റംബൂടാൻ തോട്ടം വെട്ടി നശിപ്പിച്ച നിലയിൽ; യുവാവിനെതിരെ പൊലീസ് കേസ്
Dec 28, 2020, 20:29 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 28.12.2020) മാലോം കണ്ണീർവാടിയിൽ സ്വകാര്യ വ്യക്തിയുടെ റംബൂടാൻ തോട്ടത്തിൽ അതിക്രമിച്ചു കയറി റംബൂടാൻ മരങ്ങൾ വെട്ടി നശിപ്പിക്കുകയും ജലസേചനത്തിനുള്ള പൈപ്പുകൾ അറുത്തു മാറ്റുകയും ചെയ്ത സംഭവത്തിൽ യുവാവിനെതിരെ പോലീസ് കേസ് എടുത്തു.
വള്ളിക്കടവിലെ ടോണി ജോർജിന്റെ പേരിലാണ് കൃഷി സ്ഥലത്ത് അതിക്രമിച്ചു കയറിയതിനും മറ്റും വിവിധ വകുപ്പുകൾ പ്രകാരം വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തത്. ക്രിസ്മസിന് തലേനാൾ രാത്രി കണ്ണീർ വാടിയിലെ അബ്ദുൽ വാജിദിന്റെ ഉടമസ്ഥതിലുള്ള റംബൂടാൻ തോട്ടത്തിൽ ടോണി ജോർജ് അതിക്രമിച്ചു കയറുകയും മരങ്ങൾ വെട്ടി നശിപ്പിക്കുകയും ചെയ്തതയാണ് പരാതി.
റംബൂടാൻ മരങ്ങൾക്കൊപ്പം കപ്പ, വാഴ എന്നിവയും ജലസേചനത്തിനു ഉപയോഗിക്കുന്ന പൈപ്പുകളും ടോണി വെട്ടി നശിപ്പിച്ചിരുന്നു. ബളാൽ പഞ്ചായത്തിലെ കണ്ണീർ വാടിയിൽ ആരിലും കൗതുകം ഉളവാക്കും വിധത്തിലാണ് അബ്ദുൽ വാജിദ് റംബൂടാൻ മരങ്ങൾ വച്ചുപിടിപ്പിച്ചത്. റബ്ബറിന് വില ഇടിഞ്ഞപ്പോൾ എട്ട് ഏക്കർ സ്ഥലത്തെ റബർ മരങ്ങൾ വെട്ടിമാറ്റി റംബൂടാൻ മരങ്ങൾ വച്ചു പിടിപ്പിക്കുകയായിരുന്നു.
അഞ്ചു വർഷം പ്രായമായ റംബൂടാൻ മരങ്ങൾ കായ്ച്ചു തടുങ്ങിയതാണ്. ലക്ഷങ്ങൾ ബാങ്ക് വായ്പ എടുത്താണ് താൻ ഈ കൃഷി നടത്തിയത് എന്ന് അബ്ദുൽ വാജിദ് പറഞ്ഞു. കൃഷി തോട്ടത്തിൽ മണ്ണ് നീക്കുന്നതിനും മറ്റു കാര്യങ്ങൾക്കും ടോണി ജോർജിന്റെ ജെ സി ബി യായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാൽ ഇടക്കാലത്തു വച്ചു മറ്റൊരു ആളുടെ ജെ സി ബി വിളിച്ചു തോട്ടത്തിൽ പണി എടുപ്പിക്കുന്നതിൽ ഉള്ള വൈരാഗ്യത്തിലാണ് ടോണി ജോർജ് റംബൂടാൻ തോട്ടത്തിൽ അതിക്രമം കാണിച്ചത് എന്ന് പോലീസ് സംശയിക്കുന്നു.
സംഭവ സ്ഥലം വെള്ളരിക്കുണ്ട് സി ഐ കെ പ്രേംസദൻ. എസ് ഐ റജി കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തി അന്വേഷണം നടത്തി. മനോഹരമായ രീതിയിൽ വച്ചു പിടിപ്പിച്ച റംബൂടാൻ തോട്ടത്തിലെ വെട്ടി നശിപ്പിച്ച മരങ്ങൾ വാർഡ് മെമ്പർ അലക്സ് നെടിയ കാല സന്ദർശിച്ചു.