city-gold-ad-for-blogger
Aster MIMS 10/10/2023

ഖാസിയുടെ മരണം; ആസൂത്രണം ചെയ്തത് നീലേശ്വരത്തെ ഉഴിച്ചില്‍ കേന്ദ്രത്തിലാണെന്ന് ഓട്ടോഡ്രൈവര്‍ സി ബി ഐക്ക് മൊഴി നല്‍കി; തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്നും ഡ്രൈവര്‍

നീലേശ്വരം:(www.kasargodvartha.com 15.01.2018) മംഗളൂരു- ചെമ്പരിക്ക ഖാസിയായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തല്‍ നടത്തിയ ഓട്ടോഡ്രൈവര്‍ സിബിഐക്ക് മൊഴി നല്‍കി. ഖാസിയുടെ മരണം കൊലപാതകമാണെന്നും ഇത് ആസൂത്രണം ചെയ്തത് നീലേശ്വരത്തെ ഒരു ഉഴിച്ചില്‍ കേന്ദ്രത്തില്‍ നിന്നുമാണെന്നാണ് ഓട്ടോറിക്ഷാ ഡ്രൈവര്‍ ആദൂര്‍ പരപ്പയിലെ അഷ്റഫ് സിബിഐക്ക് മൊഴി നല്‍കിയത്.

അതേ സമയം കൊലപാതകം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുപറയാതിരിക്കാന്‍ ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട് രൂപീകൃതമായ ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാനും ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍ പ്രസിഡണ്ടുമായ ഉമറുല്‍ ഫാറൂഖ് തങ്ങള്‍ തനിക്ക് പണം വാഗ്ദാനം ചെയ്തതെന്നും അഷ്റഫ് വെളിപ്പെടുത്തി. കൊടുങ്ങല്ലൂര്‍ സ്വദേശി നീലേശ്വരം കരുവാച്ചേരിയില്‍ നടത്തിയിരുന്ന ഉഴിച്ചില്‍ കേന്ദ്രത്തില്‍ വെച്ചാണ് ഖാസിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ചില രഹസ്യചര്‍ച്ചകള്‍ നടന്നതെന്നാണ് അഷ്റഫ് സിബിഐക്ക് മുന്നില്‍ വെളിപ്പെടുത്തിയത്.

സംഭവത്തിനുശേഷം ഉഴിച്ചില്‍ കേന്ദ്രം അടച്ചുപൂട്ടി ഇയാള്‍ നാടുവിട്ടതായും ഒരു സുഹൃത്തില്‍നിന്നാണ് താന്‍ ഇക്കാര്യം അറിഞ്ഞതെന്നും അഷ്റഫ് സിബിഐയോട് പറഞ്ഞു. ഖാസി മരിച്ചയുടന്‍ താന്‍ പലരോടും വിഷയവുമായി ബന്ധപ്പെട്ട് തനിക്കറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ അവരാരും അത് മുഖവിലക്കെടുത്തില്ല. തുടര്‍ന്നാണ് ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡണ്ടുകൂടിയായ തങ്ങളോട് വിവരങ്ങള്‍ പറഞ്ഞത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമുന്നില്‍ ഇതൊക്കെ പറയാന്‍ അവസരം ഒരുക്കിത്തരാനും ആവശ്യപ്പെട്ടു. എന്നാല്‍ വിവരങ്ങള്‍ ആരോടും ഇപ്പോള്‍ പങ്കുവയ്ക്കേണ്ടെന്നും പിന്നീട് പറയാമെന്നുമായിരുന്നു തങ്ങള്‍ തന്നോട് പറഞ്ഞതെന്നും അഷ്റഫിന്റെ മൊഴിയിലുണ്ട്.

പിന്നീട് മൂന്നുമാസത്തിന് ശേഷം ചോദിച്ചപ്പോഴും സമയമായിട്ടില്ല, എല്ലാം പിന്നീട് തുറന്നുപറയാമെന്ന് മറുപടി പറഞ്ഞു. ഒടുവില്‍ 2017 ഒക്ടോബറില്‍ തങ്ങള്‍ ഫോണില്‍ വിളിച്ച് തന്നോടുപറഞ്ഞ വിവരങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് വാട്സ്ആപ്പിലൂടെ അയക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. താനുമായി മുന്‍പരിചയമില്ലാത്തതുപോലെ വേണം റെക്കോര്‍ഡ് ചെയ്യാനെന്നും തങ്ങള്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഖാസിയുടേത് കൊലപാതകമാണെന്നും ആലുവയില്‍ നിന്നുള്ള ബാബു, നിശാന്ത് എന്നിവര്‍ ഗൂഢാലോചന നടത്തിയത് തനിക്കറിയാമെന്നുമുള്ള ശബ്ദരേഖ വാട്സ്ആപ്പിലൂടെ നല്‍കിയത്.

തന്റെ ഓട്ടോറിക്ഷയില്‍ ആറുതവണ ഇവരെ ഖാസിയുടെ വീട്ടിലെത്തിച്ചിട്ടുണ്ടെന്നും ഖാസിയുടെ മൃതദേഹം ചെമ്പരിക്ക കടപ്പുറത്തെ കടുക്കക്കല്ല് പാറക്കെട്ടിനുസമീപം കണ്ടെത്തിയതിന് തലേദിവസവും ഇവരെ ഖാസിയുടെ വീട്ടിലെത്തിച്ചിരുന്നെന്നും ശബ്ദരേഖയിലുണ്ടായിരുന്നു. ഇത് നല്‍കിയതിനു മൂന്നുദിവസം കഴിഞ്ഞ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ തന്നെ സമീപിച്ച് ഖാസിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇനി ആരോടും പറയാതിരിക്കാന്‍ എത്ര സംഖ്യ വാങ്ങിത്തരണമെന്ന് ചോദിച്ചപ്പോള്‍ പണം വാങ്ങി വായടക്കാന്‍ തയാറല്ലെന്ന് അറിയിച്ചപ്പോള്‍ പിറ്റേന്ന് വീട്ടിലേക്ക് ക്ഷണിച്ചു. തങ്ങളുടെ വീട്ടിലെത്തിയ തന്നെ കാറില്‍ കയറ്റി കാസര്‍കോട് പുലിക്കുന്നിലെ ഒരു കെട്ടിടത്തിനുമുന്നിലെത്തിച്ച് തങ്ങള്‍ കെട്ടിടത്തിലേക്ക് കയറിപ്പോയി. തുടര്‍ന്ന് അപരിചിതരായ ഒരുസംഘം തന്റെ അടുത്തേക്ക് വന്നപ്പോള്‍ പന്തികേട് തോന്നിയതിനെ തുടര്‍ന്ന് അവിടുന്ന് ഓടി രക്ഷപ്പെടുകയായിരുന്നെന്നും അഷ്റഫ് പറഞ്ഞു.

തന്റെ ഭാര്യാപിതാവ് സുലൈമാന്‍ വൈദ്യരുടെ നിര്‍ദേശപ്രകാരമായിരുന്നു ബാബുവിനെയും നിശാന്തിനെയും തന്റെ ഓട്ടോറിക്ഷയില്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കയറ്റിക്കൊണ്ടുവന്നത്. വൈദ്യര്‍ക്കൊപ്പം കൊയാമ്പുറം സ്വദേശിയും സിപിഎം കരുവാച്ചേരി ബ്രാഞ്ച് സെക്രട്ടറിയുമായ രാജനും ഉണ്ടായിരുന്നതായും അഷ്റഫിന്റെ മൊഴിയിലുണ്ട്. 2017 ഒക്ടോബര്‍ 11 ന് അഷ്റഫ് അഡ്വ. ത്വയ്യിബ് ഹുദവിയുടെ നിര്‍ദേശപ്രകാരം എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജഡ്ജി മുമ്പാകെ സാക്ഷിമൊഴി നല്‍കാന്‍ സന്നദ്ധനായി ഹാജരായിരുന്നു. ഇതിനും രണ്ടാഴ്ചയ്ക്കുശേഷമാണ് തന്റെ കൈവശം സൂക്ഷിച്ചിരുന്ന ശബ്ദരേഖ പുറത്തുവിടാന്‍ ഉമറുല്‍ ഫാറൂഖ് തങ്ങള്‍ തയ്യാറായതെന്നും ഓട്ടോഡ്രൈവര്‍ നല്‍കിയ മൊഴിയിലുണ്ട്.

അതേ സമയം സുലൈമാന്‍ വൈദ്യര്‍ സെക്രട്ടറിയായി സിപിഎം ആഭിമുഖ്യമുള്ള കളരി പാരമ്പര്യ വൈദ്യന്മാരുടെ ഒരു സംഘടനക്ക് രൂപം നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ രാജനാണ് പ്രവര്‍ത്തിച്ചതെന്നും പുറത്തുവന്നിട്ടുണ്ട്. കരുവാച്ചേരിയില്‍ സുലൈമാന്‍ വൈദ്യരുടെ നേതൃത്വത്തില്‍ കൊടുങ്ങല്ലൂര്‍ സ്വദേശി നടത്തിയ വൈദ്യശാലയെക്കുറിച്ച് അന്നു തന്നെ ചില ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. മടിക്കൈ സ്വദേശിനിയായ ഒരു യുവതി ഇവിടെ ഉഴിച്ചല്‍ നടത്തിയിരുന്നു. പ്രധാനമായും യുവാക്കളായിരുന്നു ഇവിടുത്തെ ഇടപാടുകാര്‍. ഈ യുവതി ഇപ്പോള്‍ വിദേശത്താണ്. നീലേശ്വരത്തെ ഉഴിച്ചില്‍ കേന്ദ്രം പൂട്ടിയതോടെ സുലൈമാന്‍ വൈദ്യരുടെ പ്രധാന പ്രവര്‍ത്തന കേന്ദ്രം ഇപ്പോള്‍ എറണാകുളം കേന്ദ്രീകരിച്ചാണ്. അതുകൊണ്ട് തന്നെ ഇയാളുടെ സാമ്പത്തിക ശ്രോതസ് ഏറെ ദുരൂഹമാണ്. അഷ്റഫിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സിബിഐ സംഘം സുലൈമാന്‍ വൈദ്യരെയും രാജനെയും ചോദ്യം ചെയ്യുമെന്നാണ് വിവരം.
ഖാസിയുടെ മരണം; ആസൂത്രണം ചെയ്തത് നീലേശ്വരത്തെ ഉഴിച്ചില്‍ കേന്ദ്രത്തിലാണെന്ന് ഓട്ടോഡ്രൈവര്‍ സി ബി ഐക്ക് മൊഴി നല്‍കി; തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്നും ഡ്രൈവര്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Neeleswaram, Kasaragod, Kerala, News, Murder, Auto Driver,  CBI,  Questioned,  railwaystation,  CPM, Khazi death; Auto driver gave statement to CBI.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL