ആരുണ്ടിവിടെ ചോദിക്കാൻ; ജനറൽ ആശുപത്രിയുടെ പരിസരത്ത് നിന്ന് അകത്തേക്കും കടന്ന് തെരുവുനായ്ക്കൾ; ഇനിയും പരിഹാരമായില്ല
Jun 25, 2021, 20:26 IST
കാസർകോട്: (www.kasargodvartha.com 25.06.2021) ജനറൽ ആശുപത്രിയിലെ തെരുവുനായ്ക്കളുടെ ശല്യത്തിന് പരിഹാരമായില്ല. ആശുപത്രി പരിസരത്ത് കറങ്ങി നടന്നിരുന്ന നായ്ക്കൾ ഇപ്പോൾ അകത്ത് പ്രവേശിക്കുന്ന അവസ്ഥയാണുള്ളത്. പത്തോളം നായകളാണ് കറങ്ങിനടക്കുന്നത്.
ആശുപത്രിയിൽ എത്തുന്ന രോഗികൾ അടക്കമുള്ളവർക്ക് ഭീതി വിതക്കുകയാണ് നായ്ക്കൾ. നേരത്തെ ഇതുസംബന്ധിച്ച് മാധ്യമങ്ങൾ റിപോർട് നൽകിയിരുന്നു. എന്നാൽ പരിഹാരം ഉണ്ടായിട്ടില്ലെന്ന് ജനം പറയുന്നു. ഒരു സുരക്ഷാ ജീവനക്കാരൻ മാത്രമാണ് ഇപ്പോഴുള്ളത്. ഒരാൾ മാത്രം എല്ലാ കാര്യങ്ങളും നിയന്ത്രിക്കേണ്ടി വരുന്ന അവസ്ഥയാണ്.
അതേസമയം ജനറൽ ആശുപത്രിയിൽ ബെഡുകൾ രോഗികളെ കൊണ്ട് നിറഞ്ഞതിനാൽ കിടത്തി ചികിത്സയ്ക്ക് പ്രതിസന്ധി നേരിടുന്നതായും പരാതിയുണ്ട്. പുതിയ ബഹുനില കെട്ടിടത്തിന്റെ നിർമാണം ഇതുവരെയും പൂർത്തിയായിട്ടില്ല.
ദിനേന ആയിരക്കണക്കിന് പേർ ചികിത്സയ്‌ക്കെത്തുന്ന ജില്ലയിലെ പ്രധാന ആശുപത്രികളിൽ ഒന്നാണിത്. ആരോഗ്യ മേഖലയിൽ ഏറെ പിന്നോക്കം നിൽക്കുന്ന പ്രദേശം ഏറെ പ്രതീക്ഷയോടെ കാണുന്ന ജനറൽ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളോട് അധികൃതർ കാണിക്കുന്ന അനാസ്ഥ ജനങ്ങളിൽ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
Keywords: Kerala, News, Kasaragod, Top-Headlines, Hospital, Government, General-hospital, Dog, Video, Stray dogs enter premises of the General Hospital.
< !- START disable copy paste -->