city-gold-ad-for-blogger
Aster MIMS 10/10/2023

മിസ്‌കീന്മാരുടെ നോമ്പ് തുറ

-ഇബ്രാഹിം ചെര്‍ക്കള

(www.kasargodvartha.com 03/07/2015) ലോകത്തിലെ മറ്റെല്ലാ രാജ്യങ്ങളിലുമെന്നപോലെ തന്നെ ഓരോ വര്‍ഷവും റമദാന്‍ മാസം അടുക്കുന്നതോടെ മണല്‍ നഗരങ്ങളിലും പുണ്യ നാളുകളെ വരവേല്‍ക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങും. ഷാര്‍ജയിലെ പ്രധാന റോഡുകള്‍ മുഴുവനും തോരണങ്ങളും അലങ്കാരദീപങ്ങളും അണിയിച്ച് കാഴ്ചക്കാരുടെ മനസ്സിലേക്ക് പുതുമ നിറഞ്ഞ നന്മയുടെ പ്രകാശങ്ങള്‍ വിതറും. പള്ളികളും അതുപോലെ സര്‍ക്കാര്‍ ഓഫീസുകളും സ്വകാര്യ സ്ഥാപനങ്ങളുമെല്ലാം ഈ മുന്നൊരുക്കത്തില്‍ പങ്കു ചേരും. നന്നായി മോടി പിടിപ്പിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ വക സമ്മാനങ്ങളും നല്‍കപ്പെടും.

പുണ്യങ്ങളുടെ പൂക്കാലമായ റമദാന്‍ മാസം യു.എ.ഇ മൊത്തത്തിലും ഷാര്‍ജയില്‍ പ്രത്യേകിച്ചും ഷോപ്പിംഗ് മേളകള്‍ ഒരുക്കപ്പെടുന്നു. റമദാന്‍ തുടങ്ങുന്നതിന് ഒരാഴ്ച മുമ്പ് ആരംഭിച്ച് വ്രതകാലം അവസാനിച്ചു അല്‍പം ദിവസങ്ങള്‍ കൂടി ഈ ആഘോഷം നീണ്ടുനില്‍ക്കും. ഷോപ്പിങ്ങിനോടൊപ്പം സര്‍ക്കാര്‍ തലത്തിലും അല്ലാതെയും ധാരാളം സമ്മാനക്കൂപ്പണുകള്‍ നല്‍കപ്പെടുന്നു. ഇതുവഴി പലര്‍ക്കും വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കപ്പെടും.

റമദാന്‍ മാസം ആരംഭിച്ചാല്‍ പ്രവാസജീവിതത്തില്‍ വലിയ മാറ്റം തന്നെ ഉണ്ടാകുന്നു. രാത്രികള്‍ പകല്‍ പോലെ ഉണര്‍ന്നിരിക്കും. പകല്‍ സമയങ്ങള്‍ ഭക്തിയുടെയും വ്രതത്തിന്റെയും ആലസ്യത്തില്‍ കടന്നുപോകുന്നു. സന്ധ്യമയങ്ങിയാല്‍ തെരുവുകള്‍ ഉണരുന്നു. എങ്ങും പ്രകാശത്തില്‍ കുളിച്ച നഗരവീഥികള്‍, വാഹനങ്ങളുടെ ഇടതടവില്ലാത്ത ഒഴുക്ക്. പകല്‍ സമയങ്ങളിലെ ജോലി സമയത്തില്‍ സമയക്കുറവ് അനുവദിക്കപ്പെടുന്നു. പല സര്‍ക്കാര്‍ ഓഫീസുകളും നോമ്പ് തുറയ്ക്ക് ശേഷം സജീവാകും. കുറഞ്ഞ മണിക്കൂറുകളില്‍ കൂടുതല്‍ ജോലികള്‍ നിര്‍വഹിക്കപ്പെടുന്നു.

രാത്രിയില്‍ പള്ളികളില്‍ നിന്നും ഒഴുകിയെത്തുന്ന നീണ്ട തറാവീഹ് നമസ്‌കാരത്തിലെ ഖുര്‍ആന്‍ പാരായണത്തിന്റെ മധുരഗീതം എല്ലാ സ്ഥലങ്ങളിലും ഒഴുകി നടക്കും. പ്രാര്‍ത്ഥനയുടെ അനുഗൃഹീത നിമിഷങ്ങള്‍ കഴിഞ്ഞാല്‍ റോഡിലെയും നഗരങ്ങളിലെയും തിരക്ക് ഒന്നുകൂടി വര്‍ധിക്കും. പകല്‍ സമയങ്ങളില്‍ അടഞ്ഞുകിടക്കുന്ന ഹോട്ടലുകള്‍ പുതിയ ഉണര്‍വോടെ ജനത്തിരക്കില്‍ നിറയും. ഷോപ്പിംഗ് മേളയുടെ ഭാഗമായി തെരുവുകളില്‍ ഒരുക്കപ്പെടുന്ന ചെറിയ സ്റ്റാളുകളിലും വര്‍ണകാഴ്ചകളും കലാവിരുന്നുകളും ഒരുക്കുന്ന പാര്‍ക്കുകളിലും ജനസമുദ്രം. ഒരേ രാഗത്തില്‍, താളത്തില്‍ ആനന്ദത്തിന്റെ സുഖനിമിഷങ്ങളില്‍ ലയിക്കും.  സ്വദേശിയും വിദേശിയും വേര്‍തിരിവില്ലാതെ ആഘോഷത്തിന്റെ സന്തോഷത്തില്‍ ഒന്നിച്ചു ഇഴകിച്ചേരുമ്പോഴും ജന്മനാടിന്റെ ഓര്‍മപ്പെടുത്തലുകള്‍ കടവും കടപ്പാടുകളും ഉണര്‍ത്തുന്ന ചിന്തകളില്‍ പ്രവാസിയുടെ മനസ്സില്‍ അഗ്നികള്‍ ചിറകടിക്കും.

സര്‍ക്കാര്‍ ജോലികളില്‍ സമയക്കുറവ് വരുന്നതുപോലെ തന്നെ കഠിനാധ്വാനം ചെയ്യപ്പെടുന്ന നിര്‍മാണ പ്രവര്‍ത്തനമേഖലകളിലും തൊഴിലാളികള്‍ക്ക് ജോലി സമയങ്ങളില്‍ ഇളവുകള്‍ അനുവദിക്കപ്പെടുന്നു.  ഹോട്ടലുകളിലും തൊഴിലാളികള്‍ക്ക് കൂടുതല്‍ അധ്വാനിക്കേണ്ടിവരുന്നു. പകല്‍ സമയങ്ങളില്‍ കുറഞ്ഞ സമയം ജോലി ചെയ്യുന്ന പല സ്ഥാപനങ്ങളും രാത്രി അധിക സമയം പ്രവര്‍ത്തിക്കും.

ചെറുകിട സ്ഥാപനങ്ങളിലെ ചെറിയ ശമ്പളക്കാരായ തൊഴിലാളികള്‍ ഇത്തരം സമയങ്ങളില്‍ കൂടുതല്‍ ജോലി ചെയ്യേണ്ടിവരുന്നു. പകല്‍ സമയങ്ങളില്‍ തിരക്ക് കുറയുമെങ്കിലും നോമ്പ് തുറയുടെ സമയം അടുക്കുന്നതോടെ ഗ്രോസറികളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ഹോട്ടലുകളിലും തിരക്ക് ആരംഭിക്കും. അധികവും ഹോം ഡെലിവറിയായതുകൊണ്ട് ഈ രംഗത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് ശ്വാസം കഴിക്കാന്‍ പോലും സമയം കിട്ടില്ല.

ഈ തിരക്കിനിടയില്‍ നോമ്പ് തുറപോലും വിസ്മരിച്ച് ജോലി ചെയ്യേണ്ടിവരുന്നു. കടയില്‍ തന്നെ ചെറിയ തോതില്‍ ഒരുക്കപ്പെടുന്ന പരിമിതമായ നോമ്പുതുറയാണ് അധിക സ്ഥലങ്ങളിലും ഉണ്ടാവുക. എന്തിനും കച്ചവടക്കണ്ണുള്ള ഉടമസ്ഥനാണെങ്കില്‍ ജോലിക്കാരുടെ കാര്യം പരിതാപകരമായിരിക്കും.

അനുഗ്രഹങ്ങളുടെ പൂക്കാലമായ റമദാന്‍ മാസത്തെ ദാനധര്‍മങ്ങള്‍ കൊണ്ട് പുണ്യം നേടാന്‍ വെമ്പല്‍ കൊള്ളുന്നവരാണ് അറബികളില്‍ അധികവും. ഇത് പ്രവാസികളായ മിസ്‌കീനുകള്‍ക്ക് വലിയ അനുഗ്രഹമായിത്തീരുന്നു. നോമ്പ്തുറയുടെ സമയം അടുക്കുന്നതോടെ എല്ലാ പള്ളികളിലും ഭക്ഷണങ്ങളും കുടിക്കാനുള്ള പാനീയങ്ങളും വിതരണത്തിനായി പല വീടുകളില്‍ നിന്നും, അറബികള്‍ ഏര്‍പെടുത്തിയ ഹോട്ടലുകളില്‍ നിന്നും ഭക്ഷ്യസാധനങ്ങളുമായി വണ്ടികള്‍ എത്തും.

നോമ്പ്തുറയുടെ സമയത്തിനു മുമ്പ് തന്നെ പള്ളിമുറ്റത്ത് നീണ്ട നിരയില്‍ പാകിസ്ഥാനിയും, ബംഗാളിയും, മലയാളിയും അതുപോലെ വിവിധ അറബി രാജ്യങ്ങളില്‍ നിന്നും എത്തിയവരും ചുണ്ടില്‍ മന്ത്രധ്വനികള്‍ ഉയര്‍ത്തി ക്ഷമയോടെ ഇരിക്കും. വണ്ടികളില്‍ എത്തുന്നത് അധികവും മട്ടന്‍ ബിരിയാണിയായിരിക്കും.  അത് വലിയ തളികയില്‍ വിളമ്പി ഇരിക്കുന്നവര്‍ക്ക് ഇടയില്‍ നിരത്തും. ഓരോ തളികയിലും നാലും അഞ്ചും ആളുകള്‍ ഭാഷാ, ദേശ, നിറവ്യത്യാസങ്ങളില്ലാതെ ബാങ്ക് വിളിയുടെ ശബ്ദം കേട്ടുകഴിയുമ്പോള്‍ ഭക്ഷിച്ചുതുടങ്ങും. ഈ മനോഹര കാഴ്ച ലോകത്ത് തന്നെ അപൂര്‍വ സുന്ദരകാഴ്ചയാണ്.

ജോലിത്തിരക്കിനിടയില്‍ നോമ്പ് തുറക്ക് സമയം തികയാതെ വരുന്ന ഗ്രോസറി കടകള്‍ പോലുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കും പലപ്പോഴും അവരുടെ കടകള്‍ക്ക് ചുറ്റും താമസിക്കുന്ന അറബികളും അതുപോലെ മറ്റു ഫ്‌ളാറ്റുകളില്‍ കഴിയുന്ന സഹജീവികളും ഭക്ഷണം എത്തിക്കാറുണ്ട്. ഇതില്‍ എല്ലാ രാജ്യക്കാരും പങ്കാളികളാകുന്നത് കൊണ്ട് ലോകത്തിലെ എല്ലാ രാജ്യക്കാരുടെയും ഭക്ഷണത്തിന്റെ രുചി അറിയാന്‍ പ്രവാസിക്ക് കഴിയും. ലോകസാഹോദര്യത്തിന്റെ യഥാര്‍ത്ഥ ചിത്രങ്ങള്‍ ഇവിടെ തെളിയുന്നു.

നോമ്പ്തുറയുടെ മറ്റൊരു മനോഹര ദൃശ്യമാണ് വലിയ വ്യവസായികളായ അറബികള്‍ ഒരുക്കുന്ന നോമ്പുതുറ ടെന്റുകള്‍. ഇവിടെ ശരിക്കും ഒരു കല്യാണ ആഘോഷത്തിന്റെ ചുറ്റുവട്ടങ്ങളാണ് കാണാന്‍ കഴിയുക. റമദാന്‍ തുടങ്ങുന്നതിന് മുമ്പ് തുറന്ന വലിയ ടെന്റുകള്‍ ഒരുക്കപ്പെടുന്നു. ഏകദേശം ആയിരത്തോളം പേര്‍ക്ക് ഇരുന്നു ഭക്ഷണം കഴിക്കാനുള്ള സൗകര്യങ്ങള്‍ വരെ ഇത്തരം സ്ഥലങ്ങളില്‍ ഉണ്ട്.

താല്‍ക്കാലിക ടെന്റാണെങ്കിലും അവിടെ ചൂടിനെ പ്രതിരോധിക്കാന്‍ എയര്‍കണ്ടീഷന്‍ സൗകര്യങ്ങള്‍ ഏര്‍പെടുത്താറുണ്ട്.  നോമ്പ് തുറയുടെ മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ ലോകത്തിന്റെ ഓരോ ദേശത്തിന്റെ മുഖഭാവങ്ങള്‍ പകര്‍ന്നു പ്രവാസികള്‍ വരിയായി എത്തിത്തുടങ്ങും. നോമ്പ് തുറയ്ക്ക് അരമണിക്കൂര്‍ മുമ്പ് ടെന്റ് വാതിലുകള്‍ തുറക്കപ്പെടുന്നു. അറബിയുടെ ആള്‍ക്കാര്‍ നിയന്ത്രിക്കാന്‍ ഉണ്ടാകും. ഓരോ ആള്‍ക്കും പേപ്പര്‍ പ്ലെയിറ്റില്‍ ചിക്കന്‍ ബിരിയാണിയും അതുപോലെ കുപ്പിവെള്ളം, ജ്യൂസ് ഗ്ലാസ്, ലസ്സി, കസ്റ്റഡ്, സലാഡ്, ഈത്തപ്പഴം എല്ലാം നിരത്തപ്പെടുന്നു. നോമ്പ് തുറയ്ക്ക് മുമ്പായി അറബിയുടെ ബന്ധത്തില്‍പ്പെട്ട ആരെങ്കിലും അവിടെയെത്തും. അദ്ദേഹം എല്ലാവരെയും പരിചയപ്പെടും. മിസ്‌കീനുകളുടെ കൂടെ തന്നെ നോമ്പ് തുറയില്‍ പങ്കെടുത്ത് സന്തോഷത്തില്‍ ഇഴചേരും.

ചില പള്ളികളില്‍ നോമ്പ് തുറയുടെ സമയത്തിന് മുമ്പ് ഭക്ഷണം പൊതികളായി വിതരണം ചെയ്യും. ഇതു വാങ്ങി സ്വന്തം താമസ സ്ഥലത്തുപോയി ഭക്ഷിക്കാം. ഇതുപോലെ പ്രവാസി സംഘടനകള്‍ സൗഹൃദത്തിന്റെ കൂട്ടായ്മകള്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിക്കുന്നു. ഇവിടങ്ങളിലും ധാരാളം ആളുകള്‍ അണിചേരുന്നു. റമദാന്‍ മാസ പുണ്യങ്ങള്‍ കൊണ്ട് അനുഗ്രഹിക്കുന്നത് തീര്‍ച്ചയായും പ്രവാസികളിലെ മിസ്‌കീനുകള്‍ തന്നെയാണ്. ഭക്ഷണവിതരണം പോലെ പലരും സക്കാത്ത് വിതരണവും നടത്തുന്നു. പല കുടുംബങ്ങളുടെ കഷ്ടപ്പാടുകള്‍ ഇത്തരം സല്‍ക്കര്‍മങ്ങള്‍ കൊണ്ട് തീരാറുണ്ട്. റമദാനിന്റെ പുണ്യം ലോകജനത്തില്‍ വീണ്ടും വീണ്ടും പൂത്തു തളിര്‍ക്കട്ടെ.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

മിസ്‌കീന്മാരുടെ നോമ്പ് തുറ

Keywords :  Article, Ibrahim Cherkala,  Ramadan  Programmes,  Gulf,  Expatriates, Advertisement  Aiwa  Silk.

മിസ്‌കീന്മാരുടെ നോമ്പ് തുറ

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL