city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട് വികസനം: പരിസര പ്രദേശങ്ങളുടെ തലവര തിരുത്തുവാന്‍ ബൈപാസ് വരണം

എ എസ് മുഹമ്മദ്കുഞ്ഞി

(www.kasargodvartha.com 17.10.2016) സാധാരണക്കാരുടെ കാഴ്ചപ്പാടില്‍ നാടിന്റെ വികസനമെന്നാല്‍ റോഡുകളും പാലങ്ങളും മാത്രമാണെന്ന് തമാശയായി പറയാറുണ്ട്. അവരുടെ വീടുകളിലേയ്ക്ക് റോഡ് വെട്ടിക്കൊടുക്കണം. റോഡ്/പാലം വന്നാല്‍ അവര്‍ക്ക് സൗകര്യങ്ങള്‍ തുറന്നു കിട്ടും എന്ന് മാത്രമല്ല ഉദ്ദേശം, അവരുടെ ഭൂമിയ്ക്ക് വില കൂടുകയും ചെയ്യും. അവരുടെ ഈ ആവശ്യങ്ങളില്‍ വരുന്നത് ചെറു റോഡുകളും പാലങ്ങളുമാണ്. പക്ഷെ നാം സംസാരിക്കുന്നത് വലിയ റോഡുകള്‍/പാലങ്ങളെക്കുറിച്ചാണ്. അവ, കടന്നു പോകുന്ന പ്രദേശത്തിന്റെ/ങ്ങളുടെ മുഖച്ഛായ മാറ്റുമെന്ന് മാത്രമല്ല, നാടിന്റെ സമഗ്ര പുരോഗതിക്ക് അത് ആക്കം കൂട്ടുകയും ചെയ്യും.

ഇക്കാലത്ത്, പുതുക്കുന്ന സര്‍ക്കാര്‍ കെട്ടിടങ്ങളുടെ കാര്യവും തഥൈവ, അവ പാഴ്ച്ചിലവാണെന്ന് പറയാനൊക്കില്ല. ഇന്ന് പഴയ പോലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചോര്‍ന്നൊലിക്കുന്ന, അപകടകരമായ പഴയ കെട്ടിടങ്ങളില്‍ ഇരുന്ന് ജോലി ചെയ്യാന്‍ തയ്യാറാകുമോ? നാടാകെ മാറ്റങ്ങള്‍ കൊണ്ടു വന്ന ഒരു പഞ്ചായത്ത്/മുനിസിപ്പാലിറ്റി ആസ്ഥാനത്തിന് നല്ല കെട്ടിടം വേണ്ടെന്ന് പറയാനാര്‍ക്കുമാവില്ല. ഈയിടെ കാസര്‍കോട്ടെ പൊതുമരാമത്ത് ഓഫീസിന് ഒരു ഗെയ്റ്റ് പണിതത് എത്രയോ ലക്ഷങ്ങള്‍ ചിലവഴിച്ചാണ്. വിമര്‍ശനങ്ങള്‍ മാധ്യമങ്ങളില്‍ വന്നു. പക്ഷെ അവര്‍ യാതൊന്നും ചെവി കൊള്ളാതെ പൂര്‍ത്തീകരിച്ചു. മന്ത്രി വന്ന് ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു. ഒരു പുഴ കടന്നു പോകേണ്ടിടത്ത്, പഴമ നിലനിര്‍ത്താന്‍ കടത്തു മതി, കടത്തുകാരന് തൊഴില്‍ നഷ്ടപ്പെടുകയും അരുതല്ലോ എന്നൊക്കെ കരുതുന്നവരെ ഇന്ന് തലയ്ക്ക് വട്ടെന്നെ പറയൂ. ഒരു പാലം വന്നാലെ ഇക്കരെയുടെ വികസനം മറുകരയിലുമെത്തുകയുള്ളൂ.. അതു വഴി പുതിയൊരു ലോകം തുറന്നു കിട്ടുകയും ചെയ്യും. വികസനത്തിന് അവശ്യ സാമഗ്രികളെല്ലാം എത്രയും പെട്ടെന്ന് എത്തിക്കിട്ടുന്നതിനും സുരക്ഷിതവും ചിലവു കുറഞ്ഞതുമായ വഴിയും റോഡുമാര്‍ഗ്ഗം തന്നെ.

കാസര്‍കോടിന്റെ വികസന കാര്യത്തിലും റോഡുകള്‍ വഹിക്കേണ്ടുന്ന പങ്ക് ചെറുതായി കാണാനാവില്ല. നല്ല എന്‍എച്ച് ഇല്ലാതെ പോയത്, ഈ പട്ടണത്തെയും പരിസരപ്രദേശങ്ങളേയും സാരമായി ബാധിച്ചോ എന്നും പരിശോധിക്കേണ്ടിയിരിക്കുന്നു. പറഞ്ഞു വരുന്നത് നമ്മുടെ നാലുവരിപ്പാതയെ സംബന്ധിച്ചു തന്നെ. ഇനിയിപ്പോ അതു പറഞ്ഞുവെന്ന് വെച്ച് പഴയ പോലെ എന്റെ മേക്കിട്ട് കയറാനൊന്നും ആരും വരില്ലെന്ന് കരുതുന്നു.. 45 മീറ്ററില്‍ നാലു വരിപ്പാത കേരളത്തിലും പണിയുമെന്ന് മുഖ്യമന്ത്രി കേന്ദ്രത്തിന് ഉറപ്പു നല്‍കുകയും, അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

അതിനിടെ, കാസര്‍കോട് നഗര/പരിസര പഞ്ചായത്ത് ഭാഗത്ത് കൂടി ഒരു ബൈപാസ് വരുന്നു എന്നും അത് വിദ്യാനഗറില്‍ വെച്ച് വലതുവശത്തേക്ക് പിരിഞ്ഞ് ചെട്ടുംകുഴി, ഉളിയത്തടുക്കയിലൂടെ മൊഗ്രാല്‍ പുത്തൂറിലെ കാവുഗോളി-ചൗക്കിയില്‍ കൂടിച്ചേരുമെന്നും വാര്‍ത്ത വന്നിരുന്നു. അത് വളരെ വിദഗ്ദ്ധവും ഉചിതവുമായ ഒരു നിര്‍ദ്ദേശവുമാണെന്ന് ഇയാള്‍ക്കും തോന്നിയിരുന്നു. കാസര്‍കോട് പട്ടണത്തിന്റെ അരികിലൂടെ ഇപ്പോള്‍ എന്‍എച്ച് പോകുന്ന വഴിയില്‍ പോയാല്‍ ഒരുപാട് കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റി, ഭൂമിയ്ക്കും കെട്ടിടങ്ങള്‍ക്കും പൊന്നുംവില നല്‍കി ഖജനാവിന് അത് ഇരട്ടി നഷ്ടം വരുത്തി വെക്കുമെന്നും അതൊഴിവാക്കാന്‍ ഈ ബൈപാസ് ഉപകരിക്കുമെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. ഈയടുത്ത് മറ്റൊന്ന് കൂടി വായിക്കാനിടയായി. എന്‍എച്ച് കടന്നു പോകുന്നിടത്തു-(നഗര പരിസരം) കൂടെ തന്നെ നാലുവരി പാത പോകുമെന്നും അത് ഫ്‌ളൈ ഓവര്‍ ആയോ, അണ്ടര്‍ ഗ്രൗണ്ട് ആയോ ചെയ്യേണ്ടി വരുമെന്നും. അവസാനം അണ്ടര്‍ ഗ്രൗണ്ടിന് പ്രാമുഖ്യം കിട്ടിയെന്നുമാണ് കേട്ടത്.

കാസര്‍കോടിന്റെ ത്വരിത വികസനം സ്വപ്നം കാണുന്നവര്‍ മധൂര്‍ പഞ്ചായത്തിലൂടെ കടന്നു പോകുന്ന ബൈപാസിന് പിന്തുണ നല്‍കാനാണ് സാധ്യത. ഈ കുറിപ്പുകാരനും ബൈപാസിനോടാണ് ഒരു സ്വീകാര്യത തോന്നുന്നത്. അത് മേല്‍ സൂചിപ്പിച്ച പ്രദേശങ്ങളിലൂടെ കടന്നു പോകുമ്പോള്‍ പലര്‍ക്കും താത്ക്കാലിക നഷ്ടങ്ങളും, ചിലര്‍ക്ക് അപ്രതീക്ഷിത നേട്ടങ്ങളും വന്നു ഭവിക്കാന്‍ സാധ്യത ഉണ്ടെന്നത് നിഷേധിക്കുന്നില്ല. കടന്നു പോകുന്ന ഭാഗത്തെ ഭൂമി ഏറ്റെടുക്കുന്നത് നിമിത്തം, പുരയിടങ്ങള്‍ വീട് എന്നിവ നഷ്ടം സംഭവിക്കുന്നവര്‍ ദയവായി ഇയാളോട് കയര്‍ക്കരുത്. കാരണം, ഒന്ന്.. ഏത് വന്നാലും, ഏതിലൂടെ പാത കടന്നു പോയാലും ഇയാള്‍ക്ക് ഒരു ചുക്കും വരാനില്ല, ഒന്നും കിട്ടാനുമില്ല. രണ്ട്.. ഇപ്പോള്‍ നഷ്ടം സഹിക്കേണ്ടി വരുമെങ്കിലും ഭാവിയില്‍ അതവര്‍ക്ക് തന്നെ ലാഭമായി പരിണമിക്കും. പ്രദേശം ഒന്നടങ്കം ഡെവലപ് ചെയ്യുമ്പോള്‍ അവര്‍ക്ക് മാത്രം അതിന്റെ നേട്ടം ലഭിക്കാതെ പോവില്ലല്ലോ. അപ്രതീക്ഷിത നേട്ടം കൈവരിക്കുന്നവര്‍ പ്രസ്തുത ബൈപാസ് പോകുന്നതിന് പരിസരത്ത് ഭൂമി, കെട്ടിടം ഉള്ളവര്‍ തന്നെ.

നിര്‍ദ്ദിഷ്ട ബൈപാസ് വരികയാണെങ്കില്‍ വിദ്യാനഗര്‍, ഉദയഗിരി, ചെട്ടുംകുഴി, ഉളിയത്തടുക്ക, പെരിയടുക്ക, നീര്‍ച്ചാല്‍, ബദര്‍പള്ളി, ബ്ലാര്‍കോട്, എരിയാല്‍, ചൗക്കി എന്നീ പ്രദേശങ്ങളുടെ തലവര അത് മാറ്റിയെഴുതുമെന്നതിന് സംശയം വേണ്ട. മാത്രമല്ല, ഈ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി കാസര്‍കോട് കോര്‍പ്പറേഷന്‍ ആയി മാറാന്‍ സാധ്യത ഏറെയാണ്. ഒന്നൊന്നര പതിറ്റാണ്ട് മുമ്പൊന്ന് വന്നു പോയത് പോലെ, തുടക്കത്തില്‍ കാസര്‍കോട് ഡെവലപ്‌മെന്റ് അതോറിറ്റി' രൂപീകരിച്ച് ഈ ബൈപാസ് കടന്നു പോകുന്ന പ്രദേശം ഉള്‍പ്പെടുത്തി കാസര്‍കോട് മുനിസിപ്പാലിറ്റിയുടെ അതിര്‍ത്തി വിപുലീകരിക്കാം. അതുവഴി കാസര്‍കോട് നഗരം ഉളിയത്തടുക്ക വരെ വികസിക്കുകയും, വിശാലമായ ഈ പ്രദേശത്തിനകത്ത് നിരവധി റോഡുകളും കൈവഴികളും വികസിക്കുന്നത് നിമിത്തം നഗരത്തില്‍ ഇന്നനുഭവിക്കുന്ന ഗതാഗത കുരുക്ക് അവസാനിച്ചു കിട്ടുകയും ചെയ്യും.

പലര്‍ക്കും സംശയം, അതിലൂടെ ബൈപാസ് കടന്നു പോവുകയാണെങ്കില്‍ പ്രാദേശിക റൂട്ട് ബസുകളെല്ലാം അതിലൂടെയായിരിക്കും ഓടുക എന്നും അതിനാല്‍ കാസര്‍കോട് പട്ടണത്തിലെത്തേണ്ടവന് മറ്റൊരു ബസില്‍ കയറി യാത്ര ചെയ്യേണ്ടി വരുമെന്നുമാണ്. അതെങ്ങനെ സംഭവിക്കും? ഉദാഹരണത്തിന് കണ്ണൂരില്‍ നിന്ന് മംഗളൂരു പോകുന്ന ബസ് പുതിയ ബസ് സ്റ്റാന്‍ഡിലെത്തി, അവിടുന്ന് കാസര്‍കോട് ഡിപ്പോയില്‍ വന്ന് ഇപ്പോള്‍ പോകുന്ന വഴിയിലൂടെ ചൗക്കിയില്‍ ചെന്ന് ചേരുമെന്നല്ലേയുള്ളൂ. ഹ്രസ്വദൂര ബസ് റൂട്ടുകള്‍ക്ക് ഒരു മാറ്റവും സംഭവിക്കാതെ, ഇനി ബൈപാസിലൂടെ സഞ്ചരിക്കേണ്ടി വരികയാണെങ്കില്‍ തന്നെ നല്ല റോഡില്‍ കൂടി എളുപ്പമെത്താന്‍ സഹായിക്കുകയാവും ചെയ്യുക.

കൊച്ചി/കോഴിക്കോട്/കണ്ണൂരില്‍ നിന്ന് ബംഗളൂരു/ഗോവ/മുംബൈ പോകുന്ന ദൂര്‍ഘ ദൂര ടൂറിസ്റ്റ് ബസുകള്‍ മാത്രമെ ടൗണ്‍ ടച്ച് ചെയ്യാതെ അങ്ങനെ കടന്നു പോവുകയുള്ളൂ. അത്തരം ബസുകള്‍ക്ക്, ഒരു പക്ഷെ വിദ്യാനഗര്‍, ഉളിയത്തടുക്ക, ചൗക്കി എന്നിവയിലേതെങ്കിലും സ്റ്റേഷന്‍ പിടിക്കേണ്ടി വന്നേക്കാം എന്നതൊഴിച്ച് ബാക്കി ബസുകള്‍ക്ക് എവിടെ റൂട്ട് മാറ്റം വരാന്‍? ദീര്‍ഘദൂര ട്രക്കുകള്‍, പാഴ്‌സല്‍ വാഹനങ്ങള്‍, മംഗളൂരോ അതിനപ്പുറമോ പോകേണ്ട മറ്റു സ്വകാര്യ വാഹനങ്ങള്‍ തുടങ്ങിയവ വിദ്യാനഗറില്‍ നിന്ന് നേരെ ചൗക്കിയിലേയ്ക്ക് വെച്ചു പിടിക്കുന്നത് കൊണ്ട് വിദ്യാനഗര്‍ മുതല്‍ ചൗക്കി വരെ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് തൊണ്ണൂറ് ശതമാനവും മാറിക്കിട്ടും എന്നതിനും സംശയം വേണ്ട.

കാസര്‍കോട്ടെ വ്യാപാരികളും, നഗരവുമായി ബന്ധപ്പെട്ട ഉപജീവനം കഴിക്കുന്നവരും ഇതെ ആശങ്ക പങ്കു വെച്ചെന്നു വരാം. പക്ഷെ അവര്‍ക്കൊന്നും ആശങ്കപ്പെടാനായി ഒന്നുമില്ലെന്നാണ് ഇയാള്‍ക്ക് സൂചിപ്പിക്കാനുള്ളത്. വന്‍ വികസന പദ്ധതികള്‍ വരുമ്പോള്‍ ആശങ്കപ്പെടുക എന്നത് സ്വാഭാവികം. പക്ഷെ അതു കൊണ്ടുണ്ടാകുന്ന കോട്ടങ്ങള്‍ താത്ക്കാലികവും നേട്ടങ്ങള്‍ പ്രതീക്ഷിക്കുന്നതിലും അപ്പുറത്താവുമെന്നതാണ് യാഥാര്‍ത്ഥ്യം. മുംബൈ പഴയ നഗരത്തില്‍ നിന്ന് ചെമ്പൂര്‍, വാഷി, നവി മുംബൈ, മുതല്‍ പൂനെ വരെ ഫ്‌ളൈ ഓവറുകളും, ബൈപാസുകളും, തുരങ്കങ്ങളും പണിതു കൊണ്ടാണ് അസഹ്യമായ ഗതാഗതക്കുരുക്കിനെ നേരിട്ടത്. ഇന്നാരും അത് പരാതിപ്പെട്ട് കേള്‍ക്കാറില്ലല്ലോ. അത് പോലെ കാസര്‍കോട് പട്ടണ പരിസരത്ത് കൂടി കടന്നു പോകുന്ന നിലവിലുള്ള ഹൈവേയ്ക്ക് കറന്തക്കാട് മുതല്‍ നുള്ളിപ്പാടി വരെ ഫ്‌ളൈ ഓവര്‍ പണിത് സൗകര്യം വര്‍ദ്ധിപ്പിക്കുകയാണെങ്കില്‍ ഉത്തമമെന്ന കൂടി സൂചിപ്പിക്കട്ടെ.

Also Read:

ബൈപാസിനുള്ള നീക്കം തകൃതി


കാസര്‍കോട് വികസനം: പരിസര പ്രദേശങ്ങളുടെ തലവര തിരുത്തുവാന്‍ ബൈപാസ് വരണം

Keywords:  Article, Development project, Bypass, Road, Bridge, Chowki, Uliyathaduka, Vidya Nagar, Kasargod, Town, AS Muhammedkunhi, Bypass neede for development of Kasargod.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL