Ceasefire | ഗസയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന അമേരികന്‍ പ്രമേയം യുഎന്‍ രക്ഷാസമിതി അംഗീകരിച്ചു
പ്രമേയത്തെ ഹമാസ് സ്വാഗതം ചെയ്തു.
സൈനിക പിന്മാറ്റവും പുനര്‍നിര്‍മാണവും ആവശ്യപ്പെടുന്നതാണ് പ്രമേയം.
3 നിര്‍ദേശങ്ങളും ഇസ്രാഈല്‍ അംഗീകരിച്ചുവെന്നാണ് അമേരികയുടെ അവകാശവാദം.
ജറുസലേം: (KasargodVartha) മധ്യഗസയിലും കിഴക്കന്‍ റഫയിലും ഇസ്രാഈല്‍ സൈന്യം ബോംബിങ്ങും ഷെല്‍ ആക്രമണവും ശക്തമായി തുടരുന്നതിനിടെ ഗസയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന അമേരികന്‍ പ്രമേയം യുഎന്‍ രക്ഷാസമിതി അംഗീകരിച്ചു.
സുരക്ഷാ കൗണ്‍സിലില്‍ അമേരികന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ മാസം മുന്നോട്ടുവച്ച മൂന്നു ഘട്ടമായുള്ള ഉപാധികളില്ലാതെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന്റെ പ്രമേയം ലോക രാജ്യങ്ങള്‍ അംഗീകരിച്ചു. എല്ലാ രാജ്യങ്ങളും പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ വോടെടുപ്പില്‍ നിന്ന് റഷ്യ വിട്ടുനിന്നു. ഹമാസ് പ്രമേയത്തെ സ്വാഗതം ചെയ്തു.
സമ്പൂര്‍ണ സൈനിക പിന്മാറ്റവും ഗസയുടെ പുനര്‍നിര്‍മാണവും ആവശ്യപ്പെടുന്നതാണ് പ്രമേയം. യുദ്ധം ലബനനിലേക്ക് കൂടി വ്യാപിച്ചേക്കുമെന്ന ആശങ്ക യുഎസിനുണ്ടായിരുന്നു. ഇറാന്റെ പിന്തുണയുള്ള ലബനനിലെ ഹിസ്ബുല്ലയും ഇസ്രാഈല്‍ സൈന്യവുമായുള്ള സംഘര്‍ഷം രൂക്ഷമായിരുന്നു.
ആറാഴ്ച നീണ്ടുനില്‍ക്കുന്ന ആദ്യ ഘട്ടത്തില്‍ പൂര്‍ണവും സമ്പൂര്‍ണവുമായ വെടിനിര്‍ത്തലും ഗസയിലെ എല്ലാ ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ സൈന്യത്തെ പിന്‍വലിക്കലും ഉള്‍പെടും. ഇസ്രാഈലിലെ ജയിലുകളിലുള്ള ഫലസ്തീന്‍ പൗരന്മാരെയും ഗസയില്‍ ബന്ധികളാക്കിയിരിക്കുന്ന ഇസ്രാഈലി പൗരന്മാരില്‍ ചിലരെയും വിട്ടയക്കണം. രണ്ടാം ഘട്ടത്തില്‍, പുരുഷ സൈനികര്‍ ഉള്‍പെടെ ശേഷിക്കുന്ന എല്ലാ ബന്ദികളെയും കൂടി മോചിപ്പിക്കണമെന്നാണ് നിര്‍ദേശം. മൂന്നാം ഘട്ടത്തില്‍ ഗസയുടെ പ്രധാന പുനര്‍നിര്‍മാണം നിര്‍ദേശിക്കപ്പെടുന്നു.
മൂന്ന് നിര്‍ദേശങ്ങളും ഇസ്രാഈല്‍ അംഗീകരിച്ചുവെന്നാണ് അമേരികയുടെ അവകാശവാദം. ഇസ്രാഈലും ഹമാസും എത്രയും വേഗം പ്രമേയത്തിലെ നിര്‍ദേശങ്ങള്‍ ഉപാധികള്‍ വയ്ക്കാതെ നടപ്പാക്കണമെന്നാണ് നിര്‍ദേശം.