city-gold-ad-for-blogger
Aster MIMS 10/10/2023

മാര്‍ഗം തറവാട്ടില്‍ ഏഴാം വര്‍ഷത്തില്‍ വീണ്ടും കളിയാട്ടം, ചൊവാഴ്ച്ച ചൂട്ടൊപ്പിക്കും

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍

(www.kasargodvartha.com 12/03/2018) കുറ്റിക്കോല്‍ കഴകം തുളുച്ചേരി തറവാട്ടില്‍ മറപിളര്‍ക്കല്‍ ചടങ്ങിനു ശേഷം കോപ്പും കോളുമായി തെയ്യം കലാകാരനമാര്‍ അതേ കഴകത്തിലെ കുണ്ടംകുഴി മാര്‍ഗം തറവാട്ടിലേക്കെത്തിച്ചേര്‍ന്നത് മാര്‍ച്ച് പത്തിന്. 11മുതല്‍ അവിടെയണ് ഉല്‍സവ മാമാങ്കം. 11ന് തുടങ്ങിയ മേളം 13 വരെ നിലക്കില്ല. കുലവനെ വരവേല്‍ക്കാന്‍ കുണ്ടംകുഴിയപ്പന്റെ നാടും നഗരപ്പെരുവഴി വരെ ഒത്തൊരുമിച്ചു കഴിഞ്ഞു. നാടെങ്ങും ആഘോഷ തിമിര്‍പ്പില്‍.

കുണ്ടംകുഴി പഞ്ചേലിംഗേശ്വര ക്ഷേത്ര കവാടത്തിനു മുമ്പിലൂടെ കിഴക്കോട്ടൊഴുകുന്ന മലയോര ഹൈവേയ്ക്കരികില്‍ മുളകൊണ്ട് തീര്‍ത്ത കൂറ്റന്‍ കവാടം കാണാം. ഇത് മാര്‍ഗം തറവാടിലേക്കുള്ള രാജവീഥിയാണ്. ജനങ്ങള്‍ക്ക് സ്വാഗതമരുളുകയാണ് ഈ കമാനം.

ഒരു പതിറ്റാണ്ടു പൂര്‍ത്തിയായില്ല, അതിനു മുമ്പേ വീണ്ടും കുലവനെ കെട്ടിയാടാന്‍ ഇവിടെ ചില നിമിത്തങ്ങളുണ്ട്. പാലാത്തിയ്യന്‍ - തറവാട്ടംഗത്തിനു തന്റെ താവഴിയില്‍പ്പെട്ട മാര്‍ഗം തറവാട്ടിന്റെ തിരുമുറ്റത്ത് ഭഗവാനെ കെട്ടിയാടി കാണണമെന്ന അതിയായ ആഗ്രഹമുദിച്ചു. വലിയടുക്കം ബേഡകം ബാലകൃഷ്ണന്റെ ഈ ആഗ്രഹം സ്വന്തം സമ്പാദ്യത്തില്‍ നിന്നും പണമെടുത്ത് ചിലവഴിച്ച് അദ്ദേഹം നിവര്‍ത്തിച്ചു. 2011ല്‍ നടന്ന ഈ സൗഭാഗ്യം ഏഴു വര്‍ഷത്തിനു ശേഷം വീണ്ടും കുലവനെ കാണാനുള്ള അവസരമായി നാടിനും നാട്ടാര്‍ക്കും വന്നു ചേര്‍ന്നിരിക്കുകയാണ് .

മാര്‍ഗം തറവാട്ടില്‍ ഏഴാം വര്‍ഷത്തില്‍ വീണ്ടും കളിയാട്ടം, ചൊവാഴ്ച്ച ചൂട്ടൊപ്പിക്കും

തറവാട്ടിന്റെ സര്‍വസ്വവുമായിരുന്ന ഗദ്ദേ മുലയില്‍ ടി.അച്യുതന്റെ അടങ്ങാത്ത ആഗ്രഹം ഇവിടെ പൂവണിയുകയാണ്. അതാണ് ഇപ്പോള്‍ 11 മുതല്‍ 13വരെ നടക്കുന്ന കളിയാട്ടം. പിതാവിന്റെ ആഗ്രഹം അച്യുതനു ശേഷം ഭാര്യയും മക്കളും നിവര്‍ത്തിക്കുകയായിരുന്നു. തറവാട്ടു മൂപ്പനായി നിശ്ചയിച്ച് 80കാരന്‍ കണ്ണന്‍ ചക്കപ്പീലി ഇത്തവണ ചൂട്ടൊപ്പിക്കും.

തറവാടും നാടും കാക്കുന്ന തറവാട്ടു ഗുളികള്‍-യശമാനന്‍-കോലംചാര്‍ത്തി കുറിച്ചിനടുക്കത്ത് ഉറഞ്ഞാടിയതോടെ ഞായറാഴ്ച്ച ഉച്ചക്ക് ഒരു മണിക്കാണ് തെയ്യാട്ടങ്ങളുടെ മുടിയുയര്‍ന്നത്. ചൊവ്വാഴ്ച രാത്രി മറ പിളര്‍ക്കുന്നതോടെ കുലവന്റെ ആരവങ്ങള്‍ രാവണേശ്വരം കൊട്ടിലങ്ങാട്ടേക്കു നീങ്ങും. പിന്നീട് കാഞ്ഞങ്ങാട് കേന്ദ്രീകരിച്ചുള്ള തെയ്യക്കാലം.

പാലക്കുന്ന് കേന്ദ്രീകരിച്ചുള്ള തീയ്യ സമുദായ കഴക സ്ഥാനത്തിന്റെ പൂജാരിയായി ഇപ്പോള്‍ ചുമതലയുള്ള സുനീഷ് പൂജാരിയുടെ പിതൃ തറവാടായ ഏരോല്‍ പതിക്കാല്‍ വീടുമായി മാര്‍ഗം തറവാട്ടിനുള്ള ബന്ധം അഭേദ്യമാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പെരുമയുടെ കഥ പറയാന്‍ അവശേഷിക്കുന്ന ഏരോല്‍ തറവാടില്‍ നിന്നും അംശം ഛേദിച്ചു പറിച്ചു നട്ടിടത്താണ് ഇന്നത്തെ മാര്‍ഗം തറവാടെന്ന് പഴമക്കാര്‍ ഓര്‍ക്കുന്നു. അന്ന് അവിടെ, കുണ്ടംകുഴിയില്‍ പഞ്ചലിഗേശ്വരന്റെ ഭുമിയില്‍ പതിനഞ്ചില്‍പ്പരം ഏക്കറുകളില്‍ മുളവേലി കെട്ടി പുനം കിളച്ച് ആദി കാരണവരും മരുമക്കളും കൃഷിയിറക്കി.

മാര്‍ഗം തറവാട്ടില്‍ ഏഴാം വര്‍ഷത്തില്‍ വീണ്ടും കളിയാട്ടം, ചൊവാഴ്ച്ച ചൂട്ടൊപ്പിക്കും

തണ്ടുള്ള തീയ്യരെ തടുക്കാന്‍ മാടമ്പിമാര്‍ക്കു കരുത്തു പോരാതെ വന്നപ്പോള്‍ കിളച്ചു മറിച്ചിട്ട പുനത്തില്‍ വിത്തു പാകി. കൂടെ കുലവനും കൂടി. ദാഹത്തിനു മോന്താന്‍ തെങ്ങിന്‍ കുല ചെത്തിക്കെട്ടി കള്ളെടുത്തു. ആ കാരണവരും പരിവാരങ്ങളും കുലവനോടൊപ്പം ചേര്‍ന്ന് ദാഹം ശമിപ്പിച്ചു. പുനം തീണ്ടാന്‍ വന്ന പന്നിക്കൂട്ടങ്ങളെ അമ്പയ്ത് കൊന്നു ചുട്ട ഇറച്ചി കള്ളിനു കറിയായി ചേര്‍ത്തു. അങ്ങനെ അവര്‍ കുണ്ടംകുഴിയപ്പന്റെ പ്രിയ്യപ്പെട്ടവരായി മാറി. കാലം പിന്നേയും താണ്ടി. ഇന്ന് ഭുമി പലതും കൈവിട്ടു പോയെങ്കിലും പ്രതാപത്തിനു ഒരു കോട്ടവും വന്നു ചേര്‍ന്നിട്ടില്ല. അതിനുള്ള ഉദാഹരണം കൂടിയാണ് ഇപ്പോള്‍ നടന്നു വരുന്ന ആഘോഷം.

ഒരു പതിറ്റാണ്ടിനിടയില്‍ ഏഴു വര്‍ഷത്തിനു ശേഷം വീണ്ടും കുലവന്റെ ഗുണം വരണം തിരുമൊഴി കേള്‍ക്കാന്‍ അവസരം ഒരുങ്ങുന്നത് ഈ പ്രതാപത്തിന്റെയും അംഗീകാരത്തിന്റെയും കൊടിക്കൂറയായി കണക്കാക്കണം. എവിടെ തെയ്യം കെട്ടിനു തുടക്കം കുറിക്കുമ്പോഴും ആദ്യം കൂവ്വം അളക്കുന്നത് കുണ്ടംകുഴിയിലെ പഞ്ചലിംഗേശ്വരനു വേണ്ടിയാണ്. ഇവിടെ തന്റെ അമരഭുവില്‍ നിറഞ്ഞാടവെ കുലവന് ക്ഷേത്ര തിരുമുറ്റം സന്ദര്‍ശിക്കാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നും, എന്നാല്‍ തിരു നട അടഞ്ഞു കിടന്നതിനാല്‍ 2011ല്‍ അത് സാധ്യമാകാതേയും വന്നു എന്ന് ആഘോഷക്കമ്മറ്റികള്‍ ഓര്‍ത്തു വെക്കുന്നു. സാധിച്ചാല്‍ ഇത്തവണ നടതുറക്കും നേരം വൈകുണ്ഡനാഥനും, കുലവനും പരസ്പര ദര്‍ശനത്തിനായുള്ള അവസരം സിദ്ധിക്കുമോ എന്നു നേരിട്ടു കണ്ടറിയാന്‍ കാത്തിരിക്കുകയാണ് ശൈവാംശ പ്രിയരായ ഭക്തര്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Religion, Prathibha-Rajan, Vayanattu kulavan,  Vayanattu kulavan theyyam fest

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL