City Gold
news portal
» » » » » » » » ഗാസ സ്ട്രീറ്റിനെ തീവ്രവാദ കേന്ദ്രമാക്കുന്നത് ബിജെപി നേതാവെന്ന് ലീഗ് നേതാവ് എ.അബ്ദുര്‍ റഹ് മാന്‍; സ്ഥലത്തിന്റെ പേരുമാറ്റിയവര്‍ക്കെതിരെ കേസെടുക്കണമെന്ന് ബിജെപി നേതാവ് അഡ്വ കെ.ശ്രീകാന്ത്

കാസര്‍കോട്: (www.kasargodvartha.com 20.06.2017) കാസര്‍കോട് തുരുത്തിയില്‍ ഒരു മാസം മുമ്പ് നിര്‍മ്മിച്ച കോണ്‍ക്രീറ്റ് റോഡിന് ഗാസ സ്ട്രീറ്റ് എന്ന ബോര്‍ഡ് വെച്ച സംഭവത്തില്‍ എന്‍ ഐ എ അന്വേഷണം നടത്തുന്നതിനു പിന്നാലെ ലീഗ്- ബിജെപി നേതൃത്വങ്ങള്‍ പ്രസ്താവനകളുമായി രംഗത്ത് വന്നു. ശാന്തിയും സമാധാനവും നിലനില്‍ക്കുന്ന പ്രദേശങ്ങളെ തെരഞ്ഞുപിടിച്ച് തീവ്രവാദ പ്രവര്‍ത്തന കേന്ദ്രങ്ങളായി മുദ്ര കുത്തി നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാനുള്ള ബി.ജെ.പി നേതാവിന്റെ നീക്കം കരുതിയിരിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുര്‍ റഹ് മാന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കാസര്‍കോട് മുനിസിപ്പാലിറ്റിയിലെ തുരുത്തിയില്‍ ഒരു തെരുവിന് ഗാസ സ്ട്രീറ്റ് എന്ന് നാമകരണം ചെയ്തുവെന്നാരോപിച്ച് തുരുത്തിയെ തീവ്രവാദ റിക്രൂട്ട്‌മെന്റ് കേന്ദ്രമെന്ന് വിശേഷിപ്പിച്ച് ബി.ജെ.പി നേതാവ് സുരേന്ദ്രന്‍ രംഗത്ത് വരികയും ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് പരാതി നല്‍കുകയും ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയാക്കുകയും ചെയ്തത് വ്യക്തമായ ഗൂഢാലോചനയുടെ ഭാഗമാണ്. ബി.ജെ.പി ശക്തികേന്ദ്രങ്ങളില്‍ ദേശദ്രോഹികളുടെയും കൊലയാളികളുടെയും പേരില്‍ നഗറും സ്തൂപവും സ്ഥാപിക്കുന്നവരാണ് ഒരു ക്രിമിനല്‍ പോലുമില്ലാത്ത ഒരു പെറ്റികേസ്സില്‍ പോലും ഉള്‍പ്പെടാത്ത ജനങ്ങള്‍ അധിവസിക്കുന്ന സമാധാനവും സൗഹാര്‍ദവും നിലനില്‍ക്കുന്ന തുരുത്തി പ്രദേശത്തെ കളങ്കപ്പെടുത്താന്‍ ബിജെപി നേതാവ് മുന്നോട്ട് വന്നത്. തെരഞ്ഞെടുപ്പ് കേസില്‍ നേരിട്ട് കൊണ്ടിരിക്കുന്ന തിരിച്ചടി മറച്ച് വെക്കാനും നാട്ടില്‍ വര്‍ഗീയ വിഷം ചീറ്റാനുമാണ് ഇത്തരമൊരു പരാതി നല്‍കിയതെന്നും എ. അബ്ദുര്‍ റഹ് മാന്‍ കുറ്റപ്പെടുത്തി.

സുരേന്ദ്രന്‍ കാസര്‍കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് മുതല്‍ കാസര്‍കോടിന്റെ സമാധാനം നഷ്ടപ്പെടുകയും നാട് കലാപഭൂമിയാക്കുകയും ചെയ്തിരിക്കുകയാണ്. മിതവാദികളായ പാര്‍ട്ടി പ്രവര്‍ത്തകര്‍പോലും ഇക്കാര്യം സമ്മതിക്കുന്നുണ്ടെന്നും അബ്ദുര്‍ റഹ് മാന്‍ പറഞ്ഞു. രാജ്യത്ത് കേട്ടുകേള്‍വിപോലുമില്ലാത്ത രീതിയില്‍ ചൂരിയില്‍ മദ്രസാധ്യാപകനെ താമസസ്ഥലത്തു കയറി മൃഗീയമായി വെട്ടി കൊലപ്പെടുത്താന്‍ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക് പ്രചോദനം നല്‍കിയത് സുരേന്ദ്രന്റെ വര്‍ഗ്ഗീയ വിഷം ചീറ്റുന്ന ചില പ്രസ്താവനകളും നിര്‍ദ്ദേശങ്ങളുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കാസര്‍കോടും പരിസര പ്രദേശങ്ങളിലും നിലനില്‍ക്കുന്ന സമാധാനന്തരീക്ഷവും മത സൗഹാര്‍ദവും തകര്‍ക്കാന്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്ന സുരേന്ദ്രനെ നിയന്ത്രിക്കാന്‍ ബി.ജെ.പി തയ്യാറാവണമെന്നും അല്ലാത്ത പക്ഷമുണ്ടാവുന്ന മുഴുവന്‍ ഭവിഷ്യത്തുകള്‍ക്കും ബി.ജെ.പിയായിരിക്കും ഉത്തരവാദിയെന്നും അബ്ദുര്‍ റഹ് മാന്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം തുരുത്തിയുടെ പേരുമാറ്റി ഗാസാ തെരുവ് എന്ന് പേരുമാറ്റിയവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്തും രംഗത്ത് വന്നു. തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നതും അതിന് ശ്രമിക്കുന്നതും രാജ്യദ്രോഹക്കുറ്റമാണ്. കാസര്‍കോട് നഗരസഭ പണം ചെലവഴിച്ച് നിര്‍മ്മിച്ച റോഡിന് ഗാസ എന്ന് പേര് മാറ്റിയത് പ്രതിഷേധാര്‍ഹമാണ്. ഗാസ റോഡിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി. ബഷീറിനെതിരെ നടപടി സ്വീകരിക്കണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു.

നഗ്‌നമായ രാജ്യദ്രോഹ കുറ്റത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബഷീര്‍ കൂട്ടുനില്‍ക്കുകയാണ്. പണം ചെലവഴിച്ച കാസര്‍കോട് നഗരസഭ ഭരണസമിതിക്ക് നേതൃത്വം നല്‍കുന്ന മുസ്ലിംലീഗ് ജനപ്രതിനിധികള്‍ കുറ്റക്കാരാണ്. ഇവര്‍ക്കെതിരെ കേസെടുക്കണമെന്ന് ശ്രീകാന്ത് ആവശ്യപ്പെട്ടു. സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടും പോലീസ് നടപടി സ്വീകരിച്ചില്ല. രാജ്യദ്രോഹ കുറ്റത്തിന് സംസ്ഥാന പോലീസും കൂട്ടുനില്‍ക്കുകയാണ്. സംഭവത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും ശ്രീകാന്ത് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Also Read:
കാസര്‍കോട്ടെ ഗാസ സ്ട്രീറ്റിന്റെ പേരിലും എന്‍ ഐ എ അന്വേഷണം; പേരിട്ടതിന് തീവ്രവാദ ബന്ധം ആരോപിക്കുന്നതിന് പിന്നില്‍ ഗൂഢാലോചനയെന്ന് നാട്ടുകാര്‍, ബി ജെ പിയും മുസ്ലിം ലീഗും നേര്‍ക്കുനേര്‍

Kasaragod, Kerala, news, Muslim-league, BJP, A.Abdul Rahman, K.Surendran, Adv. K.Srikanth, Gaza street; BJP, League statements

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Muslim-league, BJP, A.Abdul Rahman, K.Surendran, Adv. K.Srikanth, Gaza street; BJP, League statements

About kvartha desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date