city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പയ്യന്നൂരില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി സാജിദ് മൗവ്വലിനെ സ്‌ക്രീനിംഗ് കമ്മിറ്റി അംഗീകരിച്ചു

പയ്യന്നൂര്‍: (www.kasargodvartha.com 30/03/2016) പയ്യന്നൂരില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി സാജിദ് മൗവ്വലിനെ ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സ്‌ക്രീനിംഗ് കമ്മിറ്റി യോഗം അംഗീകരിച്ചു. 49 കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ അംഗീകരിച്ച ആദ്യലിസ്റ്റിലാണ് സാജിദ് മൗവ്വലും ഉള്‍പെട്ടത്. യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് കൂടിയാണ് സാജിദ് മൗവ്വല്‍.

കഴിഞ്ഞതവണ മത്സരിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ബ്രിജേഷിനേയും പയ്യന്നൂരില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നുവെങ്കിലും സാജിദ് മൗവ്വലിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് സ്‌ക്രീനിംഗ് കമ്മിറ്റിയിലെ ഭൂരിപക്ഷവും നിര്‍ദേശിച്ചത്. സി പി എം സിറ്റിംഗ് എം എല്‍ എ സി കൃഷ്ണനെയാണ് ഇവിടെ വീണ്ടും മത്സരിപ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇടതുമുന്നണിക്ക് മൃഗീയ ഭൂരിപക്ഷമുള്ള പയ്യന്നൂരില്‍ മാറിയ സാഹചര്യത്തില്‍ സാജിദ് മൗവ്വലിന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയുമെന്നാണ് യു ഡി എഫ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. സി കൃഷ്ണനെ വീണ്ടും മത്സരിപ്പിക്കുന്നതില്‍ സി പി എമ്മിന് ഉള്ളില്‍തന്നെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ യു ഡി എഫ് ക്യാമ്പില്‍ ആത്മവിശ്വാസം വര്‍ധിച്ചിട്ടുണ്ട്.

ഉദുമയില്‍ കെ സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വവും സ്‌ക്രീനിംഗ് കമ്മിറ്റി അംഗീകരിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് സീറ്റില്‍ ബളാല്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും ഡി സി സി എക്‌സിക്യൂട്ടീവ് അംഗവുമായ രാജു കട്ടക്കയം, ഡി സി സി സെക്രട്ടറി ഹരീഷ് പി നായര്‍ എന്നിവരെയാണ് പരിഗണിക്കുന്നത്. തൃക്കരിപ്പൂരില്‍ കെ പി സി സി ജനറല്‍ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍, ഡി സി സി വൈസ് പ്രസിഡന്റ് ഹക്കീം കുന്നില്‍ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റിയോഗം ആദ്യപട്ടികയിലുള്ള 49 സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ അംഗീകരിച്ചാല്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. സ്‌ക്രീനിംഗ് കമ്മിറ്റിയുടെ അടുത്തയോഗം വെള്ളിയാഴ്ചയാണ് നിശ്ചയിച്ചിട്ടുള്ളത്. ബുധനാഴ്ച സ്്ക്രീനിംഗ് കമ്മിറ്റിയുടെ യോഗം ചേരാനിടയില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബുധനാഴ്ച രാവിലെ കേരളത്തിലേക്ക് മടങ്ങാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും എയര്‍പോര്‍ട്ടിലെത്തുമ്പോഴേക്കും ഫ്‌ളൈറ്റ് പോയതിനാല്‍ കേരള ഹൗസിലേക്ക് തന്നെ തിരിച്ചുപോവുകയായിരുന്നു. സുധീരനും മറ്റുനേതാക്കളും ഡല്‍ഹിയില്‍തന്നെ ഉള്ളതിനാല്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ തുടരുന്നുണ്ട്.

യൂത്ത് കോണ്‍ഗ്രസില്‍നിന്നും കൂടുതല്‍ നേതാക്കളെ മത്സരിപ്പിക്കണമെന്ന ആവശ്യം പരിഗണിച്ച് യുവനിരയിലെ കൂടുതല്‍പേര്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
പയ്യന്നൂരില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി സാജിദ് മൗവ്വലിനെ സ്‌ക്രീനിംഗ് കമ്മിറ്റി അംഗീകരിച്ചു

Keywords: Payyannur, Kasaragod, Kerala, Congress, UDF, Election 2016, Sajid Movval in UDF candidates list

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia