ക്രികറ്റ് ഇതിഹാസം ഷെയ്ന്‍ വോണിന്റെ സംസ്‌കാര ചടങ്ങുകള്‍ ദേശീയ ബഹുമതികളോടെ മെല്‍ബണ്‍ ക്രികറ്റ് മൈതാനത്തില്‍ നടക്കുമെന്ന് റിപോര്‍ട്
മെല്‍ബണ്‍: (www.kasargodvartha.com 08.03.2022) അന്തരിച്ച ഓസ്ട്രേലിയന്‍ ക്രികറ്റ് ഇതിഹാസം ഷെയ്ന്‍ വോണിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് മെല്‍ബണ്‍ ക്രികറ്റ് മൈതാനം വേദിയായേക്കുമെന്ന് റിപോര്‍ട്. ചടങ്ങില്‍ ഒരു ലക്ഷത്തോളം പേര്‍ക്ക് സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശനമുണ്ടാകുമെന്നും ഹെറാള്‍ഡ് സണ്‍ റിപോര്‍ട് ചെയ്തു. എന്നാല്‍ വോണിന്റെ മൃതദേഹം സംസ്‌കരിക്കുന്നത് എവിടെയാകുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
ദേശീയ ബഹുമതികളോടെയായിരിക്കും വോണിന്റെ സംസ്‌കാരമെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട് മോറിസണ്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതിനുള്ള സൗകര്യങ്ങള്‍ക്കും മറ്റുമാണ് മെല്‍ബണ്‍ വേദിയായി തിരഞ്ഞെടുത്തതെന്നും റിപോര്‍ടില്‍ പറയുന്നു.
അതേസമയം, എന്നാല്‍ ഷെയ്ന്‍ വോണിന്റെ മൃതദേഹം വഹിക്കുന്ന ആംബുലന്‍സില്‍ 'അജ്ഞാത'യായ ജര്‍മന്‍ യുവതി ദുരൂഹമായി പ്രവേശിച്ചെന്ന സംഭവത്തില്‍ തായ്ലന്‍ഡ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ സുരക്ഷാ വീഴ്ചയുള്ളതായുള്ള ആരോപണവും ഉയര്‍ന്നിരുന്നു. വോണിന്റെ മൃതദേഹം മാറ്റുന്ന സമയത്ത് തായ്‌ലന്‍ഡ്, ഓസ്ട്രേലിയന്‍ അധികൃതര്‍ എന്തുകൊണ്ട് സ്ഥലത്തെത്തിയില്ല എന്ന ചോദ്യവും ഉയരുന്നുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ജര്‍മന്‍ യുവതിയെ തായ്‌ലന്‍ഡ് പൊലീസ് ചോദ്യം ചെയ്തു എന്നാണ് അറിയുന്നത്. വോണിന്റെ മൃതദേഹം കൊ സമുയി ദ്വീപിലെ ആശുപത്രിയില്‍ നിന്നും സുറത് തനി നഗരത്തിലേക്ക് കൊണ്ടുപോകുമ്പോഴാണ് ഈ ജര്‍മന്‍ യുവതി ആംബുലന്‍സില്‍ പ്രവേശിച്ചത്.
വോണിന്റെ മൃതദേഹം വഹിക്കുന്ന ആംബുലന്‍സ് ബോടില്‍ കയറ്റുന്നതിനായി നിര്‍ത്തിയിട്ടപ്പോഴായിരുന്നു സംഭവമെന്ന് വിവിധ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. പൂക്കളുമായി ഒരു തായ്‌ലന്‍ഡ് യുവതിക്കൊപ്പമാണ് ജര്‍മന്‍ യുവതി ആംബുലന്‍സിനരികെ എത്തിയത്. തുടര്‍ന്ന് ആംബുലന്‍സിന് അടുത്തുണ്ടായിരുന്ന ഉദ്യോഗസ്ഥനുമായും ആംബുലന്‍സ് ഡ്രൈവറുമായും ഈ യുവതി സംസാരിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു.
മാര്‍ച് നാലാം തീയതിയാണ് കായിക ലോകത്തെ ഞെട്ടിച്ചുകൊണ്ട് വോണിനെ അദ്ദേഹം താമസിച്ച തായ്ലന്‍ഡിലെ കൊ സമുയിലെ വിലയില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. വോണിന്റേത് സ്വാഭാവിക മരണമാണെന്ന് പോസ്റ്റുമോര്‍ടം റിപോര്‍ടിലും പറയുന്നു. തിങ്കളാഴ്ചയാണ് അദ്ദേഹത്തിന്റെ പോസ്റ്റുമോര്‍ടം റിപോര്‍ട് പുറത്തുവന്നത്.