city-gold-ad-for-blogger
Aster MIMS 10/10/2023

ജബ്ബാര്‍ വധക്കേസ്: സി.പി.എമ്മില്‍ നടുക്കം

ജബ്ബാര്‍ വധക്കേസ്: സി.പി.എമ്മില്‍ നടുക്കം
Jabbar
കാസര്‍കോട്: പെര്‍ളയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് അബ്ദുല്‍ ജബ്ബാറിനെ കൊലപ്പെടുത്തിയ കേസില്‍ എറണാകുളം സി.ബി.ഐ പ്രത്യേക കോടതി പുറപ്പെടുവിച്ച പ്രത്യേക കണ്ടെത്തലുകള്‍ ജില്ലയിലെ സി.പി.എം കേന്ദ്രങ്ങളെ നടുക്കി. സി.പി.എമ്മിന്റെ മുന്‍ ഏരിയാ സെക്രട്ടറി ഇന്ത്യന്‍ ശിക്ഷാനിയമം 302-ാം വകുപ്പ് പ്രകാരം കൊലക്കുറ്റത്തിന് ശിക്ഷാര്‍ഹനാണെന്ന കോടതിയുടെ കണ്ടെത്തലുകള്‍ ജില്ലയില്‍ ആദ്യമാണെന്നും വിലയിരുത്തപ്പെടുന്നു. സി.പി.എം കുമ്പള മുന്‍ ഏരിയാ സെക്രട്ടറിയായിരുന്ന കെ. സുധാകരന്‍ മാസ്റ്ററും കൂട്ടുപ്രതികളായ മറ്റ് ആറുപേരുമാണ് കേസില്‍ കുറ്റക്കാരാണെന്ന് സി.ബി.ഐ കോടതി വ്യാഴാഴ്ച കണ്ടെത്തിയത്. ശിക്ഷ വെള്ളിയാഴ്ച വിധിക്കും.

കാസര്‍കോട് ജില്ലയില്‍ സി.ബി.ഐ ഏറ്റെടുത്ത ദുരൂഹമരണവും കൊലപാതകങ്ങളും സംബന്ധിച്ച അന്വേഷണങ്ങള്‍ പലതും പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടവയാണ്. ഷഹനാസ് ഹംസ വധക്കേസ് മാത്രമാണ് ഇതിനൊരപവാദം. ഈ കേസ് ഇന്ത്യന്‍ നീതിന്യായ നിര്‍വ്വഹണ ചരിത്രത്തില്‍ സ്ഥാനം നേടിക്കൊണ്ട് കേസിന്റെ വിചാരണ 18 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. പ്രസ്തുത കേസിന്റെ വിചാരണ ബുധനാഴ്ചയും എറണാകുളത്തെ സി.ബി.ഐ കോടതിയില്‍ നടന്നു. സി.ബി.ഐ ഏറ്റെടുത്ത പ്രമാദമായ മടിക്കൈ നാരായണന്‍നായര്‍ വധക്കേസില്‍ പ്രതികള്‍ ആരെന്നുപോലും കണ്ടെത്താനാവാതെ കേസന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. 

പനായാല്‍ ബാങ്ക് വാച്ച്മാനായിരുന്ന വിനോദ് കുമാറിനെ കഴുത്തറുത്ത് കൊന്ന് വെള്ളകെട്ടില്‍ തള്ളിയക്കേസിന്റെ അന്വേഷണവും സി.ബി.ഐ ഉപേക്ഷിച്ചമട്ടാണ്. ചെമ്പിരിക്ക ഖാസിയായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം സംബന്ധിച്ച കേസന്വേഷണവും സി.ബി.ഐയ്ക്ക് കരയ്ക്കടുപ്പിക്കാനായിട്ടില്ല. മുസ്ലിം പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ ബാലകൃഷ്ണന്‍ എന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വധിക്കപ്പെട്ട സംഭവത്തിലും സി.ബി.ഐ അന്വേഷണം ഇഴയുകയാണ്. മേല്‍പ്പറമ്പിലെ ശംസുദ്ദീന്‍ തിരോധാനക്കേസന്വേഷണം സംഭവബഹുലമാക്കിയിരുന്നെങ്കിലും സി.ബി.ഐ ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്. മേല്‍ പറഞ്ഞ കേസുകളെല്ലാം ഹൈക്കോടതി ഇടപെടലുകളെ തുടര്‍ന്നാണ് ലോക്കല്‍ പോലീസില്‍ നിന്നും ക്രൈബ്രാഞ്ചില്‍ നിന്നും അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിച്ചത്. എന്നാല്‍ പെര്‍ള ജബ്ബാര്‍ വധക്കേസില്‍ മാത്രം സി.ബി.ഐക്ക് വിജയിക്കാനായി എന്നതില്‍ അവരെ സംബന്ധിച്ച് ഒരു മുഖം രക്ഷിക്കലായി വിലയിരുത്താം.

 പെര്‍ള പ്രദേശത്ത് നേരിയ തോതില്‍ ഉടലെടുത്ത രാഷ്ട്രീയ സംഘര്‍ഷമാണ് ജബ്ബാറിന്റെ കൊലയില്‍ കലാശിച്ചത്. സ്ഥലത്തെ കോണ്‍ഗ്രസും സുധാകരന്‍ മാസ്റ്ററുടെ നേതൃത്വത്തിലുള്ള സി.പി.എമ്മും നിരന്തരം ഉരസലിലായിരുന്നു. അതിനിടയിലാണ് സുധാകരന്‍ മാസ്റ്ററുടെ വീട് യു.ഡി.എഫ് പ്രവര്‍ത്തര്‍ അക്രമിക്കുന്നത്. ഇതിന്റെ പ്രത്യാഘാതമായിരുന്നു ജബ്ബാറിന്റെ കൊലയില്‍ കലാശിച്ചത്. ഒരു നേരിയ രാഷ്ട്രീയ സംഘര്‍ഷം ഒരു മനുഷ്യ ജീവന്‍ എടുക്കുന്നതില്‍ എത്തിക്കുന്നതിലേക്ക് പ്രശ്‌നത്തെ വലിച്ചിഴക്കെണ്ടിയിരുന്നുവോയെന്ന് സി.പി.എം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതൃത്വം ആത്മ പരിശോധനയ്ക്ക് വിധേയമാക്കേണ്ട വിഷയമാണ്. ജില്ലയില്‍ ചീമേനിയിലും, പുത്തിലോട്ടും, പൂതങ്ങാനത്തും, കാഞ്ഞങ്ങാട്ടും, ബന്തടുക്കയിലും മറ്റും ഉടലെടുത്ത നിരവധി രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കൊലയില്‍ കലാശിച്ചിട്ടുണ്ട്. 

എന്നാല്‍ ഒരു രാഷ്ട്രീയ കൊലപാതകമായി കണ്ടെത്തപ്പെട്ട കേസില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുന്നത് ജില്ലയുടെ ചരിത്രത്തില്‍ ജബ്ബാര്‍വധക്കേസ് മാത്രമാണ്. അതുകൊണ്ട് തന്നെ ജില്ലയിലെ രാഷ്ട്രീയ നേതൃത്വം അത് ഇടതാകട്ടെ വലതാകട്ടെ ബി.ജെ.പിയാകട്ടെ സി.ബി.ഐ കോടതിയുടെ ഈ വിധി ഗൗരവമായി എടുത്ത് പാര്‍ട്ടി അറിഞ്ഞോ അറിയാതയോ നടത്തുന്ന ഇത്തരം അറുകൊലകളെ പരസ്യമായി അപലപിക്കാനും അക്രമികളെ ഒറ്റപ്പെടുത്താനും തയ്യാറാകേണ്ടിയിരിക്കുന്നു.

Reported by

K.S. Gopalakrishnan 


Also read 
ജബ്ബാര്‍ വധക്കേസ്: ഏഴ് പേര്‍ കുറ്റക്കാര്‍; അഞ്ചുപേരെ വെറുതെ വിട്ടു

Keywords: Kasaragod, Perla, Murder-case, CPM 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL