city-gold-ad-for-blogger
Aster MIMS 10/10/2023

പാഠശാലകളിലെ കുട്ടിക്രിമിനലുകളും ക്രിമിനല്‍ മെന്റാലിറ്റിയും; ഉണരണം പിടിഎ സംവിധാനങ്ങള്‍

അസ്ലം മാവില

(www.kasargodvartha.com 06.08.2018)  
കുറച്ച് മാത്രമേ ഇന്നെഴുതുന്നുള്ളൂ. അത് തന്നെ ധാരാളമാണ്.

കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ഈ വര്‍ഷം കേട്ടുകൊണ്ടിരിക്കുന്ന വാര്‍ത്ത അത്ര സുഖം നല്‍കുന്നില്ല. മലയാളത്തിന് കേട്ടുകേള്‍വിയില്ലാത്ത വാര്‍ത്തയാണ് കഴിഞ്ഞ ദിവസം കേട്ടത്. വടക്കേ അറ്റത്തുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ വെച്ച് 16 വയസ്സുള്ള ഒരു കുട്ടി തന്റെ സഹപാഠിയാല്‍ അതിദാരുണമായി കൊല്ലപ്പെടുന്നു! ഇളം നെഞ്ചുകൂടത്തില്‍ കത്രികയിട്ടു 'ആനന്ദം' കണ്ടെത്തിയ കുട്ടിരാക്ഷസന് പ്രായം അത്ര തന്നെ! വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ഈ വര്‍ഷം വായിച്ച രണ്ടാം രക്തസാക്ഷിത്വം.

മനസാക്ഷി മരവിപ്പിക്കുന്ന അങ്ങിനെയൊരു ഹീനകൃത്യത്തിന് പ്രേരിപ്പിച്ച കാരണമെന്തൊന്നോ? പഠന സാമഗ്രിയുമായി ബന്ധപ്പെട്ട പേപ്പറുകള്‍ മുറിച്ച് വെക്കുന്ന വിഷയവും! എന്തൊരു സഹിഷ്ണുത! എന്തൊരു അഖ്‌ലാഖ്! ഒന്നും രണ്ടും പറഞ്ഞ് മൂത്ത് മൂത്ത് ദേഷ്യം തീര്‍ക്കാന്‍ ഈ കുട്ടിക്രിമിനല്‍ നോക്കി വെച്ച സ്ഥലം കണ്ടില്ലേ? ഹൃദയം! നെഞ്ചകം! കണ്ണേ മടങ്ങുക!

നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ക്രിമിനല്‍ സ്വഭാവം കുട്ടികളില്‍ ആര്‍ക്കാണ് കൂടുതല്‍ കാണുന്നതെന്ന്? സ്വന്തം നാട്ടുകാരില്‍ ഉണ്ടാകില്ല. അവന് ആ നാടിന്റെ പൊതു സ്വഭാവമറിയാം. ആദരവിന്റെ ശരീരഭാഷ അറിയാം. ബന്ധങ്ങളുടെ ഇഴ എങ്ങിനെ ചേര്‍ന്നതെന്നറിയാം. താനും തന്റെ കുടുംബവും എങ്ങിനെയാണ് ആ പതമുള്ള മണ്ണില്‍ വേര് താഴ്ത്തിയതെന്നറിയാം.
പാഠശാലകളിലെ കുട്ടിക്രിമിനലുകളും ക്രിമിനല്‍ മെന്റാലിറ്റിയും; ഉണരണം പിടിഎ സംവിധാനങ്ങള്‍

അന്യനാട്ടുകാര്‍ക്ക് ഇതറിയണമെന്നില്ല. നാട്ടിലെ ശല്യം തീര്‍ക്കാന്‍ ചിലര്‍ ഇത്തരം പോക്കിരികളെ പുറം സംസ്ഥാനത്തും പുറം ജില്ലകളിലും കൊണ്ട് പോയി വല്ല സ്‌കൂളിലോ മത പാഠശാലയിലോ ചേര്‍ത്തു കളയും. മാന്യത്തേക്ക് പണ്ട് കാലികളെ കൊണ്ട് വിടുന്നത് പോലെ, പിന്നെ ആ രക്ഷിതാവ് തിരിഞ്ഞും മറിഞ്ഞും നോക്കില്ല. പെരുന്നാളിനോ ഓണത്തിനോ ക്രിസ്മസിനോ വന്നാല്‍ വന്നു. ഒരു പൊതുശല്യം ഒഴിവാക്കിയ അവര്‍ക്കെന്ത് മക്കളും കുട്ട്യോളും.

കര്‍ണ്ണാടകയില്‍ റാഗിംഗ് നടക്കുന്ന ഏതെങ്കിലും പ്രൊഫഷനല്‍ കോളജുകളുടെ കേസ് സ്റ്റഡി എടുത്തു നോക്കൂ. ആ നാട്ടുകാര്‍, ചുറ്റുവട്ടത്തുള്ളവര്‍ മുന്‍പന്തിയിലുണ്ടാകില്ല. പുറം സംസ്ഥാനങ്ങളിലുള്ളവരായിരിക്കും എല്ലാ ഗുലുമാലും വലിച്ചിടുക. കുറെ പറയേണ്ടല്ലോ, നമ്മുടെ കേരളത്തിലെ സ്‌കൂളുകളിലെ റാഗിംഗ് കേസുകള്‍ ഒന്നു കണ്ണോടിച്ചാല്‍ വിഷയം പെട്ടെന്ന് മനസ്സിലാകും.

വിരല്‍ ചൂണ്ടുന്ന ഒന്നുണ്ട്. കേരളത്തില്‍ ഏതെങ്കിലുമൊരു ഹീനവൃത്തിക്ക് ഒരുത്തന്‍ തുടക്കമിട്ട്, അത് ഗൗരവമായി പൊതു സമൂഹം എടുത്തില്ലെങ്കില്‍ കൈവിട്ടു പോകാറുണ്ട്. രാഷ്ട്രീയ കൊലപാതകങ്ങളും കൂട്ട ആത്മഹത്യകളും കുടുംബ സഹിതം തൂങ്ങി മരണങ്ങളും ഒളിച്ചോട്ടങ്ങളും ഉദാഹരണം. ഇന്നതൊരു വെറും വാര്‍ത്തകളായി മാറിക്കഴിഞ്ഞുവല്ലോ.

നന്മകളും സല്‍സ്വഭാവങ്ങളും ഇടപെടല്‍ രീതി ശാസ്ത്രവും പഠിക്കേണ്ട സ്ഥാപനങ്ങളില്‍ നിന്നു ഇത്തരം വാര്‍ത്തകള്‍ കേട്ടാല്‍ ഒറ്റപ്പെട്ട സംഭവമായി ആരും തള്ളിക്കളയരുത്. നിസ്സംഗത പാലിച്ചാല്‍ കുട്ടികളില്‍ അക്രമ വാസനയ്ക്ക് വഴിമരുന്നിടും. പി ടി എ പോലുള്ള സംവിധാനങ്ങള്‍ നിര്‍ബന്ധമായും സജീവമായി പ്രവര്‍ത്തിക്കണം. അമിത ബഹുമാനത്തിന്റെ പേരിലോ അവരൊക്കെ നോക്കിക്കൊള്ളുമെന്ന ധാരണയുടെ പുറത്തോ അധ്യാപര്‍ക്ക് എല്ലാം വിട്ടുകൊടുക്കരുത്. പുറത്ത് നിന്ന് വന്ന് താമസിക്കുന്ന കുട്ടികളെ നിര്‍ബന്ധമായും മാസത്തിള്‍ ഒരു വട്ടമെങ്കിലും അവരുടെ വീടുകളിലേക്ക് ഉത്തരവാദിത്വത്തോടെ പറഞ്ഞയക്കണം.

താമസിച്ച് പഠിക്കുന്ന കുട്ടികളുമായി ആഴ്ചയിലൊരിക്കലെങ്കിലും അവരുടെ രക്ഷിതാക്കള്‍ ബന്ധപ്പെടുന്നുണ്ടോ എന്നും വാര്‍ഡന്‍ ചാര്‍ജു വഹിക്കുന്നവര്‍ ഉറപ്പു വരുത്തണം. ചേര്‍ക്കാന്‍ വരുന്ന രക്ഷിതാക്കളോട് മക്കള്‍ പഠിക്കുന്ന സ്ഥാപനങ്ങളില്‍ ഒന്നു കയറിയിറങ്ങാന്‍ നിര്‍ബന്ധിക്കണം. ആ സ്ഥാപനത്തിന് ചുറ്റുവട്ടത്തുള്ള പ്രദേശങ്ങളിലെ സാമുഹ്യ സേവന പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകാന്‍ കുട്ടികളോട് അധ്യാപകരും പിടിഎയും ആവശ്യപ്പെടണം. ആരും വല്യോരല്ല, ആരെ കണ്ടാലും മുട്ടുവിറക്കേണ്ടതുമില്ല.

മുമ്പൊക്കെ പാശ്ചാത്യ നാടുകളില്‍ നിന്നാണ് പാഠശാലകളില്‍ നിന്നുള്ള ദുരന്തവാര്‍ത്തകള്‍ കേട്ടു കൊണ്ടിരുന്നത്. ഈ വര്‍ഷം കേരളത്തില്‍ ഒരു കോളജില്‍ നിന്നാണ് കൊലപാതകത്തിന് തുടക്കമിട്ടത്. ഇപ്പോള്‍ ചെറിയ ക്ലാസ്സിലേക്കുമെത്തിയിട്ടുണ്ട്. സൂക്ഷിച്ചാല്‍ നന്ന്. പിടിഎ (അത് മതപാഠശാലയായാലും ഭൗതിക പാഠശാലയായാലും) ഒന്നു കണ്ടറിഞ്ഞ് സജീവമാകണം. കൊല്ലങ്ങളോളം മീറ്റിംഗ് വിളിക്കാത്ത പിടിഎ കമ്മിറ്റികള്‍ പല ചുറ്റുവട്ടത്തും കാണും, അവരൊക്കെ ഒന്ന് ഉറക്കില്‍ നിന്നു ഉണരുന്നത് നല്ലതാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Aslam Mavila, Students, Murder, Criminal Mentality, Criminal mentality among Children 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL