city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് കാസര്‍കോട്ടേക്ക് എത്തിയാല്‍ ഒന്ന് ഈ സ്‌കൂളിലേക്ക് കയറണം; ഇവിടത്തെ വിദ്യാര്‍ത്ഥികള്‍ പറയുന്നത് കേള്‍ക്കണം


കാസര്‍കോട്‌ : (www.kasargodvartha.com 09.10.2019) വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് കാസര്‍കോട്ടേക്ക് എത്തിയാല്‍ ഒന്ന് ഈ സ്‌കൂളിലേക്ക് കയറണം. സെന്‍ഞ്ച്വറി ആഘോഷിക്കാന്‍ കാത്തിരിക്കുന്ന മധൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് പ്രര്‍ത്തിക്കുന്ന ഉളയത്തടുക്കയിലെ ഗവണ്‍മെന്റ് വെല്‍ഫെയര്‍ എല്‍ പി സ്‌കൂള്‍ ഷിറിബാഗിലുവിലെ അധ്യാപകര്‍ക്കും നാട്ടുകാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പറയാനുള്ളത് കേള്‍ക്കണം.



സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്നതും മലയാളം, കന്നഡ, തുളു, കൊങ്കിണി, മറാഠി, കന്നഡ ഉപഭാഷയായ ഹവ്യക ഭാഷകളില്‍ സംസാരിക്കുന്നവരുമാണ് ഇവിടുത്തെ ജനങ്ങള്‍.

ഈ സ്‌കൂള്‍ അപ്ഗ്രേഡ് ചെയ്യണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. വിദ്യാഭ്യാസമന്ത്രി ഇടപെട്ടാല്‍ ഇവരുടെ ആവശ്യത്തിന് പരിഹാരം കാണാന്‍ കഴിയുമെന്നാണ് രക്ഷിതാക്കളും നാട്ടുകാരും പറയുന്നത്.

വിദ്യാര്‍ത്ഥികള്‍, പിടിഎ ഭാരവാഹികള്‍, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും എംഎല്‍എക്കും നിവേദനങ്ങള്‍ അയച്ചിരുന്നു. 2015-ല്‍ ഡി ഡി ഇ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തിയിരുന്നു. ഇതുവരെയും സ്‌കൂള്‍ അപ്ഗ്രേഡ് ചെയ്യാനുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ല. തിരുവനന്തപുരത്ത് നിന്നും ഒരു ഉദ്യോഗസ്ഥന്‍ എത്തി അന്വേഷിച്ച് പോയതല്ലാതെ ഇതിന്റെ ഫയലുകള്‍ മുന്നോട്ട് നീങ്ങിയിട്ടില്ലെന്ന് പിടിഎ പ്രസിഡന്റ് റഫീഖ് ഉളിയത്തടുക്കയും പിടിഎ ഭാരവാഹി സക്കറിയ കുന്നിലും പറഞ്ഞു.


1920ല്‍ ആരംഭിച്ച വിദ്യാലയത്തില്‍ ഒന്നുമുതല്‍ അഞ്ചുവരെയുള്ള ക്ലാസുകളില്‍ മലയാളം, കന്നഡ, ഇംഗ്ലീഷ് വിഭാഗങ്ങളിലായി 309 വിദ്യാര്‍ത്ഥികളും 18 അധ്യാപകരും ഒരു ക്ലര്‍ക്കുമുണ്ട്. ഭൂരിഭാഗവും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പട്ടികജാതി, പട്ടികവര്‍ഗ്ഗ, മുസ്ലീം വിദ്യാര്‍ത്ഥികളും മറ്റു പിന്നോക്കവിഭാഗ കുട്ടികളുമാണ് ഇവിടെ പഠനം നടത്തുന്നത്. ആദ്യകാലങ്ങളില്‍ ഒരു ക്ലാസ്സില്‍ നാല്‍പത് കുട്ടികളോട് കൂടി ആകെ ക്ലാസ്സുകളില്‍ 600ലേറെ വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്ന സ്‌കൂളില്‍ എല്‍ പി വരെ മാത്രമായതിനാല്‍ കുട്ടികളുടെ എണ്ണം പകുതിയായി കുറഞ്ഞിട്ടുണ്ട്.

സ്‌കൂളിന്റെ കുറച്ച് സ്ഥലം സമീപവാസികള്‍ കയ്യേറി വീടുവെച്ചെങ്കിലും മധൂര്‍, ഷിറിബാഗിലു വില്ലേജുകളിലായി 6 ഏക്കറോളം സ്ഥലം സ്‌കൂളിനായി സ്വന്തമായുണ്ടെന്ന് ഹെഡ്മിസ്ട്രസ് രുഗ്മിണി പറഞ്ഞു. ഹയര്‍സെക്കന്‍ഡറി വരെ തുടങ്ങാനുള്ള ഭൗതികസൗകര്യങ്ങള്‍ ഇപ്പോഴിവിടെയുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇവിടെ നിന്നും പഠിച്ചിറങ്ങിയ ശേഷം കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എംഎക്ക് റാങ്ക് കരസ്ഥമാക്കിയ തബ്ഷീറ പറയുന്നത് ഈ സ്‌കൂളിനോടുള്ള നേര്‍സാക്ഷ്യമാണ്. തങ്ങള്‍ പഠിക്കുമ്പോള്‍ തന്നെ സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഇതേ വിദ്യാലയത്തിലെ അധ്യാപികയാണ് തബ്ഷീറ.

സ്വകാര്യ വിദ്യാലയങ്ങളെ സഹായിക്കുന്നതിന് വേണ്ടിയാണ് ഷിറിബാഗിലു സര്‍ക്കാര്‍ സ്‌കൂളിനെ അപ്‌ഗ്രേഡ് ചെയ്യുന്നതില്‍ നിന്ന് തഴയുന്നതെന്ന് പൂര്‍വ്വ വിദ്യാര്‍ത്ഥികളായ മഞ്ജുള, ഷംസുദ്ദീന്‍, അബ്ദുള്‍ മജീദ്, ബദറുദ്ദീന്‍ എന്നിവര്‍ പറഞ്ഞു. എല്ലാ ഭാഗത്ത് നിന്നും എത്തിപെടാന്‍ കഴിയുന്നതും യഥേഷ്ടം ബസ് സര്‍വീസുകളുമുള്ള സ്ഥലത്താണ് സ്‌കൂള്‍ ഉള്ളത്. എന്നിട്ടും അധികാരികള്‍ കനിയുന്നില്ല.

വിശാലമായ കളിസ്ഥലം, അടച്ചുറപ്പുള്ള വൈദ്യൂതീകരിച്ച കെട്ടിടങ്ങള്‍, ഫര്‍ണിച്ചര്‍, ഫാനുകളോടു കൂടിയ ക്ലാസ് മുറികള്‍, എല്‍ സി ഡി പ്രൊജക്ടറോട് കൂടിയ കംമ്പ്യൂട്ടര്‍ ലാബുകള്‍, കുട്ടികളുടെ ആകാശവാണി, ലാപ്ടോപുകള്‍, ടിവി, ഡിവിഡി പ്ലെയര്‍, മൈക്ക് സംവിധാനം, അമ്മമാര്‍ക്കുള്ള ലൈബ്രറി, ആധുനിക രീതിയിലുള്ള പാചകപുര, മരച്ചുവട്ടിലിരുന്ന് കാറ്റ് കൊണ്ട് പഠിക്കാനുള്ള ഇരിപ്പിടം തുടങ്ങിയ എല്ലാ സജ്ജീകരണങ്ങളും സ്‌കൂളില്‍ നിലവിലുണ്ട്. കുടിവെള്ള സൗകര്യവും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി പ്രത്യേകം ശുചിമുറി സൗകര്യവുമുണ്ട്.

പാഠ്യപാഠ്യേതര വിഷയങ്ങളിലും മുന്നിലാണ് ഈ വിദ്യാലയം. സബ് ജില്ലാ, ജില്ലാ, സംസ്ഥാന തല മത്സരങ്ങളില്‍ പങ്കെടുത്ത് നിരവധി സമ്മാനങ്ങളും ഇവിടത്തെ വിദ്യാര്‍ത്ഥികള്‍ നേടിയിട്ടുണ്ട്. ഉപജില്ലാ കലോത്സവങ്ങളും ഇവിടെ നടത്തപ്പെട്ടിട്ടുണ്ട്.

യു പി വിഭാഗത്തില്‍ അഞ്ചാം തരം ക്ലാസ് സൗകര്യം മാത്രമെ ഇവിടെയുള്ളൂ. ആയതിനാല്‍ 5-ാം തരം കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് തുടര്‍പഠനത്തിനായി ആറ് കിലോ മീറ്റര്‍ ദൂരെയുള്ള വിദ്യാലയങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. കുട്ടികള്‍ക്ക് തുടര്‍പഠനത്തിന് സംവിധാനം ഇല്ലാത്തതിനാല്‍ സമീപത്തെ സ്വകാര്യ സ്‌കൂളിലേക്ക് മാറാന്‍ ഇവര്‍ നിര്‍ബന്ധിതരാവുന്നു. വിദ്യാര്‍ത്ഥികളും നാട്ടുകാരും അധ്യാപകരും സ്‌കൂള്‍ അപ്ഗ്രേഡ് ചെയ്യാന്‍ കാലങ്ങളായി ആവശ്യപ്പെടുകയാണ്.

മധൂര്‍ പഞ്ചായത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യാനായി എംഎല്‍എ, വിദ്യാഭ്യാസ മന്ത്രി അടക്കമുള്ളവര്‍ക്ക് നിവേദനം നല്കിയിരുന്നതായി പഞ്ചായത്ത് പ്രസിഡന്റ് മാലതി സുരേഷും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പുഷ്പയും പറഞ്ഞു. അടുത്ത ഭരണ സമിതി യോഗം ഇക്കാര്യത്തില്‍ പ്രത്യേകം അജണ്ട വെച്ച് പാസ്സാക്കി സര്‍ക്കാരിന് അയക്കുമെന്നും ഇരുവരും പറഞ്ഞു. എംഎല്‍എക്കൊപ്പം തിരുവനന്തപുരത്ത് ചെന്ന് വിദ്യാഭ്യാസമന്ത്രിക്കും നേരിട്ട് നിവേദനം നല്കിയിരുന്നതായി പിടിഎ കമ്മിറ്റി മുന്‍ പ്രസിഡന്റ് മജീദ് പറഞ്ഞു.

എസ് സി ഓഫീസര്‍ ബഷീര്‍, ഐഎഡി ആശുപത്രി എം ഡി ഡോ. ഗുരു പ്രസാദ്, കവി രാധാകൃഷ്ണ ഉളിയത്തടുക്ക, ഇവിടന്ന് വിരമിച്ച പ്രധാനാധ്യാപകന്‍ രാമ ഉളിയത്തടുക്ക എന്നിവരൊക്കെ ഇവിടെ നിന്നും പഠിച്ചിറങ്ങിയ പൂര്‍വ്വവിദ്യാര്‍ത്ഥികളില്‍ ചിലരാണ്.

സ്‌കൂളിനോട് കാണിക്കുന്ന അനാസ്ഥയില്‍ തുടര്‍പഠനത്തിനുള്ള വഴി അടയുന്ന ചില കുട്ടികളെങ്കിലും വഴിയാധാരമാകുന്നുണ്ട്. ഫലത്തില്‍ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഗുണമേന്മയുള്ള വിദ്യാഭ്യാസം സര്‍ക്കാര്‍ നിഷേധിക്കുകയാണ് ചെയ്യുന്നത് എന്ന പരാതിയാണ് ഉയര്‍ന്നിട്ടുള്ളത്. വൈകിയാണെങ്കിലും സ്‌കൂള്‍ അപ്ഗ്രേഡു ചെയ്യാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും.
വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് കാസര്‍കോട്ടേക്ക് എത്തിയാല്‍ ഒന്ന് ഈ സ്‌കൂളിലേക്ക് കയറണം; ഇവിടത്തെ വിദ്യാര്‍ത്ഥികള്‍ പറയുന്നത് കേള്‍ക്കണം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  news, kasaragod, Uliyathaduka, Shiribagilu, school, Students, PTA, Teachers, Hospital MD, Old Students, Muslims, SC/ST, Please Listen to the Students of Shiribagilu  < !- START disable copy paste -->  

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia