city-gold-ad-for-blogger
Aster MIMS 10/10/2023

പൊതുമരാമത്ത് വകുപ്പ് മഴയ്ക്ക് മുമ്പ് നിര്‍മിച്ച 14 റോഡുകളും തകര്‍ന്നതായി വെളിപ്പെടുത്തല്‍; ഒന്നിനും ഗ്യാരണ്ടിയില്ല

കാസര്‍കോട്: (www.kasargodvartha.com 21.11.2014) കാസര്‍കോട്ടും പരിസര പ്രദേശങ്ങളിലുമായി പൊതുമരാമത്ത് വകുപ്പ് മഴയ്ക്ക് മുമ്പ് നിര്‍മിച്ച 14 റോഡുകളില്‍ 14ഉം തകര്‍ന്നതായി പി.ഡ.ബ്ല്യു.ഡി. അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വെളിപ്പെടുത്തി. ജനകീയ വികസന സമിതി ഭാരവാഹിയായ ബദറുദ്ദീന്‍ കറന്തക്കാടിന് നല്‍കിയ വിവരാവകാശ രേഖയിലാണ് ഇക്കാര്യം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വെളിപ്പെടുത്തിയത്.

കരാര്‍ ഏറ്റെടുത്തവര്‍ക്ക് റോഡ് തകര്‍ന്നതിനാല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കാസര്‍കോട് പി.ഡ.ബ്ല്യു.ഡി. റോഡ് സെക്ഷനിലെ മധൂര്‍-പട് ള-കൊല്ലങ്കാന റോഡ്, നീര്‍ച്ചാല്‍-ബദിരടുക്ക-ഷിറിബാഗിലു റോഡ്, പി.ഡ.ബ്ല്യു.ഡി. ബദിയടുക്ക റോഡ് സെക്ഷന് കീഴിലുള്ള കല്ലടുക്ക-ചെര്‍ക്കള റോഡ്, മുള്ളേരിയ-നട്ടക്കല്ല്-അര്‍ളദപദവ് റോഡ്, പടിയത്തടുക്ക-മഞ്ഞംപാറ-ചീര്‍ത്തൊട്ടി റോഡ്, സീതാംഗോളി-പുത്തിഗെ-പെര്‍ള റോഡ്, എ.പി. സര്‍ക്കിള്‍-ഗോസാഡ-ബോളിജ്ജ റോഡ് ബദിയടുക്ക-ഏത്തടുക്ക-സുള്ള്യപദവ് റോഡ് എന്നിവ തകര്‍ന്നു.

പി.ഡ.ബ്ല്യു.ഡി. മഞ്ചേശ്വരം റോഡ് സെക്ഷന് കീഴിലുള്ള ദുര്‍ഗപള്ള-ബെജ്ജ-മുന്നിപ്പാടി റോഡ്, ഓള്‍ഡ് എന്‍.സി.സി. റോഡ്, മുളിഗദ്ദെ-ബേരിപ്പദവ് റോഡ്, കോട്ടേക്കാര്‍-പുത്തൂര്‍ റോഡ്, കടമ്പാര്‍-അരിമല റോഡ് എന്നിവയാണ് തകര്‍ന്നതെന്ന് പി.ഡ.ബ്ല്യു.ഡി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.

ഈ റോഡുകള്‍ക്കൊന്നും യാതൊരു ഗ്യാരണ്ടിയുമില്ലെന്നും റോഡ് തകര്‍ന്നതിനാല്‍ റോഡ് പ്രവര്‍ത്തി നടത്തിയ കരാറുകാര്‍ക്കെല്ലാം നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വിശദീകരിക്കുന്നു. ഈ റോഡുകള്‍ക്കെല്ലാം കൂടി കോടികളാണ് ചിലവഴിച്ചിട്ടുള്ളത്. വര്‍ക്ക് പൂര്‍ത്തിയാക്കി റിപോര്‍ട്ട് സമര്‍പിച്ച എല്ലാ വര്‍ക്കുകള്‍ക്കും ക്വാളിറ്റി സര്‍ട്ടിഫിക്കറ്റ് സമര്‍പിച്ചിട്ടില്ലെന്നും രേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണ് റോഡുകളെല്ലാം ഒരു വര്‍ഷം പൂര്‍ത്തിയാകും മുമ്പ് തന്നെ തകരാന്‍ കാരണമെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. റോഡിന്റെ നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥര്‍ക്കും നിര്‍മാണപ്രവര്‍ത്തി ഏറ്റെടുത്ത് നടത്തിയ കരാറുകാര്‍ക്കുമെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഇതോടെ ശക്തമായിരിക്കുകയാണ്.

നേരത്തെ വിജിലന്‍സില്‍ പരാതി ലഭിച്ച ചില റോഡുകളില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി പരിശോധന നടത്തി ക്രമക്കേട് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള വിജിലന്‍സിന്റെ റിപോര്‍ട്ടും വിജിലന്‍സ് ഡയറക്ടര്‍ മുഖേന സര്‍ക്കാറിലേക്കും പൊതുമരാമത്ത് സെക്രട്ടറിക്കും നല്‍കിയിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജ് തന്നെ അനധികൃത സ്വത്ത് സമ്പാദനകേസില്‍ കുടുങ്ങിയ സാഹചര്യത്തില്‍ ഇത്തരം റിപോര്‍ട്ടുകളില്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുണ്ടാവുകയെന്ന ചോദ്യം ബാക്കിയാണ്.

ഇത്തരം റിപോര്‍ട്ടുകളിലൊന്നും തന്നെ പൊതുമരാമത്ത് സെക്രട്ടറി നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് അറിയുന്നത്. കാസര്‍കോട്-ചന്ദ്രഗിരി-കാഞ്ഞങ്ങാട് സംസ്ഥാന പാത കെ.എസ്.ടി.പി. പദ്ധതി തുടങ്ങുന്നതിന് മുമ്പ് 16 കോടി രൂപ ചിലവഴിച്ച് നിര്‍മാണ പ്രവര്‍ത്തി നടത്തിയിരുന്നു. ഈ റോഡും പൊട്ടിപൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാതായിത്തീര്‍ന്നിരിക്കുകയാണ്. ഈ റോഡിന്റെ നിര്‍മാണ പ്രവര്‍ത്തി ഏറ്റെടുത്ത് നടത്തിയത് പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജുമായി അടുത്തബന്ധമുള്ള ഒരു കരാറുകാരനാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഈ ആരോപണത്തില്‍ എത്രത്തോളം വാസ്തവം ഉണ്ടെന്ന് വിശദമായ അന്വേഷണം നടത്തിയാല്‍ മാത്രമേ ബോധ്യപ്പെടുകയുള്ളു.
പൊതുമരാമത്ത് വകുപ്പ് മഴയ്ക്ക് മുമ്പ് നിര്‍മിച്ച 14 റോഡുകളും തകര്‍ന്നതായി വെളിപ്പെടുത്തല്‍; ഒന്നിനും ഗ്യാരണ്ടിയില്ല

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL