Weather Alert | കേരളത്തിൽ ജൂലൈ 29, 30ന് മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്
അടച്ചുറപ്പില്ലാത്ത വീടുകളിലും മേൽക്കൂര ശക്തമല്ലാത്ത വീടുകളിലും താമസിക്കുന്നവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം
തിരുവനന്തപുരം: (KasaragodaVartha) കേരളത്തിൽ അടുത്ത രണ്ടു ദിവസങ്ങളിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ജൂലൈ 29നും 30നും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുമെന്നാണ് പ്രവചനം. കാറ്റിൽ മരങ്ങൾ വീഴാനും വൈദ്യുതി ലൈനുകൾക്ക് തകരാർ സംഭവിക്കാനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നാണ് വിദഗ്ധർ സൂചിപ്പിക്കുന്നത്.
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത:
കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനെ തുടർന്ന് നിരവധി ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഓറഞ്ച് അലർട്ട്:
29/07/2024: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്. ഇവിടെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
മഞ്ഞ അലർട്ട്:
29/07/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്
30/07/2024: ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
31/07/2024 & 01/08/2024: കോഴിക്കോട്, കണ്ണൂർ, കാസർകോട്
ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഇടിമിന്നലോട് കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
ജനങ്ങൾക്ക് പ്രത്യേക നിർദേശങ്ങൾ:
* തീരദേശ പ്രദേശങ്ങളിൽ താമസിക്കുന്നവർ കടലാക്രമണ സാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കണം.
* അടച്ചുറപ്പില്ലാത്ത വീടുകളിലും മേൽക്കൂര ശക്തമല്ലാത്ത വീടുകളിലും താമസിക്കുന്നവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം.
* അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ, പോസ്റ്റുകൾ, ബോർഡുകൾ എന്നിവ സുരക്ഷിതമാക്കണം.
* ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമർജൻസി കിറ്റ് തയ്യാറാക്കി വെക്കണം.
* നദികളിൽ കുളിക്കുകയോ മീൻപിടിക്കുകയോ ചെയ്യരുത്.
* അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് മാറി താമസിക്കാൻ തയ്യാറാവേണ്ടതാണ്.
* മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം ഒഴിവാക്കുക.