city-gold-ad-for-blogger
Aster MIMS 10/10/2023

അഴിമതിക്കെതിരെ പ്രതികരിച്ചാല്‍ ഊരുവിലക്കോ? ഇതിനു മാത്രം ഈ അധ്യാപകന്‍ എന്ത് തെറ്റ് ചെയ്തു?

പാല്‍ക്കാരനെയും പത്ര വിതരണക്കാരനെയും വിലക്കി, പലചരക്കുകടയില്‍ നിന്നും സാധനങ്ങള്‍ നല്‍കുന്നില്ല, വിവരാവകാശ പ്രവര്‍ത്തകന്‍ വീട്ടുതടങ്കലില്‍; ഇതിനു മാത്രം ഈ അധ്യാപകന്‍ എന്ത് തെറ്റ് ചെയ്തു?

-കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്

തൃക്കരിപ്പൂര്‍: (www.kasargodvartha.com 30/11/2015)  പാല്‍ക്കാരനെയും പത്ര വിതരണക്കാരനെയും വിലക്കി, പലചരക്കുകടയില്‍ നിന്നും സാധനങ്ങള്‍ നല്‍കാന്‍ സമ്മതിക്കുന്നില്ല, എല്ലാ ഭാഗത്ത് നിന്നും കൊടിയ ഭീഷണിയും അക്രമവും നേരിടേണ്ടി വന്ന തൃക്കരിപ്പൂര്‍ ഒളവറയിലെ വിവരാവകാശ പ്രവര്‍ത്തകന്‍ രവീന്ദ്രന്‍ മാസ്റ്റര്‍ വീട്ടുതടങ്കലില്‍. ഇതിനു മാത്രം ഈ അധ്യാപകന്‍ എന്ത് തെറ്റാണ് ചെയ്തതെന്നാണ് ഇദ്ദേഹത്തിന് മനസാലെ പിന്തുണ നല്‍കുന്ന നാട്ടുകാര്‍ ചോദിക്കുന്നത്.

ഒരു വിഭാഗം രാഷ്ട്രീയക്കാരും കരാറുകാരും ഉദ്യോഗസ്ഥപ്രഭുക്കളുമാണ് ഈ വിവരാവകാശ പ്രവര്‍ത്തകനെ നിരന്തരം വേട്ടയാടുന്നത്. 2010 മാര്‍ച്ച് 31ന് പയ്യന്നൂര്‍ സെന്‍ട്രല്‍ യു.പി സ്‌കൂളില്‍ നിന്നും വിരമിച്ച ശേഷം രവീന്ദ്രന്‍ മാസ്റ്റര്‍ വിവരാവകാശ രംഗത്ത് സജീവമായ ഇടപെടലുകളാണ് നടത്തിവരുന്നത്. രവീന്ദ്രന്‍ മാസ്റ്റര്‍ക്കെതിരെയുള്ള അക്രമത്തിനും വീട്ടുതടങ്കലിനും നേതൃത്വം നല്‍കുന്നത് ലീഗിന്റെയും കോണ്‍ഗ്രസിന്റെയും ചില പ്രാദേശിക നേതാക്കളാണെന്നാണ് രവീന്ദ്രന്‍ മാസ്റ്റര്‍ പറയുന്നത്.

തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടന്നു വന്നിരുന്ന പല അഴിമതികളും പുറത്തു കൊണ്ടുവന്ന രവീന്ദ്രന്‍ മാസ്റ്ററെന്ന പാവം അധ്യാപകനെതിരെ ഇതിനകം നാലോളം കള്ളക്കേസുകളാണ് ചന്തേര പോലീസ് സ്‌റ്റേഷനില്‍ മാത്രം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഏറ്റവും ഒടുവില്‍ തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയതാണ് രവീന്ദ്രന്‍ മാസ്റ്റര്‍ക്കെതിരെ കള്ളക്കേസും വീട്ടുതടങ്കലും ഉണ്ടാകാന്‍ കാരണം. കള്ളക്കേസിനെ തുടര്‍ന്ന് രവീന്ദ്രന്‍ മാസ്റ്റര്‍ക്ക് മൂന്നു ദിവസം ജയിലിലും കിടക്കേണ്ടിവന്നിരുന്നു.

