Julian Assange | 5 വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് ശേഷം വികി ലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് ജയില്‍ മോചിതനായി
ജാമ്യം ലഭിച്ചതിന് പിന്നാലെ അസാന്‍ജ് ഓസ്‌ട്രേലിയയിലേക്ക് മടങ്ങി
2019 ഏപ്രില്‍ മുതല്‍ ലന്‍ഡനിലെ ബെല്‍മാര്‍ഷ് ജയിലില്‍ കഴിയുകയായിരുന്നു
യുഎസ് സര്‍കാരിന്റെ ആയിരക്കണക്കിന് രഹസ്യരേഖകള്‍ ചോര്‍ത്തി തന്റെ വെബ് സൈറ്റായ വികി ലീക്സിലൂടെ പ്രസിദ്ധീകരിച്ചത് ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കി എന്നാണ് അമേരികയുടെ ആരോപണം
ലന്‍ഡന്‍: (KasaragodVartha) അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് ശേഷം വികി ലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് ജയില്‍ മോചിതനായി. അമേരികയുടെ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നതായിരുന്നു ഓസ്‌ട്രേലിയന്‍ പൗരനായ അസാന്‍ജിനെതിരെയുള്ള കുറ്റം. തന്റെ സ്വാതന്ത്ര്യത്തിന് പകരമായി യുഎസ് കോടതിയില്‍ കുറ്റമേല്‍ക്കാമെന്ന് അസാന്‍ജ് സമ്മതിച്ചതോടെയാണ് യു എസ് അദ്ദേഹത്തെ ജയില്‍മോചിതനാക്കിയതെന്ന് തിങ്കളാഴ്ച രാത്രി പുറത്തുവന്ന കോടതി രേഖകള്‍ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
ജാമ്യം ലഭിച്ചതിന് പിന്നാലെ അസാന്‍ജ് ഓസ്‌ട്രേലിയയിലേക്ക് മടങ്ങി. 2019 ഏപ്രില്‍ മുതല്‍ ലന്‍ഡനിലെ ബെല്‍മാര്‍ഷ് ജയിലില്‍ കഴിയുകയായിരുന്നു ജൂലിയന്‍ അസാന്‍ജ്. യുഎസ് സര്‍കാരിന്റെ ആയിരക്കണക്കിന് രഹസ്യരേഖകള്‍ ചോര്‍ത്തി തന്റെ വെബ് സൈറ്റായ വികി ലീക്സിലൂടെ പ്രസിദ്ധീകരിച്ചത് ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കി എന്നാണ് അമേരികയുടെ ആരോപണം.
അഫ്ഗാനിസ്താനിലും ഇറാഖിലും അമേരിക നടത്തിയ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച രേഖകള്‍ ചോര്‍ത്തി പുറത്തുവിട്ടതോടെയാണ് അസാന്‍ജ് ലോകശ്രദ്ധ നേടിയത്. 2010ന്റെ അവസാനത്തോടെ മൂന്നുലക്ഷത്തിലധികം പേജുകള്‍ വരുന്ന രേഖകളാണ് ഇപ്രകാരം വികി ലീക്സ് പുറത്തുവിട്ടത്. അമേരികന്‍ എംബസികള്‍ വഴി ചാരപ്രവര്‍ത്തനം നടത്തിയെന്നത് അടക്കമുള്ള വിവരങ്ങളാണ് ഇങ്ങനെ പുറത്തുവന്നത്.
രഹസ്യരേഖകള്‍ ചോര്‍ത്തി വിവേചനമില്ലാതെ പ്രസിദ്ധീകരിച്ച് രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നും നിരപരാധികളുടെ ജീവന്‍ അപകടത്തിലാക്കിയെന്നുമാണ് അസാന്‍ജിനെരായ യുഎസ് ആരോപണം. ചാരവൃത്തിയുമായി ബന്ധപ്പെട്ട് 17 കേസുകളാണ് അദ്ദേഹം യുഎസില്‍ നേരിടുന്നത്.
എല്ലാ രാജ്യങ്ങളിലുമുള്ള തങ്ങളുടെ എംബസികള്‍ വഴി യുഎസ് ചാര പ്രവര്‍ത്തനം നടത്തിയിരുന്നു എന്നതും സഖ്യ രാജ്യങ്ങളുടെ തലവന്മാരെപ്പറ്റി തരംതാണ രീതിയില്‍ നേതാക്കള്‍ പരാമര്‍ശങ്ങള്‍ നടത്തി എന്നതുമടക്കമുള്ള വീകി ലിക്‌സിന്റെ വെളിപ്പെടുത്തലുകള്‍ ഭരണകൂടത്തെ രാജ്യാന്തര തലത്തില്‍ പ്രതിരോധത്തിലാക്കിയിരുന്നു. യുഎസിനു പുറമേ മറ്റു രാജ്യങ്ങളിലെ ഭരണത്തലവന്മാരുടെയും നേതാക്കളുടെയും പരാമര്‍ശങ്ങള്‍ പുറത്തുവരികയും ചെയ്തു. കേബിള്‍ ഗേറ്റ് വിവാദം എന്നാണ് ഇത് അറിയപ്പെട്ടത്. ഇതോടെ അസാന്‍ജിനെ ശത്രു എന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുവാനും അദ്ദേഹത്തെ പിടികൂടുവാനും അമേരിക ശ്രമങ്ങളാരംഭിച്ചു.
അമേരിക, ഓസ്‌ട്രേലിയ, ചൈന തുടങ്ങി നിരവധി രാജ്യങ്ങള്‍ വികി ലീക്‌സ് നിരോധിക്കുകയോ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്തു. ഫേസ് ബുക്, ഓണ്‍ലൈന്‍ സാമ്പത്തിക സ്ഥാപനങ്ങളായ വിസ, മാസ്റ്റര്‍ കാര്‍ഡ് തുടങ്ങിയവ വികി ലീക്‌സിനെതിരെ സേവന നിരോധനങ്ങള്‍ നടപ്പിലാക്കി. ഇതു വിപുലമായ പ്രതിഷേധങ്ങള്‍ക്കും വികി ലീക്‌സിനോട് അനുഭാവം പ്രകടിപ്പിക്കുന്ന ഹാകര്‍ ഗ്രൂപുകളുടെ പ്രതികാര നടപടികള്‍ക്കും കാരണമായി.
ഇതിനിടെ, സ്വീഡനില്‍ അസാന്‍ജിനെതിരെ ലൈംഗികാരോപണവും ഉയര്‍ന്നു. ഇതിന്റെ പേരില്‍ അദ്ദേഹത്തെ ജയിലിലടയ്ക്കാന്‍ സ്വീഡന്‍ ശ്രമം തുടങ്ങി. അമേരികയുടെ സമ്മര്‍ദഫലമായുണ്ടായ കേസാണിതെന്നുള്ള ആരോപണങ്ങളും ഉയര്‍ന്നു. പിന്നീട് പല രാജ്യങ്ങളിലായി അഭയം തേടിയ അസാന്‍ജിനെ 2019 ഏപ്രിലില്‍ ഇക്വഡോര്‍ എംബസിയില്‍ നിന്നാണ് ലന്‍ഡന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 2012 മുതല്‍ അദ്ദേഹത്തിന് അഭയം നല്‍കിയത് ഇക്വഡോര്‍ ആയിരുന്നു.