ഇസ്രയേല്‍-ഫലസ്തീന് സംഘര്‍ഷം; മലയാളി നഴ്സ് അടക്കം 30 പേര് കൊല്ലപ്പെട്ടു
ജറുസലം: (www.kasargodvartha.com 12.05.2021) ഇസ്രയേല്‍-ഫലസ്തീന് സംഘര്‍ഷത്തിനിടെ മിസൈല്റോക്കറ്റ് ആക്രമണങ്ങളില്‍ മലയാളി നഴ്സ് അടക്കം 30 പേര് കൊല്ലപ്പെട്ടു. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ ഒമ്പത് കുട്ടികള്‍ ഉള്‍പ്പെടെ 28 ഫലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഗാസയില്‍ നിന്നുള്ള റോക്കറ്റാക്രമണത്തില്‍ ഇസ്രയേലി പട്ടണമായ അഷ്കെലോണിലാണ് ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സന്തോഷിന്റെ ഭാര്യ സൗമ്യ (32) കൊല്ലപ്പെട്ടത്.
സൗമ്യ ഭര്‍ത്താവ് സന്തോഷുമായി ചൊവ്വാഴ്ച വൈകിട്ട് 5.30 മണിയോടെ ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് റോക്കറ്റ് താമസസ്ഥലത്ത് പതിച്ചത്. ഇവിടെത്തന്നെയുള്ള ബന്ധുവാണ് പിന്നാലെ മരണവിവരം വിളിച്ചറിയിച്ചത്. റോക്കറ്റാക്രമണത്തില്‍ ഇസ്രയേലില്‍ ഒരു സ്ത്രീ കൂടി കൊല്ലപ്പെട്ടിട്ടുണ്ട്. 31 പേര്‍ക്ക് പരിക്കേറ്റു. ഗാസയില്‍ വ്യോമാക്രമണങ്ങളില്‍ നൂറ്റന്‍പതിലേറെ പേര്‍ക്ക് പരിക്കേറ്റു.