city-gold-ad-for-blogger
Aster MIMS 10/10/2023

ഇടയ്ക്കയില്‍ നാദം തീര്‍ത്ത് റമദാന്‍ സംഗീതവുമായി ഞരളത്ത് ഹരിഗോവിന്ദന്‍

പാലക്കാട്: (www.kvartha.com 25.06.2017) ക്ഷേത്രത്തിലെ ഉപാസനാ മൂര്‍ത്തിയുടെ മുന്നില്‍ കൊട്ടിപ്പാടിയിരുന്ന സംഗീതം ഇതാ റമദാന്റെ പുണ്യനാദം മുഴക്കുന്നു. മിഴികളടച്ച് ഇടക്കയില്‍ കൊട്ടിപ്പാടുന്നത് മറ്റാരുമല്ല, സോപാന സംഗീതത്തിന്റെ കുലപതി ഞരളത്ത് രാമപ്പൊതുവാളിന്റെ മകന്‍ ഞരളത്ത് ഹരിഗോവിന്ദന്‍ തന്നെ. ''ലൈലത്തുല്‍ ഖദിറിന്റെ മാസം റമളാന്‍, റസൂലിന്റെ പാവനപുണ്യം റമളാന്‍''.... ആ സ്വരമാധുര്യം നുകര്‍ന്നവര്‍ തങ്ങളെതന്നെ മറന്നുനിന്നു.

ഹരിഗോവിന്ദന്‍ പാട്ടുനിറുത്തിയപ്പോള്‍ കേള്‍വിക്കാര്‍ക്കാകെ ആശ്ചര്യം. കേരളീയ ക്ഷേത്രകലാരൂപമായ സോപാനസംഗീതം മുസ്ലിം പശ്ചാത്തലത്തിലേക്കും വഴങ്ങുമെന്നത് ശ്രോതാക്കള്‍ക്ക് അപ്പോഴാണ് മനസിലായത്. മതമൈത്രിയുടെ പുത്തന്‍ അനുഭവം പകര്‍ന്നുനല്‍കിയ ഹരിയെ അവര്‍ ആനന്ദാശ്രുക്കള്‍ കൊണ്ടു മൂടുകയാണ്.

 ഇടയ്ക്കയില്‍ നാദം തീര്‍ത്ത് റമദാന്‍ സംഗീതവുമായി ഞരളത്ത് ഹരിഗോവിന്ദന്‍

റമളാന്റെ പുണ്യം നിറച്ചുളള സോപാനസംഗീതം മാതൃകയാണ്. പ്രത്യേകിച്ചും പരസ്പരം കലഹിക്കുന്ന ആധുനികകാലഘട്ടത്തില്‍. ഇമ്പമാര്‍ന്ന മുസ്ലീം ഗാനങ്ങളില്‍ പാരമ്പര്യവാദ്യങ്ങളായ അറബനമുട്ടും, ദഫ് വാദ്യവും ഉള്‍പ്പെടുത്തി നിരവധിഗാനങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ ഇടക്ക നാദത്തില്‍ ഒരുക്കിയ റമളാന്‍ ഗീതം ആസ്വാദന രംഗത്ത് വേറിട്ട അനുഭൂതിയാണ് സമ്മാനിച്ചിരിക്കുന്നത്.

ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ജാതിമതഭേദമെന്യേ ആയിരക്കണക്കിനാളുകള്‍ നവ മാധ്യമങ്ങളിലൂടെ ഞരളത്ത് ഹരിഗോവിന്ദന്റെ റമളാന്‍ ഗീതം നെഞ്ചിലേറ്റിയിരിക്കുന്നത്. പ്രമുഖ നവ മാധ്യമങ്ങളായ യൂ ട്യൂബ്, ഫേസ് ബുക്ക്, വാട്‌സ് ആപ്പ് തുടങ്ങിയവയിലൂടെ വലിയ ഒരു തരംഗം തന്നെയാണ് ഈ റമളാന്‍ ഗീതം സൃഷ്ടിച്ചിരിക്കുന്നത്.
മതാതീതമായ മനുഷ്യ സൗഹാര്‍ദത്തെ സംബന്ധിച്ച കാഴ്ച്ചപ്പാടിനെ അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണ് റമളാന്‍ ഗീതത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഞരളത്ത് ഹരിഗോവിന്ദന്‍ പറയുന്നു. കേരളത്തിലെ ക്ഷേത്ര കലാരൂപമായ സോപാനസംഗീതം ഒരു ക്ഷേത്രകല മാത്രമായി ഒതുങ്ങുമ്പോള്‍ പ്രത്യേകിച്ച് സാമൂഹ്യ ഇടപെടലുകള്‍ ഉണ്ടാകുന്നില്ല. 

വിശ്വാസികളുടെ ആചാരങ്ങള്‍ പൂര്‍ത്തീകരിക്കാനും, വിശ്വാസത്തെ കൊണ്ട് നടക്കാനും മാത്രമേ ഈ കല കൊണ്ട് കഴിയുകയുള്ളൂ. മതാതീതമായ ആത്മീയതയില്‍ ചിന്തിക്കുമ്പോള്‍ ഇത്തരം കലാരൂപങ്ങളുടെ സങ്കേതത്തെ എല്ലാ വിഭാഗം മനുഷ്യമനസുകളുടേയും ഇടപെടലുകളിലേക്ക് ലയിപ്പിക്കാന്‍ സാധിക്കുന്ന ഒന്നാക്കി പരിവര്‍ത്തിപ്പിക്കലാണ് ഒരു കലാകാരന്റെ ധര്‍മ്മമെന്ന് ഹരിഗോവിന്ദന്‍ പറയുന്നു.
കലാകാരന് ആദ്യം വേണ്ടത് എന്തും നേരിടാനുളള ധൈര്യമാണെന്നും അദ്ദേഹം ഇതോടൊപ്പം കൂട്ടിചേര്‍ക്കുന്നു. റമളാന്‍ ഗാനം ഇടക്കകൊട്ടി പാടാന്‍ ധൈര്യം കാണിച്ച ഹരിഗോവിന്ദന്‍ ജൗഷല്‍ ബാബു എന്ന മുസ്ലീം യുവാവിനെക്കൊണ്ട് ശ്രീകോവില്‍ സോപാനത്തില്‍ ഇടക്കകൊട്ടി പാടിക്കാനും ചങ്കൂറ്റം കാണിച്ചു. ഈ ഇച്ഛാശക്തി തന്നെയാണ് അങ്കമാലി കാഞ്ഞൂര്‍ ക്രിസ്ത്യന്‍ ദേവാലയത്തില്‍ രണ്ടുമണിക്കൂര്‍ ഹരിഗോവിന്ദ ഗീതമാലപിക്കാനും ഇടയായത്.

ഇത്തരത്തിലുള്ള ഉള്‍ക്കരുത്താര്‍ന്ന കലാപ്രവര്‍ത്തനങ്ങളാണ് ഒരു കലാകാരനെ വിത്യസ്തനാക്കുന്നതെന്ന അഭിപ്രായമാണ് ഹരിഗോവിന്ദനുളളത്. പരസ്പരം തോല്‍പിക്കാനുള്ള മത്സരങ്ങള്‍ക്കും ഗിന്നസ് പ്രകടനം പോലുള്ള മറികടക്കലുകള്‍ക്കും മറ്റു കോമാളിത്തങ്ങള്‍ക്കും ഉള്ളതല്ല കലാരൂപങ്ങള്‍ എന്ന് അതിശക്തമായ നിലപാടെടുത്താണ് ഹരിഗോവിന്ദന്‍ മുന്നോട്ട് പോവുന്നത്.

മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം പാലക്കോട് ഗ്രാമത്തില്‍ ജനിച്ച ഹരിഗോവിന്ദന്‍ ഇപ്പോള്‍ പാലക്കാട് ജില്ലയിലെ ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനു തൊട്ടടുത്തു താമസിക്കുന്നു. അമ്മ: ലക്ഷ്മിക്കുട്ടിയമ്മ. ഭാര്യ മായ, സ്വാശ്രയ കോളജില്‍ മാത്തമാറ്റിക്‌സ് ലക്ചറര്‍ ആണ്. മകള്‍ ശ്രീലക്ഷ്മി, പ്ലസ്ടു വിദ്യാര്‍ഥിനി.

ഇന്ത്യക്കകത്തും, വിദേശ രാജ്യങ്ങളിലുമായി നിരവധി വേദികളില്‍ ഇടക്കനാദ വിസ്മയം തീര്‍ക്കുന്ന ഞരളത്ത് ഹരിഗോവിന്ദനെ നിരവധി പുരസ്‌കാരങ്ങളും തേടി എത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം തിരുവനന്തപുരത്ത് വെച്ച് നടന്ന കേരള സംഗീത നാടക അക്കാഡമിയുടെ അവാര്‍ഡ് വിതരണത്തില്‍ ഈ വര്‍ഷത്തെ സോപാന സംഗീതത്തിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലനില്‍ നിന്നും ഞരളത്ത് ഹരിഗോവിന്ദന്‍ ഏറ്റുവാങ്ങിയിരുന്നു.

Also Read:
പ്രധാനമന്ത്രി അമേരിക്കയിൽ; ട്രംപുമായുള്ള ആദ്യ കൂടിക്കാഴ്ച്ച തിങ്കളാഴ്ച്ച നടത്തും


Keywords: Hari Govindan introduces music scene of Ramadan, news, Top-Headlines, Singer, Social-Media, Temple, Kerala.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL