city-gold-ad-for-blogger
Aster MIMS 10/10/2023

കുറ്റിക്കോലില്‍ സി പി എം വിട്ടുവരുന്നവരെ സ്വീകരിക്കാന്‍ സി പി ഐ കണ്‍വെന്‍ഷന്‍ ഉറപ്പിച്ചു; ഗോപാലന്‍മാസ്റ്ററും അനുയായികളും പങ്കെടുക്കും

കുറ്റിക്കോല്‍: (www.kasargodvartha.com 17/08/2016) സി പി എമ്മിന്റെ അനുനയശ്രമങ്ങള്‍ വിഫലമാക്കിക്കൊണ്ട് മുതിരല്‍ന്ന നേതാവ് പി ഗോപാലന്‍മാസ്റ്ററുടെ നേതൃത്വത്തിലുള്ള വിമതപക്ഷം സി പി ഐയിലേക്കുതന്നെ. സി പി എം വിട്ടുവരുന്നവരെ സ്വീകരിക്കുന്നതിനായി ബുധനാഴ്ച വൈകിട്ട് കുറ്റിക്കോലില്‍ നടക്കുന്ന സി പി ഐ കണ്‍വെന്‍ഷന്‍ മാറ്റിവെക്കില്ല. കുറ്റിക്കോല്‍ വ്യാപാരഭവനില്‍ വൈകിട്ട് മൂന്നുമണിയോടെ നടക്കുന്ന കണ്‍വെന്‍ഷനില്‍ സി പി ഐയുടെ പ്രമുഖ നേതാവ് സത്യന്‍ മൊകേരിയും സി പി ഐ മുന്‍ ജില്ലാസെക്രട്ടറി കെ വി കൃഷ്ണനും പങ്കെടുക്കും.

സി പി ഐയുടെ പ്രാദേശികനേതാക്കളും പരിപാടിയില്‍ സംബന്ധിക്കുന്നുണ്ട്. ഗോപാലന്‍മാസ്റ്ററും അദ്ദേഹത്തെ അനുകൂലിക്കുന്ന നേതാക്കളും സി പി ഐ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. സി പി എം വിമതപക്ഷത്തെ കുറച്ചുപ്രവര്‍ത്തകരാണ് ആദ്യം സി പി ഐയില്‍ ലയിക്കുക എന്ന നിര്‍ദേശമാകും കണ്‍വെന്‍ഷനിലുണ്ടാവുക. ഒറ്റയടിക്കുള്ള ലയനത്തിന് പകരം ഘട്ടം ഘട്ടമായി സി പി ഐയില്‍ ചേരുകയെന്ന രാഷ്ട്രീയതന്ത്രവുമായാണ് സി പി എം വിമതരും സി പി ഐ നേതൃത്വവും മുന്നോട്ടുപോകുന്നത്. ഈതീരുമാനത്തിന്റെ ഭാഗമായി ഏതാനുംപേര്‍മാത്രമേ ഇപ്പോള്‍ സി പി ഐയില്‍ ചേരുകയുള്ളു. അടുത്തഘട്ടത്തില്‍ കൂടുതല്‍പേര്‍ സി പി ഐയില്‍ ചേരും. പാര്‍ട്ടി വിട്ടുപോയവരെ സി പി എം നേരിട്ടാല്‍ പാര്‍ട്ടിക്കുള്ളില്‍തന്നെ പ്രതിരോധിക്കാനുള്ള തന്ത്രമാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് കരുതുന്നത്.

അതുകൊണ്ടുതന്നെ കണ്‍വെന്‍ഷന്‍സംബന്ധിച്ച് പ്രചാരണപ്രവര്‍ത്തനങ്ങളൊന്നും സി പി ഐ നടത്തിയില്ല. ലയന സമ്മേളനം കൊട്ടിഘോഷിച്ച് നടത്താതിരിക്കുന്നതിന് പിന്നില്‍ സി പി എമ്മിനെ തല്‍ക്കാലം പ്രകോപിപ്പിക്കേണ്ടന്ന ലക്ഷ്യമാണ്. സി പി എം വിമതരുടെ വീടുകളില്‍ സി പി ഐ നേതാക്കള്‍ സന്ദര്‍ശിച്ച് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നതായാണ് അറിയുന്നത്. ഇക്കാര്യം പുറത്തറിയാതിരിക്കാന്‍ സി പി ഐ ശ്രദ്ധ പുലര്‍ത്തിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരിലെ പാര്‍ട്ടി ഓഫീസില്‍ വെച്ചുനടത്തിയ ചര്‍ച്ചയില്‍ വിമതനേതാവ് ഗോപാലന്‍മാസ്റ്ററോട് സി പി എം വിട്ടുപോകാതിരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. വിമതരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ സി പി എം കാസര്‍കോട് ജില്ലാനേതൃത്വത്തെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. സി പി എം ജില്ലാസെക്രട്ടറിയേറ്റ് ഈ വിഷയം ചൊവ്വാഴ്ച   ചര്‍ച്ച ചെയ്തു. അന്തിമതീരുമാനത്തിന് ജില്ലാകമ്മിറ്റിയെ ചുമതലപ്പെടുത്തി. ഈ സാഹചര്യത്തില്‍ വിമതര്‍ സി പി ഐയില്‍ ലയിക്കുന്ന കണ്‍വെന്‍ഷന്‍ കുറ്റിക്കോലില്‍ നടക്കില്ലെന്നും പ്രചാരണമുയര്‍ന്നു.

എന്നാല്‍ എല്ലാ രാഷ്ട്രീയവിശകലനങ്ങളെയും തകിടം മറിച്ചുകൊണ്ടാണ് സി പി ഐ കണ്‍വെന്‍ഷന്‍ നടക്കുമെന്ന അന്തിമവിവരം പുറത്തുവന്നിരിക്കുന്നത്. അതിനിടെ പിണറായി വിജയനുമായി നടത്തിയത് സൗഹൃദചര്‍ച്ച മാത്രമാണെന്നും രാഷ്ട്രീയകാര്യങ്ങള്‍ സംസാരിച്ചില്ലെന്നും ലയനകണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്നും ഗോപാലന്‍ മാസ്റ്റര്‍ കാസര്‍കോട  വാര്‍ത്തയോട് പറഞ്ഞു. സി പി എം ബേഡകം ഏരിയാകമ്മിറ്റി പിരിച്ചുവിടണമെന്നതടക്കമുള്ള ഗോപാലന്‍മാസ്റ്ററുടെ ആവശ്യം ജില്ലാനേതൃത്വം അംഗീകരിക്കാത്ത സാഹചര്യത്തിലാണ് വിമതര്‍ കടുത്ത നിലപാടുമായി മുന്നോട്ടുപോകുന്നത്.

കഴിഞ്ഞതെരഞ്ഞെടുപ്പില്‍ പ്രശ്‌നങ്ങളെല്ലാം താല്‍ക്കാലികമായി ഒത്തുതീര്‍പ്പാക്കിയിരുന്നുവെങ്കിലും പിന്നീട് സി പി എം നേതൃത്വം വിമതരുടെ ആവശ്യങ്ങള്‍ക്കുനേരെ പുറംന്തിരിഞ്ഞതോടെയാണ് വിമതര്‍ സി പി ഐയിലേക്ക് പോകുന്നത്.
കുറ്റിക്കോലില്‍ സി പി എം വിട്ടുവരുന്നവരെ സ്വീകരിക്കാന്‍ സി പി ഐ കണ്‍വെന്‍ഷന്‍ ഉറപ്പിച്ചു; ഗോപാലന്‍മാസ്റ്ററും അനുയായികളും പങ്കെടുക്കും

Keywords:  Kuttikol, CPM, CPI, Conference, Kasaragod, Kerala, Convention, Gopalan Master to attend CPI convention in Kuttikol

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL