city-gold-ad-for-blogger
Aster MIMS 10/10/2023

പിഞ്ചുകുഞ്ഞുങ്ങളെ മരണം വേട്ടയാടുന്നു; ദുരിത പര്‍വങ്ങളിലൂടെയാണ് ഷാജഹാന്റെ ജീവിത യാത്ര

പാലക്കുന്ന്: (www.kasargodvartha.com 19/06/2016) എഴുതിയാല്‍ തീരുന്നതല്ല പാലക്കുന്ന് കോട്ടപ്പാറ നെല്ലിയടുക്കത്തെ മുഹമ്മദ് ഷാജഹാന്റെ വീട്ടിലെ ദുരിതങ്ങള്‍. ദുരന്തങ്ങള്‍ ഒന്നൊന്നായി വേട്ടയാടുകയാണ് ഈ കുടുംബത്തെ. 40 വര്‍ഷം മുമ്പ് നല്ലൊരു ജീവിതം തേടിയാണ് ഷാജഹാന്‍ ലക്ഷദ്വീപില്‍ നിന്നും കാസര്‍കോട്ടെത്തിയത്. ഇവിടെ ഉമ്മുല്‍ കുല്‍സുവിനെ വിവാഹം കഴിച്ചു. നാല് ആണ്‍ മക്കളും നാല് പെണ്‍ മക്കളും. നല്ലൊരു ജീവിതം നയിച്ചുവരുമ്പോള്‍ പെട്ടെന്നായിരുന്നു ദുരന്തം ഷാജഹാനെ തേടിയെത്തിയത്.

ബന്തറില്‍ നിന്നും ലക്ഷദ്വീപിലേക്ക് കപ്പല്‍ കയറുന്നതിനിടെ ഇളയ മകന്‍ സക്കരിയ (18) കടലില്‍ വീണു മരിച്ചു. 2006ലായിരുന്നു സംഭവം. ഇളയമകന്റെ ആകസ്മിക വിയോഗം ഷാജഹാനെ പാടേ തളര്‍ത്തി. മറ്റൊരു മകന്‍ യൂസഫ് മാനസിക നില തെറ്റിയ നിലയിലാണ്. എപ്പോഴെങ്കിലും വീട്ടില്‍ വരും. രോഗത്തിനിടയിലും അഞ്ച് നേരം നിസ്‌കരിക്കും. ഏത് സമയം നോക്കിയാലും യൂസഫ് ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടേയിരിക്കും. യൂസുഫിന്റെ മൂന്നര വയസുള്ള മകള്‍ ഹസനത്ത് ബീവി മരണത്തോട് മല്ലിട്ടു കിടക്കുകയാണ്. ഹൃദയത്തിന് ദ്വാരമെന്നാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരിക്കുന്നത്. ചികിത്സയ്ക്ക് ലക്ഷങ്ങള്‍ വേണം. ഈ കുടുംബത്തിന്റെ ദയനീയത കണ്ട് ഡോക്ടര്‍ രോഗ വിവരം വളരെ സാവകാശമാണ് ഇവരെ അറിയിച്ചത്.

പനിയും ഛര്‍ദിയുമായിരുന്നു ഹന്നത്ത് ബീവിയുടെ രോഗ ലക്ഷണം. ഇപ്പോള്‍ ശരീരം മുഴുവന്‍ ക്ഷീണിച്ച അവസ്ഥ. ചിലപ്പോള്‍ വേദന കൊണ്ട് പുളയും. എല്ലാം കണ്ടിട്ടും പുന്നാര മോളുടെ അസുഖമെന്തെന്നോ, അതിന്റെ തീവ്രത എന്തെന്നോ മാനസിക നില തെറ്റിയ യൂസുഫിന് തിരിച്ചറിയാനായിട്ടില്ല. അതിനിടെ ഹസനത്തിന്റെ രോഗം മൂര്‍ഛിച്ചു. ഹൃദയത്തിന് ശസ്ത്രക്രിയ നടത്തിയില്ലെങ്കില്‍ ഹസനത്തിന്റെ ആയുസ് ഇനി ആറു മാസം കൂടി മാത്രമേ ഉണ്ടാകൂവെന്നാണ് എറണാകുളം അമൃത ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചത്. ജൂലൈ ഒമ്പതിന് എറണാകുളത്തെ ആശുപത്രിയില്‍ ഹസനത്തിന് ശസ്ത്രക്രിയ നടത്താന്‍ അപ്പോയിന്‍മെന്റ് എടുത്തിരിക്കുകയാണ്. സര്‍ക്കാര്‍ സഹായമായി കിട്ടിയ തുക ചികിത്സയ്ക്ക് തികയില്ലെന്ന് ഷാജഹാന്‍ സങ്കടത്തോടെ പറയുന്നു. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് യൂസുഫിന്റെ മറ്റൊരു മകന്‍ ഇംമ്രാനെ ((മൂന്ന്) യും മരണം തട്ടിയെടുത്തു. വീടിന് സമീപത്തെ വെള്ളക്കെട്ടില്‍ വീണായിരുന്നു ഈ പൈതലിനെയും മരണം വേട്ടയാടിയത്.

തീര്‍ന്നില്ല ഈ കുടുംബത്തിന്റെ കണ്ണുനീര്‍...ഷാജഹാന്റെ മറ്റൊരു മകന്‍ ഹാരിസിന്റെ രണ്ട് പിഞ്ചോമനകളെയാണ് മരണം തട്ടിയെടുത്തത്. ആറു വയസുള്ളപ്പോള്‍ മകന്‍ ഹാമിം ത്വയ്യിബിനെയും, മൂന്നു വയസ്സുള്ളപ്പോള്‍ മകള്‍ ഫമിദത്ത് ബീവിയെയും മരണം വന്ന് കൂട്ടിക്കൊണ്ടുപോയി. ഇരുവരെയും കീഴ്‌പ്പെടുത്തിയത് ഗുരുതരമായ കരള്‍ രോഗം. രോഗ ലക്ഷണങ്ങള്‍ കണ്ട് ചികിത്സ തുടങ്ങിയെങ്കിലും വിലകൂടിയ മരുന്നുകള്‍ വാങ്ങാനോ, വിദഗ്ധ ചികിത്സ നല്‍കാനോ ഓട്ടോ െ്രെഡവറായ ഹാരിസിന് സാധിച്ചില്ല. ദുരന്തങ്ങളെ ഓരോന്നായി അതിജീവിച്ച് ഈ കുടുംബം കരകയറുന്നതിനിടയില്‍ ഏറ്റവും ഒടുവിലായി ഹാരിസിന്റെ മറ്റൊരു മകള്‍ ഫാത്വിമത്ത് സുഹറയ്ക്കും കരള്‍ രോഗമാണെന്ന് തിരിച്ചറിഞ്ഞു. രണ്ട് മക്കളെയും അസുഖം കീഴ്‌പ്പെടുത്തിയെങ്കിലും ഇവളെ ഞാന്‍ മരണത്തിന് വിട്ടുകൊടുക്കില്ലെന്ന് ഈ ഉപ്പ അറിയാതെ മനസ്സില്‍ മന്ത്രിക്കുന്നുണ്ട്. പക്ഷേ പണമെന്ന തടസം ഹാരിസിന് മുന്നില്‍ വിലങ്ങുതടിയായി നില്‍ക്കുകയാണ്. സുഹറയുടെ രോഗം തുടക്കത്തിലാണ്. ഇപ്പോള്‍ തന്നെ വിദഗ്ധ ചികിത്സ നല്‍കിയാല്‍ ജീവന്‍ തിരിച്ചുകിട്ടുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഷാജഹാന്റെ ഏറ്റവും ഇളയ മകന്‍ തേപ്പ് ജോലിക്കാരനായ അനസ് അവിവാഹിതനാണ്. അനസിനും ഹാരിസിനും കിട്ടുന്ന തുച്ഛമായ വരുമാനം മാത്രമാണ് ഈ കുടുംബത്തിന്റെ ആശ്രയം.

ആണ്‍ മക്കളുടെയും പേരമക്കളുടെയും കഥ ഇതാണെങ്കില്‍ പെണ്‍ മക്കളുടെ ജീവിതം അതിലും ദയനീയമാണ്. മൂത്ത മകള്‍ ആമിനയെ ലക്ഷദ്വീപില്‍ നിന്നുള്ള ഒരാളാണ് വിവാഹം കഴിച്ചത്. ആദ്യ നാളുകളില്‍ അയാള്‍ ആമിനയ്ക്ക് സമ്മാനിച്ചത് സുഖസുന്ദരമായ ജീവിതം. എന്നാല്‍ ഏറെ വൈകാതെ ആമിനയും ദുരിതത്തിന്റെ കൈപ്പുനീര്‍ കുടിച്ചുതുടങ്ങി. പെട്ടെന്നൊരു ദിവസമാണ് ഇയാള്‍ക്ക് ലക്ഷദ്വീപില്‍ മറ്റൊരു ഭാര്യയുണ്ടെന്ന സത്യം ആമിന തിരിച്ചറിയുന്നത്. ഉപ്പാന്റെ സങ്കടം ഓര്‍ത്തു അവള്‍ എല്ലാം മനസ്സില്‍ അടക്കിവെച്ചു. പക്ഷേ ഈ കണ്ണുനീര്‍ തുള്ളികള്‍ക്കൊന്നും ദുരന്തങ്ങളെ തടഞ്ഞുനിര്‍ത്തിനുള്ള കെല്‍പ്പില്ലാതെ പോയി. ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് അഴിക്കകത്തായി. ഇപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് ആമിനയുടെ ഭര്‍ത്താവ്.

രണ്ടാമത്തെ മകള്‍ മൈമൂന. സ്‌നേഹ സമ്പന്നനായ ഖലീലു റഹ് മാനെയാണ് മൈമൂനയ്ക്ക് ഭര്‍ത്താവായി കിട്ടിയത്. ലക്ഷദ്വീപിലെ പള്ളിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഈ കുടുംബത്തെയും ദുരന്തം വേട്ടയാടിയത്. പെട്ടെന്നുണ്ടായ തളര്‍ച്ചയുമായാണ് ഖലീലു റഹ് മാനെ അവിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിന് ശേഷം ഖലീലു റഹ് മാന്റെ സംസാര ശേഷി നഷ്ടപ്പെട്ടു. ഇപ്പോള്‍ അസുഖത്തോട് പോരടിക്കുകയാണ് ഖലീലും.

മൂന്നാമത്തെ മകള്‍ അഫ്‌സയുടെ ദാമ്പത്യ ജീവിതത്തിന് ദിവസങ്ങളുടെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു സമൂഹ വിവാഹത്തിലാണ് അഫ്‌സയ്ക്ക് വരനെ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ മാത്രം തനിക്കൊപ്പം കഴിഞ്ഞ ഭര്‍ത്താവിന്റെ രൂപം ഓര്‍ക്കാന്‍ അഫ്‌സയ്ക്ക് ഇഷ്ടമല്ല. സമൂഹ വിവാഹത്തില്‍ ലഭിച്ച രണ്ടര പവന്‍ സ്വര്‍ണവുമായാണ് അയാള്‍ വീടുവിട്ടത്. പിന്നീടങ്ങോട്ട് തിരിഞ്ഞുനോക്കിയതേയില്ല. നാലാമത്തെ മകള്‍ ഉമ്മു ഹബീബ മാത്രമാണ് ഇപ്പോള്‍ നല്ലൊരു ദാമ്പത്യ ജീവിതം നയിക്കുന്നത്.

40 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാസര്‍കോട്ടെത്തിയ ഷാജഹാന്‍ പാലക്കുന്നിലും പള്ളിക്കര മഠത്തിലും മദ്രസ അധ്യാപകനായും പള്ളി മുക്രിയായും ജോലി ചെയ്തിരുന്നു. ഇപ്പോള്‍ വാര്‍ധക്യ സഹജമായ അസുഖം മൂലം വീട്ടില്‍ തന്നെ ഇരിപ്പാണ്. മക്കളുടെയും പേരമക്കളുടെയും ദുരിതം ഈ കുടുംബ നാഥനെ പാടേ തളര്‍ത്തിയിരിക്കുന്നു.

ഷാജഹാന്റെ രണ്ട് പേരമക്കളെയാണ് ഇപ്പോള്‍ ഗുരുതരമായ അസുഖം പിടികൂടിയിരിക്കുന്നത്. ഒരാള്‍ക്ക് ജൂലൈ ഒമ്പതിനാണ് ശസ്ത്രക്രിയ. മറ്റൊരാള്‍ക്ക് ഇതുവരെ വിദഗ്ധ പരിശോധന നടത്താന്‍ പോലും സാധിച്ചിട്ടില്ല. കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ഹൃദയ, കരള്‍ പരിശോധന നടത്താനാണ് ഈ കുടുംബത്തിന്റെ ദുരിതം മനസ്സിലാക്കിയ ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ ആ ഭാരിച്ച ചിലവൊന്നും ഈ കുടുംബത്തിന് താങ്ങാന്‍ പറ്റുന്നതല്ല.

ഈ വീട്ടില്‍ ദുരന്തങ്ങള്‍ വേട്ടയാടുന്നത് പിഞ്ചു കുഞ്ഞുങ്ങളെയാണ്. തന്റെ രോഗാവസ്ഥ എന്തെന്നു പോലും അറിയാതെ ഈ പിഞ്ചു പൈതലുകള്‍ വീടിനുള്ളില്‍ അസുഖത്തോട് പോരടിക്കുന്നു. വേദന അസഹനീയമാകുമ്പോള്‍ വീട്ടിനുള്ളില്‍ കൂട്ടക്കരച്ചിലാണ്. നിറയെ ചോക്ലേറ്റുമായി വരുന്ന ഉപ്പയെ സ്വപ്‌നം കാണുന്നതിന് പകരം തന്റെ വേദന കുറയ്ക്കാനുള്ള മരുന്നു സഞ്ചിയുമായി വരുന്ന പുന്നാര ഉപ്പയെയാണ് അവര്‍ കാത്തിരിക്കുന്നത്. ജീവിച്ചു കൊതിതീരും മുമ്പ് കൊഴിഞ്ഞുപോയ തന്റെ രണ്ട് ജീവനുകളുടെ അവസ്ഥ ഫാത്വിമത്ത് സുഹറയ്ക്കും ഉണ്ടാവരുതേ എന്ന് ഹാരിസ് മനമുരുകി പ്രാര്‍ത്ഥിക്കുകയാണ് പടച്ച തമ്പുരാനോട്.

സുഹറയുടെ പരിശോധനയ്ക്ക് തന്നെ വലിയ തുക ചിലവ് വരും. ഡോക്ടര്‍മാര്‍ ആയുസിന് അടിവരയിട്ട ഹസനത്ത് ബീവിയുടെ ഓപ്പറേഷന് വേണ്ടത് ലക്ഷങ്ങള്‍. ഇനിയുള്ള 20 ദിവസമായിരിക്കും ഹസനത്ത് ബീവിയുടെ ആയുസ്സ് നിര്‍ണയിക്കുക. ഈ പുണ്യ റമദാന്‍ മാസത്തില്‍ കാരുണ്യത്തിന്റെ കൈകകള്‍ ഈ കുടുംബത്തെ തേടിയെത്തുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ഷാജഹാനും കുടുബവും കഴിയുന്നത്.

ഈ കുടുംബത്തെ സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് Muhammed Shajahan CK, Syndicatebank Pallikere, A/c No: 42252200007087, IFSC Code: SYNB0004225 എന്ന ബാങ്ക് അക്കൗണ്ട് വഴി സഹായം എത്തിക്കാം. ഫോണ്‍: 9400236938 (മുഹമ്മദ് ഷാജഹാന്‍), 9946113064 (ഹാരിസ്).

പിഞ്ചുകുഞ്ഞുങ്ങളെ മരണം വേട്ടയാടുന്നു; ദുരിത പര്‍വങ്ങളിലൂടെയാണ് ഷാജഹാന്റെ ജീവിത യാത്ര



Keywords : Palakunnu, Treatment, Child, Kasaragod, Hospital, Nelliyadukkam, Mohammed Shajahan C.K, Shajahan and family need your help. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL