡറിക്കാരന് ബുധനാഴ്ച, എസ് എസ് എല്‍ സിക്കാരന് വ്യാഴാഴ്ച. പരീക്ഷാ ഹാള്‍ വിട്ടിറങ്ങുന്ന സമയം വളരെ പ്രധാനം. പ്ലസ്ടുക്കാരന്‍ ഉച്ചയ്ക്ക് 12 മണിക്ക് ഹാള്‍ വിടും. പത്താം ക്ലാസ്സുകാരന്‍ ഉച്ചയ്ക്ക് ശേഷം മൂന്നേ കാലിനും.

ഇനിയാണവരുടെ രണവിട്ട കളി. കഴിഞ്ഞ കൊല്ലത്തെ റിക്കോര്‍ഡ് പരിശോധിച്ചാല്‍ ധരിച്ച യൂനിഫോമടക്കം മാന്തിപ്പറിച്ചാണ് ചില പയ്യന്മാര്‍ ചില സ്‌കൂളുകളില്‍ ക്യാമ്പസ് വിട്ടത്. പടക്കമേറും ബൈക്ക് റൈസിംഗും ചായം തേക്കലും വേറെ.

പുറമെ നിന്നുള്ള ചില ടീംസുണ്ട്. വല്യേട്ടന്മാര്‍. അവരുടെ അദൃശ്യ വലയാണ് എല്ലാത്തിലും വലുത്. മുന്‍കൂട്ടി തയ്യാറാക്കിയ പ്ലാനുമായി അവര്‍ ഈ മക്കളെക്കൊണ്ട് ചുടുചോറ് മാന്തിക്കും. സ്‌കൂള്‍ കോമ്പൗണ്ടുകള്‍ക്ക് പുറത്ത് കുട്ടികളുടെ കയ്യില്‍ പടക്കവും ചായവും കൊടുത്ത് അവരില്‍ ചില പിശാചുക്കള്‍ ഒളിഞ്ഞിരിക്കും. കുട്ടികളുടെ ആഘോഷം പൊടിപൊടിക്കുന്നതോടെ ഈ പിശാചുക്കളുടെ മനസ്സില്‍ ലഡു പൊട്ടിക്കൊണ്ടേയിരിക്കും. ഒന്നുമറിയാത്ത പാവം മക്കളെ അവരറിയാതെ തങ്ങളുടെ ഇച്ഛയ്ക്കനുസരിച്ച് പാകമാക്കലാണ് ഈ പിശാചുക്കളുടെ ഏക ലക്ഷൃം. ചതിക്കുഴികള്‍ തിരിച്ചറിയാതെ പോകുന്ന ഹതഭാഗ്യരങ്ങനെ കുറെ എണ്ണം.

പിടിഎയെയും അധ്യാപകരെയും നാട്ടുകാരെയുമാകെ വെല്ലുവിളിച്ച് നടത്തുന്ന ഇത്തരം പേക്കൂത്തുകള്‍ രക്ഷിതാക്കള്‍ കണ്ടില്ലെന്ന് നടിക്കരുത്. ചെറുതായി കാണുകയും ചെയ്യരുത്.

മറ്റൊരു ആഭാസമാണ് ഇരുചക്രവാഹനങ്ങളില്‍ സര്‍ക്കസ് കാണിക്കുക എന്നത്. കേരള സംസ്ഥാന റോഡ് സേഫ്റ്റി കൗണ്‍സില്‍ ഇതിനകം തന്നെ മുന്നറിയിപ്പുമായി വന്നു കഴിഞ്ഞു. നിയമപരമായ രേഖകളില്ലാതെ വാഹനങ്ങള്‍ ഓടിച്ചാല്‍ വാഹനം പിടിച്ചെടുക്കുക മാത്രമല്ല വന്‍ തുക പിഴ നല്‍കേണ്ടി വരുതെന്ന് അവര്‍ പറയുന്നു. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതുകൊണ്ടുണ്ടാകുന്ന അപകടങ്ങള്‍ കൊലപാതമായോ കൊലപാതകശ്രമങ്ങള്‍ ആയോ കണക്കാക്കുമെന്നും.

ഇക്കഴിഞ്ഞ വര്‍ഷം ഇതേ കാലത്ത് സ്‌കൂള്‍ വിടുതല്‍ ആഘോഷം നടത്തിയവരില്‍ നിന്നും കഞ്ചാവടക്കമുള്ള ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത് കൊണ്ടാകാം, അത്തരം വസ്തുക്കള്‍  ശ്രദ്ധയില്‍ പെട്ടാല്‍ അത് കൊണ്ട് വന്ന വാഹനത്തിന്റെ ഉടമയുടെ പേരിലും ആ സമയത്ത് വാഹനത്തില്‍ ഉണ്ടായിരുന്ന എല്ലാവരുടെയും പേരിലും കേസുകള്‍ പത്തുമിനിറ്റിനകം ചാര്‍ജ് ചെയ്യുമെന്നും വേണ്ടി വന്നാല്‍ റിമാന്‍ഡ് ചെയ്യുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നത്. 

മുഖത്തും ശരീരത്തിലും തേക്കുന്ന കളര്‍പൗഡറിന്റെ രൂപത്തില്‍ മൂക്കിലൂടെ മണത്തുകൊണ്ട് ഉപയോഗിക്കുന്ന മയക്കുമരുന്നുപൊടികള്‍ ഇന്ന് വ്യാപകമായി പ്രചാരത്തിലുണ്ടത്രെ. സ്‌കൂള്‍ പരിസരങ്ങളാണവരുടെ വിറ്റഴിക്കല്‍ കേന്ദ്രങ്ങളിലൊന്ന്. ശരീരത്തില്‍ ചെറിയ മുറിവുണ്ടാക്കി അവിടെ പുരട്ടുന്ന, അതീവമാരകമായ മയക്കുമരുന്നുപൊടികള്‍ കേരളത്തില്‍ വിതരണം നടത്തുന്ന ഇത്തരം കളര്‍ പൗഡറുകളാണത്രെ ബൈക്ക് റേസിങ് നടത്തുന്ന ഈ മക്കളുടെ കയില്‍ ബാഹുശക്തികള്‍ എത്തിക്കുന്നത് പോല്‍!

നോക്കൂ, 12 ഉം 14 ഉം കൊല്ലക്കാലം വിദ്യാലയങ്ങളില്‍ ഇരുന്നു പഠിച്ചു പരീക്ഷയെഴുതി പുറത്തിറങ്ങിയ തൊട്ടടുത്ത നിമിഷം മുതല്‍ നമ്മുടെ ആണ്‍ മക്കള്‍ ചെയ്തു കൂട്ടുന്ന ആഭാസങ്ങള്‍. എല്ലാം കഴിഞ്ഞു കലമുടക്കുന്ന പോക്രിത്തരം. ആര്‍ക്ക് വേണ്ടി? എന്തിന് വേണ്ടി?

രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തേണ്ട ദിവസങ്ങളില്‍ ഒന്നായി ഇത് മാറിയിട്ടുണ്ട്. ഞാനായി കൂടുതല്‍ എഴുതുന്നില്ല, കേരള സംസ്ഥാന റോഡ് സേഫ്റ്റി കൗണ്‍സിലിനെ തന്നെ സഗൗരവം ഇവിടെ ഉദ്ധരിക്കാം - 'നിങ്ങളുടെ കുട്ടിയുടെ പ്ലസ്ടു പരീക്ഷ തീരുന്ന ദിവസം രാവിലെ കുട്ടിയെ സ്‌കൂളില്‍ കൊണ്ടുപോയാക്കുകയും നിര്‍ബന്ധമായും ഉച്ചക്ക് 12 മണിയോടെ സ്‌കൂളില്‍ ചെന്ന് കുട്ടിയെ കൂട്ടിക്കൊണ്ടു വരികയും ചെയ്യുകയാണെങ്കില്‍ ഒരുപാട് അപകടങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും. അതല്ലെങ്കില്‍ ഒരുപക്ഷെ നിങ്ങളുടെ പ്രതീക്ഷയായ കുട്ടിയെ ഏതെങ്കിലും പോലീസ് സ്റ്റേഷനില്‍നിന്നോ ആശുപത്രിയില്‍നിന്നോ ഒരുപക്ഷെ മോര്‍ച്ചറിയില്‍നിന്നോ ഏറ്റുവാങ്ങേണ്ടി വരും.'

രക്ഷിതാക്കളേ, ഇതില്‍ മനസ്സിലാകാത്തതൊന്നുമുണ്ടാകില്ലല്ലോ. കല്യാണത്തിന് പോകാറില്ലേ, വിരുന്നിനും ചാവടിയന്തിരത്തിനും സമയത്ത് എത്താറില്ലേ, ആശുപത്രിയിലേക്ക് അടിയന്തിര ഘട്ടത്തില്‍ നിങ്ങള്‍ കുതിക്കാറില്ലേ... അത് പോലെ ഒരു വലിയ അത്യാവശ്യമായി ഇതും കരുതുക, മക്കളോട് സ്‌നേഹമുണ്ടെങ്കില്‍. അന്നുണ്ടാകുന്ന മറ്റെന്ത് ധനനഷ്ടവും നഷ്ടമല്ല, മക്കളെ കൂട്ടിക്കൊണ്ട് വരാന്‍ പറ്റാത്തതായിരിക്കും വലിയ നഷ്ടം?

രക്ഷിതാക്കളേ, ഇത് നിസ്സാരമായി തള്ളരുത്.. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മക്കളെക്കൂട്ടാന്‍ നിങ്ങള്‍ സ്‌കൂളില്‍ എത്തിയേ തീരൂ


Keywords:  Kerala, Article, school, Students, SSLC, plus-two, Celebration,  Be careful on Final day celebration of SSLC, Plus two students

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL