city-gold-ad-for-blogger
Aster MIMS 10/10/2023

എം.എ. ഉസ്താദുമായി നടത്തിയ ഒരു അഭിമുഖത്തിന്റെ ഓര്‍മ്മ

രവീന്ദ്രന്‍ പാടി

(www.kasargodvartha.com 19/02/2015) ഫെബ്രുവരി പതിനേഴിനു രാത്രി ഇഹലോകവാസം വെടിഞ്ഞ പണ്ഡിതവര്യന്‍ എം.എ. അബ്ദുല്‍ ഖാദര്‍ മുസ്ല്യാരുമായി ഒരിക്കല്‍ ഞാന്‍ ഒരു അഭിമുഖം നടത്തിയിരുന്നു. ഏഴുവര്‍ഷം മുമ്പ്. ഞാന്‍ സിറാജില്‍ ലേഖകനായിരിക്കേയാണ് അത്. ദേളി സഅദിയയിലെ അദ്ദേഹത്തിന്റെ ഓഫീസില്‍ വെച്ച്.

സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം നടപ്പാക്കുന്നതു സംബന്ധിച്ചു അനുകൂലവും പ്രതികൂലവുമായ വാദങ്ങള്‍ മുറുകുന്ന നേരം. സിറാജ് എഡിറ്റോറിയല്‍ വിഭാഗത്തിന്റെ നിര്‍ദേശമനുസരിച്ചാണ് ഞാന്‍ സുഹൃത്തുക്കളായ രണ്ട് എസ്.എസ്.എഫ്. പ്രവര്‍ത്തകര്‍ക്കൊപ്പം എ.എ.യെ കാണുന്നത്. അതിനു മുമ്പു പലവട്ടം അദ്ദേഹത്തെ കാണുകയും പ്രസംഗങ്ങള്‍ കേള്‍ക്കുകയും ആ പേര് നിത്യേനയെന്നോണം എഴുതുകയും ഉച്ചരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും മുഖാമുഖം സംസാരിക്കുന്നത് ആദ്യമായിട്ടായിരുന്നു. അതുകൊണ്ടു തന്നെ ഒരു തരം പരിഭ്രമം എന്നിലുണ്ടായിരുന്നു.

വൈകുന്നേരം ഞങ്ങള്‍ എത്തുമ്പോള്‍ ഉസ്താദ് ഓഫീസിന്റെ അകത്തെ മുറിയില്‍ പ്രാര്‍ത്ഥനയിലായിരുന്നു. അല്‍പസമയത്തിനു ശേഷം അദ്ദേഹം പുറത്തുവന്നു. ചിരിച്ചു കൊണ്ട് ഇരിക്കാന്‍ ആവശ്യപ്പെട്ടു. കൂടെയുള്ളവര്‍ എന്നെക്കുറിച്ചും വരവിന്റെ ഉദ്ദേശ്യവും പറഞ്ഞു. ഞങ്ങള്‍ വിഷയത്തിലേക്കു കടന്നു. എന്റെ ഓരോ ചോദ്യത്തിനും അദ്ദേഹം കുറഞ്ഞ വാക്കുകളില്‍ വ്യക്തവും കൃത്യവുമായ മറുപടി തന്നു. ചെറുചിരി തൂകി, കണ്ണില്‍ കൗതുകം നിറച്ച്, തികഞ്ഞ ലാളിത്യത്തോടെ, വിനയത്തോടെ...

ലൈംഗിക വിദ്യാഭ്യാസം വേണ്ടതു തന്നെയാണെന്നും അതിനു അതിന്റേതായ പ്രായവും സമയവും നോക്കണമെന്നും അദ്ദേഹം പറഞ്ഞു. സന്താനോത്പാദനത്തിനും വംശത്തിന്റെ നിലനില്‍പിനും കുടുംബത്തിന്റെ ഭദ്രതയ്ക്കും വേണ്ടി ദൈവീകവും പ്രകൃതിപരവും ആയ ഒരു വിശുദ്ധ പ്രവര്‍ത്തനമാണ് ലൈംഗിക ബന്ധം. ഇതിനെക്കുറിച്ച് ഖുര്‍ ആനിലും ഹദീസുകളിലും വ്യക്തമാക്കുന്നു. ഇവ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിക്കും വേറിട്ടൊരു ലൈംഗിക വിദ്യാഭ്യാസം ആവശ്യമില്ലെന്നും അദ്ദേഹം സമര്‍ത്ഥിച്ചു. തന്റെ അഭിപ്രായങ്ങള്‍ മതപരവും ശാസ്ത്രീയപരവും ആയി സ്ഥാപിച്ചെടുക്കാനുള്ള നിരവധി ഉദ്ധരണികളും അദ്ദേഹം സംഭാഷണത്തില്‍ കൊണ്ടുവന്നു.

