Clearance | ലെബനൻ സ്ഫോടനം: വയനാട് സ്വദേശിക്ക് പങ്കില്ലെന്ന് ബൾഗേറിയൻ അന്വേഷണ ഏജൻസി
● നോർട്ട് ഗ്ലോബൽ ലിമിറ്റഡിന്റെ സാമ്പത്തിക ഇടപാടുകൾ സുതാര്യമാണെന്ന് കണ്ടെത്തി.
● അന്വേഷണത്തോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറാവാത്തതും സംശയങ്ങൾക്ക് ഇടവെച്ചിരുന്നു.
ന്യൂഡല്‍ഹി: (KasargodVartha) ലെബനനിലെ പേജർ സ്ഫോടനത്തിൽ വയനാട് സ്വദേശി റിൻസൻ ജോസിന് യാതൊരു ബന്ധവുമില്ലെന്ന് ബൾഗേറിയൻ അന്വേഷണ ഏജൻസി വ്യക്തമാക്കി. വിശദമായ അന്വേഷണത്തിൽ, റിൻസൻ്റെ കമ്പനി, നോർട്ട ഗ്ലോബൽ ലിമിറ്റഡിന്റെ സാമ്പത്തിക ഇടപാടുകളിൽ സംശയാസ്‌പദമായി ഒന്നുമില്ലെന്നും കണ്ടെത്തി.
ആദ്യം, ഹംഗറിയിലെ ഒരു കമ്പനിക്ക് നോർട്ട ഗ്ലോബൽ പതിനാറ് ലക്ഷം യൂറോ നൽകിയെന്ന വിവരം ദുരൂഹത സൃഷ്ടിച്ചിരുന്നു. ഈ കമ്പനിയാണ് ലെബനനിൽ സ്ഫോടനത്തിന് കാരണമായ പേജറുകൾ വിതരണം ചെയ്തത്. എന്നാൽ, ബൾഗേറിയൻ അന്വേഷണ ഏജൻസിയായ ഡി.എ.എൻ.എസ് നടത്തിയ വിശദമായ പരിശോധനയിൽ, ഈ ഇടപാടുകൾ സുതാര്യമാണെന്നും നിയമവിരുദ്ധമായ ഒന്നും തന്നെ ഇല്ലെന്നും വ്യക്തമായതായി അധികൃതർ അറിയിച്ചു.
റിൻസൻ ജോസ്, നോർവേ പൗരത്വമുള്ള വയനാട് മാനന്തവാടി സ്വദേശിയാണ്. ബൾഗേറിയൻ തലസ്ഥാനമായ സോഫിയയിൽ 2022 ൽ റജിസ്‌റ്റർ ചെയ്തതാണ് നോർട്ട ഗ്ലോബൽ ലിമിറ്റഡ്. ലെബനനിലെ പേജർ സ്ഫോടനവുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയർന്നപ്പോൾ അദ്ദേഹം യു.എസിലേക്ക് പോവുകയും കുടുംബാംഗങ്ങൾക്ക് അദ്ദേഹത്തെ ബന്ധപ്പെടാൻ കഴിയാതെ വരികയും ചെയ്തിരുന്നു. അന്വേഷണത്തോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറാവാത്തതും സംശയങ്ങൾക്ക് ഇടവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബൾഗേറിയൻ അന്വേഷണ ഏജൻസി ക്ലീൻ ചിറ്റ് നൽകിയിരിക്കുന്നത്.