ഭരണപക്ഷത്തെ ഒരു മണ്ഡലം നേതാവും മുന്‍ പഞ്ചായത്ത് മെമ്പറും ഇവരുടെ ബന്ധുക്കളും നേരത്തെ സിപിഎമ്മിലായിരുന്ന അടുത്തിടെ ലീഗിലേക്ക് മാറിയ അനധികൃത കെട്ടിടനിര്‍മ്മാതാവുമാണ് തനിക്കെതിരെയുള്ള ഉപരോധത്തിന് പിന്നിലെന്ന് രവീന്ദ്രന്‍ മാസ്റ്റര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. പഞ്ചായത്തീരാജ് ആക്ട് അധ്യായം 25ല്‍ റൂള്‍ നമ്പര്‍ 271 സി പ്രകാരവും വിവരാവകാശ നിയമം 2005 പ്രകാരവും ഒട്ടനവധി അഴിമതികള്‍ രവീന്ദ്രന്‍ മാസ്റ്റര്‍ പുറത്തു കൊണ്ടുവന്നിരുന്നു. ജനകീയ ആസൂത്രണത്തില്‍ നടന്ന അഴിമതിക്കെതിരെ വിവരാവകാശ നിയമപ്രകാരം ഓംബുഡ്‌സ്മാന്‍ നിലവില്‍ വന്ന ശേഷം ലഭിച്ച ആദ്യ പരാതി തന്നെ വിവരാവകാശ പ്രവര്‍ത്തകനായ രവീന്ദ്രന്റെയായിരുന്നു. അന്നത്തെ പഞ്ചായത്ത് സെക്രട്ടറി ലോകനാഥനെതിരെയുള്ളതായിരുന്നു പരാതി.

വിവരാവകാശം വഴി ചോദിച്ച കാര്യങ്ങള്‍ക്ക് മറുപടി നല്‍കാത്തതിനായിരുന്നു പഞ്ചായത്ത് സെക്രട്ടറിക്കെതിരെ അന്ന് പരാതി നല്‍കിയത്. ഓംബുഡ്‌സ്മാന്റെ സിറ്റിങ്ങില്‍ മൂന്ന് അംഗങ്ങളും പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടിയെടുക്കാന്‍ തയ്യാറായപ്പോള്‍ പഞ്ചായത്ത് സെക്രട്ടറി ക്ഷമാപണം നടത്തി അപേക്ഷനല്‍കിയതിനാല്‍ താക്കീത് ചെയ്ത് പരാതിക്കാരന്റെ അഭിപ്രായം കൂടി കണക്കിലെടുത്ത് മാത്രമേ നടപടി സ്വീകരിക്കുകയുള്ളൂ എന്ന് അറിയിക്കുകയായിരുന്നു. ഇദ്ദേഹത്തിനെതിരെ വ്യക്തിപരമായി നടപടി സ്വീകരിക്കണമെന്ന് തനിക്ക് അഭിപ്രായമില്ലെന്നും തെറ്റ് ബോധ്യപ്പെട്ട സ്ഥിതിക്ക് അദ്ദേഹത്തിന് മാപ്പ് നല്‍കാമെന്നും രവീന്ദ്രന്‍ മാസ്റ്റര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് അന്ന് പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടി ഒഴിവായത്.

പഞ്ചായത്ത് ഉദ്യോഗസ്ഥനും അദ്ദേഹത്തിന്റെ ഭാര്യയ്ക്കുമെതിരെയായിരുന്നു അടുത്ത പരാതി. തെങ്ങിന്‍തൈ നേഴ്‌സറി ഉണ്ടാക്കുന്ന സംരംഭം തുടങ്ങി വിത്തുഗുണമില്ലാത്ത തേങ്ങ ശേഖരിച്ച് തെങ്ങിന്‍തൈ ഉണ്ടാക്കി വിതരണം ചെയ്യുന്നതിനെതിരെയായിരുന്നു പരാതി. ഇതേ സമയം തന്നെ കണ്ണൂര്‍ ചാലോടും സമാനമായ സംഭവം നടന്നിരുന്നു. സ്വകാര്യ വ്യക്തികള്‍ വഴിയും കൃഷി ഓഫീസ് വഴിയും മറ്റുമാണ് ഗുണനിലവാരമില്ലാത്ത തെങ്ങിന്‍തൈക്കുള്ള വിത്തുതേങ്ങ ശേഖരിച്ചിരുന്നത്. ഇതിനെതിരെ കൊടുത്ത പരാതിയില്‍ തെങ്ങിന്‍തൈ നഴ്‌സറി പൂട്ടേണ്ടിവന്നിരുന്നു.

ഈ വിരോധമാണ് അന്നത്തെ നഴ്‌സറി സെക്രട്ടറിയും ഇപ്പോഴത്തെ പഞ്ചായത്ത് അംഗത്തിനും ഭര്‍ത്താവിനുമെതിരെയുള്ള വിരോധത്തിന് കാരണമെന്നും രവീന്ദ്രന്‍ മാസ്റ്റര്‍ കുറ്റുപ്പെടുത്തുന്നു. രവീന്ദ്രന്‍ മാസ്റ്റര്‍ക്കെതിരെയുള്ള ആദ്യ കള്ളക്കേസ് ഉണ്ടായതും ഈ ഘട്ടത്തിലായിരുന്നു. പഞ്ചായത്ത് ഓഫീസില്‍ കയറി പാര്‍ട്ട് ടൈം റോഡ് സ്യൂപ്പര്‍മാരുടെ ഡ്യൂട്ടി തടസപ്പെടുത്തിയെന്നായിരുന്നു കേസ്. 28.07.2015 ന് ഈ കേസില്‍ രവീന്ദ്രന്‍ മാസ്റ്ററെ കോടതി കുറ്റവിമുക്തനാക്കി. റോഡ് സ്യൂപ്പര്‍മാര്‍ക്ക് പഞ്ചായത്ത് ഓഫീസില്‍ ഡ്യൂട്ടി നല്‍കിയത് നിയമവിരുദ്ധമാണെന്ന സര്‍ക്കാര്‍ ഉത്തരവിന്റെയും പഞ്ചായത്ത് ഡയറക്ടറുടെ ഉത്തരവിന്റെയും പശ്ചാതലത്തില്‍ കാര്യങ്ങള്‍ കോടതിക്ക് ബോധ്യപ്പെട്ടതിനാലാണ് രവീന്ദ്രന്‍ മാസ്റ്ററെ കുറ്റവിമുക്തനാക്കിയത്.

തെങ്ങിന്‍തൈ നഴ്‌സറിയുമായി ബന്ധപ്പെട്ട് നഴ്‌സറി സെക്രട്ടറിക്ക് ഒന്നരലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് കാണിച്ച് വനിതാ കമ്മീഷനില്‍ നല്‍കിയ പരാതിയില്‍ കമ്മീഷന്‍ അംഗത്തില്‍ നിന്ന് സ്വകാര്യ വിധി സമ്പാദിച്ചിട്ടും പരാതി സത്യമുണ്ടെന്ന് ബോധ്യപ്പെട്ട കൃഷിവകുപ്പ് നഴ്‌സറി പൂട്ടിപ്പിക്കുകയായിരുന്നു. വയല്‍ നികത്തലിനെതിരെയുള്ള പരാതിയില്‍ ഒരു കെട്ടിട ഉടമയുടെ നിര്‍മാണ പ്രവര്‍ത്തനം ഒന്നരവര്‍ഷത്തോളം ഓംബുഡ്‌സ്മാന്‍ തടഞ്ഞുവെക്കുകയും എല്‍ എസ് ജി ഡി ട്രിബ്യൂണല്‍ അപ്പീല്‍ തള്ളുകയും ചെയ്തതിലെ പകയും രവീന്ദ്രന്‍ മാസ്റ്റര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്ക് പിന്നിലുണ്ട്.

40 മാര്‍ക്ക് മാത്രം ലഭിച്ച സഹോദരന് പഞ്ചായത്ത് മെമ്പര്‍ അപേക്ഷയില്‍ 70 മാര്‍ക്ക് കൂട്ടി നല്‍കി പഞ്ചായത്ത് മുഖേന നല്‍കുന്ന വീട് പദ്ധതിയില്‍ വീട് അനുവദിച്ചതിനെതിരെ രവീന്ദ്രന്‍ മാസ്റ്റര്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസ് നിലവിലുള്ള പകയും അക്രമത്തിന് പിന്നിലുണ്ടെന്ന് രവീന്ദ്രന്‍ മാസ്റ്റര്‍ പറയുന്നു. വിവരാവകാശ പ്രവര്‍ത്തനം വഴി നടത്തുന്ന അഴിമതിവിരുദ്ധ അനധികൃത നിര്‍മാണ വിരുദ്ധപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ ഉള്ള ഭീഷണിയാണ് ഈ അക്രമങ്ങളെന്നും രവീന്ദ്രന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

വീടിന്റെ നാലു ഭാഗത്തും ആളുകളെ നിര്‍ത്തിയാണ് തന്നെ വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ അനുവദിക്കാതെ വീട്ടുതടങ്കലിലാക്കിയിരിക്കുന്നത്. വീട്ടില്‍ നിന്നും പുറത്തിറങ്ങിയാല്‍ ഉടന്‍ തന്നെ ഈ വിവരം നല്‍കാന്‍ തൊട്ടടുത്ത വീട്ടുകാരനെയാണ് ചിലര്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്.

ഇക്കഴിഞ്ഞ ശനിയാഴ്ച രവീന്ദ്രന്‍ മാസ്റ്ററെ കാണാനെത്തി മടങ്ങുകയായിരുന്ന സുഹൃത്തും വാട്ടര്‍ അതോറിറ്റിയിലെ അസി. എഞ്ചിനീയറുമായ തൃക്കരിപ്പൂര്‍ എടാട്ടുമ്മലിലെ ഹരീഷ് എന്ന യുവാവിനെ ചിലര്‍ ഇദ്ദേഹത്തിന്റെ വീട്ടില്‍ പോയതിന്റെ കാരണത്താല്‍ ക്രൂരമായി മര്‍ദിച്ചിരുന്നതായും രവീന്ദ്രന്‍ മാസ്റ്റര്‍ പറയുന്നു.
അഴിമതിക്കെതിരെ പ്രതികരിച്ചാല്‍ ഊരുവിലക്കോ? ഇതിനു മാത്രം ഈ അധ്യാപകന്‍ എന്ത് തെറ്റ് ചെയ്തു?

Keywords:  Trikaripur, kasaragod, Kerala, Teacher, Trikaripur Olavara, Case, arrest, Ravindran master in house arrest?.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL