Olympics Torch | ഓരോ തവണയും പുതുമ നിലനിര്‍ത്തി ഒളിംപിക്‌സും ദീപശിഖയും; 2024ന്റെ കഥകള്‍ക്കും വിശേഷങ്ങള്‍ക്കും ആകാംക്ഷയോടെ കാത്ത് കായികപ്രേമികള്‍
33-ാം ഒളിംപിക്‌സിനാണ് പാരിസ് സാക്ഷ്യം വഹിക്കുന്നത്
ജുലൈ 26 ന് ഉദ് ഘാടനം നിര്‍വഹിക്കും
പാരീസ്: (KasargodVartha) കായിക പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്ത് നിന്നിരുന്ന ഒളിംപിക്‌സിന് തിരിതെളിയാന്‍ ഇനി വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ മാത്രം. നാലു വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന ഒളിംപിംക്‌സിന് ഇത്തവണ വേദിയാകുന്നത് പാരിസ് ആണ്. 33-ാം ഒളിംപിക്‌സിനാണ് പാരിസ് സാക്ഷ്യം വഹിക്കുന്നത്. ജുലൈ 26 ന് ഒളിംപിക്‌സിന്റെ ഉദ് ഘാടനം നിര്‍വഹിക്കും.
ആധുനിക ഒളിംപിക്സിന്റെ പിതാവായ പിയറി ഡി കുബെര്‍ട്ടിന്റെ നാട്ടിലേക്ക് മഹാ കായികമേള തിരിച്ചെത്തുന്നത് ഒരു നൂറ്റാണ്ടിനുശേഷമാണ്. 1896-ല്‍, ഗ്രീസിലെ ഏഥന്‍സിലാണ് ആധുനിക ഒളിംപിക്സ് തുടങ്ങിയത്. 1900-ത്തില്‍ രണ്ടാം എഡിഷന്‍ പാരീസിലായിരുന്നു. 1924-ലും ഈ നഗരം ആതിഥേയരായി. ഇതോടെ, മൂന്നുതവണ ഒളിംപിക്സിന് വേദിയായ രണ്ടാം നഗരമാകും പാരീസ് തന്നെ. ലന്‍ഡനില്‍ 1908, 1948, 2012 വര്‍ഷങ്ങളില്‍ മേള നടന്നിരുന്നു.
ദീപശിഖാ പ്രയാണത്തോടെയാണ് ഒളിംപിക്‌സിന് കളമൊരുങ്ങുന്നത്. മത്സരവേദിയില്‍ കൊളുത്താനുള്ള ദീപശിഖ ചൊവ്വാഴ്ച ഗ്രീസിലെ ഒളിംപിയയില്‍ നിന്ന് പ്രയാണം തുടങ്ങി. ജൂലൈ 26-ന് ഒളിംപിക്സിന്റെ ഉദ ്ഘാടനം നിര്‍വഹിക്കുന്നതിന് പിന്നാലെ 16 നാള്‍ ദീപശിഖയിലെ വെളിച്ചം ലോകത്തെ പ്രകാശമാനമാക്കും.
സീയൂസ് ദേവന്റെ ഭാര്യയും ശക്തിയുടെ പ്രതീകവുമായ ഹീരദേവതയുടെ ക്ഷേത്രാങ്കണത്തില്‍ നിന്നാണ് ഒളിംപിക് ദീപശിഖ ജ്വലിപ്പിക്കുന്നത്. പ്രത്യേകമായി തയാറാക്കിയ കോണ്‍കേവ് കണ്ണാടിയില്‍ വെയിലടിപ്പിച്ച് തീനാളങ്ങളുണ്ടാക്കുകയും അതില്‍നിന്ന് ദീപശിഖയിലേക്ക് അഗ്നി പകരുകയുമാണ് ചെയ്യുക. വലിയ പ്രാധാന്യത്തോടെയാണ് ദീപശിഖാ പ്രയാണമെന്നതിനാല്‍ താരങ്ങള്‍ പ്രാതിനിധ്യം ലഭിക്കുന്നത് അംഗീകാരമായിട്ടാണ് കണക്കാക്കുന്നത്.
ദീപശിഖ ഒളിംപിക്‌സ് കഴിയുന്നത് വരെ അണയാതെ സൂക്ഷിക്കണം. ഗ്രീസിലെ പുരാതന നഗരങ്ങളിലൂടെയുള്ള പര്യടനത്തിന് ശേഷമായിരിക്കും ദീപശിഖ ഒളിംപിക്‌സ് സംഘാടകര്‍ക്ക് കൈമാറുക. പിന്നീട് വിവിധ രാജ്യങ്ങളിലെ പര്യടനത്തിന് ശേഷം ദീപശിഖ ഒളിംപിക് നഗരത്തില്‍ എത്തും. ദീപശിഖാ റാലിയില്‍ പലയിടങ്ങളിലെ കായിക താരങ്ങളും പ്രമുഖരും പങ്കെടുക്കും. വിവിധ തരത്തിലുള്ള മത്സരങ്ങള്‍ക്കും സാക്ഷ്യം വഹിക്കും.
ഹോളണ്ടിലെ ആംസ്റ്റര്‍ഡാമിലെ 1928 ഒളിംപിക്‌സിലാണ് ആദ്യമായി ദീപശിഖ അണയാതെ കായികമേള പൂര്‍ത്തിയാകുന്നതു വരെ സൂക്ഷിച്ചത്. 1936 ജര്‍മനിയിലെ ബര്‍ലിനിലാണ് ആദ്യമായി ഒളിംപിക് ദീപം സൂര്യരശ്മിയാല്‍ തന്നെ കത്തിച്ചത്. ഒളിംപിക് ദീപശിഖാ റിലേ ആയി തുടങ്ങിയതും ഈ ഒളിംപിക്‌സ് മുതലാണ്. ഏഴു രാജ്യങ്ങളും 3000 കിലോമീറ്ററും താണ്ടിയായിരുന്നു അന്നു ദീപശിഖ ബര്‍ലിനിലെത്തിയത്.
ആദ്യമായി ഒളിംപിക് ദീപശിഖാ റിലേയില്‍ സാങ്കേതികത്വം ഫലപ്രദമായി ഉപയോഗപ്പെടുത്തിയത് 1976 കാനഡയിലെ മോണ്‍ട്രിയലില്‍ നടന്ന ഒളിംപക്‌സിലാണ്. ദീപശിഖ ഏന്തിയ ഓട്ടക്കാര്‍ ദീപശിഖ മോണ്‍ട്രിയലിലെത്തിക്കും മുമ്പ് ഉപഗ്രഹം മുഖാന്തിരമാണ് ഒളിംപിക് ദീപം ഗ്രീസിലെ ഏഥന്‍സില്‍ നിന്ന് കാനഡയിലെ ഒട്ടാവയിലേക്ക് എത്തിച്ചത്.
ജ്വാല റേഡിയോ സിഗ്‌നലാക്കി മാറ്റുകയും ഉപഗ്രഹം വഴി കാനഡയില്‍ നിന്ന് സ്വീകരിക്കുകയും പിന്നീട് ദീപമായി മാറ്റുകയുമായിരുന്നു. ഇനി കാണാനുള്ളത് പാരീസ് ഒളിംപിക്‌സ് 24ന്റെ കഥകളും വിശേഷങ്ങളുമാണ്. അതിനായി കായികപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
പുതുമകളെയെല്ലാം പുഞ്ചിരിയോടെ സ്വീകരിച്ച നാടാണ് പാരീസ്. അതുകൊണ്ടുതന്നെ ഒളിംപിക്സ് വേദിയിലും പുതുമ കൊണ്ടുവരാന്‍ അശ്രാന്തപരിശ്രമത്തിലാണവര്‍. യുദ്ധവും പലായനങ്ങളും വംശഹത്യകളും ഏകാധിപത്യവും കൂട്ടക്കൊലകളും അവസാനമില്ലാതെ തുടരുമ്പോള്‍ മനുഷ്യന്റെ ഇച്ഛാശക്തി മറ്റെല്ലാ പ്രതിബന്ധങ്ങളെയും മറികടക്കുന്ന അപൂര്‍വ സന്തോഷത്തിന്റെ വേദിയാണ് ഒളിംപിക്സ്.
ഇരുനൂറിലേറെ രാജ്യങ്ങളെ പ്രതിനിധാനം ചെയ്ത് 10, 500 കായികതാരങ്ങള്‍ മാറ്റുരയ്ക്കും. ഇതില്‍ നേര്‍ പകുതി സ്ത്രീകളായിരിക്കും. ഇത്രയും ആളുകളെ, ഇത്രയേറെ നാടുകളെ, ഒന്നിപ്പിക്കുന്ന മറ്റൊരു വേദിയില്ല.
128 വര്‍ഷം നീണ്ട ആധുനിക ഒളിംപിക്സ് ചരിത്രത്തില്‍ ആദ്യമായി, ഇത്തവണ ഉദ് ഘാടനച്ചടങ്ങുകള്‍ പൊതുവേദിയില്‍ നടത്താനുള്ള തയാറെടുപ്പിലാണ് സംഘാടകര്‍. പാരീസ് നഗരത്തിലൂടെ ഒഴുകുന്ന സീന്‍ നദിയിലൂടെ ബോട്ടിലായിരിക്കും താരങ്ങളുടെ മാര്‍ച് പാസ്റ്റ്. ഇതുകഴിഞ്ഞ്, ചരിത്രപ്രസിദ്ധമായ ഈഫല്‍ ടവറിനു മുന്നിലെ ട്രൊക്കാഡെറോ ഉദ്യാനത്തില്‍ മത്സരത്തിന്റെ മണിമുഴങ്ങും.
പൊതുവേദിയില്‍ ഉദ് ഘാടനം നടത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇക്കാര്യത്തില്‍ അനിശ്ചിതത്വ നിലനില്‍ക്കുന്നുണ്ട്. സുരക്ഷാപ്രശ്നങ്ങളെത്തുടര്‍ന്ന് ഈ ശ്രമം ഉപേക്ഷിച്ചേക്കുമെന്നുള്ള റിപോര്‍ടുകളും പുറത്തുവരുന്നുണ്ട്. സുരക്ഷയുടെ കാര്യത്തില്‍ സര്‍കാരിന് കടുത്ത ആശങ്കയുണ്ട്. ഒളിംപിക്സ് അട്ടിമറിക്കാന്‍ റഷ്യ ശ്രമിക്കുന്നതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഈയിടെ പറഞ്ഞിരുന്നു.
ഉദ് ഘാടനച്ചടങ്ങില്‍ ആറു ലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചെങ്കിലും അത് മൂന്നുലക്ഷമായി ചുരുക്കിയത് അതുകൊണ്ടാണ്. ഉദ്ഘാടനത്തിന് പ്ലാന്‍ 'എ' യും 'ബി'യും 'സി'യുമുണ്ടെന്നും കഴിഞ്ഞദിവസം മാക്രോണ്‍ പറഞ്ഞു.
ഫീജാണ് ഒളിംപിക്സിന്റെ ഭാഗ്യചിഹ്നം. ഫ്രഞ്ച് വിപ്ലവകാലത്ത് സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി ധരിച്ചിരുന്ന ഫീജ് തൊപ്പിയില്‍ നിന്നാണ് ഭാഗ്യചിഹ്നം രൂപപ്പെടുത്തിയത്.
ഇക്കുറി മെഡല്‍ ജേതാക്കള്‍ ഈഫല്‍ ഗോപുരത്തിന്റെ ചരിത്രവും കൂടെക്കൊണ്ടുപോകും. ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് നല്‍കുന്ന സ്വര്‍ണം, വെള്ളി, വെങ്കലം എന്നീ മെഡലുകളില്‍ ഫ്രാന്‍സിന്റെ അഭിമാന ചിഹ്നമായ ഈഫല്‍ ഗോപുരത്തിലെ ഇരുമ്പുകമ്പിയുടെ ഒരു ചെറിയ അംശംകൂടി ഉള്‍പ്പെടുത്താന്‍ സംഘാടകര്‍ തീരുമാനിച്ചിട്ടുണ്ട്.