കോവിഡ് നിയന്ത്രണങ്ങളില്‍ കുരുങ്ങിയ ക്ലാസ്മുറികളുടെ നഷ്ടബോധം വരച്ചിട്ട കവിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍; അധ്യാപകന്‍ പി ജയകൃഷ്ണനെഴുതിയ കവിതയാണ് ഗൃഹാതുര ദൃശ്യങ്ങളോടെ ചിത്രീകരിച്ചത്
കാസര്‍കോട്: (www.kasargodvartha.com 01.11.2020) കോവിഡ് നിയന്ത്രണങ്ങളില്‍ കുരുങ്ങി ഓണ്‍ലൈനിലെ ഡിജിറ്റല്‍ സാന്നിധ്യമായി ഒതുങ്ങിപ്പോയ ക്ലാസ് മുറികള്‍ അധ്യാപകനില്‍ കോറിയിട്ട ഗൃഹാതുരത്വം വരച്ചിട്ട കവിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
ബോവിക്കാനം എയുപി സ്‌കൂളിലെ ഹിന്ദി അധ്യാപകന്‍ പി ജയകൃഷ്ണനെഴുതിയ ഒരു കുഞ്ഞുചിന്ത എന്ന കവിതയാണ് മനോഹരമായി ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇദ്ദേഹത്തിന്റെ മകളും ബോവിക്കാനം ബിഎആര്‍ എച്ച് എസ് എസ് വിദ്യാര്‍ഥിനിയുമായ പി മൈഥിലി, ബോവിക്കാനം എയുപിഎസ് വിദ്യാര്‍ഥിനി ഡി പി സാന്ത്വന എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.
ആരവങ്ങളും ആരോരുമില്ലാതെ മഴയില്‍ കുളിച്ചു തണുത്തു നില്‍ക്കുന്ന സ്‌കൂളിനെ ചിത്രീകരിച്ചു തുടങ്ങിയ കവിത അതേവേഗമീ ജഗം നേരെയായീടുമെന്നുള്ള പ്രാര്‍ത്ഥനാ മന്ത്രത്തോടെയാണ് അവസാനിക്കുന്നത്. വരികളിലെ ഗൃഹാതുരത്വം ഇരട്ടിപ്പിക്കും വിധം ബോവിക്കാനം എയുപിഎസിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചതു മനോജ് മധുരയാണ്. ജയകാര്‍ത്തി കവിതയ്ക്കു സംഗീതം നല്‍കി. ജ്യോതിര്‍ഗമയ ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മാണവും സംവിധാനവും നിര്‍വഹിച്ചത് പി ജയകൃഷ്ണന്‍ തന്നെയാണ്.