അദ്ദേഹത്തിന്റെ വാദമുഖങ്ങളോട് പൂര്‍ണമായും യോജിപ്പു തോന്നിയില്ലെങ്കിലും ആ പാണ്ഡിത്യവും കാര്യങ്ങള്‍ പറയുന്നതിലുള്ള വൈദഗ്ധ്യവും എന്നെ അതിശയിപ്പിച്ചു. പിന്നീട് ഓഫീസിലെത്തി ഞാന്‍ തയ്യാറാക്കിയ അഭിമുഖ ലേഖനം അദ്ദേഹത്തെ വായിച്ചു കേള്‍പ്പിച്ചതിനു ശേഷമാണ് പ്രസിദ്ധീകരണത്തിനു കൊടുത്തത്. അത് രണ്ടു ദിവസം കഴിഞ്ഞു നല്ല പ്രാധാന്യത്തില്‍ സിറാജിന്റെ എഡിറ്റു പേജില്‍ അച്ചടിച്ചുവരികയും ചെയ്തു. അതു വായിച്ച അദ്ദേഹം ലേഖനം നന്നായിട്ടുണ്ടെന്നു അക്കാര്യത്തെ കുറിച്ചു ചോദിച്ച പള്ളങ്കോട് ഉസ്താദിനോടും ബഷീര്‍ പുളിക്കൂറിനോടും മുഹമ്മദ് കുഞ്ഞി ഉളുവാറിനോടും മറ്റും പറയുകയും ചെയ്തിരുന്നതായി എനിക്കറിയാന്‍ സാധിച്ചു.

അദ്ദേഹവുമായി നടന്ന അഭിമുഖങ്ങള്‍ എങ്ങനെയാണ് എഴുതിയതെന്നു പ്രസിദ്ധീകരിക്കുന്നതിനു മുമ്പു തന്നെ എം.എ. ഉസ്താദിനു അറിയണമെന്നു നിര്‍ബന്ധമുണ്ടായിരുന്നു. തന്റെ അഭിപ്രായമെന്ന പേരില്‍ ലേഖകര്‍ അവരുടെ അഭിപ്രായം എഴുതിവിടുന്നതും താന്‍ പറയാത്ത കാര്യങ്ങളോ, വായനക്കാരില്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്ന കാര്യങ്ങളോ പറയുന്നതും അദ്ദേഹത്തിനു ഇഷ്ടമല്ലായിരുന്നു. സുന്നീ പ്രസ്ഥാനത്തിന്റെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന തന്റെ വാക്കുകളും അഭിപ്രായങ്ങളും എഴുത്തും നിലപാടുകളും തികച്ചും
ശരിയായിരിക്കണമെന്ന കാര്യത്തില്‍ അദ്ദേഹത്തിനു നിര്‍ബന്ധമുണ്ടായിരുന്നു.

മറുവിഭാഗം സുന്നികളുമായുള്ള അഭിപ്രായ ഭിന്നതകള്‍ വ്യക്തമാക്കുമ്പോഴും അവരുമായി എതിര്‍പ്പു പ്രകടിപ്പിക്കുമ്പോഴും മൗലാനാ എം.എ. തികഞ്ഞ മിതത്വവും ആശയവ്യക്തതയും കൈക്കൊള്ളുന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ആശയപരമായി എതിര്‍ക്കുമ്പോഴും എതിരാളികളോട് അദ്ദേഹം സ്‌നേഹവും ബഹുമാനവും ആദരവും കാണിച്ചു. ആരുടെയും മനസിനെ വേദനിപ്പിക്കുന്ന ഒരു വാക്കും ഉച്ചരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല.

പ്രവാചകചര്യകളിലും ഇസ്ലാം പാഠങ്ങളിലും ഊന്നി ജീവിതത്തിലെ ഏതു കാര്യങ്ങളേയും കാണാനും നേരിടാനും അദ്ദേഹത്തിനു സാധിച്ചു. അഗാധമായ പാണ്ഡിത്യം ഏതു പ്രകോപന ഘട്ടത്തിലും തുളുമ്പാതെ അദ്ദേഹത്തെ രക്ഷിച്ചു. വിജ്ഞാനത്താല്‍ വിനയം നേടിയ പണ്ഡിതന്‍ എന്ന കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാരുടെ വിശേഷണം നൂറുല്‍ ഉലമയെ സംബന്ധിച്ച് തികച്ചും അന്വര്‍ത്ഥമാകുന്നു.

മുപ്പതോളം ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് എം.എ. ഉസ്താദ്. എഴുത്തിനിടെ തന്നെ സഅദിയ എന്ന വലിയ സ്ഥാപനത്തിന്റെ സാരഥ്യം വഹിക്കാനും സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ പ്രസിഡന്റു പദത്തിലിരുന്നു കരുത്തുറ്റ നേതൃശേഷി തെളിയിക്കാനും അദ്ദേഹത്തിനു സാധിച്ചു. അടങ്ങാത്ത വിജ്ഞാനദാഹിയായിരുന്ന എം.എ. ഉസ്താദിനു ഏതു വിഷയത്തെ കുറിച്ചും അപാരമായ പാണ്ഡിത്യമുണ്ടായിരുന്നു. അതു ആ ജീവിതത്തിനു തിളക്കം വര്‍ധിപ്പിച്ചു. വിശുദ്ധമായ മത ജീവിതം നയിക്കുന്നതിനൊപ്പം സര്‍വ്വാദരണീയനായ മനുഷ്യസ്‌നേഹിയാകാനും എം.എ. ഉസ്താദിനു സാധിച്ചത് പരന്ന വായനയിലൂടെ അദ്ദേഹം ആര്‍ജ്ജിച്ചെടുത്ത വിജ്ഞാനം കൊണ്ടു തന്നെയായിരുന്നു.
എം.എ. ഉസ്താദുമായി നടത്തിയ ഒരു അഭിമുഖത്തിന്റെ ഓര്‍മ്മ

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL